Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ലതയ്ക്ക് 75-ാം പിറന്നാള്‍
ഇപ്പോള്‍ ലതയ്ക്ക് ഒരൊറ്റ നൊമ്പരമേയുള്ളൂ- ഒരു ക്ലാസ്സിക്കല്‍ സംഗീതജ്ഞയായി മാറാന്‍ കഴിഞ്ഞില്ല എന്നത്. 1942ല്‍ തന്റെ അച്ഛന് ദിനനാഥ് മങ്കേഷ്കര്‍ മരിച്ചില്ലായിരുന്നെങ്കില്‍ താന്‍ ഇന്ന് ഒരു മികച്ച ക്ലാസിക്കല്‍ സംഗീതജ്ഞയായിത്തീര്ന്നേനെ എന്ന് ലത പറയുന്നു. എങ്കില്‍ അത് ഇന്ത്യയ്ക്ക് കനത്ത നഷ്ടമാകുമായിരുന്നു എന്ന് സംഗീതപ്രേമികള്‍. കാരണം ലതയുടെ പട്ടുപോലെ മൃദുലമായ ആ സ്വരമാധുരിയില്‍ നിന്നും ഒഴുകിവന്ന അനശ്വര ഗാനങ്ങള്‍ മറ്റാര്‍ക്കാണ് അത്രയ്ക്ക് പൂര്‍ണ്ണതയോടെ പാടാന്‍ കഴിയുക?
ജീവിതം
ക്ലാസിക്കല്‍ സംഗീതജ്ഞനായിരുന്നു ലതയുടെ അച്ഛന് ദീനനാഥ് മങ്കേഷ്കര്‍. അഞ്ചാം വയസ്സുവരെ അദ്ദേഹം ലതയെ ക്ലാസിക്കല്‍ സംഗീതം പഠിപ്പിച്ചു.13ാംവയസ്സില്‍ ലതയെ സിനിമാഗാനരംഗത്തെത്തിച്ചത് അച്ഛന്റെ മരണമാണ്. അനുജത്തി ആശയുള്പ്പെടെ കുടുംബത്തിന്റെ ഭാരം മുഴുവന്‍ ഈ 13കാരി പെണ്‍കുട്ടിയിലായിരുന്നു. എത്ര കഷ്ടപ്പെട്ടായാലും തന്റെ കുടുംബത്തെ പോറ്റുക എന്നതായിരുന്നു ലതയുടെ ചിന്ത.
1942ല്‍ മറാത്തി ചിത്രമായ കിടി ഹസല്‍ എന്ന സനിമയില്‍ പാടിക്കൊണ്ടാണ് സിനിമാപിന്നണിഗാനരംഗത്തേക്ക് ലത കടന്നുവന്നത്. സാമ്പത്തിക ബാധ്യതമൂലം 1942 മുതല്‍ 48 വരെ എട്ടോളം സിനിമകളില്‍ ലത അഭിനയിക്കുകയും ചെയ്തു. പക്ഷെ അന്ന് നൂര്‍ജഹാനും ഷംസദ് ബീഗവും സൊഹ്റാബി അംബേല്വാലിയും ഗായികമാരായി അരങ്ങ് വാഴുന്ന കാലമായിരുന്നു.
1948ലാണ് ലതയ്ക്ക് ഗായികയെന്ന നിലയില്‍ വന്‍ ജനപ്രീതിയുണ്ടാകുന്നത്. ഗുലാം ഹൈദര്‍ സംഗീതസംവിധാനം നിര്‍വഹിച്ച മജ്ബൂര് എന്ന ചിത്രത്തിലെ ദില്‍ മെരെ തോഡ എന്ന ഗാനമാണ് ലതയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.
തൊട്ടടുത്ത വര്‍ഷം നൗഷാദിന്റെ അന്താസിലെ ഗാനങ്ങള്‍ ലതയെ കൂടുതല്‍ പ്രശസ്തിയിലേക്ക് ഉയര്‍ത്തി. തുടര്‍ന്ന് ബര്‍സാത്ത്, മഹല്‍ എന്നീ ചിത്രങ്ങളിലെ ഗാനം കൂടിയായതോടെ ലത ഒരു ഇതിഹാസമായി മാറി. ആദ്യമൊക്കെ നൂര്‍ജഹാനെ അനുകരിയ്ക്കുന്ന ശൈലിയായിരുന്നു ലതയ്ക്കെങ്കിലും വൈകാതെ സ്വന്തം ആലാപനശൈലി ലത സൃഷ്ടിച്ചു.
1958ല്‍ മധുമതിയില്‍ പാടിയ ആജാരേ... പരദേശി എന്ന ഗാനം എക്കാലത്തേയും സുവര്‍ണ്ണ മെലഡികളിലൊന്നാണ്. സലില്‍ ചൗധരി എന്ന അനശ്വരനായ സംഗീതസംവിധായകനാണ് ഈ ഗാനത്തിന് ഈണം നല്‍കിയത്. കുട്ടിക്കാലത്ത് അസമില്‍ ചുറ്റിസഞ്ചരിച്ച ഓര്‍മ്മകളില്‍ നിന്നാണത്രെ സലില്‍ ചൗധരി മധുമതിയിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്.
ഒ.പി. നയ്യാറൊഴികെ ഏതാണ്ടെല്ലാ സംഗീതസംവിധായകര്‍ക്ക് വേണ്ടിയും ലത പാടിയിട്ടുണ്ട്. 1980 മുതല്‍ ലത വിദേശരാജ്യങ്ങളില്‍ സംഗീതപരിപാടികള്‍ നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സിനിമാഗാനങ്ങള്‍ കുറച്ചുകൊണ്ടുവന്നു. എങ്കിലും ഈയിടെ ഹം ആപ്കെ ഹെ കോനിലും ദില്‍സേയിലും ലത പാടിയ ഗാനങ്ങള്‍ മധുരമായിരുന്നു.
ഇതിനകം ലത മങ്കേഷ്കര്‍ 40,000ല്‍ അധികം ഗാനങ്ങള്‍ പാടിക്കഴിഞ്ഞു. വൈവിധ്യമാര്‍ന്ന 40,000ല്‍പരം ഗാനങ്ങള്‍. അതില്‍ മെലഡിയുണ്ട്, അര്‍ധ ശാസ്ത്രീയഗാനങ്ങളുണ്ട്. പോപ്പും ഭജനുകളും ഗസലുകളുമുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ പാടിയ ഗായികയെന്ന നിലയില്‍ ലതാമങ്കേഷ്കറിന്റെ പേര് 1991മുതല്‍ ഗിന്നസ് ബുക്കിലുണ്ട്.
ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയും സിനിമയിലെ ഏറ്റവും വലിയ അവാര്‍ഡായ ദാദാ ഫാല്‍കെ അവാര്‍ഡും ഉള്‍പ്പെടെ ലതയെ തേടിവരാത്ത ബഹുമതികള്‍ കുറവാണ്.
ഇന്നുവരെ ജന്മദിനങ്ങള് ആഘോഷമാക്കാറില്ല എന്ന് ലത പറയുന്നു. പക്ഷെ ഇക്കുറി താന്‍ മുംബൈയില്‍ തന്നെ ഉണ്ടായിരിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നുണ്ടെന്ന് ലത പറയുന്നു. അതായത്, ആഘോഷങ്ങള്‍ ഉണ്ടെന്നര്‍ത്ഥം.



Click it and Unblock the Notifications
