പൂവും ഇലയും കൊണ്ട് വസ്ത്രങ്ങളില്‍ വിസ്മയം സൃഷ്ടിച്ച് ഇലപ്പച്ച; ഇത് കേരളത്തിലെ ആദ്യ എക്കോപ്രിന്റ് ബ്രാന്‍ഡ്

പ്രകൃതിയുടെ സൗന്ദര്യവും നിറങ്ങളും കാന്‍വാസിലേക്ക് പകര്‍ത്തുന്നവരാണ് കലാകാരന്മാര്‍. പ്രകൃതിയില്‍ കാണുന്ന നിറങ്ങളാണ് അവരുടെ ഓരോ ചിത്രങ്ങള്‍ക്കും ജീവനേകുന്നത്. പക്ഷേ അവര്‍ക്ക് പോലും പിടികൊടുക്കാതെ പ്രകൃതി ചില നിറങ്ങള്‍ ഇലകളിലും പൂക്കളിലുമെല്ലാം ഒളിപ്പിച്ചുവെക്കാറുണ്ട്. ആ നിറങ്ങള്‍ തേടിയുള്ള സൗമ്യ തോമസ് എന്ന കലാകാരിയുടെ യാത്രയാണ് ഇലപ്പച്ച എന്ന ബ്രാന്‍ഡ്.

saumya thomas elapacha

തേക്കിന്റെ ഇലകളും കാറ്റാടി ഇലകളും ജമന്തിപ്പൂവും മറ്റനേകം പൂവുകളും ഇലകളും കൊണ്ട് വസ്ത്രങ്ങളില്‍ വിസ്മയം തീര്‍ക്കുകയാണ് സൗമ്യ തോമസിന്റെ ഇലപ്പച്ച എന്ന എക്കോ പ്രിന്റിംഗ് ബ്രാന്‍ഡ്. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത എക്കോ പ്രിന്റിംഗ് എന്ന ആശയത്തെ കുറിച്ചും ആ പ്രക്രിയയെ കുറിച്ചും ഇലപ്പച്ചയുടെ സ്വപ്‌നങ്ങളെ കുറിച്ച് ബോള്‍ഡ്‌സ്‌കൈയോട് മനസ്സ് തുറക്കുകയാണ് സൗമ്യ തോമസ് എന്ന ആര്‍ട്ടിസ്റ്റ്.

കുട്ടിക്കാലം തൊട്ടേ കല ഒപ്പം

ഓര്‍മ്മവെച്ച കാലം മുതല്‍ക്ക് ചിത്രം വരക്കുമായിരുന്നുവെന്ന് സൗമ്യ പറയുന്നു. പച്ചപ്പും പ്രകൃതിഭംഗിയും നിറഞ്ഞുതുളുമ്പുന്ന ഇടുക്കിയിലെ പീരുമേട് സ്വദേശിനിയായത് കൊണ്ട് പ്രകൃതിയോടും പുനഃസൃഷ്ടിക്കാന്‍ കഴിയാത്ത പ്രകൃതിയിലെ നിറങ്ങളോടും ഡിസൈനുകളോടും ചെറുപ്പത്തിലേ വല്ലാത്തൊരു അഭിനിവേശം ഉണ്ടായിരുന്നു. ചിത്രംവരയോടുള്ള ഇഷ്ടം കാരണമാണ് അതില്‍ തന്നെ ഉപരിപഠനം നടത്തണമെന്ന ആഗ്രഹവുമായി തൃപ്പുണിത്തുറ ആര്‍എല്‍വി കോളെജ് തിരഞ്ഞെടുത്തത്. പഠനം കഴിഞ്ഞ് കാന്‍വാസ് പെയിന്റിംഗും ഫാബ്രിക് പെയിന്റിംഗുമായി നടക്കുമ്പോഴും കലാരംഗത്ത് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹമായിരുന്നു സൗമ്യയ്ക്ക്.

എക്കോ പ്രിന്റിംഗ് എന്ന ആശയം

വര പോലെ തന്നെ സൗമ്യയുടെ മറ്റൊരു ഇഷ്ടമായിരുന്നു ഫാബ്രിക്. പണ്ടുതൊട്ടേ തുണികള്‍ തയ്ക്കാനും എംബ്രോയ്ഡറി ചെയ്യാനും പെയിന്റിംഗ് ചെയ്യാനുമെല്ലാം വളരെ ഇഷ്ടമാണെങ്കിലും എക്കോ പ്രിന്റിംഗിനെ കുറിച്ച് ചിന്തിച്ച് തുങ്ങുന്നത് 2016 മുതലാണ്. ഇടുക്കിയില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രകളില്‍ വഴിയരുകിലെ വ്യത്യസ്തങ്ങളായ ഇലകളും അവയുടെ നിറങ്ങളും ഡിസൈനുകളും തന്നെ ആകര്‍ഷിച്ചിരുന്നുവെന്ന് സൗമ്യ പറയുന്നു. അവയുടെ പ്രിന്റ് ഫാബ്രിക്കിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നത് അങ്ങനെയാണ്. അന്നുപക്ഷേ എക്കോ പ്രിന്റിംഗ് എന്ന പേരോ ആശയമോ അറിയില്ലായിരുന്നു. ആഗ്രഹത്തിന്റെയും ഉള്ളിലെ ആശയത്തിന്റെയും പുറത്ത് ചില പരീക്ഷണങ്ങളൊക്കെ നടത്തി പരാജയപ്പെട്ടപ്പോഴാണ് അതെക്കുറിച്ച് കാര്യമായ ഗവേഷണം ആരംഭിക്കുന്നത്. അപ്പോഴാണ് വിദേശത്തെല്ലാം നേരത്തെ മുതലേ എക്കോ പ്രിന്റിംഗ് ഉണ്ടെന്ന് സൗമ്യ മനസ്സിലാക്കുന്നത്. പഠിക്കാനായി പലരെയും സമീപിച്ചെങ്കിലും ആരും അവരുടെ കൂട്ട് (റെസിപ്പി) വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. അങ്ങനെയാണ് സ്വന്തമായി പരീക്ഷണങ്ങള്‍ നടത്താനും വീഡിയോകളിലൂടെയും ഓണ്‍ലൈനായും എക്കോ പ്രിന്റിംഗിനെ കുറിച്ച് അറിവുകള്‍ ശേഖരിച്ച് നോട്ടുകള്‍ തയ്യാറാക്കാനും തുടങ്ങിയത്.

elapacha ecorprint

2016 മുതലുള്ള പരീക്ഷണങ്ങള്‍ വിജയം കണ്ടുതുടങ്ങിയത് 2022ഓടെയാണ്. പിന്നെയും ഒരു വര്‍ഷം കഴിഞ്ഞാണ് നല്ല രീതിയിലുള്ള, വ്യത്യസ്ത നിറങ്ങളിലുള്ള പ്രിന്റുകള്‍ ലഭിച്ചുതുടങ്ങിയത്. സാരികളിലും കുര്‍ത്തകളിലും ഷര്‍ട്ടുകളിലുമടക്കം അതുല്യങ്ങളായ ഡിസൈനുകള്‍ തീര്‍ത്ത് ഇലപ്പച്ച എന്ന പേരില്‍ സൗമ്യയുടെ സ്വന്തം ബ്രാന്‍ഡ് പുറത്തിറങ്ങിയിട്ട് മാസങ്ങളേ ആയുള്ളു. പക്ഷേ നിലവില്‍ കേരളത്തിലെ ഏക എക്കോ പ്രിന്റിംഗ് ബ്രാന്‍ഡ് ഇലപ്പച്ചയാണ്.

ഓരോ നിറത്തിനും ഓരോ കൂട്ട്

പാചകം ചെയ്യുമ്പോള്‍ ഓരോ കറിക്കും ഓരോ കൂട്ട് എന്നത് പോലെ എക്കോ പ്രിന്റ് ചെയ്യുമ്പോഴും ഓരോ ഫാബ്രിക്കിനും വ്യത്യസ്ത തരം ഇലകള്‍ക്കും ഓരോ കൂട്ടുണ്ട്. പരീക്ഷണത്തിലൂടെ മാത്രമേ അത് മനസ്സിലാകുകയുള്ളു. വിജയിച്ചാല്‍ ആ കൂട്ട് എഴുതിവെക്കുകയാണ് സൗമ്യ ചെയ്യുന്നത്. പൂര്‍ണ്ണമായും പ്രകൃതിയില്‍ നിന്നുള്ള നിറങ്ങളാണ് ഇലപ്പച്ചയുടെ ഫാബ്രിക്കില്‍ ഉണ്ടായിരിക്കുകയുള്ളു. ഇലയില്‍ നിന്നും പൂവില്‍ നിന്നും വേരില്‍ നിന്നും തണ്ടില്‍ നിന്നുമെല്ലാം ഇതിനുള്ള പിഗ്മെന്റുകള്‍ ശേഖരിക്കുന്നു. നല്ല നിറമാണെന്ന് കരുതി എല്ലാ പൂക്കളും ഇലകളും എക്കോ പ്രിന്റിന് പറ്റില്ല. അതുപോലെ ഒരേ ചെടിയുടെ ഇല തന്നെ ഓരോ പ്രായത്തിലും വ്യത്യസ്തമായ നിറമോ ടോണോ ആയിരിക്കും നല്‍കുക.

ഒരേ ചെടിയുടെ പത്ത് ഇല പത്ത് വ്യത്യസ്ത നിറങ്ങള്‍ വരെ നല്‍കിയ അനുഭവം ഉണ്ടെന്ന് സൗമ്യ പറയുന്നു. ഉദാഹരണത്തിന് ഇലപ്പച്ചയുടെ തുണിത്തരങ്ങള്‍ എടുത്തുനോക്കിയാല്‍ തേക്കിന്റെ ഇല തന്നെ പല നിറങ്ങളില്‍ കാണാം. ഇത് പല ഘട്ടങ്ങളില്‍ ഉള്ള ഇലകള്‍ ആയതുകൊണ്ടാണ്. പ്രകൃതി തരുന്നത് അങ്ങനെ തന്നെ ഫാബ്രിക്കിലേക്ക് പകരുകയാണ് ഇലപ്പച്ച ചെയ്യുന്നത്. ചിലപ്പോള്‍ പുഴു തിന്ന, തുളകള്‍ വീണ ഇലകളെല്ലാം ഉണ്ടായിരിക്കും. അത് അതുപോലെ തന്നെ തുണിയില്‍ വരും. പക്ഷേ അതെല്ലാം നാച്ചുറലായ ഭംഗിയും മറ്റെങ്ങും കാണാനാകാത്ത ഡിസൈനും തുണിക്ക് നല്‍കും.

അധ്വാനമെങ്കിലും ആവേശം നല്‍കുന്ന പ്രക്രിയ

എക്കോ പ്രിന്റിംഗ് എന്ന പ്രക്രിയ വലിയ അധ്വാനം വേണ്ടിവരുന്ന ഒന്നാണ്. ഒരു മെഷീനും ഉപയോഗിക്കാതെയാണ് അത് ചെയ്യുന്നത്. ഫാബ്രിക് തിരഞ്ഞെടുക്കുന്നത് മുതലുള്ള ഒരു പ്രക്രിയയാണത്. ഏറ്റവും നല്ല തുണി തിരഞ്ഞെടുക എന്നതാണ് അതിലെ ആദ്യത്തെ കടമ്പ. കാരണം എല്ലാ തുണികളിലും നാച്ചുറലായ നിറങ്ങള്‍ പിടിക്കുകയില്ല. പോളിസ്റ്റര്‍, സാറ്റിന്‍ പോലെ സിന്തറ്റിക് ആയവയില്‍ നിറം പിടിക്കില്ല. സില്‍ക്ക്, നല്ല കോട്ടണ്‍ പോലെ പ്രോട്ടീന്‍ ബേസുള്ള, സെല്ലുലോസ് ബേസുള്ള തുണിത്തരങ്ങളാണ് അനുയോജ്യം. ഫാബ്രിക് നല്ല ഗുണനിലവാരമുള്ള, നാച്ചുറലായത് ആയിരിക്കണം. ഫാബ്രിക് തിരഞ്ഞെടുത്ത ശേഷം അവ നന്നായി കഴുകി, പശയും മറ്റുമെല്ലാം കളഞ്ഞ് ക്ലീന്‍ ചെയ്യണം. അതിനുശേഷം നിറം പിടിക്കാനുള്ള പ്രോസസിംഗ് ചെയ്യണം. ഇതിനെല്ലാം രണ്ടുമൂന്ന് ദിവസം വേണ്ടിവരും.

elapacha ecorprinted dress

അതിനുശേഷമാണ് എക്കോപ്രിന്റിംഗ് പ്രക്രിയ തുടങ്ങുന്നത്. വേണ്ട ഇലകളും പൂക്കളും തുണികളില്‍ പ്രത്യേക പാറ്റേണിലും ഡിസൈനിലും നിരത്തുന്നു. തുണി നീളത്തില്‍ വിരിച്ചിട്ടതിന് ശേഷമാണ് ഇലകളും പൂക്കളുമെല്ലാം ക്രമീകരിക്കുന്നത്. അതുകൊണ്ടുതന്നെ പത്ത് മീറ്ററില്‍ കൂടുതല്‍ നീളമുള്ള തുണി എടുക്കാറില്ല. ഷര്‍ട്ടിനും കുര്‍ത്തയ്ക്കുമെല്ലാം ആവശ്യമുള്ളത്ര തുണിയിലാണ് പ്രിന്റ് ചെയ്യുന്നത്. ഇലകളും പൂക്കളുമെല്ലാം നിരത്തിയാല്‍ ഇത് ചുളിവുകളില്ലാതെ ചുരുട്ടിയെടുത്ത് കെട്ട് ആക്കണം. പിന്നീടത് ആവശ്യത്തിന് സമയം (ഓരോ തുണിക്കും ഇലകള്‍ക്കും സമയം വ്യത്യസ്തമായിരിക്കും) ആവിയില്‍ പുഴുങ്ങിയെടുക്കും. പിന്നീട് രണ്ട് ദിവസം വരെ ഇത് അഴിക്കാതെ മാറ്റിവെക്കും. ആവിയില്‍ വെക്കുമ്പോഴുള്ള ചൂട്, വെള്ളത്തിന്റെ പിഎച്ച് എന്നിങ്ങനെ പല ഘടകങ്ങളും ഈ പ്രക്രിയയെ സ്വാധീനിക്കുന്നുണ്ട്. ഇതെല്ലാം ശരിയായാലേ പ്രിന്റ് നന്നാവൂ.

രണ്ട് ദിവസത്തിന് ശേഷം കെട്ടഴിച്ച് തുണിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഇലകളും പൂക്കളുമെല്ലാം മാറ്റി, തുണി വെള്ളത്തില്‍ രണ്ടുമൂന്നുതവണ കഴുകണം. അധികമുള്ളതും പടര്‍ന്നുപിടിച്ചതുമായ നിറം പോകാനാണിത്. ശേഷം ഉണക്കി, ഇസ്തിരിയിട്ട് എടുക്കണം. അപ്പോള്‍ മാത്രമാണ് ആ പ്രിന്റ് ഏതുതരത്തില്‍, ഏത് നിറത്തില്‍ വന്നുവെന്ന് അറിയാന്‍ കഴിയൂ.

നാച്ചുറലാണെന്ന് കരുതി പ്രിന്റുകളോ നിറമോ വേഗത്തില്‍ പോകുമെന്ന് പേടിക്കേണ്ടതില്ല. പലതവണ കഴുകിയതിന് ശേഷവും പശ കളഞ്ഞതിനുശേഷവുമാണ് ഫാബ്രിക് ഉപഭോക്താക്കളിലേക്ക് എഎത്തുന്നത്. അതുകൊണ്ട് ഫാബ്രിക് നിലനില്‍ക്കുന്നിടത്തോളം കാലം പ്രിന്റും നിലനില്‍ക്കും.

ഇന്റെര്‍നാഷണല്‍ ബ്രാന്‍ഡാകാന്‍ ഇലപ്പച്ച

ഓണത്തിന് നിരവധി ഓര്‍ഡറുകളാണ് ഇലപ്പച്ചയ്ക്ക് വന്നത്. കേരളത്തിന് പുറത്തും നിന്നും വിദേശത്ത് നിന്നും ഓര്‍ഡറുകള്‍ വന്നെത്തുന്നുണ്ട്. ഡിസംബറോടെ ദുബായിലും യുകെയിലും ഇലപ്പച്ച ലോഞ്ച് ചെയ്യുകയാണ്. നിലവില്‍ വാട്ട്‌സ്ആപ്പ് വഴിയും ഇന്‍സ്റ്റഗ്രാം വഴിയുമാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്. ഉടന്‍ തന്നെ വെബ്‌സൈറ്റ് ലൈവാകും. ആളുകള്‍ക്ക് വന്നുകണ്ട് തുണി തിരഞ്ഞെടുക്കാന്‍ കൊച്ചിയില്‍ ഇലപ്പച്ചയുടെ ഔട്ട്‌ലെറ്റ് ഉടന്‍ ആരംഭിക്കും. ഓര്‍ഡര്‍ ചെയ്ത് പതിനഞ്ച് ദിവസത്തിനുള്ളില്‍ സാധനം ഡെലിവറി ചെയ്യാനാകുന്നുണ്ട്. സാരി, ഷര്‍ട്ട്, ടോപ്പ്, കുര്‍ത്ത, കഫ്താന്‍, സ്റ്റോള്‍ എന്നിങ്ങനെ പലതരത്തിലുള്ള വസ്ത്രങ്ങള്‍ ലഭ്യമാണ്. പ്രിന്റ് ചെയ്ത തുണിയില്‍ ഉപഭാേക്താക്കളുടെ താല്‍പ്പര്യമനുസരിച്ച് വസ്ത്രം തയ്ച്ചുകൊടുക്കും. അതോടൊപ്പം ആളുകളുടെ ഇഷ്ടത്തിന് പ്രിന്‍് കസ്റ്റമൈസും ചെയ്യാം.

elapacha Eco printing

ഒരു പ്രീമിയം ബ്രാന്‍ഡ് ആയി തന്നെ ഇലപ്പച്ചയെ അവതരിപ്പിക്കണമെന്നുള്ളത് തുടക്കം മുതല്‍ തന്നെ സൗമ്യ ആഗ്രഹിച്ച കാര്യമാണ്. വിദേശത്ത് ഇത്തരം ഉല്‍പ്പന്നങ്ങള്‍ ആ വിഭാഗത്തിലാണ് വരുന്നത്. വിദേശത്ത് അവയ്ക്ക് ഈടാക്കുന്ന വിലയും കൂടുതലാണ്. ഇതിന് പിന്നിലെ അധ്വാനവും സര്‍ഗാത്മകതയും മറ്റെവിടെയും ലഭിക്കാത്ത ഡിസൈനും പരിഗണിക്കുമ്പോള്‍ മറ്റ് തുണിത്തരങ്ങളെ അപേക്ഷിച്ച് എക്കോപ്രിന്റ് തുണിത്തരങ്ങള്‍ക്ക് വില കൂടും. എങ്കിലും കഴിയുന്നത്ര വില കുറച്ചാണ് സൗമ്യ ഇവ നല്‍കുന്നത്.

ഏറ്റവും സന്തോഷമുള്ള കാര്യം

തുണി വിരിച്ച് അതില്‍ പല വലുപ്പത്തിലും നിറത്തിലുമുള്ള പൂക്കളും ഇലകളും നിരത്തി, ശ്രദ്ധയോടെ മടക്കി കെട്ടാക്കി ആവിയില്‍ പുഴുങ്ങിയതിന് ശേഷം ആ ഡിസൈന്‍ കാണാനുള്ള കാത്തിരിപ്പിനോളം സുഖവും സന്തോഷവും നല്‍കുന്ന മറ്റൊരു കാര്യം തന്റെ ജീവിതത്തില്‍ ഇല്ലെന്നും രണ്ട് ദിവസത്തിന് ശേഷം കെട്ട് പൊട്ടിച്ച് ഇലകളും പൂക്കളും മാറ്റി ആ ഡിസൈന്‍ കാണുമ്പോഴുള്ള സന്തോഷവും ആവേശവും പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ലെന്നും സൗമ്യ പറയുന്നു. 'സ്വപ്‌നത്തിലേക്കുള്ള ഈ യാത്രയില്‍ വീട്ടുകാര്‍, പ്രത്യേകിച്ച് അമ്മ രാവെന്നോ പകലെന്നോ ഇല്ലാതെ ഒപ്പമുണ്ടായിരുന്നു. ഇതെല്ലാം ശരിയാകുമോ എന്നും ആളുകള്‍ ഇത് വാങ്ങുമോ എന്നും ഇതിനായി ഇത്രയധികം പണം മുടക്കണോ എന്നുമെല്ലാം തുടക്കത്തില്‍ പല കോണുകളില്‍ നിന്നായി ചോദ്യമുയര്‍ന്നിരുന്നു. അന്ന് അതിന് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. പക്ഷേ ഏറ്റവും സന്തോഷം നല്‍കുന്ന കാര്യമാണ് ചെയ്യുന്നതെന്ന് ഉറപ്പുണ്ടായിരുന്നു. ഇതെല്ലാം ഒരു ദിവസം വില്‍ക്കാനാകുമെന്നും വിശ്വാസമുണ്ടായിരുന്നു. അതിപ്പോള്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ', സൗമ്യ പറയുന്നു.

ഇലപ്പച്ചയെന്ന പേര്

ഏറെ ആലോചിച്ചതിന് ശേഷമാണ് ഇലപ്പച്ചയെന്ന പേരിലേക്ക് എത്തിയത്. ആളുകള്‍ ഓര്‍ത്തുവെക്കുന്ന, സിംപിള്‍ ആയ, എന്നാല്‍ പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന മലയാളം പേര് വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഈ പേരും തുണിത്തരങ്ങളെ പോലെ തന്നെ സൗമ്യയുടെ സ്വന്തം സൃഷ്ടിയാണ്.

Story first published: Saturday, September 28, 2024, 12:30 [IST]
X
Desktop Bottom Promotion