Latest Updates
-
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ?
5 സെന്റില്‍ നിന്ന് 40,000 രൂപ! ഇത് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ 'പവര്‍' അറിഞ്ഞ കര്‍ഷകന്റെ അനുഭവം
കണ്ടാല്‍ ഒരു കള്ളിമുള്‍ച്ചെടി, പൂവും അതുപോലെ. പക്ഷേ ആ പൂവില്‍ നിന്നുണ്ടാകുന്ന പഴം ആരെയും ആകര്‍ഷിക്കും. റോസ് കളറില്‍ ശല്‍ക്കങ്ങള്‍ പോലെയുള്ള തൊലി പകുത്താല്‍ ഉള്ളില്‍ ഒരത്ഭുതമാണ്. നല്ല കട്ടച്ചുവപ്പില്‍ തരിതരിപോലെ കറുത്ത വിത്തുകള്‍. ആരെയും ആകര്‍ഷിക്കുന്ന നിറപ്പകിട്ട്. പറഞ്ഞുവരുന്നത് കുറച്ചുകാലങ്ങളായി നമ്മള്‍ മലയാളികള്‍ക്ക് കാഴ്ചയിലും രുചിയിലും വിരുന്നൊരുക്കുന്ന ഡ്രാഗണ്‍ ഫ്രൂട്ടിനെ കുറിച്ചാണ്.

യൂട്യൂബും സോഷ്യല്‍ മീഡിയയും തുറന്നാല്‍ വീട്ടില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്ത് പഴം പറിച്ചെടുത്ത് മുറിച്ച് കഴിക്കുന്ന വിജയാനുഭവങ്ങള്‍ ഏറെയാണ്. അങ്ങനെ കേരളത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ചെടികള്‍ ഒരു സാധാരണ കാഴ്ചയായി. പക്ഷേ കേരളത്തിലെ ഈ ഡ്രാഗണ്‍ ഫ്രൂട്ട് വിപ്ലവത്തിന്റെ കഥ ആരംഭിക്കുന്നത് അങ്ങ് തിരുവനന്തപുരത്തെ തണ്ണീര്‍ചാലിലാണ്, കൃഷിക്കാരായ ജെ വിജയന്റെയും ഭാര്യ ശോഭനയുടെയും വൈശാഖ് ഫാമിലാണ്.

ഒരു ചെടി ലക്ഷങ്ങളായി മാറിയ കഥ
2007-ല്‍ ഒരു കൗതുകത്തിനാണ് വിജയന്‍ ഒരു ചുവന്ന ഡ്രാഗണ്‍ ഫ്രൂട്ടിന്റെ തൈ വാങ്ങിച്ചത്. വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പരിചരണത്തില്‍ ഒരു കുറവും വരുത്താതെ അദ്ദേഹവും ഭാര്യയും ചെടിയെ പരിചരിച്ചു. അവരെ അത്ഭുതപ്പെടുത്തി കൊണ്ട് പിറ്റേവര്‍ഷം തന്നെ അതില്‍ നല്ലൊരു ഡ്രാഗണ്‍ ഫ്രൂട്ട് വിളഞ്ഞു. അപ്പോഴാണ് ആള്‍ വിദേശിയാണെങ്കിലും കേരളവും ഇഷ്ടമായെന്ന് അവര്‍ക്ക് മനസ്സിലായത്. ശോഭന ആ ചെടി, ടെറസില്‍ ഒരു കുട്ടയില്‍ നട്ട് പാരപ്പെറ്റിലൂടെ വളര്‍ത്തിവിട്ടു. അത് വന്‍ വിജയമായി. നിറയെ പഴങ്ങള്‍ ലഭിച്ചു. മാത്രമല്ല, ഒരേക്കര്‍ കൃഷിക്ക് വേണ്ട കഷ്ണങ്ങളും ആ ഒരു ഒറ്റച്ചെടിയില്‍ നിന്നും ലഭിച്ചു. പിന്നീട് കേരളത്തില്‍ അങ്ങോളമിങ്ങോളവും ഹൈദരാബാദും അവിടെ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും പോയ ലക്ഷക്കണക്കിന് ചുവന്ന ഡ്രാഗണ്‍ ഫ്രൂട്ട് തൈകളുടെ തുടക്കം ആ ചെടിയില്‍ ആയിരുന്നു.
വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി

2013 ലാണ് വിജയന്‍ വാണിജ്യാടിസ്ഥാനത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി തുടങ്ങിയത്. കേരളത്തില്‍ ചുവന്ന നിറത്തിലുള്ള ഡ്രാഗണ്‍ ഫ്രൂട്ട് ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്തത് വൈശാഖ് ഗാര്‍ഡന്‍ ആണ്. റോഡിനിരുവശവും 200 മീറ്റര്‍ നീളത്തില്‍ തോട്ടം വികസിപ്പിച്ചെടുക്കുകയായിരുന്നു. അക്കാലത്ത് അധികമാരും വീടുകളിലും ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്തിരുന്നില്ല. 2014ലായിരുന്നു വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ വിളവെടുപ്പ്. 2016 ഓടെ തിരുവനന്തപുരത്തെ ഈ അപൂര്‍വ്വ ഡ്രാഗണ്‍ ഫ്രൂട്ട് തോട്ടത്തിന്റെ കഥ ആളുകളിലേക്ക് എത്തിത്തുടങ്ങി. ആകാശവാണി കിസാന്‍ കൃഷിദീപത്തിലൂം ദൂരദര്‍ശനിലെ നൂറുമേനിയിലും മറ്റെല്ലാ ചാനലുകളിലും പത്രങ്ങളിലും ഇത് വാര്‍ത്തയായി. അങ്ങനെ വൈശാഖ് ഫാമിലെ ചുവന്ന ഡ്രാഗണ്‍ ഫ്രൂട്ട് കേരളം മുഴുവന്‍ ഹിറ്റായി.
ലാഭം ഉറപ്പാണ്
മനസ്സ് വെച്ചാല്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയിലൂടെ ലാഭം നേടാമെന്നത് വിജയന്റെ അനുഭവമാണ്. നല്ലത് പോലെ വെയില് കിട്ടുന്ന സ്ഥലത്ത് രണ്ടോ നാലോ ഡ്രാഗണ്‍ ഫ്രൂട്ട് ചെടികള്‍ വളര്‍ത്തിയാല്‍ ഒരു വീട്ടിലേക്ക് ആവശ്യമായ പഴം ലഭിക്കും. ആവശ്യം കഴിഞ്ഞ് കൂടുതല്‍ വന്നാല്‍ അടുത്ത കടയില്‍ കൊടുത്ത് ചെറിയൊരു വരുമാനവും സ്വന്തമാക്കാം. കുറച്ചുകൂടി സ്ഥലസൗകര്യം ഉണ്ടെങ്കില്‍ അഞ്ചോ പത്തോ പോസ്റ്റുകള്‍ നാട്ടി അതില്‍ തൈ കയറ്റിവിട്ട് കൃഷി കുറച്ചൂകൂടി വ്യാപകമാക്കാന്‍ കഴിയും. അത് തരക്കേടില്ലാത്ത ഒരു വരുമാനമാര്‍ഗ്ഗവും ആക്കാം. മറ്റ് കൃഷികള്‍ ഉള്ളവര്‍ക്ക് അതിനൊപ്പം തന്നെ ഇതും കൃഷി ചെയ്യാം. ഇടയ്ക്ക് ചെടിയ്ക്കിടയിലെ കളകള്‍ പിഴുതുകൊടുക്കുകയും കുറച്ച് ജൈവവളമോ ചാണകപ്പൊടിയോ കരിയിലയോ ഇുകൊടുക്കുകയുമൊക്കെയേ വേണ്ടൂ. പക്ഷേ വളരെ എളുപ്പത്തില്‍, ഒരു ജോലിയും ചെയ്യാതെ ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന മനസ്ഥിതിയോടെ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയിലേക്ക് കടക്കരുതെന്ന് വിജയന്‍ ഓര്‍മ്മിപ്പിക്കുന്നു.
ലക്ഷങ്ങള്‍ വരുമാനം

ഒരു സെന്റ് സ്ഥലത്ത് അഞ്ച് തൈകള്‍ നടാനാകും. ഒരു തൈ വെച്ച് അടുത്ത വര്‍ഷം തന്നെ ചെടി കായ്ച്ചുതുടങ്ങും. അടുത്ത വര്‍ഷം 3 കിലോ വരെ പഴം ലഭിക്കും. പിറ്റേവര്‍ഷം 10 കിലോ അങ്ങനെ വിളവ് കൂടി വരും. അഞ്ച് സെന്റില്‍ 25 പോസ്റ്റ് നാട്ടി, ഒരു പോസ്റ്റില്‍ നാല് തൈകള്‍ എന്ന കണക്കില്‍ കൃഷി നടത്താം. 25 പോസ്റ്റില്‍ നിന്നും വര്‍ഷത്തില്‍ 300 കിലോഗ്രാം ഡ്രാഗണ്‍ പഴങ്ങള്‍ വരെ ഉല്‍പ്പാദിപ്പിക്കാം. കുറഞ്ഞത് 40,000 രൂപയെങ്കില്‍ ഇതിലൂടെ ഒരു വര്‍ഷം വരുമാനമായി ലഭിക്കുമെന്ന് വിജയന്‍ പറയുന്നു. ഇനി കുറച്ചധികം സ്ഥലം ഉള്ളവര്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ തന്നെ കൃഷി ചെയ്യാം. ഒരു ഏക്കറില്‍ 400 പോസ്റ്റുകള്‍ വരെ നാട്ടാന്‍ സാധിക്കും. അതില്‍ നിന്നും മൂന്നാം വര്‍ഷം മുതല്‍ 5000 കിലോ ഡ്രാഗണ്‍ ഫ്രൂട്ട് വരെ എന്തായാലും ലഭിക്കും. ഇത്തരത്തില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ വരെ ലാഭം നേടാനാകുമെന്ന് വിജയന്‍ പറയുന്നു. റബ്ബറില്‍ നിന്ന് ഒരു വര്‍ഷം പരമാവധി അമ്പതിനായിരം രൂപ വരുമാനം ഉണ്ടാകാം. പക്ഷേ ആ സ്ഥലത്ത് ഡ്രാഗണ്‍ ഫ്രൂട്ട് വേണ്ട പരിചരണം നല്‍കി കൃഷി ചെയ്താല്‍ രണ്ടോ മൂന്നോ ലക്ഷം രൂപ ലാഭമുണ്ടാക്കാം. ഒരേക്കര്‍ സ്ഥലമുള്ളവര്‍ പ്രതിമാസം 25,000 രൂപ വരെ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയിലൂടെ സമ്പാദിക്കാം.
നല്ല വെയില്‍, ആവശ്യത്തിന് മഴ, പരിചരിക്കാനുള്ള മനസ്സും
നല്ല വെയിലും മഴയും ഡ്രാഗണ്‍ ഫ്രൂട്ട് ചെടിക്ക് ആവശ്യമാണ്. മഴയില്ലെങ്കില്‍ നല്ലവണ്ണം നനച്ചുകൊടുക്കണം. ചെടികള്‍ക്കിടയിലെ കളകള്‍ ഇടക്കിടക്ക് പറിച്ചുകൊടുക്കണം. ജൈവവളവും ചാണകപ്പൊടിയും കരിയിലയുമൊക്കെ തന്നെ വളവായി മതിയാകും. ചിലപ്പോള്‍ ഫംഗസ് ആക്രമണങ്ങള്‍ ഉണ്ടാകാം. അതിന് വേണ്ട പ്രതിവിധി കണ്ടുപിടിച്ചാല്‍ രോഗം തടയാവുന്നതേയുള്ളു. വിത്ത് മുളപ്പിച്ച് തൈ ആക്കുന്നതിനേക്കാള്‍ കഷ്ണം മുറിച്ചുനടുന്നതാണ് വേഗത്തില്‍ കായ്ക്കാന്‍ അനുയോജ്യം. രണ്ട് വര്‍ഷമെങ്കിലും പ്രായമുള്ള ചെടിയുടെ ഏറ്റവും അടിയിലുള്ള തണ്ടാണ് നടാന്‍ അനുയോജ്യം. അങ്ങനെയുള്ള കഷ്ണത്തില്‍ നിന്ന് വളരുന്ന ചെടിയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കായുണ്ടാകും. ഇത്തരത്തില്‍ വൈശാഖ് ഫാമില്‍ തയ്യാറാക്കിയ ഏഴ് ലക്ഷത്തിലധികം ചുവന്ന ഡ്രാഗണ്‍ ഫ്രൂട്ടിന്റെ തൈകള്‍ ഹൈദരാബാദിലേക്ക് മാത്രം കയറ്റി അയച്ചിട്ടുണ്ട്. അവിടെ നിന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും പോയിട്ടുണ്ട്. കേരളത്തില്‍ വിതരണം ചെയ്തതിന് പുറമേയാണിത്. ഇന്ത്യയില്‍ തന്നെ ലഭ്യമായിട്ടുള്ള റെഡ് ഡ്രാഗണ്‍ ഫ്രൂട്ടില്‍ മികച്ച രോഗപ്രതിരോധ ശേഷിയുള്ള ഇനമായത് കൊണ്ടാണ് വൈശാഖ് ഫാമിലെ തൈകകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുള്ളത്. മഞ്ഞ ഡ്രാഗണ്‍ ഫ്രൂട്ടും ഇവിടെ കൃഷി ചെയ്തിട്ടുണ്ടെങ്കിലും അസുഖങ്ങള്‍ വരുന്നത് കൊണ്ട് നിര്‍ത്തി.
തറയില്‍ വെറുതെ നട്ട് ചുറ്റുമുള്ള മരങ്ങളിലേക്ക് ചെടി കയറ്റിവിടുന്നവര്‍ ഉണ്ട്. പക്ഷേ ഇത് പരിപാലിക്കാനും പഴം പറിക്കാനും പാടാണ്. സ്ഥലം ഉണ്ടെങ്കിലും കുറച്ചധികം കൃഷി ചെയ്യണമെന്നുണ്ടെങ്കിലും 7 അടി നീളമുള്ള കോണ്‍ക്രീറ്റ് പോസ്റ്റുകള്‍ സ്ഥാപിക്കുന്നതാണ് നല്ലത്. പോസ്റ്റിന്റെ നാല് വശത്തും ഓരോ തൈ നടാം. പോസ്റ്റിന് മുകളിലായി ടയറ് വെക്കണം. ചെടി വളരുന്നതിനനുസരിച്ച് പോസ്റ്റിലൂടെ മുകളിലേക്ക് കയറ്റിവിടണം. പിന്നീട് ടയറിനുള്ളിലൂടെ കയറ്റി ടപടര്‍ത്തിയെടുക്കണം. രണ്ട് വര്‍ഷം കൊണ്ട് ആ ടയറില്‍ മുഴുവന്‍ ചെടി നിറയും. ഒരു കുട നിവര്‍ത്തിവെച്ചത് പോലെ ഇരിക്കും ഇത് . സ്ഥലപരിമിതി ഉള്ളവര്‍ക്ക് ടെറസില്‍ തൂണ്‍നാട്ടിയും ബക്കറിറ്റിലും ഒക്കെ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യാം.
ഡ്രാഗണ്‍ ഫ്രൂട്ടില്‍ നിന്ന് കൊംബുച്ച

പഴമായി വില്‍ക്കുന്നതിന് പുറമേ ഡ്രാഗണ്‍ ഫ്രൂട്ടില്‍ നിന്നും ചില മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും വൈശാഖ് ഫാമില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കൊംബുച്ചയാണ് അതിലൊന്ന്. കൊംബുച്ച പുളിപ്പിച്ച (ഫെര്‍മെന്റേഷന്‍ ചെയ്ത) ഒരു പാനീയമാണ്. പതിറ്റാണ്ടുകളായി ചൈനയില്‍ ഇത് ഉപയോഗിക്കുന്നുണ്ട്. രുചി ബിയറിന്റേതാണെങ്കിലും ഇതില്‍ ആല്‍ക്കഹോള്‍ ഇല്ല. പെപ്‌സിയും കൊക്കോകോളയും പോലുള്ള കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്ക് പകരമായി അതേ രുചിയിലുള്ള കൊംബുച്ച ഇന്ന് വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. വൈശാഖ് ഫാമില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൊണ്ടുള്ള കൊംബുച്ചയാണ് തയ്യാറാക്കുന്നത്. ഇതിന് പുറമേ, ഡ്രാഗണ്‍ ഫ്രൂട്ട് ഉണക്കിയതും ഇവിടെ ഉണ്ടാക്കുന്നുണ്ട്. ഇത് അങ്ങനെ തന്നെയോ അല്ലെങ്കില്‍ അല്‍പ്പനേരം ചൂടുവെള്ളത്തില്‍ ഇട്ടുവെച്ച് ജ്യൂസ് അടിച്ചോ കുടിക്കാം. ഇവയെല്ലാം തിരുവനന്തപുരത്തുള്ള വൈശാഖ് ഫാമിന്റെ സ്റ്റോറില്‍ ലഭ്യമാണ്. അതല്ലാതെ ഇന്‍സ്റ്റാഗ്രാം വഴിയും ഓര്‍ഡറുകള്‍ സ്വീകരിക്കുന്നുണ്ട്. തിരുവനന്തപുരത്തുകാര്‍ക്ക് സ്വിഗ്ഗിയില്‍ ഇവ വാങ്ങാം.
പുറത്ത് നിന്നും വരുന്ന ഡ്രാഗണ്‍ ഫ്രൂട്ടിനേക്കാള്‍ മധുരവും ഗുണനിലവാരവും കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പഴങ്ങള്‍ക്കാണെന്ന് വിജയന്‍ പറയുന്നു. അതുകൊണ്ട് തന്നെ വിപണിയില്‍ ഇവയ്ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ട്. അതുകൊണ്ട് തന്നെ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ മാര്‍ക്കറ്റ് ഇടിയുമെന്ന് വിജയന്‍ കരുതുന്നില്ല. കേരളത്തില്‍ വലിയൊരു വിപണി ഉള്ളപ്പോള്‍ വിദേശത്തേക്ക് പഴം കയറ്റി അയക്കുന്നതിനെ കുറിച്ച വൈശാഖ് ഫാം തത്കാലം ആലോചിക്കുന്നില്ല. അതേസമയം കൃഷിയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും മാര്‍ക്കറ്റിംഗും വിപുലപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് വിജയനും ശോഭനയും മൂന്ന് പെണ്‍മക്കളും. എംബിഎക്കാരിയായ മകള്‍ അനു വിജയനാണ് ഇപ്പോള്‍ മാര്‍ക്കറ്റിംഗ് ചെയ്യുന്നത്. പ്രമേഹ രോഗികള്‍ക്കും കഴിക്കാവുന്ന പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഈ പഴം കഴിക്കുന്നതിലൂടെ ഷുഗര്‍ വരുതിയില്‍ വരുമെന്നത് പ്രമേഹമുള്ള വിജയന്റെയും ശോഭനയുടെയും അനുഭവമാണ്.
എന്തായാലും കേരളത്തിലെ കൃഷിക്കാര്‍ക്കും കൃഷി തല്‍പ്പരര്‍ക്കും ചുവന്ന ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയുടെ സാധ്യതകള്‍ തുറന്ന് കൊടുക്കാനായതിന്റെ ചാരിതാര്‍ത്ഥ്യം വിജയനുണ്ട്. വിദേശപഴങ്ങളുടെ കൃഷി പ്രചരിപ്പിച്ചതിനും സാമ്പത്തികമായി നേട്ടമുണ്ടാക്കി മാതൃകയായതിനും സര്‍ക്കാര്‍ അംഗീകാരങ്ങള്‍ അടക്കം വിജയനെ തേടിയെത്തിയിട്ടുണ്ട്. എന്തായാലും വീട്ടുമുറ്റത്തെ ഒരു ചെടിയില്‍ നിന്നും ഏതാണ്ട് നൂറ് ഏക്കറോളം സ്ഥലത്ത് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്ത് തണ്ണീര്‍ച്ചാലിനെ കേരളത്തിന്റെ ഡ്രാഗണ്‍ ഫ്രൂട്ട് ഹബ്ബാക്കിയതില്‍ ഒരു വലിയ പങ്ക് വിജയനുണ്ട്.



Click it and Unblock the Notifications












