Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
മരണഭയം നേരിട്ട് കാണുന്ന സമയം, നിസ്സഹായത; സംഭവബഹുലമായ 26 തീവണ്ടി വർഷങ്ങള്‍: സിയാഫ് അബ്ദുല്‍ ഖാദിര്‍
ഏതൊരു സാധാരണക്കാരനും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഗതാഗത മാര്‍ഗ്ഗമാണ് തീവണ്ടി. സുരക്ഷിതമായ യാത്രയോടൊപ്പം സൗകര്യങ്ങളും നല്‍കുന്നതിനാല്‍ ദീര്‍ഘദൂര യാത്രക്ക് ഉത്തമം. എന്നാല്‍ ഓരോ തീവണ്ടിയാത്രയ്ക്ക് പുറകിലും അതിനെ നിയന്ത്രിക്കുന്നവരുടെ ജീവിതം പലര്‍ക്കും അത്ര സുപരിചിതമല്ല. ലോക്കോപൈലറ്റ് , ഓരോ അപകടമുണ്ടാവുമ്പോഴും ഒരുമിനിറ്റ് വണ്ടി താമസിക്കുമ്പോഴും അവര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം അത് നിസ്സാരമല്ല.
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ് ജീവിതത്തില്‍ സമ്മാനിയ്ക്കുന്നത്. ചില യാത്രകള്‍ സന്തോഷത്തിലേക്കാവുമ്പോള്‍ ചിലത് ഒട്ടും പ്രതീക്ഷിക്കാത്ത ദുരന്തങ്ങള്‍ സമ്മാനിക്കുന്നു. ഇതെല്ലാം ചേര്‍ന്ന് ഇടകലര്‍ന്ന വികാരങ്ങളുമായി ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാന്‍ ഓരോ ലോക്കോപൈലറ്റുമാരും മനസ്സിനെ പാകപ്പെടുത്തുന്നു. ലോക്കോപൈലറ്റും എഴുത്തുകാരനുമായ സിയാഫ് അബ്ദുല്‍ ഖാദിര്‍ തന്റെ 26 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തെക്കുറിച്ചും നേരിട്ട അനുഭവങ്ങളെക്കുറിച്ചും മലയാളം ബോള്‍ഡ്‌സ്‌കൈയോട് സംസാരിക്കുന്നു.

അനുഭവങ്ങള്‍ കുറിപ്പുകളാവുമ്പോള്‍
നല്ലൊരു ലോക്കോപൈലറ്റ് എന്ന പോലെ തന്നെ നല്ലൊരു എഴുത്തുകാരന്‍ കൂടിയാണ് സിയാഫ് അബ്ദുല്‍ ഖാദിര്‍. ജീവിതത്തില്‍ കാണാന്‍ പാടില്ലാത്തതും അനുഭവിക്കാന്‍ പാടില്ലാത്തതുമായ നിരവധി കാര്യങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ സര്‍വ്വീസ് ജീവിതം. അതുകൊണ്ട് തന്നെ അതുണ്ടാക്കിയ ട്രോമയില്‍ നിന്നുള്ള ഒരു രക്ഷപ്പെടലായിരുന്നു ഈ ഏഴുത്തുകള്‍. ബ്ലോഗുകള്‍ വഴി തുടങ്ങിയ എഴുത്തിലൂടെ തന്റെ ജീവിതവും ജോലിയും അനുഭവവും പുസ്തകങ്ങളാക്കി. 'കഥവണ്ടി' എന്ന ബ്ലോഗിലൂടെയായിരുന്നു തുടക്കം. മാതൃഭൂമി പബ്ലിക്കേഷന്‍സ് വഴി പ്രസിദ്ധീകരിച്ച് 'തീവണ്ടി യാത്രകള്‍'ക്ക് മുന്‍പ് മൂന്ന് കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതിന് ശേഷം 'തീവണ്ടി ജീവിതം' എന്ന രണ്ടാം ഭാഗവും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.
ഓര്‍മ്മയില്‍ നിന്ന് മായാതെ നല്ല നിമിഷങ്ങള്‍
2002-ല്‍ മംഗള എക്‌സ്പ്രസ് യാത്രയില്‍ ഉണ്ടായ അപകടം മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നതാണ്. കാലാവസ്ഥ അനുകൂലമല്ലാത്തതും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും എല്ലാം പ്രതിരോധിച്ച് മുന്നോട്ട് പോവുന്നതിനിടക്ക് ട്രെയിന്‍ പാളം തെറ്റുകയും മൂന്ന് കോച്ചുകള്‍ ഒന്നിന് പുറകേ ഒന്നായി ഇടിച്ച് കയറുകയും ചെയ്തു. മൂന്ന് നാല് കോച്ചുകളിലുണ്ടായിരുന്ന നല്ലൊരു ശതമാനം പേരും മരിച്ചിട്ടുണ്ടാവും എന്ന ചിന്തയോടെയാണ് ലോക്കോപൈലറ്റ് സീറ്റില്‍ നിന്ന് അദ്ദേഹം ഇറങ്ങുന്നത്. പക്ഷേ ഇടിച്ച് കയറിയ മൂന്നില്‍ രണ്ട് ബോഗികളിലും പച്ചക്കറികള്‍ അടങ്ങിയ പാഴ്‌സലുകളായിരുന്നു. ഇടിച്ച മൂന്നാമത്തെ ബോഗിയില്‍ ആവട്ടെ നിസ്സാര പരുക്കുകളോടെ രണ്ട് മൂന്ന് പേര്‍ മാത്രം. സര്‍വ്വീസ് ജീവിതത്തില്‍ ഒരിക്കലും മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്ന ഒരു നല്ല നിമിഷമായിരുന്നു അതെന്ന് തെല്ലൊന്ന് ആശ്വാസത്തോടെ അദ്ദേഹം ഓര്‍ക്കുന്നു.
രക്ഷപ്പെടുത്തുന്ന ദൈവത്തിന്റെ കൈ
പലപ്പോഴും മരിക്കാനായി മുന്നോട്ട് വരുന്നവര്‍ നിരവധിയാണ്. അതിന് ട്രെയിന്‍ തിരഞ്ഞെടുക്കുന്നവരും കുറവല്ല. മരണത്തില്‍ നിന്ന് നിരവധി പേരെ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്, മാത്രമല്ല അപകടത്തില്‍ പെട്ടവരെ രക്ഷിക്കുന്നതും കന്നുകാലികളും നായ്ക്കളും ഉള്‍പ്പടെ നിരവധി ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതും എല്ലാം തന്റെ സര്‍വ്വീസ് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവങ്ങളാണ്. ഏതൊരു അപകടവും അതിന്റെ തീവ്രതയോടെ ആദ്യം കാണുന്ന വ്യക്തി പലപ്പോഴും ലോക്കോപൈലറ്റ് തന്നെയാണ്. അതുകൊണ്ട് തന്നെ ആ മാനസികാവസ്ഥയെ മറികടന്ന് മുന്നോട്ട് പോവുക എന്നത് അല്‍പം വെല്ലുവിളി നിറഞ്ഞ കാര്യമാണ്.
യാത്രയിലെ മടുപ്പ്
യാത്രകള്‍ എത്രയെങ്കിലും മടുപ്പ് എന്ന സംഗതി ഒരിക്കലും തോന്നാറില്ല. കാരണം വളരെയധികം സാഹസികമായ ഒരു യാത്രയായത് കൊണ്ട് തന്നെ ഒരിക്കലും മടുപ്പിലേക്ക് എത്തിയിട്ടില്ല. ഓരോ നിമിഷവും നമ്മള്‍ ശ്രദ്ധയോടെ ഇരിക്കണം. ഓരോ യാത്രയും ഓരോ പുതിയ ജീവിതമായാണ് കണക്കാക്കുന്നത്. എഴുതുന്ന സ്വഭാവമുള്ളതിനാല്‍ എന്തെങ്കിലും ചെറിയ ചെറിയ കുറിപ്പുകള്‍ എഴുതുന്നതിനോ എല്ലാം സമയം കണ്ടെത്തും. ഒരിക്കലും ഇത്തരം യാത്രകള്‍ ഒരു മടുപ്പിലേക്ക് തന്നെ എത്തിച്ചിട്ടില്ലെന്ന് അദ്ദേഹം പുഞ്ചിരിയോടെ പറയുന്നു.
മറക്കാന്‍ പറ്റാത്ത അനുഭവം?
ധാരാളം അനുഭവങ്ങള്‍ മറക്കാനാവാത്തതായി ഉണ്ടായിട്ടുണ്ട്. മരണം കണ്‍മുന്നില്‍ കാണുമ്പോഴുണ്ടാവുന്ന പിടപ്പ് ശരിയ്ക്കും അനുഭവിച്ചിട്ടുണ്ട്. ഓരോ കണ്ണിലും കാണുന്ന പ്രാണഭയം നേരിട്ട് കണ്ടിട്ടുണ്ട്. പലപ്പോഴും ഇവിടെ പറയുന്നത് പോലും ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണ്. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ വരുന്നവരോട് ഒരിക്കലം സഹതാപം തോന്നാറില്ല. അവര്‍ സ്വയം ജീവന്‍ എടുക്കാന്‍ തുനിഞ്ഞിറങ്ങിയവരാണ് ഒരു കൊലയാളിക്ക് തുല്യം. അതുകൊണ്ട് തന്നെ അവരോട് സഹതാപം തോന്നാറില്ല. എന്നാല്‍ കഴിയുന്നത്ര രീതിയില്‍ അവരെ രക്ഷിക്കാന്‍ ശ്രമിക്കാറുണ്ട്. അതില്‍ നമ്മള്‍ കൂടെ കരുവാകുന്നു എന്ന ദേഷ്യവും ചില സമയത്ത് തോന്നാറുണ്ട്.

ഏറെ വേദനിപ്പിച്ച അനുഭവം
ഇപ്പോഴും ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിയ്ക്കുന്ന 3 വയസ്സുകാരിയുടെ മരണം അതേല്‍പ്പിച്ച ആഘാതം നിസ്സാരമല്ല. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കുടുംബത്തിലെ 3 വയസ്സുകാരിയാണ് അപകടത്തില്‍ പെട്ടത്. ട്രാക്കില്‍ ജോലിക്കായി വരുന്നവരില്‍ ഉണ്ടായിരുന്ന കുഞ്ഞ് പൂ പറിയ്ക്കാനായി ട്രാക്കിന് സമീപത്തേക്ക് വരുമ്പോള്‍ തുരങ്കത്തിന് മുന്‍പിലായി വളവിലൂടെ ട്രെയിന്‍ വരുന്നത് ആരുടേയും ശ്രദ്ധയില്‍ പെട്ടില്ല. 120 കിലോമീറ്റര്‍ സ്പീഡിലോടുന്ന വണ്ടി നിര്‍ത്താന്‍ ഒരു തരത്തിലും സാധിക്കാത്ത അവസ്ഥയില്‍ നിസ്സഹായനായി നോക്കി നില്‍ക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. അത് ഇന്നും തന്റെ ഉറക്കം കെടുത്തുന്ന ഒരു മോശം ഓര്‍മ്മകളില്‍ ഒന്നാണ്.
കുടുംബത്തിന്റെ ആത്മഹത്യ
ആത്മഹത്യ ചെയ്യാന്‍ വന്ന കുടുംബത്തിലെ കുഞ്ഞിന്റെ മുഖം ഇപ്പോഴും തന്റെ മുന്നിലുണ്ട്. അച്ഛനമ്മമാര്‍ ട്രാക്കില്‍ കിടക്കുകയും മരണത്തിലേക്കാണ് താന്‍ പോവുന്നത് എന്നറിയാതെ ചിരിച്ച് കൊണ്ട് അത്ഭുതത്തോടെ ട്രെയിന്‍ നോക്കി നില്‍ക്കുന്ന കുഞ്ഞിന്റെ മുഖം ഇന്നും വേദനയുണ്ടാക്കുന്നതാണ്. എന്നാല്‍ അതിനെയെല്ലാം തരണം ചെയ്‌തേ പറ്റൂ എന്നത് കൊണ്ട് തന്നെ തലച്ചോറ് ഇത്തരം കാര്യങ്ങളെ വളരെ വേഗത്തില്‍ മറക്കാന്‍ സഹായിക്കുന്നു. മന:പ്പൂര്‍വ്വം മറന്ന് കളയുന്നത് പലപ്പോഴും ഒരു അനുഗ്രഹമായി തോന്നാറുണ്ട്.
അപകടത്തില്‍ പെടുന്ന മൃഗങ്ങള്‍
അപകടത്തില്‍ പെടുന്ന മനുഷ്യരെ പോലെ തന്നെയാണ് മൃഗങ്ങളുടെ ജീവനും വില കൊടുക്കുന്നത്. ഓരോ പുല്‍നാമ്പിനും അതിന്റെ ജീവന് വില കൊടുക്കുന്നവരാണ് ഓരോ ലോക്കോപൈലറ്റുമാരും. ഈ അടുത്തായി മറക്കാന്‍ പറ്റാത്ത അനുഭവമായി ഇന്നും മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഒരു നായയുടെ മരണം. ട്രെയിന്‍ വളവ് തിരിഞ്ഞ് വരുമ്പോള്‍ നായയെ ഇടിയ്ക്കുകയും അത് ഗര്‍ഭിണിയാണോ എന്ന സംശയം ഇരട്ടിച്ചതും ഇപ്പോളും ചില സമയങ്ങളില്‍ സമ്മര്‍ദ്ദത്തിലാക്കാറുണ്ട്. രക്ഷിക്കണമെന്ന് വിചാരിച്ചാലും രക്ഷിക്കാന്‍ സാധിക്കാത്ത നിരവധി സാഹചര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നത് തന്നെയാണ് പലപ്പോഴും ഏറ്റവും വലിയ വേദനയും.
റെയില്‍വെ വെയ്ക്കുന്ന നിയന്ത്രണങ്ങള്‍?
ലോക്കോപൈലറ്റിന്റെ ജീവിതം എന്നത് തന്നെ പല വിധത്തിലുള്ള നിയന്ത്രണങ്ങള്‍ ഉള്ളതാണ്. മൊബൈല്‍ ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ല. മദ്യപിക്കരുത് എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ജോലിക്ക് കയറുന്നതിന് എട്ട് മണിക്കൂര്‍ മുന്‍പ് വരെ മദ്യപിക്കാന്‍ പാടില്ല എന്നാണ് നിയമം. നമുക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന വിശ്രമ സമയം നിര്‍ബന്ധമായും പാലിച്ചിരിക്കണം. ഈ സമയം ഡ്യൂട്ടിയില്‍ അല്ലെങ്കില്‍ പോലും മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. ജോലി സമയം എന്നത് പലപ്പോഴും മണിക്കൂറുകള്‍ നീളുന്നതാണ്. എങ്കിലും സാധാരണ സമയം എട്ട് മണിക്കൂറാണ്. അതില്‍ ആഴ്ചയില്‍ 30 മണിക്കൂറാണ് പീരിയോഡിക് റെസ്റ്റ് ലഭിക്കുന്നത്.
ലോക്കോപൈലറ്റിലേക്കുള്ള തുടക്കം?
ഇത്തരം ഒരു ജോലിയിലേക്ക് ആഗ്രഹിച്ച് വന്നതാണോ എന്ന ചോദ്യത്തിന് ഈ മേഖലയെക്കുറിച്ച് ആ സമയം യാതൊരു അറിവും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം മറുപടി നല്‍കി. റെയില്‍വെക്കുറിച്ച് കാര്യമായ ധാരണയൊന്നും ഉണ്ടായിരുന്നില്ല. എന്താണ് ലോക്കോപൈലറ്റ് എന്ന് പോലും അറിയിമായിരുന്നില്ല. ജോലിയുടെ സ്വഭാവത്തെ പോലും മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. എഞ്ചിന്‍ ഡ്രൈവര്‍ എന്നായിരുന്നു ആദ്യകാലത്ത് ലോക്കോപൈലറ്റ് അറിയപ്പെട്ടിരുന്നത്. റെയില്‍വേയില്‍ ഒരു ജോലി എന്ന രീതിയില്‍ മാത്രമാണ് അപേക്ഷിച്ചത്. എന്നാല്‍ പിന്നീട് ജോലിയെ ഇഷ്ടപ്പെടുകയും സാഹസികവും 'ത്രില്ലിംങ്ങു'മായ ഒരു ജോലി എന്ന നിലയ്ക്ക് വളരെയധികം സന്തോഷത്തോടെ മുന്നോട്ട് പോവുകയും ചെയ്യുന്നു. പല ഘട്ടങ്ങളിലും പലരുടെ ജീവിതത്തിലും നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ സാധിച്ചു എന്ന സംതൃപ്തിയോടെ 26 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി.
ലോക്കോപൈലറ്റിന്റെ ഉത്തരവാദിത്വങ്ങള്‍
ഒരു ലോക്കോപൈലറ്റിന് ട്രെയിന്‍ നിയന്ത്രിക്കുക എന്നതു പോലെ തന്നെ പ്രധാനപ്പെട്ട പല ഉത്തരവാദിത്വങ്ങളും ഉണ്ട്. എന്തെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാവുന്ന ഘട്ടമാണെങ്കില്‍ പുറകേ വരുന്ന വണ്ടിയ്ക്ക് അപകടം സംഭവിക്കാതിരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് ലോക്കോ പൈലറ്റിന്റെ ഉത്തരവാദിത്വമാണ്. അതാണ് ആദ്യത്തെ ജോലിയും. മനുഷ്യര്‍ ഉള്‍പ്പെട്ടിട്ടുള്ള അപകടമാണെങ്കില്‍ അവരെ എത്രയും വേഗം രക്ഷിക്കുന്നതിനും ചികിത്സാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി റെയില്‍വെയ്ക്ക് സന്ദേശം അയയ്ക്കുക എന്നതാണ് മറ്റൊരു ഉത്തരവാദിത്വം. കൂടാതെ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാത്ത രീതിയിലേക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യുക.
മുന്നോട്ടുള്ള യാത്രകള്‍
നല്ലതും ചീത്തയുമായ ധാരാളം അനുഭവങ്ങള്‍ തന്റെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു. യാത്രക്കാരായി വരുത്തുന്ന അപകടങ്ങള്‍ പോലും ആദ്യം കാണുന്നതും കാണേണ്ടി വരുന്നതും ലോക്കോപൈലറ്റ് എന്ന നിലയ്ക്ക് താനാണ്. ഓടുന്ന വണ്ടിയില്‍ ചാടിക്കയറുക, മൊബൈല്‍ ഉപയോഗിക്കുക, വണ്ടി നിര്‍ത്തുന്നതിന് മുന്‍പ് ഇറങ്ങുക, തുടങ്ങി അശ്രദ്ധ മൂലം വരുത്തി വെയ്ക്കുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്നും അദ്ദേഹം നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.
കുടുംബം
ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്നതാണ് കുടുംബം. വളരെ ചുരുങ്ങിയ സമയം മാത്രമേ കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ ലഭിക്കാറുള്ളൂ. എന്നാല്‍ ആ സമയം പലപ്പോഴും എഴുത്തിന് വേണ്ടിക്കൂടി മാറ്റി വെക്കേണ്ടി വരുന്നു എന്നും അദ്ദേഹം പറയുന്നു. എങ്കിലും തന്നെ മനസ്സിലാക്കുന്ന തന്റെ ആഗ്രഹങ്ങള്‍ തിരിച്ചറിയുന്ന ഒരു കുടുംബമാണ് എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തിയും. പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ എല്ലാം കോര്‍ത്തിണയ്ക്കി തന്റെ എഴുത്ത് ലോകത്തില്‍ ഒരു നോവലെഴുതുന്നതിനുള്ള തയ്യാറെടുപ്പിലാണ് സിയാഫ് അബ്ദുല്‍ ഖാദിര്‍. മുന്നോട്ടുള്ള ഓരോ യാത്രയിലും നല്ല അനുഭവങ്ങളും ഓര്‍മ്മകളും അദ്ദേഹത്തിന്റെ ജീവിതം സന്തോഷകരമാക്കട്ടെ എന്ന് ആശംസിക്കാം.



Click it and Unblock the Notifications











