ഒരാള്‍ തന്നെ 'പലരായി' മാറുന്ന മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി ഡിസോഡര്‍ എന്താണ്, ലക്ഷണങ്ങള്‍ എന്തെല്ലാം

മണിച്ചിത്രത്താഴ് സിനിമയില്‍ രാത്രികാലങ്ങളില്‍ നാഗവല്ലിയായി മാറുന്ന ഗംഗയെ ആര്‍ക്കും മറക്കാനാകില്ല. സ്വന്തം ഭര്‍ത്താവിനെ കൊല്ലാന്‍ തക്കം പാര്‍ത്തിരിക്കുന്ന നാഗവല്ലിയും ഇതൊന്നും അറിയാതെ പകല്‍സമയങ്ങളില്‍ ഭര്‍ത്താവിനെ സ്‌നേഹിച്ച് കൊല്ലുന്ന ഗംഗയും. ബാധ കേറിയതാണെന്ന് പഴമക്കാര്‍ പറയുമെങ്കിലും സൈക്യാട്രിയില്‍ ഇതിനെ സ്പ്ലിറ്റ് പേഴ്‌സണാലിറ്റി, ഡ്യുവല്‍ പേഴ്‌സണാലിറ്റി എന്നൊക്കെയാണ് വിളിക്കുകയെന്ന് അതേ സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ സണ്ണിയെന്ന മനോരോഗവിദഗ്ധന്‍ വിവരിക്കുന്നുണ്ട്.

Multiple Personality Symptoms

പലരായി മാറുന്ന ഒരാള്‍

മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി ഡിസോഡര്‍ അഥവാ ഒരാളില്‍ തന്നെ പല വ്യക്തിത്വങ്ങള്‍ രൂപപ്പെടുകയെന്നത് ഒരു മാനസികരോഗാവസ്ഥയാണ്. Dissociative disorder എന്നതാണ് ഇതിന്റെ ശരിയായ പേര്. ചിന്തകള്‍ക്കും ഓര്‍മ്മകള്‍ക്കും തോന്നലുകള്‍ക്കും ചുറ്റുപാടുകള്‍ക്കും സ്വഭാവത്തിനും വ്യക്തിത്വത്തിനും ഇടയിലെ ബന്ധം നഷ്ടപ്പെടുന്നത് മൂലം ഉണ്ടാകുന്ന അവസ്ഥയാണിത്. രോഗി ആഗ്രഹിക്കാത്ത അല്ലെങ്കില്‍ അവര്‍ക്ക് ഹിതകരമല്ലാത്ത യാഥാര്‍ത്ഥ്യത്തില്‍ നിന്നും രക്ഷപ്പെടുകയെന്ന ലക്ഷ്യമാണ് ഈ പല വ്യക്തിത്വങ്ങള്‍ക്ക് പിന്നില്‍. ദൈനംദിന ജീവിതം കൈകാര്യം ചെയ്യുന്നതില്‍ ഇവര്‍ വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരിക.

എന്താണ് ഈ രോഗാവസ്ഥയ്ക്ക് കാരണം. ഞെട്ടലുണ്ടാക്കുന്ന, അല്ലെങ്കില്‍ അസ്വസ്ഥതയുണ്ടാക്കുന്ന അതുമല്ലെങ്കില്‍ വേദനാജനകമായ സംഭവങ്ങളും അവയുണ്ടാക്കുന്ന കഠിനമായ ഓര്‍മ്മകളും തള്ളിനീക്കുന്നതിന് മനസ്സ് കണ്ടെത്തുന്ന വഴിയാണ് ഈ രോഗാവസ്ഥ. ഏതുതരത്തിലുള്ള Dissociative disorder ആണ് എന്നതനുസരിച്ച് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ പലതാകാം. ഓര്‍മ്മ നഷ്ടപ്പെടല്‍, പരസ്പരബന്ധമില്ലാത്ത ഐഡന്‍ിറ്റികള്‍ എന്നിവയെല്ലാം ഈ രോഗാവസ്ഥയുടെ പല ലക്ഷണങ്ങളാണ്.

സൈക്കോതെറാപ്പി, മരുന്ന് എന്നിവയെല്ലാമാണ് ഈ രോഗത്തിനുള്ള ചികിത്സ.

ലക്ഷണങ്ങള്‍

  • സ്വത്വത്തില്‍ നിന്നും സ്വന്തം വികാരങ്ങളില്‍ നിന്നും വേര്‍പെട്ടതായുള്ള തോന്നല്‍.
  • ചുറ്റുമുള്ള ആളുകളും വസ്തുക്കളും യഥാര്‍ത്ഥമല്ലെന്നും ആകൃതി മാറിയിരിക്കുന്നതുമായ തോന്നല്‍.
  • സ്വന്തം വ്യക്തിത്വത്തെ കുറിച്ച് അവ്യക്തമായ തിരിച്ചറിവ്.
  • കടുത്ത സ്‌ട്രെസ്സ്
  • വ്യക്തിബന്ധങ്ങളിലോ ജോലിസ്ഥലത്തോ ജീവിതത്തിലെ മറ്റ് പ്രധാനപ്പെട്ട മേഖലകളിലോ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുക.
  • വൈകാരികമായ, അല്ലെങ്കില്‍ ജോലി-സംബന്ധമായ സ്‌ട്രെസ്സുമായി പൊരുത്തപ്പെടാന്‍ കഴിയാതെ വരിക.
  • ചില പ്രത്യേക കാലഘട്ടത്തിലെ അല്ലെങ്കില്‍ ചില സംഭവങ്ങളുമായോ ആളുകളുമായോ വ്യക്തിപരമായ വിവരങ്ങളുമായോ ബന്ധപ്പെട്ട ഓര്‍മ്മ നഷ്ടപ്പെടുക.
  • നിരാശ, ഉത്കണ്ഠ, ആത്മഹത്യാ ചിന്തകള്‍ എന്നിവ പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍.

വ്യക്തിത്വമില്ലാതാവല്‍ അല്ലെങ്കില്‍ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാനുള്ള മടി

ഒരാള്‍ അയാളുടെ വ്യക്തിത്വത്തിന് പുറത്താണെന്നുള്ള തോന്നലിനെ Depersonalization എന്നാണ് വിളിക്കുന്നത്. സ്വത്വത്തില്‍ നിന്നും വേര്‍പെട്ടതായുള്ള തോന്നലാണിത്. അയാളുടെ പ്രവൃത്തികളെയും തോന്നലുകളെയും ചിന്തകളെയും മറ്റൊരിടത്ത് നിന്ന് നോക്കിക്കാണുന്ന അല്ലെങ്കില്‍ ഒരു സിനിമയില്‍ കാണുന്നത് പോലെ തോന്നുന്ന അവസ്ഥയായിരിക്കും അത്.

ഈ അവസ്ഥയില്‍ മറ്റ് ആളുകളും വസ്തുക്കളും താനിമായി ബന്ധമില്ലാത്ത ഒന്നായി രോഗിക്ക് തോന്നും. വ്യക്തതയില്ലാതെ, സ്വപ്‌നം കാണുമ്പോഴുള്ള ഒരു അവസ്ഥ. സമയം വളരെ പതുക്കെ പോകുന്നതായോ അല്ലെങ്കില്‍ വളരെ പെട്ടെന്ന് പോകുന്നതായോ അനുഭവപ്പെടും. ലോകം മുഴുവന്‍ യാഥാര്‍ത്ഥ്യമല്ലെന്ന തോന്നല്‍ ഉണ്ടാകും.

ഇതിന്റെ ലക്ഷണങ്ങള്‍ അങ്ങേയറ്റം അസഹ്യമായാണ് പറയപ്പെടുന്നത്. ചിലപ്പോള്‍ മണിക്കൂറുകളോ ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ ഈ ലക്ഷണങ്ങള്‍ നീണ്ടുനിന്നേക്കാം. അവ വന്നും പോയും ഇരിക്കും.

മറവി

Dissociative amnesia എന്ന രോഗാവസ്ഥയില്‍, മറവിയാണ് പ്രധാന ലക്ഷണം. സാധാരണ മറവിയില്‍ നിന്നും വ്യത്യസ്തമായി വളരെ ഗുരുതരമായ മറവിയാണ് ഇവിടെ ഉണ്ടാകുക. ഏതെങ്കിലും ശാരീരികമായ രോഗാവസ്ഥ മൂലമുള്ള മറവിയായി ഇതിനെ വിശദീകരിക്കാനാകില്ല. ഇതനുഭവപ്പെടുന്നവര്‍ക്ക് അവരുമായി ബന്ധപ്പെട്ടതോ അവരുടെ ജീവിതത്തിലെ സംഭവങ്ങളുമായോ ആളുകളുമായോ ബന്ധപ്പെട്ട ഓര്‍മ്മകള്‍ നഷ്ടമാകും. ജീവിതത്തില്‍ വളരെ ഞെട്ടലുണ്ടാക്കിയ ഒരു കാലത്തിലെ ഓര്‍മ്മയായിരിക്കാം അത്. അപ്രതീക്ഷിതമായാണ് ഈ മറവി സംഭവിക്കുക. ചിലപ്പോഴത് മിനിട്ടുകളോ മണിക്കൂറുകളോ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടുനിന്നേക്കാം.

ചില ഘട്ടങ്ങളില്‍ ഈ രോഗാവസ്ഥ മൂലമുള്ള മറവി ഒരു വ്യക്തിക്ക് അയാളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.

മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി

മുമ്പ് മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി ഡിസോഡര്‍ എന്നറിയപ്പെട്ടിരുന്ന, Dissociative identity disorder ഒരാള്‍ക്ക് ഒന്നിലധികം വ്യക്തികളായി മാറുന്ന അവസ്ഥയാണ്. അവര്‍ക്ക് അവരുടെ തലയ്ക്കുള്ളില്‍ രണ്ടോ അതിലധികമോ ആളുകള്‍ ഉള്ളതായും അവര്‍ സംസാരിക്കുന്നതായും തോന്നലുണ്ടാകും. ഇവിടെ ഓരോ വ്യക്തിത്വത്തിനും ഓരോ പേരും ഒരു ചരിത്രവും അയാളുടേതായ സ്വഭാവ സവിശേഷതകളും ഉണ്ടാകും. അവരുടെ ശബ്ദത്തിലും ലിംഗത്തിലും പെരുമാറ്റത്തിലും വ്യത്യാസങ്ങളുണ്ടാകും. പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് വളരെ അത്ഭുതം ഉണ്ടാക്കുന്ന രോഗാവസ്ഥയാണിത്.

എപ്പോഴാണ് വൈദ്യസഹായം തേടേണ്ടത്?

ഗുരുതരമായ രോഗലക്ഷണങ്ങളായിരിക്കും മേല്‍പ്പറഞ്ഞ രോഗാവസ്ഥകളില്‍ രോഗികളില്‍ ഉണ്ടാകുക. അപ്രതീക്ഷിതമായിട്ടായിരിക്കും ഇവര്‍ ലക്ഷണങ്ങള്‍ കാണിക്കുക. ഉടന്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കാനാണ് ഇത്തരം അവസരങ്ങളില്‍ ശ്രമിക്കേണ്ടത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Tuesday, March 12, 2024, 16:23 [IST]
X
Desktop Bottom Promotion