Latest Updates
-
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം
Exclusive Interview: കേരളം മുതല്‍ ഹിമാലയം വരെ നടന്ന് യാത്ര; ചിത്രന്റെ യാത്രകള്‍ ആരെയും കൊതിപ്പിക്കും
Exclusive Interview:ഒറ്റയ്‌ക്കൊരു യാത്ര! വിജനമായ കാട്ടപാതകളിലൂടെ നടന്ന്, എത്ര കണ്ടാലും മടുക്കാത്ത ദൃശ്യങ്ങള്‍ മനസ്സില്‍ പകര്‍ത്തി, ഒരു ടെന്റ് അടിച്ച് കിടന്നുറങ്ങി, കിട്ടുന്ന കായ്കനികള്‍ ഭക്ഷിച്ച്, നീരുറവയില്‍ നിന്ന് വെള്ളം കുടിച്ച്, പ്രകൃതി ഭംഗിയില്‍ അലിഞ്ഞലിഞ്ഞ്, പ്രപഞ്ചത്തെ കൂടുതല്‍ കൂടുതലറിഞ്ഞ്, ആത്മാവിനെയും മനസ്സിനെയും തൃപ്തിപ്പെടുത്തുന്ന യാത്ര. അങ്ങനെയൊരു യാത്രയ്ക്ക് മോഹമുണ്ടോ. യാത്രാമോഹങ്ങള്‍ വെറും സ്വപ്‌നങ്ങളായി ഒതുങ്ങേണ്ടവയല്ല. മനസ്സുവെച്ചാല്‍ ആര്‍ക്കും അതിന് സാധിക്കും. അതിന് ഉദാഹരണമാണ് ചിത്രന്‍.

സുഹൃത്തുക്കളെ എന്ന വിളിയില്‍ തുടങ്ങി ചിത്രന്‍ കാണിച്ചുതരുന്ന കാഴ്ചകള്‍ ആരുടെയും മനം മയക്കും. മഞ്ഞുമൂടിക്കിടക്കുന്ന ഗിരിശൃംഖങ്ങള്‍, , കണ്ണാടി പോലെ ആകാശത്തിന്റെ നീലിമ അതേവിധം ഒപ്പിയെടുത്ത തടാകങ്ങള്‍, കൂറ്റന്‍മരങ്ങള്‍ക്കിടയിലൂടെ ഒറ്റപ്പെട്ട ഒറ്റയടിപ്പാത, കണ്ണെത്താദൂരം മനുഷ്യസ്പര്‍ശമേറ്റ് മലിനമാകാത്ത സ്വച്ഛമായ പ്രകൃതിദൃശ്യങ്ങള്‍... നോട്ടുപുസ്തകങ്ങളുടെ പുറംചട്ടകളിലും ചിത്രങ്ങളിലും മാത്രം നമ്മള്‍ കണ്ടിട്ടുള്ള ആ സുന്ദരദൃശ്യങ്ങള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്ന ഒരു ട്രാവല്‍ വ്‌ളോഗറാണ് ചിത്രന്‍ രാമചന്ദ്രന്‍. ചിത്രന്റെ വ്‌ളോഗുകള്‍ കണ്ടാല്‍ ഹിമാലയന്‍ താഴ്‌വരകളില്‍ പോയ അനുഭൂതിയാണ്.
ഒന്നരവര്‍ഷം മുമ്പ് തുടങ്ങിയ കാല്‍നടയാത്ര
കയ്യില്‍ പണമില്ലാത്തത് കൊണ്ട് സ്വപ്‌നം കണ്ട യാത്രകള്‍ മാറ്റിവെക്കുന്നവര്‍ക്ക് മാതൃകയാണ് ചിത്രന്‍. യാത്രകള്‍ ചെയ്യാന്‍ പണമല്ല, മനസ്സാണ് വേണ്ടതെന്ന് തെളിയിക്കുന്നു വെറും ഇരുപത്തിയാറ് വയസ്സുള്ള ഈ ചെറുപ്പക്കാരന്‍. അമ്മമ്മ മരിച്ചതിന് ശേഷമുള്ള ഏകാന്തതയും വിഷാദവുമാണ് ചിത്രനെ ഒറ്റയ്ക്കുള്ള ഒരു യാത്രയ്ക്ക് പ്രേരിപ്പിച്ചത്. ജീവിതത്തില്‍ സന്തോഷമാണ് ഏറ്റവും വലുതെന്ന അമ്മമ്മയുടെ ഉപദേശം ശിരസ്സാവഹിക്കുകയായിരുന്നു താനെന്ന് ചിത്രന്‍ പറയുന്നു. പക്ഷേ വലിയൊരു യാത്ര പോകാനുള്ള പണമൊന്നും കയ്യിലില്ല. മൊബൈല്‍ ടവറില്‍ ജോലി ചെയ്തുകിട്ടുന്ന വരുമാനമൊന്നും യാത്രയ്ക്ക് തികയില്ല.

അങ്ങനെയാണ് നടന്നുപോകാം എന്ന ചിന്ത ചിത്രനിലെത്തുന്നത്. ഒടുവില്‍ ആറായിരം രൂപയും ബാഗില്‍ കുറച്ച് അരിയും അത്യാവശ്യം ഭക്ഷണസാധനങ്ങളും ഒരു ടെന്റുമായി ചിത്രന്‍ തന്റെ സ്വപ്‌നത്തിലേക്കുള്ള നടത്തം ആരംഭിച്ചു. 2022 നവംബര്‍ ഒന്നിനാണ് കേരളത്തില്‍ നിന്നും യാത്ര തുടങ്ങിയത്. ഇപ്പോള്‍ വീടുവിട്ട് ഇറങ്ങിയിട്ട് ഒന്നര വര്‍ഷമായിരിക്കുന്നു. കേരളത്തില്‍ തുടങ്ങി ഹിമാചല്‍ പ്രദേശിലെ കീ ഹിമാലയന്‍ ഗ്രാമത്തില്‍ എത്തിനില്‍ക്കുന്ന ചിത്രന്റെ യാത്ര 26 സംസ്ഥാനങ്ങളും 398 ദിവസങ്ങളും പിന്നിട്ടു. ജീവിതത്തിലെ ആ നിര്‍ണായക തീരുമാനത്തെ കുറിച്ച് ഓരോ വ്‌ളോഗിലും ചിത്രന്‍ പറയുന്ന ഒരു വാചകമുണ്ട്. ജീവിതത്തില്‍ ഞാന്‍ സ്വപ്‌നം കണ്ടത് ഇതാണ്. ഞാന്‍ മനസ്സ് നിറഞ്ഞ് സന്തോഷിക്കുകയാണ് സുഹൃത്തുക്കളെ.
യാത്രകളോട് കുട്ടിക്കാലം തുടങ്ങി പ്രേമം
കുട്ടിക്കാലം തുടങ്ങിയേ യാത്രയെന്നാല്‍ ചിത്രന് ജീവനാണ്. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ കൊണ്ട് സ്‌കൂളുകളില്‍ നിന്ന് കൊണ്ടുപോകുന്ന ടൂറുകളില്‍ ഒന്നും പങ്കെടുക്കാന്‍ പറ്റിയിരുന്നില്ല. വയറുവേദന, പനി എന്നൊക്കെ പറഞ്ഞാണ് അന്ന് യാത്രകളില്‍ നിന്ന് രക്ഷപ്പെട്ടിരുന്നത്. പക്ഷേ പറ്റുന്ന രീതിയില്‍ വീടിനടുത്തുള്ള പ്രകൃതിഭംഗി തുളുമ്പുന്ന സ്ഥലങ്ങളിലേക്കൊക്കെ പോകും. ഇന്നും അത്തരം യാത്രകളോടാണ് ചിത്രന് ഇഷ്ടം. ടൂറിസ്റ്റ് കേന്ദ്രങ്ങളോ, റിസോര്‍ട്ടുകളോ ഒന്നും അല്ല. ഇന്ത്യയുടെ ആത്മാവായ ഗ്രാമങ്ങളും താഴ്‌വരകളും പര്‍വ്വതനിരകളും വനങ്ങളുമൊക്കെയാണ് ചിത്രന്റെ ലക്ഷ്യസ്ഥാനങ്ങള്‍. പരിശുദ്ധമായ പ്രകൃതിയും നിഷ്‌കളങ്കത നിറഞ്ഞ മനുഷ്യരും ചിത്രനെ മാടിവിളിച്ചുകൊണ്ടിരിക്കുന്നു.

ആദ്യദിനങ്ങളിലൊക്കെ യാത്ര വളരെ റിസ്‌ക് ആയിരുന്നുവെന്ന് ചിത്രന്‍ പറയുന്നു. കയ്യില്‍ പണമില്ലാത്തതിന്റെ പ്രശ്‌നം നല്ലതുപോലെ ഉണ്ടായിരുന്നു. സ്‌പോണ്‍സര്‍ഷിപ്പൊന്നും ഉണ്ടായിരുന്നില്ല. നടന്ന് യാത്ര പോകാമെന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്. എട്ടുമാസത്തോളം ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ട് നേരിട്ടു. പക്ഷേ ചില സംസ്ഥാനങ്ങളില്‍ മലയാളികളുടെ സഹായം ലഭിച്ചു, ഗുജറാത്തിലും രാജസ്ഥാനിലുമൊക്കെ നിരവധി മലയാളികളുണ്ട്. അവിടുത്തെ മലയാളി സമാജങ്ങള്‍ ഭക്ഷണവും സ്റ്റേയുമൊക്കെ ഒരുക്കിക്കൊടുത്തു.
ഭക്ഷണം സ്വന്തം പാകം ചെയ്യും, ഉറക്കം ടെന്റില്‍
സഞ്ചാരികള്‍ക്കായുള്ള താമസ സൗകര്യവും ഹോട്ടലിലെ ഭക്ഷണവും തന്റെ കീശയില്‍ ഒതുങ്ങില്ലെന്ന് തിരിച്ചറിഞ്ഞ ചിത്രന്‍ ബാഗില്‍ ഒരു ടെന്റും അത്യാവശ്യം ഭക്ഷണസാധനങ്ങളും പാചകം ചെയ്യുന്നതിനുള്ള പാത്രങ്ങളും ചെറിയൊരു സ്റ്റൗവും കരുതി. യാത്രയില്‍ അറുപത് ശതമാനത്തോളം സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കുകയാണ് ചിത്രന്റെ പതിവ്. വളരെ ചെറിയ ബ്യൂട്ടെയ്ന്‍ ഗ്യാസ് സിലിണ്ടര്‍ കയ്യില്‍ കരുതും. അത് തീര്‍ന്നുപോയാല്‍ വിറക് കത്തിച്ച് പാചകം ചെയ്യും. മിക്കവാറും മുട്ട പുഴുങ്ങിയതും ന്യൂഡില്‍സും തുടങ്ങിയ ലളിത ഭക്ഷണങ്ങളാണ് പതിവ്. എങ്കിലും ചില ദിവസങ്ങളില്‍ ചിക്കന്‍ കറിയും ചോറുമൊക്കെയായി തുറന്ന പ്രകൃതിയില്‍ ആസ്വദിച്ച് കുക്ക് ചെയ്യാറുമുണ്ട്. താമസവും വളരെ ലളിതമാണ്. സൗകര്യപ്രദമായ ഒരു സ്ഥലത്ത് ടെന്റടിക്കും. മിക്കവാറും ഒറ്റപ്പെട്ട സ്ഥലങ്ങളിലായിരിക്കും. അവിടെ കിടന്നുറങ്ങി രാവിലെ യാത്ര തുടരും.

അറുപത് കിലോഗ്രാം ഭാരമുണ്ട് ചിത്രന്റെ ബാഗിന്. ആ ബാഗും താങ്ങിയെടുക്ക് നടന്ന് യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ചിത്രന്‍ സമ്മതിക്കുന്നുണ്ട്. പക്ഷേ യാത്രാച്ചിലവ് കുറയ്ക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തത് കൊണ്ട് അത്യാവശ്യസാധനങ്ങളെല്ലാം ബാഗിലെടുത്ത് അതുമായി നടക്കാന്‍ ചിത്രന് മടിയില്ല.
വ്‌ളോഗറാകാന്‍ വേണ്ടിയുള്ള യാത്രകളല്ല, വ്‌ളോഗിംഗ് യാത്രക്കിടെ തുടങ്ങിയത്
യാത്രാ വ്‌ളോഗര്‍മാര്‍ അനവധിയുണ്ട് നമ്മുടെ നാട്ടില്‍. അവരില്‍ നിന്നും വ്യത്യസ്തനാണ് ചിത്രന്‍. ചിത്രന്‍ കേരളത്തിന് പുറത്തേക്ക് ഒറ്റത്തവണയേ യാത്ര ചെയ്തിട്ടുള്ളു. പക്ഷേ ഒന്നരവര്‍ഷം മുമ്പ് തുടങ്ങിയ ആ യാത്ര ഇന്നും അവസാനിച്ചിട്ടില്ല. ഒരു വ്‌ളോഗറാകാം എന്ന ചിന്തയില്‍ തുടങ്ങിയ യാത്രയുമല്ല ചിത്രന്റേത്. നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ മറ്റ് ചെറുപ്പക്കാരെ പോലെ തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടായിരുന്നു എന്നതല്ലാതെ എല്ലാ നേരവും സോഷ്യല്‍മീഡിയയില്‍ ചിലവിടാനോ അതിനെ കണ്ടന്റ് സാധ്യതകള്‍ കണ്ടെത്താനോ ചിത്രന്‍ ശ്രമിച്ചിരുന്നില്ല. പക്ഷേ യാത്ര തുടങ്ങി അതിന്റെ വീഡിയോകള്‍ അക്കൗണ്ടുകളില്‍ നല്‍കിയതോടെ ആളുകള്‍ക്ക് ഇഷ്ടപ്പെടാന്‍ തുടങ്ങി. അത്യാവശ്യം വ്യൂസ് ലഭിച്ചു.

പക്ഷേ വ്‌ളോഗിംഗിലൂടെ പ്രമോഷന്‍ ചെയ്ത് വരുമാനമുണ്ടാക്കണമെന്ന ചിന്തയൊന്നും ഇപ്പോഴും ചിത്രനില്ല. നല്ല കാഴ്ചകള്‍ ആളുകളിലേക്ക് എത്തിക്കണമെന്ന ആഗ്രഹത്തിന് പുറത്താണ് വീഡിയോകള്‍ ചെയ്ത് അക്കൗണ്ടില്‍ ഇടുന്നത്. യാത്ര ചെയ്യാന്‍ മോഹമുള്ള, അതിന് കഴിയാത്ത പ്രായമായവര്‍ക്ക് അതിലൂടെ സന്തോഷം ലഭിക്കണമെന്നാണ് ആഗ്രഹം. മാത്രമല്ല, കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിലൂടെ പ്രമോഷന്‍ ചെയ്യാതെ തന്നെ തന്റെ യാത്രയ്ക്കുള്ള ചിലവുകള്‍ക്ക് വേണ്ട പണം വ്‌ളോഗിംഗിലൂടെ ലഭിക്കും. യുട്യൂബില്‍ നിന്ന് സ്ഥിരവരുമാനമൊന്നും ലഭിച്ചുതുടങ്ങിയിട്ടില്ല. എല്ലാ വീഡിയോകളിലും റീലുകളിലും ചിത്രന്‍ പറയുന്ന ഒരു വാചകമുണ്ട്. യാത്രകള്‍ ഇഷ്ടമാണെങ്കില്‍, ഇത്തരം കാഴ്ചകള്‍ ഇഷ്ടമാണെങ്കില്‍ സപ്പോര്‍ട്ട് ചെയ്യുക, കൂടെ നില്‍ക്കുക.
കൊടുംകാടുകളില്‍ ടെന്റടിച്ചുള്ള താമസം, പേടി തോന്നിയിട്ടില്ലെന്ന് ചിത്രന്‍

ചിത്രന്റെ വ്‌ളോഗുകള്‍ കണ്ടിട്ടുള്ളവര്‍ക്ക് മനസ്സിലാകും, മനുഷ്യവാസമില്ലാത്ത മേഖലകളിലാണ് മിക്കവാറും ചിത്രന്‍ ടെന്റടിക്കുന്നത്. രാവിലെ ആരംഭിക്കുന്ന യാത്ര നാലുമണിയോടെ പറ്റിയ സ്ഥലത്ത് ടെന്റടിക്കും. ചിലപ്പോള്‍ ഗ്രാമങ്ങളിലായിരിക്കും. ചിലപ്പോള്‍ കാട്ടിലായിരിക്കും. കാട്ടിലെ സ്റ്റേയില്‍ വന്യമൃഗങ്ങളുടെ അക്രമണം ഭയക്കണം. സാധാരണ തീയിട്ടൊക്കെയാണ് അത്തരം ഭീഷണികളെ പ്രതിരോധിക്കുന്നത്. ജമ്മുകശ്മീരിനും ലഡാക്കിനുമിടയിലെ മട്ടിയ ഗ്രാമത്തിലെ താമസത്തിനിടെ ഒരിക്കല്‍ കരടിയുടെ ആക്രമണമുണ്ടായി. അന്ന് സോഷ്യല്‍മീഡിയയില്‍ ലൈവ് ഇട്ടിരുന്നു ചിത്രന്‍. പാത്രം കൊട്ടിയാണ് അന്ന് കരടിയെ ഓടിച്ചത്. ഏഴുകിലോമീറ്ററോളം ആള്‍ത്താമസമില്ലാത്ത മേഖലയാണിത്. സ്ഥിരമായി കരടി ആക്രമണം നടക്കുന്ന മേഖലയാണത്. ലഡാക്കിലെയും ഉത്തരാഖണ്ഡിലെയും താമസത്തിലാണ് ഏറ്റവുമധികം ഭയപ്പെട്ടിട്ടുള്ളത്.
റൂട്ടുമാപ്പില്ല, മുന്നില്‍ കാണുന്ന വഴിയിലൂടെ സഞ്ചാരം
ഒരു റൂട്ടുമാപ്പും ഇല്ലാത്ത യാത്രയാണ് ചിത്രന്റേത്. ഗ്രാമങ്ങളിലൂടെയാണ് സഞ്ചാരം. ഗ്രാമവാസികളോട് അവിടുത്തെ പ്രത്യേകതകള്‍ ചോദിച്ചറിയും. കാണാനുള്ള സ്ഥലങ്ങള്‍ കാണും. അവര്‍ പറയുന്ന വഴികളിലൂടെ അടുത്തിടത്തേക്ക് സഞ്ചരിക്കും. നാലുമാസത്തോളം നേപ്പാളിലായിരുന്നു ചിത്രന്റെ യാത്രകള്‍. അവിടെ നിന്നും ഭൂട്ടാനിലേക്ക് പോയി അവിടെ യാത്രകള്‍ നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അവിടുത്തെ നിയമവ്യവസ്ഥകള്‍ കാരണം അതിന് സാധിച്ചില്ല. നേപ്പാളിലെ കാഴ്ചകള്‍ അതിമനോഹരമായിരുന്നുവെന്ന് ചിത്രന്‍ പറയുന്നു.

വീട് വിട്ടിറങ്ങിയിട്ട് ഒന്നരവര്‍ഷമായെങ്കിലും തിരിച്ചുപോകണമെന്ന് ചിത്രന് ആഗ്രഹമില്ല. പോയാല്‍ ഈ യാത്രകള്‍ നഷ്ടമാകുമോ എന്ന ഭയമാണ്. ഈ യാത്ര തുടരണമെന്ന മോഹം തന്നെയാണ് ഉള്ളിലുള്ളത്. സാധിച്ചാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ലോകത്തിലെ എല്ലാ അത്ഭുതങ്ങളും കാണേണ്ട കാഴ്ചകളും ഇന്ത്യയില്‍ ഉണ്ടെന്ന കാര്യം ഈ യാത്രയിലൂടെ താന്‍ പഠിച്ചുവെന്ന് ഈ ചെറുപ്പക്കാരന്‍ പറയുന്നു. ലോകത്തിലെ ഉയര്‍ന്ന ഗ്രാമം, ആപ്പിള്‍ത്തോട്ടങ്ങള്‍, ഭൂമിക്കടിയിലൂടെ ഒഴുകുന്ന നദി, ഗംഗാനദി, മഞ്ഞുരുകിയ തടാകങ്ങള്‍, മഞ്ഞ് പുതച്ച പര്‍വ്വതങ്ങള്‍, അപൂര്‍വ്വമായ കൃഷികള്‍, ഭക്ഷണവൈവിധ്യങ്ങള്‍ തുടങ്ങി യാത്രയിലൂടെ ചിത്രന് ലഭിച്ച അറിവുകള്‍ അനവധിയാണ്.
ചെന്നെത്തുന്ന ഓരോ സ്ഥലത്തെ കുറിച്ചും അവിടുത്തെ ആളുകളോട് ചോദിച്ചറിഞ്ഞും അല്ലാതെയും ചരിത്രമടക്കമുള്ള എല്ലാ കാര്യങ്ങളും പഠിച്ചാണ് ചിത്രന്‍ വ്‌ളോഗിലൂടെ ഓരോ കാര്യങ്ങളും പറയുന്നത്.
ശുദ്ധരായ മനുഷ്യര്‍, ധൈര്യമുള്ള പെണ്‍കുട്ടികള്‍

ഹിമാലയന്‍ ഗ്രാമങ്ങളിലെ മനുഷ്യര്‍ യാതൊരു കാപട്യവുമില്ലാത്ത, നിഷ്‌കളങ്കരായ ആളുകളാണെന്ന് ചിത്രന്‍ പറയുന്നു. ഈ ഗ്രാമങ്ങളിലെ സ്ത്രീപുരുഷസമത്വം തന്നെ ഏറെ അത്ഭുതപ്പെടുത്തിയ കാര്യമാണെന്നും ചിത്രന്‍ പറയുന്നു. ഇവിടങ്ങളിലെ പെണ്‍കുട്ടികള്‍ ഏറെ ധൈര്യശാലികളാണ്. പെണ്‍കുട്ടികളെ ദൈവത്തെ പോലെ കാണുന്ന ആളുകളാണ് ഇവിടെയുള്ളവര്‍. സാമ്പത്തികമായി സ്വാശ്രയത്വം നേടാന്‍ ശ്രമിക്കുന്നവരാണ്. കൃഷിയെയും പ്രകൃതിയെയും ജീവനെ പോലെ സ്‌നേഹിക്കുകയും സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരുമാണ് ഇവര്‍. മറ്റ് നാടുകളില്‍ നിന്നും വരുന്നവരോട് ഇവര്‍ കാണിക്കുന്ന ആതിഥ്യമര്യാദയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. കേരളത്തില്‍ നിന്നും നടന്ന് അവരുടെ നാട് കാണാനെത്തിയതാണ് എന്ന് പറയുമ്പോള്‍ വളരെ ബഹുമാനത്തോടെയാണ് അവര്‍ ചിത്രനെ സ്വീകരിക്കുന്നത്. ചിത്രനൊപ്പം ഗൈഡിനെ പോലെ നടന്ന് അവരുടെ നാട് കാണിച്ചുകൊടുക്കാനും അവര്‍ക്ക് മടിയില്ല.
മറക്കാനാകാത്ത ഓര്‍മ്മകള്‍

മറക്കാനാകാത്ത നിരവധി ഓര്‍മ്മകളും അനുഭവങ്ങളും യാത്രയ്ക്കിടെ ഉണ്ടായിട്ടുണ്ടെന്ന് ചിത്രന്‍ പറയുന്നു. അതില്‍ നല്ലതും മോശവുമായ ഉണ്ട്. ഹിമാചല്‍ പ്രദേശിലെ കെയ്‌ലോങ്ങ് എന്ന ഗ്രാമത്തിലെ ഒരു അനുഭവം അത്തരത്തിലൊന്നാണ്. മൈനസ് 20 ഡിഗ്രിയിലാണ് ചിത്രന്‍ ഇവിടെ എത്തുന്നത്. അടല്‍ ടണല്‍ സ്ഥിതി ചെയ്യുന്നത് അവിടെയാണ്. ചിത്രന്‍ എത്തിയതിന് ശേഷം മഞ്ഞുവീഴ്ച മൂലം അവിടെയുള്ള എല്ലാ റോഡുകളും അടച്ചു. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയപ്പോള്‍, അവിടുത്തെ ഗവണ്‍മെന്റിന്റെ ബസ് ഡിപ്പോയില്‍ ഒരു മാസം കഴിയാനുള്ള സൗകര്യം ഒരുക്കിത്തന്നത് മറക്കാനാകാത്ത കാര്യമാണെന്ന് ചിത്രന്‍ പറയുന്നു. അവിടുത്തെ ജീവനക്കാര്‍ ഓരോരുത്തരായി ഓരോ ദിവസവും ഭക്ഷണം കൊണ്ടുത്തന്നു. ഒരിക്കല്‍ ഒരു മലയാളി ഇങ്ങനെയൊരു യാത്ര ചെയ്യുന്നയാളാണെന്ന് അറിഞ്ഞ് റോഡില്‍ വെച്ച് തന്നെ കുറേ ചീത്ത വിളിച്ചത് യാത്രയ്ക്കിടയിലെ ഏറ്റവും മോശം അനുഭവമാണെന്ന് ചിത്രന്‍ പറയുന്നു. വിലപിടിപ്പുള്ള കാറില്‍ വന്ന്, ധനികനെന്ന് തോന്നിക്കുന്ന ഒരാളാണ് അങ്ങനെ ചെയ്തത്. പണമുണ്ടെന്ന് കരുതി സന്തോഷമോ സമാധാനമോ മര്യാദയോ ഉണ്ടായിക്കൊള്ളണമെന്നില്ലെന്ന പാഠമാണ് ആ അനുഭവത്തില്‍ നിന്നും താന്‍ പഠിച്ചതെന്ന് ചിത്രന്‍ പറയുന്നു.
എവറസ്റ്റില്‍ പോകണമെങ്കില്‍ ഫീസ് വേണം
എവറസ്റ്റിന്റെ ബെയ്‌സ്‌ക്യാമ്പിലും അന്നപൂര്‍ണ്ണ സര്‍ക്കിളിലുമൊക്കെ പോകണമെങ്കില്‍ ഫീസ് വേണം എന്നതുകൊണ്ട് അവിടെയൊന്നും പോകാന്‍ ചിത്രന് സാധിച്ചിട്ടില്ല. പക്ഷേ ഫീസ് വേണ്ടാത്ത അതുപോലുള്ള നിരവധി സ്ഥലങ്ങളില്‍ അതിസാഹസികമായി ചിത്രന്‍ പോയി ആ കാഴ്ചകള്‍ ആളുകളിലേക്ക് എത്തിച്ചിട്ടുണ്ട്.
സ്വപ്‌നം യാത്ര ചെയ്യുക തന്നെ

ചിത്രന്റെ ജീവിതത്തിലെ ഒരേയൊരു ലക്ഷ്യവും സ്വപ്‌നവും യാത്ര ചെയ്യുക എന്നതാണ്. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ജീവന്‍ കുടികൊള്ളുന്നത്. ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുക, പ്രകൃതിയുടെ മനോഹാരിത ആവോളം നുകരുക. നല്ല മനുഷ്യരെ അറിയുക, മനസ്സിലാക്കുക എന്നതെല്ലാമാണ് ഭാവിയെ കുറിച്ച് ചിത്രനുള്ള മോഹങ്ങള്‍. അതിനൊപ്പം തന്നെ താന്‍ കണ്ട കാഴ്ചകള്‍ ഭംഗിയൊട്ടും ചോരാതെ അത് കാണാനാഗ്രഹിക്കുന്ന ആളുകളിലേക്ക് എത്തിക്കുകയും വേണമെന്ന് ചിത്രന്‍ പറയുന്നു. ഏത് ക്യാമറയിലാണ് ചിത്രങ്ങള്‍ പകര്‍ത്തുന്നതെന്നും എഡിറ്റിംഗ് ആരാണ് ചെയ്യുന്നതെന്നുമുള്ള ചോദ്യത്തിന് ചിത്രന്റെ മറുപടി ഇതാണ്, വളരെ സാധാരണമായ ഒരു മൊബൈല്‍ ഫോണാണ് തന്റേത്, യാത്രയ്ക്കിടെ എഡിറ്റിംഗിനായി ചിലവഴിക്കാന്‍ സമയവുമില്ല. ഏത്ര മോശം ഫോണില്‍ എടുത്താലും ഭംഗി ചോരാത്ത സുന്ദരക്കാഴ്ചകളാണ് ഹിമാലയത്തിലേത്. ആ വീഡിയോകള്‍ ഒരു എഡിറ്റിംഗും ഇല്ലാതെ ഫോളേവേഴ്‌സിലേക്ക് എത്തിക്കാനാണ് താന്‍ ശ്രമിക്കുന്നത്. ഇതുവരെ കാണാത്ത ഹിമാലയന്‍ കാഴ്ചകള്‍ കാണാന്‍ ചിത്രന്റെ ഇന്‍സ്റ്റഗ്രാം പേജോ, യുട്യൂബ് ചാനലോ സന്ദര്‍ശിച്ചാല്‍ ഇതുവരെ കാണാത്ത ഹിമാലയന്‍ കാഴ്ചകള്‍ നിങ്ങള്‍ക്കും കാണാം. അവ കണ്ടാല്‍ ഹിമാലയത്തില്‍ പോയ അനുഭൂതി ആയിരിക്കുമെന്നതില്‍ ഒരു സംശയവുമില്ല.
അടങ്ങാത്ത യാത്രാമോഹവുമായി ചിത്രന്‍ യാത്ര തുടരുകയാണ്. ഗ്രാമങ്ങളിലൂടെ, മനുഷ്യരിലൂടെ, പ്രകൃതിയെ അറിഞ്ഞ്, മനസ്സ് നിറഞ്ഞ്. ഈ യാത്രയിലൂടെ എന്താണ് സാക്ഷാത്കരിച്ചതെന്ന് ചോദ്യത്തിന് എല്ലാ വീഡിയോകളിലും ചിത്രന്‍ മറുപടി പറയുന്നുണ്ട്, ഞാന്‍ സ്വപ്‌നം കണ്ടത് ഇതാണ്, ഞാന്‍ സന്തോഷിക്കുകയാണ്..



Click it and Unblock the Notifications












