Latest Updates
-
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത്
ബ്രെയിന്‍ ഈറ്റിംഗ് ബാക്ടീരിയ; 'ഭയപ്പെടുത്തുകയല്ല കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുക', ഡോക്ടര്‍ അശ്വതി
ബ്രെയിന്‍ ഈറ്റിംഗ് അല്ലെങ്കില്‍ തലച്ചോറിനെ കാര്‍ന്നുതിന്നുന്ന അമീബ പരത്തുന്ന രോഗം എന്ന പേരിലൂടെ തന്നെ അമീബിക് മസ്തിഷ്ക ജ്വരം മലയാളികള്‍ക്കിടയില്‍ ഭീതി വിതച്ചുകഴിഞ്ഞു. വളരെ അപൂര്‍വ്വമെന്ന് കരുതപ്പെടുന്ന ഈ രോഗം വന്ന് കഴിഞ്ഞ മൂന്നുമാസത്തിനിടെ കേരളത്തില്‍ മൂന്ന് കുട്ടികള്‍ മരിച്ചത് മാതാപിതാക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കുളങ്ങളിലോ സ്വിമ്മിംഗ് പൂളുകളിലോ കുളിച്ചവരിലാണ് രോഗം വന്നതെന്ന വസ്തുത കാരണം കുട്ടികളെ കുളിക്കാന്‍ വിടാന്‍ പോലും ആളുകള്‍ ഭയക്കുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ എന്താണ് ബ്രെയിന്‍ ഈറ്റിംഗ് അമീബയെന്നും എങ്ങനെയാണ് ഈ രോഗാണു അമീബിക് മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്നതെന്നും കുട്ടികളില്‍ കൂടുതലായി ഈ രോഗം വരുന്നത് എന്തുകൊണ്ടാണെന്നും അടക്കമുള്ള കാര്യങ്ങള്‍ പൊതുജനാരോഗ്യ പ്രവര്‍ത്തകയും തൃപ്പനച്ചി എഫ്എച്ച്സിയിലെ അസിസ്റ്റന്റ് സര്‍ജനുമായ ഡോക്ടര്‍ അശ്വതി സോമന് ബോള്‍ഡ്സ്കൈയുമായി പങ്കുവെക്കുന്നു.
നിഗ്ലേറിയ ഫൗലേറി എന്ന ഒരിനം അമീബ പരത്തുന്ന രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. ഈ രോഗാണു ശരീരത്തിലെത്തി വളരെ പെട്ടെന്ന് തന്നെ തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുന്നത് കൊണ്ടാണ് ഇതിനെ തലച്ചോറിനെ കാര്‍ന്നുതിന്നുന്ന അമീബ, അഥവാ ബ്രെയിന്‍ ഈറ്റിംഗ് അമീബ എന്ന് വിളിക്കുന്നത്. ശുദ്ധജലത്തിലും ഈര്‍പ്പമുള്ള മണ്ണിലുമാണ് ഈ അമീബ കണ്ടുവരുന്നത്. രോഗാണു സാന്നിധ്യമുള്ള വെള്ളം മൂക്കിലൂടെ ശരീരത്തിലെത്തി, മൂക്കിനുള്ളിലെ നാഡികളിലൂടെ തലച്ചോറിലെത്തുകയും തലച്ചോറിലെ ആവരണങ്ങളില്‍ നീര്‍ക്കെട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. അമീബിക് മെനിഞ്ചോ എന്‍സെഫലാറ്റിസ് എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. 95 ശതമാനത്തിലധികം മരണനിരക്കുള്ള ഒരു രോഗമായതിനാല്‍ തന്നെ അത്യന്തം അപകടകാരിയായ ഒരു രോഗാണുവാണ് ബ്രെയിന്‍ ഈറ്റിംഗ് അമീബ.
മൂക്കിലൂടെയാണ് പൊതുവേ ഈ രോഗാണു തലച്ചോറിലെത്തുന്നത്. രോഗാണു സാന്നിധ്യമുള്ള വെള്ളം വായിലൂടെ ശരീരത്തിലെത്തുന്നതിലൂടെ ഈ രോഗം വരില്ല. മാത്രമല്ല, ഒരു വ്യക്തിയില്‍ നിന്ന് അടുത്തയാളിലേക്കും ഈ രോഗം പകരില്ല.
കുട്ടികളെ ബാധിക്കാനുള്ള കാരണം
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിട്ടുള്ള കേസുകള്‍ പരിശോധിച്ചാല്‍ പൊതുവേ കുട്ടികളാണ് ഈ രോഗത്തിന് ഇരകളായിട്ടുള്ളതെന്ന് കാണാം. ഇരുപത്തിയഞ്ച് വയസ്സുവരെയുള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നതെങ്കിലും പതിനാല് വയസ്സില്‍ താഴെയുള്ളവരിലാണ് ഈ അപൂര്‍വ്വരോഗം ഏറ്റവുമധികം കാണപ്പെടുന്നത്.
കുളങ്ങളിലോ, തടാകങ്ങളിലോ, ചൂടുള്ളതോ ഇളം ചൂടുള്ളതോ ആയ ശുദ്ധജല ജലാശയങ്ങളിലോ കുളിക്കുന്നവരിലാണ് ഈ രോഗം ഉണ്ടാകാറുള്ളത്. നീന്തുക, വെള്ളത്തില്‍ മുങ്ങുക, വെള്ളത്തിലേക്ക് എടുത്ത് ചാടുക, മുങ്ങാംകുഴി ഇടുക എന്നിങ്ങനെ മൂക്കിനുള്ളിലേക്ക് ശക്തിയായി ജലം അകത്തേക്ക് കയറുന്ന പ്രവൃത്തികളിലൂടെയാണ് സാധാരണയായി അമീബ മൂക്കിനുള്ളിലൂടെ ശരീരത്തിലെത്തുന്നത്. പൊതുവേ കുട്ടികളാണ് പുറത്ത് പോയി കളിക്കുന്നതും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതും. അതുകൊണ്ടാണ് കുട്ടികളെ ഈ രോഗം കൂടുതലായി ബാധിക്കുന്നതും.
മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളിലെ കുറഞ്ഞ രോഗപ്രതിരോധ ശേഷിയും ഇതിനൊരു കാരണമാണ്. കൂടാതെ കുട്ടികളുടെ നാസാദ്വാരത്തിന്റെ വലുപ്പക്കുറവ് കാരണം ശ്ലേഷ്മത്തിലൂടെ വളരെ എളുപ്പത്തില്‍ ഈ അമീബയ്ക്ക് തലച്ചോറില്‍ എത്താന്‍ കഴിയും. രോഗങ്ങളെ കുറിച്ചുള്ള അവബോധക്കുറവും കുട്ടികളില്‍ ഈ രോഗം വരാനുള്ള ഒരു കാരണമാണ്. വളരെ അപൂര്‍വ്വമായ ഇത്തരം രോഗങ്ങള്‍ എങ്ങനെയാണ് വരുത്തതെന്നോ കുളങ്ങളിലും നദികളിലും കുളിക്കുമ്പോള്‍ രോഗാണുബാധ ഉണ്ടാകാതിരിക്കാന്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്നോ കുട്ടികള്‍ക്ക് അറിഞ്ഞുകൊള്ളണമെന്നില്ല.
ഒരേ കുളത്തില്‍ ഒന്നിച്ച് കുളിച്ച നിരവധി കുട്ടികളില്‍ തന്നെ ഒന്നോ രണ്ടോ പേര്‍ക്കാണ് ഈ രോഗം വന്നിരിക്കുന്നതെന്ന് നിലവിലെ കേസുകള്‍ പരിശോധിച്ചാല്‍ കാണാം. അതുകൊണ്ട് ഓരോ കുട്ടികളുടെയും ആരോഗ്യ, രോഗപ്രതിരോധ സാഹചര്യങ്ങള്‍ കൂടി രോഗസാധ്യതയെ സ്വാധീനിക്കുന്നുണ്ടെന്ന് വേണം മനസ്സിലാക്കാന്‍. ഇക്കാര്യങ്ങളില്‍ കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും നമുക്ക് ആവശ്യമാണ്.
കേരളത്തില്‍ അടിക്കടി അമീബിക് മസ്തിഷ്ക ജ്വാരം വരാനുള്ള കാരണം
ചൂടുള്ള ശുദ്ധജലത്തിലും ഈര്‍പ്പമുള്ള മണ്ണിലുമാണ് നിഗ്ലേറിയ ഫൗലേറി കൂടുതലായും കണ്ടുവരുന്നത്. ചൂട് ഇഷ്ടപ്പെടുന്ന അമീബയാണിത്. അതിനാല്‍ തന്നെ വേനല്‍ക്കാലത്താണ് ഈ അമീബ വെള്ളത്തില്‍ കൂടുതലായും കാണപ്പെടുക. 25-40 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് ഈ അമീബ ജീവിക്കുന്നത്.
കേരളത്തിലെ കാലാവസ്ഥ ഈ അമീബയുടെ അതിജീവനത്തിന് അനുകൂലമായാണ് കരുതപ്പെടുന്നത്. വര്‍ഷം മുഴുവന്‍ ആര്‍ദ്രത കൂടിയ, ചൂടുള്ള കാലാവസ്ഥയാണ് ഇവിടെയുള്ളത്. മഴക്കാലത്താണെങ്കില്‍ പോലും ചെറിയൊരു ചൂടുള്ള അന്തരീക്ഷമാണ് നമ്മുടേത്. കേരളത്തില്‍ ഇത്തരം കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യാനുള്ള ഒരു കാരണം അതായിരിക്കാം. എന്തുതന്നെ ആയാലും ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നമുക്ക് അത്യാവശ്യമാണ്.

ലക്ഷണങ്ങള്‍
കടുത്ത തലവേദന, പനി, ഛര്‍ദ്ദി, ഓക്കാനം, കഴുത്ത് അനക്കാന്‍ കഴിയാത്ത അവസ്ഥ, മണത്തിലും രുചിയിലും വ്യത്യാസം എന്നിവയെല്ലാമാണ് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് ഈ അസുഖത്തിന്റെ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ്. രോഗം രോഗം മൂര്‍ച്ഛിച്ചാല്‍ ആശയക്കുഴപ്പം, മാനസികാവസ്ഥയിലുള്ള വ്യതിയാനം, വിറയലുകള്‍, കോച്ചലുകള്‍, നടക്കാനുള്ള ബുദ്ധിമുട്ട്, വെളിച്ചത്തോടുള്ള ഭയം, ഒടുവില്‍ കോമാവസ്ഥയിലെത്തുക എന്നിവയുണ്ടാകാം.
രോഗാണു ശരീരത്തില്‍ പ്രവേശിച്ച് ഒന്ന് മുതല്‍ ഒമ്പത് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ ഉണ്ടാകാം. ശരാശരി അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ രോഗി ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും.
രോഗം വരാതിരിക്കാന്‍ എന്തെല്ലാം ശ്രദ്ധിക്കാം
വളരെ അപൂര്‍വ്വമായി വരുന്ന രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം എങ്കിലും നമ്മുടെ ചുറ്റുപാടുകളില്‍ സാധാരണമായി കാണപ്പെടുന്ന ഒരു രോഗാണു ആണ് നിഗ്ലേറിയ ഫൗലേറി. കുളങ്ങളും സ്വിമ്മിംഗ് പൂളുകളും അടക്കം മുങ്ങിക്കുളിക്കുന്ന സ്ഥലങ്ങള്‍ യഥാസമയം ക്ലോറിനേറ്റ് ചെയ്യുന്നത് ഈ രോഗം വരാതിരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത ഒരു സൂക്ഷ്മ ജീവി ആയതിനാല്‍ കുളിക്കുന്നതിന് മുമ്പ് കുളങ്ങളിലും പുഴകളിലും ജലാശയങ്ങളിലും ഇവയുണ്ടോയെന്ന് കണ്ടെത്തുക പ്രായോഗികമല്ല. അതിനാല്‍ തന്നെ കുളങ്ങളിലും, ചൂടുള്ള ജലാശയങ്ങളിലും ചൂടുള്ള വെള്ളക്കെട്ടുകളിലും കുളിക്കുമ്പോള്‍ പ്രത്യേകിച്ച് വേനല്‍ക്കാലത്ത്, അല്‍പ്പം കരുതല്‍ ഉണ്ടാകുന്നത് നല്ലതാണ്.
കുളങ്ങളിലും മറ്റും കുളിക്കുമ്പോള്‍ വെള്ളത്തിലേക്ക് എടുത്തുചാടുക, മുങ്ങാംകുഴി ഇടുക, തല വെള്ളത്തിനുള്ളില്‍ ഇടുക എന്നിവ പരമാവധി ഒഴിവാക്കുക. ജലാശയങ്ങളില്‍ കുളിക്കുമ്പോള്‍ തല പരമാവധി വെള്ളത്തിന് മുകളില്‍ ഉയര്‍ത്തിപ്പിടിക്കുക, നോസ്ക്ലിപ്പുകള് ഉപയോഗിക്കുക, മൂക്ക് കൈകൊണ്ട് അടച്ച് പിടിച്ച് മുങ്ങാംകുഴി ഇടുക എന്നിങ്ങനെ മൂക്കിനുള്ളിലേക്ക് വെള്ളം കയറാനുള്ള സാധ്യതകള്‍ പരമാവധി ഒഴിവാക്കുക.
ഈ രോഗത്തെ കുറിച്ച് കുട്ടികള്‍ക്ക് അവബോധം നല്‍കുക രോഗപ്രതിരോധത്തില്‍ പ്രധാനമാണ്. ഏതെല്ലാം സാഹചര്യത്തിലാണ് രോഗം വരുന്നത്, ജലാശയങ്ങളില്‍ കുളിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുക. മറ്റ് പല ജലജന്യരോഗങ്ങളും വരാമെന്നതിനാല്‍ കുട്ടികള്‍ക്ക് ഇവയെ കുറിച്ചുള്ള കൃത്യമായ അവബോധം നല്‍കുക. അതുപോലെ കളിച്ചതിന് ശേഷവും മറ്റും കയ്യും മുഖവും സോപ്പിട്ട് കഴുകുന്നതടക്കം ശുചിത്വവും നല്ല ആരോഗ്യശീലങ്ങളും അവരില്‍ വളര്‍ത്തിയെടുക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications