Latest Updates
-
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്!
പിഴയ്ക്കാത്ത അടവുകളും ചുവടുകളും അങ്കത്താരിയും : കളരിയിലെ പെണ്‍കരുത്തായി സഹോദരിമാര്‍
ഈയിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോ ഉണ്ട്. ഒരു പെണ്‍കുട്ടി ഇരട്ട ഉറുമിയില്‍ മെയ്വഴക്കം കൊണ്ടും ആയോധന കല കൊണ്ടും കൈക്കരുത്ത് തെളിയിച്ച ഒരു വീഡിയോ. എന്നാല്‍ ആ വീഡിയോയുടെ പിന്നിലെ അന്വേഷണത്തിനൊടുവിലാണ് പ്രശസ്ത കളരി പരിശീലകന് ഹംസത്തലി ഗുരുക്കളുടെ മകനായ ഹനീഫ ഗുരുക്കളുടെ മകള്‍ അന്ഷിഫയാണ് അതെന്ന് കണ്ടെത്തിയത്. എന്നാല്‍ കഥ അവിടെ തീര്‍ന്നില്ല, അന്ഷിഫയുടെ സഹോദരി ആരിഫയും സഹോദരന് ആഷിഫും നല്ല പയറ്റി തെളിഞ്ഞ കളരി അഭ്യാസികള്‍ തന്നെയാണ്.
ഉണ്ണിയാര്‍ച്ചയുടേയും തുമ്പോലാര്‍ച്ചയുടേയും വീരകഥകള്‍ കേട്ട് വളര്‍ന്നവരാണ് നമ്മള്. പെണ്ണിന്റെ കൈക്കരുത്ത് എന്താണെന്നും എത്രമാത്രം വീര്യവും ചങ്കൂറ്റവും ഉള്ളവരാണ് സ്ത്രീകളെന്നും നമ്മളെയെല്ലാം ഓരോ ചുവടിലും ഓര്‍മ്മിപ്പിച്ച ധീരവനിതകള്‍. കളരിയും അഭ്യാസവും കണ്ട് വളര്‍ന്ന ആരിഫയും അന്‍ഷിഫയും ആഷിഫും കളരിയിലേക്ക് വന്നില്ലെങ്കില്‍ മാത്രമേ നാം അത്ഭുതപ്പെടുകയുള്ളൂ.

ഉപ്പൂപ്പയെന്ന വഴികാട്ടി
വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എടപ്പാളില്‍ ഹംസത്തലി ഗുരുക്കള്‍ (എച്ച്ജിഎസ്) കളരിത്തറയൊരുക്കിയത്. അദ്ദേഹത്തിന്റെ മെയ് വഴക്കവും അഭ്യാസ പ്രകടനവും അതേ പടി പകര്‍ന്ന് കിട്ടി മകന് ഹനീഫ ഗുരുക്കള്‍ക്കും. കളരിയില്‍ ചുവടുറപ്പിക്കുന്നതിനോടൊപ്പം തന്നെ തന്റെ മക്കളേയും ഹനീഫ ഗുരുക്കള്‍ കളരിത്തറയിലേക്ക് കൈപിടിച്ച് കയറ്റി. ഉപ്പൂപ്പയുടെ കൈപിടിച്ച് കളരിയിലേക്ക് ആദ്യചുവട് വെച്ചു ആരിഫ. കോടിയില്‍ തറവാട്ടില്‍ നിന്ന് അങ്ങനെ ആദ്യമായി ഒരു പെണ്തരി കളരിയില്‍ തന്റെ സ്ഥാനമുറപ്പിച്ചു. പിന്നീട് സഹോദരി അന്‍ഷിഫയും ഇതേ പാത തന്നെ പിന്തുടര്ന്നു. ചെറുപ്രായത്തില്‍ തന്നെ ആരിഫയും ആഷിഫും അന്‍ഷിഫയും കാണുന്നത് വായ്ത്താരിയും അങ്കച്ചുവടുകളും ആയുധ പരിശീലനവും തന്നെയാണ്. പിന്നീട് വര്‍ഷങ്ങളുടെ പടി പടിയായുള്ള പരിശീലനവും തികഞ്ഞ അഭ്യാസികളാക്കി മാറ്റി മൂവരേയും.

എതിര്‍പ്പുകള്‍ നിരവധി
പെണ്‍കുട്ടികള്‍ കളരി പഠിക്കുന്നു എന്നതിനേക്കാള്‍ പലപ്പോഴും ആരിഫയും അന്‍ഷിഫയും കളരി പഠിക്കുന്നു എന്ന ഒരു സംസാരം പല ഭാഗത്ത് നിന്നും ഉണ്ടായി. വീട്ടിലെ കാര്യങ്ങള്‍ നോക്കി കഴിയേണ്ട പെണ്‍കുട്ടികള്‍ കളരി പഠിക്കുകയും അഭ്യാസമുറകള്‍ സ്വായത്തമാക്കുകയും ചെയ്യുക എന്നുള്ളത് പലര്‍ക്കും ദഹിക്കാത്ത കാര്യമായിരുന്നു. എന്നാല്‍ അതിനൊന്നും ചെവി കൊടുക്കാതെ ധീരമായി മുന്നോട്ട് പോയി ഈ സഹോദരിമാര്‍. അതിനാകട്ടെ ഉപ്പയുടെ എല്ലാ വിധ പിന്തുണയും ഉണ്ടായിരുന്നു എന്നത് തന്നെയാണ് ഇവരില്‍ ആത്മവിശ്വാസം വളര്‍ത്തിയത്.

എന്റെ കുട്ടിയും പഠിക്കണം
ഒരു കാലത്ത് പെണ്‍കുട്ടികള്‍ എന്തിനാ ഇതെല്ലാം പഠിക്കുന്നത് എന്ന് പറഞ്ഞ് പരിഹസിച്ചവരും തങ്ങളുടെ മക്കളേയും കളരിയില്‍ ചേര്‍ക്കാനായി മുന്നോട്ട് വരുന്നു എന്നതാണ് ഏറ്റവും വലിയ കാര്യവും. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരുപോലെ തന്നെയാണ് കളരിയില്‍ അഭ്യാസമുറകള്‍ പഠിപ്പിക്കുന്നത്. മാത്രമല്ല ആണ് പെണ് ഭേദമില്ലാതെ ഒരുപോലെയുള്ള പരിശീലനത്തിലൂടെ എല്ലാ വരേയും മികച്ച് അഭ്യാസികളാക്കി മാറ്റുന്നതില്‍ ആരിഫയ്ക്കും അന്ഷിഫയ്ക്കും ഹനീഫ് ഗുരുക്കള്‍ക്കും ഉള്ള പങ്ക് നിസ്സാരമല്ല.

മെയ്ത്താരി, കോല്‍ത്താരി, അങ്കത്താരി, വെറുംകൈ
മണ്ണിനോട് ചേര്‍ന്ന് ശരീരത്തെ സ്ഫുടം ചെയ്തെടുക്കുക എന്നതാണ് മെയ്ത്താരിയിലൂടെ അര്‍ത്ഥമാക്കുന്നത്, കോല്ത്താരിയാണ് അടുത്തഘട്ടം, പിന്നീട് ആയുധ മുറകളിലേക്ക് കടക്കുകയും അങ്കത്താരിയില്‍ ചുവടുറപ്പിക്കുകയും ചെയ്യും. പിന്നീട് വെറുംകൈയ്യിലേക്ക് എത്തുന്നതോടെ ഒരു വ്യക്തി അഭ്യാസിയായി മാറും. നിശ്ചയദാര്‍ഢ്യത്തിന്റേയും കഠിനാധ്വാനത്തിന്റേയും ദിനരാത്രങ്ങളാണ് ഓരോ കളരിയഭ്യാസിയേയും പൂര്‍ണതയിലേക്ക് എത്തിക്കുന്നത്. 80-ലധികം പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇന്ന് ആരിഫയ്ക്കും അന്ഷിഫയ്ക്കും ശിഷ്യരായുണ്ട്. കളംചവിട്ട് സംമ്പ്രദായം പിന്തുടരുന്ന കളരിയിലെ എല്ലാ ചുവടുകളും ഇവരുടെ കൈയ്യില്‍ ഭദ്രമാണ്.

നേട്ടങ്ങള്‍ നിരവധി
കളരിയിലൂടെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിരവധി അംഗീകാരങ്ങളും ആദരവുകളും ഇവരെ തേടി എത്തി. 2008-ല്‍ തിരുനാവായ മണപ്പുറത്ത് നടന്ന കളരിമഹോത്സവത്തില് ആരിഫയും അന്‍ഷിഫയും അരങ്ങേറി. ആത്മവിശ്വാസവും മനശക്തിയും ജീവിതത്തില്‍ സ്വായത്തമാക്കി കാഴ്ചവെച്ച പ്രകടനം ഇവരുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവം തന്നെയായിരിക്കും. കൂടാതെ നിരവധി ചാമ്പ്യന്‍ഷിപ്പുകള്‍, സബ്ജൂനിയര് മുതല്‍ സീനിയര്‍ വരെ മേല്‍ക്കോയ്മ നിലനിര്‍ത്തുന്നതിനും ആരിഫയ്ക്ക സാധിച്ചു. നിരവധി തവണ നാഷണല്‍ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയും ചാമ്പ്യനാവുകയും ചെയ്തു. കൂടാതെ ഇന്റര്‍നാഷണല്‍ ആര്‍ട്സ് ഗെയിംസില്‍ ഇന്ത്യക്കായി വെള്ളിമെഡലും നേടിക്കൊടുത്തു ആരിഫ. ജില്ലാതലത്തിലും ദേശീയതലത്തിലും സ്വര്‍ണമെഡലുകള്‍ വരെ ആരിഫയുടെ പേരിലുണ്ട്. വിവാഹിതയാണ് ആരിഫ. ഭര്‍ത്താവ് ഷമീറിന്റെ പിന്തുണയും പ്രോത്സാഹനവും ആരിഫയ്ക്കുണ്ട്. ഇപ്പോള്‍ ഒപ്റ്റോമെട്രി വിഭാഗത്തില്‍ ജോലിയും കളരിയോടൊപ്പം ചെയ്യുന്നു.

തലശ്ശേരിയിലെ പൊന്ന്യത്തങ്കം
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന അന്ഷിഫയുടെ വീഡിയോക്ക് പിന്നില്‍ തലശ്ശേരിയില്‍ നടന്ന പൊന്ന്യത്തങ്കമാണ് ഉള്ളത്. അസാമാന്യ മെയ്വഴക്കത്തിലൂടേയും അഭ്യാസമുറകളിലൂടേയും ഇരട്ട ഉറുമിയില്‍ തന്റെ മികച്ച പ്രകടനം കാഴ്ച വെച്ചത് കുടുംബത്തിലെ ഇളംതലമുറക്കാരി അന്ഷിഫയാണ്. ഇപ്പോള്‍ നാഷണല്‍ ഗെയിംസിന്റെ ഭാഗമാവാനുള്ള തയ്യാറെടുപ്പിലാണ് അന്‍ഷിഫ.



Click it and Unblock the Notifications

