Latest Updates
-
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ!
വളയിട്ട കൈകളില്‍ വികസനത്തിന്റെ കടിഞ്ഞാണ്‍
കേരളത്തിന് അന്യമായ സാമൂഹ്യ കൂട്ടായ്മയിലുടെയാണ് ഈ പദ്ധതി വഴി പെണ്‍കുട്ടികള്‍ വിജയം കൊയ്യുന്നത്. പച്ചക്കറിത്തോട്ടം, ബ്ലഡ് ബാങ്ക് യൂണിറ്റ്, പലഹാര നിര്‍മ്മാണം, സോപ്പു നിര്‍മ്മാണം, ഇളനീര്‍പ്പന്തല്‍ എന്നു തുടങ്ങി കമ്പ്യൂട്ടര്‍ യൂണിറ്റു വരെ കുടുംബിനികള്‍ ലാഭകരമായി നടത്തുന്നു. പുരുഷന്മാര് തോല്ക്കുന്നുടത്തും വനിതകള്‍ വിജയം കൊയ്യുന്നു.
ഉല്പാദനവും വിപണനവും പരസ്യവുമെല്ലാം സ്വന്തമായി നടത്തി ലാഭത്തില്‍ നിന്ന് ലാഭത്തിലേയ്ക്ക് ഇത്തരം സംരംഭങ്ങള്‍ വളരുമ്പോള്‍ അതു സൃഷ്ടിക്കുന്ന സാമൂഹ്യമാറ്റവും കണക്കിലെടുക്കാതെ വയ്യ.
ഗ്രാമങ്ങളിലെ രാഷ്ട്രീയം പതുക്കെയെങ്കിലും മാറുന്നു. പ്രസംഗങ്ങളിലും പ്രസ്താവനകളിലുമല്ല ആഗോളവത്കരണത്തിനെ ചെറുക്കേണ്ടത്. ഇത് പ്രവൃത്തിയിലൂടെ വനിതാസംഘങ്ങള്‍ തെളിയിക്കുകയാണ്. ഇനി ഗ്രാമ ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുക ഈ സംഘങ്ങളാവാം. സ്ഥിരം പല്ലവികള്‍ കേട്ടു മടുത്ത ഗ്രാമീണര്‍ ഇത്തരം സംരംഭങ്ങളെ കൈ നീട്ടി സ്വീകരിച്ചതില്‍ നിന്നു തന്നെ ചുവരെഴുത്ത് വ്യക്തമാണ്.
സാമ്പത്തികമാന്ദ്യവും ഉല്പന്നങ്ങളുടെ വിലയിടിവും സമ്പദ്വ്യവസ്ഥയെ തകര്‍ത്തിരിക്കുകയാണ്. സാമൂഹ്യ രാഷ്ട്രീയ സംഘടനകള്‍ ആരോപണ പ്രത്യോരോപണങ്ങള്‍ നടത്തി സമയം കഴിയ്കുന്നു. മുന്നില്‍ നിന്നു നയിക്കാനും ജനങ്ങളെ സംഘടിപ്പിച്ച് യഥാര്‍ത്ഥ ബദലൊരുക്കാനും മെനക്കേടുണ്ടെന്നു തിരിച്ചറിഞ്ഞ രാഷ്ട്രീയ നേതൃത്വം പ്രസംഗങ്ങളിലേയ്ക്കും സമരങ്ങളിലേയ്ക്കും തിരിഞ്ഞു. ബുഷിന്റെ കോലം കത്തിക്കലിലും ക്ലിന്റന്റെ സന്ദര്‍ശനം ബഹിഷ്കരിക്കുന്നതിലും വിപ്ലവകാരികളുടെ ചെറുത്തുനില്‍പ്പ് ഒതുങ്ങി. മുഖം നഷ്ടപ്പെട്ട അവര്‍ക്കൊരു വിളിച്ചുണര്ത്തലാവുന്നു, നമ്മുടെ വീട്ടമ്മമാരും സഹോദരിമാരും.
എരണാകുളം ജില്ലയിലെ കൂത്താട്ടുകളത്ത് പത്തു വാര്‍ഡുകളിലായി 58 കുടുംബശ്രീ യൂണിറ്റുകളുണ്ട്. ആകെ അംഗങ്ങള്‍ 1500. ഇവര്‍ എട്ടു ലക്ഷം രൂപ സമാഹരിച് ആറു ലക്ഷം രൂപയും അംഗങ്ങള്‍ക്ക് വായ്പയായി നല്കി. ബ്ലഡ് ബാങ്ക് , പച്ചക്കറിത്തോട്ടം , പലഹാര നിര്‍മ്മാണം, സോപ്പു നിര്‍മ്മാണം എന്നിങ്ങനെ വിവിധ തലങ്ങളിലായി പ്രവര്‍ത്തനം മുന്നേറുന്നു.
ആഴ്ചയില്‍ പത്തു രൂപാ ക്രമത്തിലാണ് സാമ്പത്തിക ശേഖരണം. ഇവയ്ക്ക് കൃത്യമായ രജിസ്ററും സൂക്ഷിക്കുന്നു. ആഴ്ചതോറുമുളള യോഗങ്ങളില്‍ പത്രപാരായണവും ഒരജന്ഡയാവുമ്പോള്, കണ്ണീര് സീരിയലുകള്ക്കടിമകളാകുന്ന സാദാവനിതകള്ക്കും ഇവര്‍ മാതൃകയാവുന്നു. യോഗം നടക്കുന്ന വീടുകളില്‍ ഓരോ അംഗവും ഒരുകിലോ അരികൂടി കൊണ്ടു വരണമെന്ന് വ്യവസ്ഥയുണ്ട്. കൂട്ടായ്മയുടെ പുതിയ സമവാക്യത്തോടൊപ്പം ക്രയവിക്രയത്തിന്റെ പുതിയ ശൈലിയും ഈ രീതി സൃഷ്ടിക്കുന്നു.
കുടുംബശ്രീ യൂണിറ്റുകളുടെ ഉല്പന്നങ്ങള് വീടുവീടാന്തരം വിപണനം ചെയ്യുന്നതിന് സഞ്ചരിക്കുന്ന വിപണന സംവിധാനമൊരുക്കാനും ആലോചനയുണ്ട്.
ശാസ്ത്രത്തെ ജനകീയവത്കരിക്കാന്‍ എന്നും മുന്നിലുണ്ടായിരുന്ന കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ആമ്പല്ലൂരില്‍ വനിതാ സംഘങ്ങള്‍ക്ക് ഗവേഷണ സഹായം ചെയ്യുന്നുണ്ട്. പരിഷത്തിന്റെ ഗവേഷണസ്ഥാപനമായ ഐആര്‍ടിസിയില്‍ പരിശീലനം ലഭിച്ചവരാണ് യൂണിറ്റിലെ പ്രവര്‍ത്തകര്‍. ഉത്പാദനത്തിനുപയോഗിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചതും ഐആര്‍ടിസി തന്നെ.ശരാശരി 1500 രൂപ പ്രവര്‍ത്തകര്‍ക്ക് ഇവിടെ മാസ വരുമാനം ലഭിക്കുന്നു.
അധികാരികളുടെ സഹായമില്ലാതെയാണ് അരൂരിലെ എഴുപുന്നയില്‍ സംഘങ്ങള്‍ ആരംഭിച്ചത്. ഇവ ഇപ്പോള്‍ വന്‍ വിജയത്തിലേയ്ക്കു നീങ്ങുന്നു. ആകെയുളള 165 സംഘങ്ങളില്‍ 140 നും പറയാനുളളത് വിജയത്തിന്റെ നൂറുമേനി വിളയിച്ച അഭിമാന കഥകള്‍.
സമുദ്രോല്പന്ന വ്യവസായ രംഗം തകരുന്ന അരൂര്‍ മേഖലയില്‍ പല യൂണിറ്റുകളെയും വലയ്ക്കുന്നത് സ്വന്തം വിപണന സംവിധാനങ്ങളുടെ അഭാവമാണ്. പലസംഘങ്ങളിലും ഉല്പന്നങ്ങള് സംഘാംഗങ്ങള്‍ തന്നെ വാങ്ങേണ്ട അവസ്ഥ. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനുളള ധൈര്യക്കുറവും അധികൃതരുടെ നിസ്സഹകരണവുമാണ് മറ്റു പരിമിതികള്‍.
പത്തു വനിതകളടങ്ങുന്ന യൂണിറ്റായായി കോഴിക്കോട്ട് ഒരു കുടുംബശ്രീ കമ്പ്യൂട്ടര്‍ സെന്റര്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തുടങ്ങിയ സെന്ററിന് ഇപ്പോള്‍ ശാഖകള്‍ ഒട്ടേറെ. നഗരക്രേന്ദത്തിലെ സെന്ററിന് 20 കമ്പ്യൂട്ടറുകളും രണ്ടു പ്രിന്ററുകളും ഒരു യുപിഎസും സ്വന്തമായുണ്ട്. സബ്സെന്ററുകളിലാകെ 70 കമ്പ്യൂട്ടറുകള്‍. ഒരാള്‍ക്ക് ചുരുങ്ങിയത് ദിവസം 80 രൂപ വരുമാനമുണ്ടാക്കാന്‍ ഈ കമ്പ്യൂട്ടര്‍ സെന്ററുകള്‍ സഹായകമാകുന്നു.
ജില്ലയിലെ ദരിദ്രരെ അവര്‍തന്നെ കണ്ടെത്തുന്ന സുതാര്യമായ പ്രക്രിയയാണ് കോഴിക്കോട്ടെ കുടുംബശ്രീ യൂണിറ്റുകളില്‍ നടക്കുന്നത്. സമൂഹത്തില്‍ ഈ പദ്ധതി ഉണര്‍വിന്റെ ഉത്സവമായി മാറിക്കഴിഞ്ഞു.
ചെലവെല്ലാം കഴിഞ്ഞ് ദിവസവും 50 മുതല്‍ 150 രൂപവരെ സമ്പാദിക്കുന്നവര്‍ ധാരാളം. നിത്യവരുമാനമൊന്നുമില്ലാതെ കഴിഞ്ഞിരുന്ന നിരവധി സ്ത്രീകള്‍ ഇപ്പോള്‍ സമൂഹത്തിന്റെ ശാക്തികകേന്ദ്രങ്ങളായി മാറിയതിനു പിന്നില്‍ കുടുംബശ്രീയാണെന്ന് ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ലളിതപ്രഭ പറയുന്നു.
മാസം തോറും 1000 രൂപ മുതല്‍ 8000 രൂപവരെ കടം തിരിച്ചടയ്ക്കുന്ന സ്ഥാപനങ്ങള്‍ അതു വീട്ടിക്കഴിയുന്നതോടെ സ്വയം പര്യാപ്തമാകും. പദ്ധതികളുടെ സമ്പൂര്‍ണ്ണ ഉടമകളാകുന്നതോടെ ലാഭം കൊണ്ട് വ്യക്തമായ വികസനം സാദ്ധ്യമാക്കാന്‍ ഇവര്‍ക്കാവും.
കുടുംബശ്രീ യൂണിറ്റുകള്‍ ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കാനും സൗഹൃദം സൃഷ്ടിക്കാനുമുളള വേദികള്‍ കൂടിയാണ്. പക്വമാര്‍ന്ന അയല്‍ ബന്ധങ്ങള്‍ക്കും ആശയവിനിമയങ്ങള്‍ക്കും യൂണിറ്റുകള്‍ വഴിയൊരുക്കുന്നു.
കര്‍ഷകര്‍ക്കാശ്വാസമായി ഇന്‍ഫാം ഇടനിലക്കാരെ ഒഴിവാക്കി വിപണന കേന്ദ്രമാരംഭിച്ചതും സമീപ കാലത്തെ ശുഭ വാര്‍ത്തയാണ്. ചുരുക്കത്തില്‍ ഉല്പാദന മേഖലയിലും വിപണിയിലും ബുദ്ധിപൂര്‍വമായ ഇടപെടലുകള്‍ നടത്തിയാല്‍ ഒരളവുവരെ വിലത്തകര്‍ച്ചയില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും കരകയറാമെന്ന് ഈ അനുഭവങ്ങള്‍ പഠിപ്പിക്കുന്നു. അതിനു വേണ്ട ശ്രമങ്ങള്‍ വ്യാപകമായി നടത്താന്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മടിച്ചു നില്‍ക്കുന്നതാണ് കേരളത്തിന്റെ ദുര്യോഗം. ലക്ഷ്യം കാണുന്ന ഇടപെടലുകളാണ് സമൂഹം ആവശ്യപ്പെടുന്നത്. കേട്ടു മടുത്ത നെടുങ്കന്‍ പ്രസ്താവനകളല്ല. നമ്മുടെ നേതാക്കള്‍ എന്നാവും ഈ സത്യം മനസിലാക്കുക? മനസിലാക്കിത്തുടങ്ങുമ്പോഴേയ്ക്കും ഒരു പക്ഷേ പെണ്‍ചൊല്ലു കേള്‍ക്കേണ്ട അവസ്ഥ വരും.



Click it and Unblock the Notifications











