'കഴിക്കാന്‍ മാഗി മാത്രം, ഭാര്യ കുളിക്കുന്നില്ല, സ്‌നേഹം കൊണ്ട് പൊറുതിമുട്ടി'; വിചിത്രമായ ചില ഡിവോഴ്‌സ് കഥകള്‍

പൊതുവേ ഡിവോഴ്‌സ് വാര്‍ത്തകള്‍ നമ്മളെ ചിരിപ്പിക്കുന്നവയല്ല. പക്ഷേ കഴിഞ്ഞ ദിവസത്തെ ഒരു ഡിവോഴ്‌സ് വാര്‍ത്ത കേട്ട് ആളുകള്‍ മൂക്കത്ത് വിരലുവെച്ചുപോയി. ഭര്‍ത്താവ് കുര്‍കുറെ വാങ്ങിക്കൊണ്ടുവരാന്‍ മറന്നതിന് ഉത്തര്‍പ്രദേശുകാരിയായ ഭാര്യ ഡിവോഴ്‌സ് തേടി കോടതിയെ സമീപിച്ചു എന്നതായിരുന്നു ആ വാര്‍ത്ത. അതുകേട്ട് ഇത്ര നിസ്സാരമായ കാര്യത്തിന് ഡിവോഴ്‌സോ എന്ന് പലരും ചോദിച്ചുകാണും. എന്നാല്‍ അതുമാത്രമല്ല അതുപോലെ ആളുകളെ ചിരിപ്പിക്കുന്ന, അതിശയിപ്പിക്കുന്ന ചില ഡിവോഴ്‌സ് വാര്‍ത്തകള്‍ ഇനിയുമുണ്ട്. അവയൊന്ന് നോക്കാം.

divorce

മാഗി സംഭവം

ഏതാണ്ട് കുര്‍കുറെയെ ചൊല്ലിയുള്ള ഡിവോഴ്‌സ് പോലെ തന്നെയാണ് ഈ സംഭവവും. കുട്ടികളുടെ പ്രിയ വിഭവമായ മാഗി കാരണം ഒരു ബന്ധം തകര്‍ന്ന കഥയാണിത്. യുപി പോലെ ദൂരെയുള്ള ഒരു നാട്ടിലൊന്നും അല്ല, നമ്മുടെ തൊട്ടടുത്തുള്ള കര്‍ണ്ണാടകയിലെ ബെല്ലാരിയില്‍ എന്നും ഭാര്യ മാഗി മാത്രമേ ഭക്ഷണമായി ഉണ്ടാക്കിത്തരുന്നുള്ളു എന്ന പരാതിയുമായി ഭര്‍ത്താവ് കോടതിയില്‍ ബന്ധം വേര്‍പിരിയാന്‍ അപേക്ഷ നല്‍കുകയായിരുന്നു. മാഗി നൂഡില്‍സ് അല്ലാതെ മറ്റൊന്നും ഉണ്ടാക്കാന്‍ ഭാര്യയ്ക്ക് അറിയില്ലെന്നും രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം മാഗി തന്നെയാണെന്നും കടയില്‍ നിന്ന് ഭാര്യ ആകെ വാങ്ങുന്നത് മാഗിയാണെന്നും ഭര്‍ത്താവ് കോടതിയെ അറിയിച്ചു. എന്തായാലും ഭാര്യ ഡിവോഴ്‌സിനെ എതിര്‍ക്കാത്തതിനാല്‍ കോടതി ഇരുവര്‍ക്കും ഡിവോഴ്‌സ് അനുവദിച്ചു.

ഒമ്പത് ഭാര്യമാര്‍, പക്ഷേ ഭര്‍ത്താവിനെ തനിക്ക് മാത്രം വേണമെന്ന് ഒരാള്‍

ഈ സംഭവം നടന്നത് അങ്ങ് ബ്രസീലിലാണ്. അതും വളരെ പ്രശസ്തനായ ഒരാളുമായി ബന്ധപ്പെട്ട്. ഒമ്പതുപേരെ വിവാഹം കഴിച്ചതിന്റെ പേരില്‍ വൈറലായ വിവാദനായകന്‍, ബ്രസീലിയന്‍ മോഡല്‍ അര്‍തര്‍ ഒ ഉര്‍സോയെ ഓര്‍മ്മയുണ്ടോ. മോണോഗാമിയ്‌ക്കെതിരെ (ഒറ്റ ഭാര്യ, ഒറ്റ ഭര്‍ത്താവ് വ്യവസ്ഥ) പ്രതിഷേധിച്ച ഇദ്ദേഹം അതിരില്ലാത്ത പ്രണയത്തെ ആഘോഷിക്കുകയെന്ന് ഉദ്‌ഘോഷിച്ച് ഒമ്പതുപേരെ വിവാഹം ചെയ്തു. പക്ഷേ അതില്‍ ഒരു ഭാര്യ തനിക്ക് ഭര്‍ത്താവിനെ ഒറ്റയ്ക്ക് വേണമെന്നും ഇല്ലെങ്കില്‍ ഡിവോഴ്‌സ് വേണമെന്നും ആവശ്യപ്പെട്ടു. പക്ഷേ അര്‍തര്‍ ഇതിന് തയ്യാറായില്ല. ഭാര്യയെ വേര്‍പിരിയുന്നതില്‍ സങ്കടമുണ്ടെന്നും പക്ഷേ അവരുടെ നിലപാട് തന്നെ അത്ഭുതപ്പെടുത്തിയെന്നും അറിയിച്ച അര്‍തര്‍ ഉടന്‍ തന്നെ അവര്‍ക്ക് പകരമായി ഒന്നല്ല രണ്ടുപേരെ കണ്ടെത്തി ഭാര്യമാരുടെ എണ്ണം പത്താക്കുമെന്നും അറിയിച്ചു.

ഭാര്യ എല്ലാ ദിവസവും കുളിക്കുന്നില്ല

ഈ സംഭവവും ഉത്തര്‍പ്രദേശിലാണ് നടക്കുന്നത്. അലിഗഢിലെ ഒരു ഭര്‍ത്താവ് ഭാര്യ എല്ലാ ദിവസവും കുളിക്കുന്നില്ല എന്ന പരാതിയില്‍ ഡിവോഴ്‌സ് ആവശ്യപ്പെട്ടു. ബന്ധം സംരക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഭാര്യ വനിത സംരക്ഷണ സെല്ലിനെ സമീപിച്ചു. പക്ഷേ ബന്ധം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും കുളിക്കാന്‍ പറയുന്നതിന്റെ പേരില്‍ ദിവസവും വീട്ടില്‍ വാക്കുതര്‍ക്കം ഉണ്ടാകാറുണ്ടെന്നും ഭര്‍ത്താവ് സെല്ലിനെ അറിയിച്ചു.

ഡാന്‍സിനെ ചൊല്ലിയും ഡിവോഴ്‌സ്

വിവാഹദിവസം ഭാര്യ നൃത്തം ചെയ്ത പാട്ടിലെ വരികളുടെ അര്‍ത്ഥമാണ് ഒരു ഭര്‍ത്താവിനെ ഡിവോഴ്‌സിനായി പ്രേരിപ്പിച്ചത്. പ്രകോപനപരമായ സിറിയന്‍ ഗാനത്തിന് നൃത്തം ചവിട്ടിയതിനെ തുടര്‍ന്നായിരുന്നു അത്. ഞാന്‍ നിന്നെ നിയന്ത്രിക്കും എന്ന് അര്‍ത്ഥം വരുന്ന ഒരു സിറിയന്‍ ഗാനമാണ് ഭര്‍ത്താവിന്റെ ദാമ്പത്യസ്വപ്‌നങ്ങളെ തകര്‍ത്തത്. തുടര്‍ന്ന് വിവാഹദിവസം തന്നെ ബന്ധം വേര്‍പിരിയാന്‍ ഭര്‍ത്താവ് തീരുമാനിക്കുകയായിരുന്നു.

പ്രഷര്‍ കുക്കറിനെ വിവാഹം, ദിവസങ്ങള്‍ക്കുള്ളില്‍ ഡിവോഴ്‌സ്

ഇവിടെ ഡിവോഴ്‌സ് മാത്രമല്ല വിവാഹവും അതിശയപ്പെടുത്തന്നതാണ്. ഇന്തോനേഷ്യയിലെ ഒരു യുവാവ് പ്രഷര്‍ കുക്കറിനെ വിവാഹം ചെയ്തു. ജാവയിലെ മഗെലാംഗില്‍ നിന്നുള്ള യുവാവ് സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ വിവാഹവാര്‍ത്ത ലോകത്തെ അറിയിച്ചത്. പ്രിയ ഗൃഹോപകരണമായ കുക്കറിനൊപ്പം വിവാഹവേഷത്തില്‍ നില്‍ക്കുന്ന ഫോട്ടോയും അദ്ദേഹം പങ്കുവെച്ചു. പക്ഷേ ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ തീരുമാനം തെറ്റായിപ്പോയെന്നും യോജിച്ച പങ്കാളി അതല്ലെന്നും പറഞ്ഞ് ഡിവോഴ്‌സ് വാര്‍ത്തയും യുവാവ് പങ്കുവെച്ചു.

ലീവിന് വേണ്ടി നാലുതവണ ഭാര്യയെ ഡിവോഴ്‌സ് ചെയ്തു

ഒരേ ഭാര്യയെ തന്നെ നാലുതവണ വേര്‍പിരിഞ്ഞ കഥയാണ് തായ്‌വാനില്‍ നിന്നുള്ള ബാങ്ക് ക്ലര്‍ക്കിന്റേത്. ഓരോ തവണയും വേര്‍പിരിഞ്ഞ് ്അടുത്ത ദിവസം തന്നെ ഇയാള്‍ അതേയാളെ പുനര്‍വിവാഹം ചെയ്യുകയും ചെയ്തു. ശമ്പളത്തോടുകൂടിയ അവധി നീട്ടിക്കിട്ടുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇന്തോനേഷ്യയില്‍ വെച്ച് വിവാഹിതരാകുന്നവര്‍ക്ക് എട്ട് ദിവസത്തെ അവധി ബാങ്ക് അനുവദിച്ചിരുന്നു. അങ്ങനെ 32 ദിവസത്തെ അവധിയാണ് ഇയാള്‍ നേടിയത്. പക്ഷേ സംഗതി ബാങ്കിന് മനസ്സിലായതോടെ അയാളുടെ ലീവിനായുള്ള ഡിവോഴ്‌സ് നാടകം അവസാനിച്ചു. പക്ഷേ നിയമം തെറ്റിച്ചു എന്ന് ചൂണ്ടിക്കാട്ടി ബാങ്കിനെതിരെ ഇയാള്‍ കോടതിയെ സമീപിക്കുകയും കോടതി ബാങ്കിന് പിഴ ചുമത്തുകയും ചെയ്തു.

സ്‌നേഹം അധികമായതിന്റെ പേരില്‍ ഡിവോഴ്‌സ്

സാധാരണയായി ഭര്‍ത്താവ് തന്നെ ഏറ്റവുമധികമായി സ്‌നേഹിക്കണമെന്നും വഴക്കൊന്നും പറയരുതെന്നുമാണ് ഏതൊരു ഭാര്യയും ആഗ്രഹിക്കുക. പക്ഷേ ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലയില്‍ നിന്നുള്ള ഒരു ഭാര്യ വിവാഹം കഴിഞ്ഞ് പതിനെട്ടാം മാസം വിവാഹമോചനത്തിന് അപേക്ഷിച്ചു. ഭര്‍ത്താവിന്റെ അമിതസനേഹമായിരുന്നു കാരണം. ഒരിക്കലും വഴക്കുണ്ടാക്കുന്നില്ല എന്നതും അവരുടെ പരാതിയായിരുന്നു. ഭര്‍ത്താവിന്റെ സ്‌നേഹം ശ്വാസം മുട്ടിക്കുന്നുവെന്നും തനിക്കത് ദഹിക്കുന്നില്ലെന്നും ഭാര്യ നിരാശയോടെ കോടതിയെ അറിയിച്ചു. എന്നാല്‍ ഭാര്യ എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഭര്‍ത്താവ് പറഞ്ഞു.

ഭര്‍ത്താവിന്റെ പഠിത്തം കാരണം ഡിവോഴ്‌സ്

ഭര്‍ത്താവ് യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു എന്നതാണ് ഒരു ഭാര്യയെ ചൊടിപ്പിച്ചത്. ഭര്‍ത്താവ് ദിവസം മുഴുവന്‍ പഠിക്കുകയാണെന്നും തനിക്ക് സമയം നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഭോപ്പാലില്‍ ഒരു ഭാര്യ കോടതിയെ സമീപിക്കുകയായിരുന്നു.

ലഡു കാരണം ഭാര്യയില്‍ നിന്നും വിവാഹമോചനം

ഈ വിചിത്ര സംഭവവും നടക്കുന്നത് ഉത്തര്‍പ്രദേശിലാണ്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഭാര്യ എപ്പോഴും ലഡു കഴിക്കാന്‍ തരുന്നു എന്ന് പരാതിപ്പെട്ട് ഭര്‍ത്താവ് പത്ത് വര്‍ഷം നീണ്ട വിവാഹബന്ധം വേര്‍പെടുത്താന്‍ അപേക്ഷ നല്‍കി. താന്ത്രിക സ്വാധീനത്തില്‍ ഭാര്യ രാവിലെ നാല് ലഡുവും വൈകുന്നേരം നാല് ലഡുവും തരുന്നു എന്നാണ് ഭര്‍ത്താവിന്റെ പരാതി. ഇതിനിടയില്‍ മറ്റൊന്നും കഴിക്കാന്‍ ഭാര്യ അനുവദിച്ചിരുന്നില്ല.

Story first published: Wednesday, May 15, 2024, 17:47 [IST]
X
Desktop Bottom Promotion