'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം

ഹൃദയാഘാതം പുരുഷന്മാരെ മാത്രം ബാധിക്കുന്ന ഒന്നാണെന്ന തെറ്റായ ധാരണ കാലങ്ങളായി നമുക്കിടയിലുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ മരണകാരണങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളാണ്. കേരളത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍, കൊറോണറി ആര്‍ട്ടറി ഡിസീസ് മൂലമുള്ള മരണങ്ങളില്‍ 40 ശതമാനവും സ്ത്രീകളില്‍ 65 വയസ്സിനു മുന്‍പ് സംഭവിക്കുന്നു എന്നത് നാം ഗൗരവത്തോടെ കാണേണ്ട ഒന്നാണ്.

സ്ത്രീകളുടെ ഹൃദയം പുരുഷന്മാരുടേതില്‍ നിന്ന് ഘടനയിലും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളിലും വ്യത്യസ്തമാണ്. അതിനാല്‍ തന്നെ ലക്ഷണങ്ങളും രോഗസാധ്യതകളും തിരിച്ചറിയുന്നതില്‍ നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സ്ത്രീകളിലെ ഹൃദ്രോഗത്തെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും ഡോ. സന്ദീപ് ആര്‍, ഇന്റെര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ്, ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി കൂടുതല്‍ വിശദീകരിക്കുന്നു

Women s Day 2026

ഈസ്ട്രജനും ആര്‍ത്തവവിരാമവും
സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് 'ഈസ്ട്രജന്‍' എന്ന ഹോര്‍മോണാണ്. ശരീരത്തിന് ആവശ്യമായ നല്ല കൊളസ്‌ട്രോളിനെ (HDL) കൂട്ടാനും ചീത്ത കൊളസ്‌ട്രോളിനെ (LDL) നിയന്ത്രിക്കാനും ഈസ്ട്രജന്‍ സഹായിക്കുന്നു. എന്നാല്‍ ആര്‍ത്തവവിരാമത്തോടെ (മെനോപ്പോസ്) ഈ ഹോര്‍മോണിന്റെ ഉത്പാദനം കുറയുകയും സ്ത്രീകളുടെ ഹൃദ്രോഗസാധ്യത പുരുഷന്മാരുടേതിന് തുല്യമായി മാറുകയും ചെയ്യുന്നു. ഇതിനുപുറമെ, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും വലിപ്പം അല്പം കുറവായതിനാല്‍ ഹൃദയാഘാതം സംഭവിച്ചാല്‍ അതിനെ അതിജീവിക്കാനുള്ള ശേഷിയും കുറവായിരിക്കാന്‍ സാധ്യതയുണ്ട്. ഗര്‍ഭകാലത്തുണ്ടാകുന്ന വെല്ലുവിളികള്‍, പിസിഒഎസ് എന്നിവ ഹൃദ്രോഗസാധ്യത കൂട്ടും.

അവഗണിക്കരുത് ഈ ലക്ഷണങ്ങള്‍
പുരുഷന്മാരില്‍ കാണുന്നതുപോലെ കടുത്ത നെഞ്ചുവേദന സ്ത്രീകളില്‍ ഉണ്ടാകണമെന്നില്ല. പലപ്പോഴും സ്ത്രീകള്‍ക്ക് അനുഭവപ്പെടുന്നത് തികച്ചും വ്യത്യസ്തമായ ലക്ഷണങ്ങളാണ്. അതുകൊണ്ടുതന്നെ പല സ്ത്രീകളും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളെ ഗ്യാസ്ട്രബിള്‍ ആണെന്നോ അമിത ജോലികൊണ്ടുള്ള ക്ഷീണമെന്നോ കരുതി അവഗണിക്കുന്നു. നെഞ്ചിന് നടുവിലുണ്ടാകുന്ന ചെറിയ അസ്വസ്ഥതയോ മുറുക്കമോ ശ്രദ്ധിക്കണം. ഇതിനൊപ്പം കൈകള്‍, താടി, കഴുത്ത്, പുറംഭാഗം എന്നിവിടങ്ങളിലേക്ക് പടരുന്ന വേദനയും ഹൃദ്രോഗ ലക്ഷണമാകാം. കഠിനമായ വിയര്‍പ്പ്, ശ്വാസംമുട്ടല്‍, ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി, അകാരണമായ കടുത്ത തളര്‍ച്ച എന്നിവ കണ്ടാല്‍ ഒട്ടും വൈകാതെ വൈദ്യസഹായം തേടണം. ഉറക്കമില്ലായ്മയോ ദഹനക്കേടോ ആയി ഹൃദ്രോഗ ലക്ഷണങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുന്നത് സ്ത്രീകളില്‍ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു.

രോഗത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍
ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളാണ് ഇന്ന് സ്ത്രീകളില്‍ ഹൃദ്രോഗം വര്‍ദ്ധിപ്പിക്കുന്നത്. അതോടൊപ്പം തന്നെ പ്രമേഹവും രക്തസമ്മര്‍ദ്ദവും ശ്രദ്ധിക്കണം. പുരുഷന്മാരെ അപേക്ഷിച്ച് പ്രമേഹമുള്ള സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത നാലിരട്ടി കൂടുതലാണ്. ബിപി 140/90 ന് മുകളിലാണെങ്കില്‍ അത് ഹൃദയത്തില്‍ കടുത്ത സമ്മര്‍ദ്ദത്തിലേക്ക് എത്തിക്കും. കൂടാതെ കൊളസ്‌ട്രോള്‍ ശ്രദ്ധിക്കണം. അത് കൂടാതെ രക്തത്തിലെ അമിതമായ കൊഴുപ്പ് ധമനികളില്‍ അടിഞ്ഞുകൂടി രക്തയോട്ടം തടസ്സപ്പെടുന്നതിന് കാരണമായേക്കാം. അതോടൊപ്പം മാനസിക സമ്മര്‍ദ്ദത്തേയും ശ്രദ്ധിക്കണം. കാരണം വീട്ടുജോലിയും ഔദ്യോഗിക തിരക്കുകളും ബാലന്‍സ് ചെയ്യുന്നതിനിടയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അമിത ഉത്കണ്ഠയും വിഷാദവും ഹൃദയത്തിന്റെ ഭിത്തികളെ തളര്‍ത്തുകയും പമ്പിംഗിനെ ബാധിക്കുകയും ചെയ്യുന്നു. അമിതവണ്ണവും വ്യായാമക്കുറവും രോഗാവസ്ഥയെ പ്രതിസന്ധിയിലേക്ക് എത്തിക്കും. പലപ്പോഴു ശരീരം അനങ്ങാതെയുള്ള ജീവിതരീതിയും ഫാസ്റ്റ് ഫുഡ് ശീലങ്ങളും വില്ലന്മാരായേക്കാം. പ്രത്യേകിച്ച് വയറിന് ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഹൃദയാരോഗ്യത്തിന് വെല്ലുവിളിയാണ്.

Women s Day 2026
Photo Credit: Freepik

മറ്റ് കാരണങ്ങള്‍
പുതുതലമുറ യുവതികള്‍ കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനാല്‍ രണ്ട് പ്രധാന ജീവിതശൈലീ മാറ്റങ്ങള്‍ വന്നിട്ടുള്ളതായി കാണാം. ഫാസ്റ്റ് ഫുഡിനോടുള്ള അമിതമായ ആശ്രിതത്വമാണ് ഒന്നാമത്തേത്. രാവിലെ ഭക്ഷണം പാകം ചെയ്യാനുള്ള സമയക്കുറവും വൈകിട്ട് ജോലി കഴിഞ്ഞുള്ള ക്ഷീണവും കാരണം പലരും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാറാണല്ലോ പതിവ്. അനാരോഗ്യകരമായ ഇത്തരം ഭക്ഷണശീലങ്ങള്‍ പ്രമേഹം, കൊളസ്ട്രോള്‍, അമിതവണ്ണം തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കുന്നു.

തൊഴിലിടത്തിലെ ടെന്‍ഷനുകള്‍ കാരണമുള്ള മാനസിക സമ്മര്‍ദ്ദമാണ് സ്ത്രീകളില്‍ കണ്ടുവരുന്ന പ്രകടമായ രണ്ടാമത്തെ മാറ്റം. അടുത്തകാലം വരെ പുരുഷന്മാരെ മാത്രം ബാധിക്കുന്നതെന്ന് സമൂഹം തെറ്റിദ്ധരിച്ചിരുന്ന മാനസികസംഘര്‍ഷങ്ങള്‍ സ്ത്രീകളിലും കൂടുതലായി കണ്ടുവരുന്നു. എല്ലാ ജന്‍ഡറിലും പെട്ടവര്‍ക്കിടയിലും ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നായി മാനസികബുദ്ധിമുട്ടുകള്‍ തുടരുകയാണ്. ഈ 'സ്‌ട്രെസ്സി'നെ മറികടക്കാന്‍ പുകവലിയെയും മദ്യപാനത്തെയും ആശ്രയിക്കുന്ന സ്ത്രീകളുടെ എണ്ണവും ഇപ്പോള്‍ കൂടിവരികയാണ്. പലവിധത്തിലുള്ള 'അഡിക്ഷനു'കളും യുവതികള്‍ക്കിടയില്‍ കണ്ടുവരുന്നു. വ്യായാമമില്ലായ്മ കൂടി കണക്കിലെടുക്കുമ്പോള്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് നമ്മുടെ സ്ത്രീസമൂഹം നീങ്ങുന്നതെന്ന് കാണാം.

എങ്ങനെ കണ്ടെത്താം?
രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗസാധ്യത മുന്‍കൂട്ടി തിരിച്ചറിയുന്നതാണ്. 30 വയസ്സ് കഴിഞ്ഞാല്‍ ബി.പി, ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവ ഇടയ്ക്കിടെ പരിശോധിക്കണം. കുടുംബത്തില്‍ ഹൃദ്രോഗ പാരമ്പര്യമുള്ളവര്‍ ആറുമാസത്തിലൊരിക്കല്‍ പരിശോധന നടത്തുന്നത് ഉചിതമായിരിക്കും. .സി.ജി (ECG), എക്കോ കാര്‍ഡിയോഗ്രാം (Echo), ട്രെഡ്മില്ല് പരിശോധന (TMT) എന്നിവയിലൂടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താം. കൊളസ്‌ട്രോള്‍ കൂടുതലുള്ളവരില്‍ സി.ടി സ്‌കാന്‍ കാല്‍സ്യം സ്‌കോറിംഗ് വഴി രോഗസാധ്യത നേരത്തെ കണ്ടെത്താനാകും.

heart-atatck
Photo Credit: Freepik / stockking

ഹൃദയത്തെ സംരക്ഷിക്കാന്‍
നമ്മുടെ ജീവിതരീതിയില്‍ വരുത്തുന്ന ചെറിയ ചില മാറ്റങ്ങള്‍ പോലും ഹൃദയത്തിന് വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതില്‍ ആദ്യത്തെ കാര്യം ഭക്ഷണത്തിലെ ശ്രദ്ധയാണ്. ചോറിന്റെ അളവ് കുറച്ച് ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, അയല തുടങ്ങിയ കടല്‍ മത്സ്യങ്ങള്‍ നല്ലതാണ്. ഉപ്പിന്റെയും പഞ്ചസാരയുടെയും ഉപയോഗം പരമാവധി കുറയ്ക്കണം. വെണ്ണ, ചീസ്, റെഡ് മീറ്റ് എന്നിവ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അത് കൂടാതെ ദിവസവും വെറും 30 മിനിറ്റ് വേഗത്തില്‍ നടക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. സൈക്ലിംഗ്, നീന്തല്‍ എന്നിവയും ഹൃദയത്തിന് നല്ലതാണ് എന്നതില്‍ സംശയം വേണ്ട.

മറ്റ് കാര്യങ്ങള്‍
സമ്മര്‍ദ്ദം കുറയ്ക്കുക എന്നതാണ് ആദ്യത്തെ കാര്യം. അതില്‍ തന്നെ മനസ്സിന് സന്തോഷം നല്‍കുന്ന വായന, സംഗീതം, യോഗ അല്ലെങ്കില്‍ ലളിതമായ ശ്വസന വ്യായാമങ്ങള്‍ എന്നിവയിലൂടെ മാനസിക പിരിമുറുക്കം അകറ്റാന്‍ ശ്രമിക്കണം. കൂടാതെ ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ സുഖകരമായ ഉറക്കം അനിവാര്യമാണ്. തങ്ങളുടെ കുടുംബത്തിനും കരിയറിനും വേണ്ടി ഒരുപാട് ബുദ്ധിമുട്ടുന്നവരാണ് നമ്മുടെ നാട്ടിലെ സ്ത്രീകള്‍. ആ നെട്ടോട്ടത്തിനിടയില്‍ പല സ്ത്രീകളും സ്വന്തം ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാറില്ല. അവരുടെ ഹൃദയം താളം തെറ്റാതെ സൂക്ഷിക്കേണ്ടത് ഓരോ സ്ത്രീയുടെയും സ്വന്തം ചുമതല എന്നതിലുപരി ഓരോ കുടുംബത്തിന്റെയും സമൂഹത്തിന്റെയും കൂടി ആവശ്യമാണ്. കൃത്യമായ പരിശോധനകളും ചിട്ടയായ ജീവിതശൈലിയും ഉണ്ടെങ്കില്‍ ഹൃദ്രോഗത്തെ നമുക്ക് അകറ്റിനിര്‍ത്താവുന്നതേയുള്ളു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion