ഗാള്‍സ്റ്റോണും ഭക്ഷണക്രമവും

പലരിലും കണ്ടുവരുന്ന ആരോഗ്യപ്രശ്‌നമാണ് ഗാള്‍സ്റ്റോണ്‍ അഥവാ പിത്താശയക്കല്ല്. പത്തില്‍ നാലുപേര്‍ക്ക് എന്ന നിലയില്‍ ഈ രോഗം ഉണ്ടെന്നാണ് ആരോഗ്യരംഗത്തുനിന്നുള്ള കണക്കുകള്‍. എന്നാല്‍ പലരിലും ഇക്കാര്യം തിരിച്ചറിയപ്പെടാതെ പോവുകയാണ് പതിവ്. പൊതുവേ ഈ പ്രശ്‌നമുള്ളവരില്‍ കടുത്ത വയറുവേദനയും ചര്‍ദ്ദിയുമാണ് ഉണ്ടാകാറുള്ളത്.

Gall Stone

വേദനയും അസ്വസ്ഥതയുമൊന്നുമുണ്ടാക്കാതിരിക്കുന്ന ഗാള്‍സ്റ്റോണിന് സൈലന്റ് ഗാള്‍സ്‌റ്റോണ്‍ എന്നാണ് പറയുന്നത്. ഗാള്‍സ്റ്റോണുള്ളവര്‍ തീര്‍ത്തും ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ അസുഖം തിരിച്ചറിയപ്പെടാത്തവരില്‍ ഇത്തരം കാര്യങ്ങള്‍ പ്രായോഗികമല്ലതാനും. ചിലരില്‍ ഗാള്‍സ്റ്റോണ്‍ നീക്കം ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിയ്ക്കാറുള്ളത്. ഇത് നീക്കം ചെയ്തുകഴിഞ്ഞാല്‍ സാധാരണപോലുള്ള ഭക്ഷണശീലങ്ങളിലേയ്ക്ക് തിരിച്ചുവരാവുന്നതേയുള്ളു.

എന്താണ് ഗാള്‍സ്‌റ്റോണ്‍

ഗാള്‍ബ്ലാഡറിലുണ്ടാകുന്ന ചെറു കല്ലുകള്‍പോലുള്ള വസ്തുക്കളാണിവ. കൊളസ്‌ട്രോളാണ് പൊതുവേ കല്ലുകളായി രൂപാന്തരപ്പെടുന്നത്. പിത്താശയത്തിലുണ്ടാകുന്ന കല്ല് കുടലിലേയ്ക്ക് പിത്തരസം പോകുന്നതിന് തടസ്സമുണ്ടാക്കുന്നു. ഇത് പിന്നീട് പിത്താശയം, കരള്‍, പാന്‍ക്രിയാസ് എന്നിവയ്ക്ക് പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമാകും.

ഗാള്‍സ്‌റ്റോണുകള്‍ അപകടകാരികളാകുന്നത്

ഫോര്‍ എഫ്‌സ് അതായത് ഫാറ്റ്, ഫോര്‍ട്ടി, ഫീമെയില്‍, ഫെര്‍ട്ടിലിറ്റി എന്നീ അവസ്ഥകളിലുള്ളവരിലാണ് ഗാള്‍സ്റ്റോണുകള്‍ അപകടകാരികളായി മാറുന്നത്. പൊണ്ണത്തടിയുള്ളവരില്‍ പ്രത്യേകിച്ചും സ്ത്രീകളിലാണ് ഇത് ഏറ്റവും പ്രശ്‌നകാരിയായി മാറുന്നത്. ശരീരഭാരം(ബിഎംഐ)കൂടുന്നതിനുസരിച്ച് ഗാള്‍സ്റ്റോണുകളുണ്ടാവാനുള്ള സാധ്യതകയും കൂടുന്നു.

ശരീരഭാരം പെട്ടെന്ന് കുറയുന്നതും ഗാള്‍സ്റ്റോണുകള്‍ ഉണ്ടാകാന്‍ ഇടയാക്കിയേയ്ക്കുമെന്ന് പഠനങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ ആരോഗ്യപ്രശ്‌നം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍. പ്രത്യേകിച്ചും നാല്‍പ്പത് വയസ്സിന് മുകളിലുള്ളവരിലാണ് ഇത് കണ്ടുവരുന്നത്. ഗര്‍ഭിണികളായ സ്ത്രീകളിലും ഗാള്‍സ്റ്റോണുകളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പാരമ്പര്യമായി ഉണ്ടാകാവുന്ന ഒരു അസുഖമാണിത്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഗാള്‍സ്റ്റോണ്‍ വന്നിട്ടുണ്ടെങ്കില്‍ സൂക്ഷിയ്ക്കുന്നത് നല്ലതാണ്. ആര്‍ത്തവവിരാമത്തിന് ശേഷമുള്ള ഈസ്ട്രജന്‍ ഉപയോഗവുമായും ഗാള്‍സ്‌റ്റോണിന് സാധ്യതകൂട്ടുന്നുണ്ട്.

വര്‍ജ്ജിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍

ഗാള്‍സ്‌റ്റോണുള്ളവര്‍ വര്‍ജ്ജിക്കേണ്ട ഒന്നാണ് മുട്ട. ചിലര്‍ക്ക് മുട്ട കഴിയ്ക്കാന്‍ ഡോക്ടര്‍മാര്‍ അനുവാദം നല്‍കിയേയ്ക്കും, അപ്പോഴും ശ്രദ്ധിച്ചുവേണം പാചകം. എണ്ണഉപയോഗിക്കാതെ പോച്ച് ചെയ്‌തോ, പുഴുങ്ങിയെടുത്തോ മാത്രം മുട്ട കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം. പന്നിയിറച്ചി, ഉള്ളി, പാല്‍ ഉല്‍പന്നങ്ങള്‍, കാപ്പി, ഗ്രേപ്പ് ഫ്രൂട്ട്, ഓറഞ്ച്, ബീന്‍സ്, നട്‌സ്, കോണ്‍, റെഡ് മീറ്റ്(മാട്ടിറച്ചിപോലുള്ളവ), മദ്യം, പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണം, ഹൈഡ്രോജനേറ്റഡ് ഓയില്‍, ട്രാന്‍സ് ഫാറ്റ് എന്നിവയെല്ലാം ഗാള്‍സ്റ്റോണ്‍ രോഗികള്‍ വര്‍ജ്ജിക്കേണ്ട ഭക്ഷണപദാര്‍ത്ഥങ്ങളാണ്. പൊരിച്ചതും കൂടുതല്‍ എണ്ണ ഉപയോഗിക്കുന്നതുമായ ഭക്ഷണം കഴിവതും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

കട്ടന്‍ചായ, ചോക്ലേറ്റ്, ഐസ് ക്രീം, പഴച്ചാറുകള്‍, സോഡ പോലുള്ള പാനീയങ്ങള്‍, ടേണിപ്പ്, കാബേജ്, കോളിഫഌര്‍, ഓട്‌സ്, ഗോതമ്പ്, ബാര്‍ളി, മൈദമാവുപോലുള്ള റിഫൈന്‍ഡ് ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്. ഒപ്പം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരുകാര്യമാണ് പുകവലി, ഗാള്‍സ്റ്റോണുള്ളവര്‍ പുകവലിപൂര്‍ണമായും ഉപേക്ഷിയ്ക്കണം. മിതമായി ഭക്ഷണം കഴിയ്ക്കുക, മാനസികസമ്മര്‍ദ്ദമുള്ളപ്പോള്‍ ഭക്ഷണം നിയന്ത്രിയ്ക്കുക തുടങ്ങിയ കാര്യങ്ങളിലും പ്രത്യേകം ശ്രദ്ധവെയ്ക്കണം.

ഗാള്‍സ്റ്റോണ്‍ രോഗികള്‍ക്ക് കഴിയ്ക്കാവുന്ന ഭക്ഷണങ്ങള്‍

പാചകത്തില്‍ എണ്ണയുടെ ഉപയോഗം കുറയ്ക്കുകയെന്നതാണ് ആദ്യം തന്നെ ചെയ്യേണ്ടകാര്യം. പൊരിയ്ക്കുന്നതിന് പകരം ഗ്രില്ലിങ്, ബ്രോയിലിങ്, ബേക്കിങ്, പോച്ചിങ് തുടങ്ങിയ പാചകരീതികള്‍ ഉപയോഗിക്കുക. ഇലക്ട്രിക് ഓവനുകളിലും മൈക്രോവേവ് ഓവനുകളിലുമെല്ലാം ഇതിനുള്ള സൗകര്യങ്ങളുണ്ട്. ബീറ്റ്‌റൂട്ട്, വെള്ളരി, ഗ്രീന്‍ ബീന്‍സ്, വെണ്ട, മധുരക്കിഴങ്ങ്, അവക്കാഡോ(വെണ്ണപ്പഴം). വെളുത്തുള്ളി, നന്നായി പഴുത്ത തക്കാളി, മത്സ്യം, ചെറുനാരങ്ങ, മുന്തിരി, ബെറി, പപ്പായ, പീര്‍, ഒമേഗ 3 ഓയില്‍, വെജിറ്റബിള്‍ ഓയില്‍ എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ബ്രെഡ്, സീരിയല്‍സ്, പാസ്ത്, അരി, ഉരുളക്കിഴങ്ങ് എന്നിവയെല്ലാം ഗാല്‍സ്റ്റോണ്‍ രോഗികള്‍ക്ക് പേടിയ്ക്കാതെ ഉപയോഗിക്കാവുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ്. ചായ, കാപ്പി എന്നിവയ്ക്ക് പകരം ചെറുനാരങ്ങാ നീര് ചൂടുവെള്ളത്തില്‍ കലര്‍ത്തി കഴിയ്ക്കുന്നതാണ് നല്ലത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Tuesday, March 26, 2013, 14:52 [IST]
X
Desktop Bottom Promotion