എല്ലാ സൗന്ദര്യസംരക്ഷണത്തിനും ബ്യൂട്ടിപാര്‍ലറിലേക്കു തന്നെ ഓടേണ്ട ആവശ്യമില്ല. പണവും ലാഭിക്കാം. പെഡിക്യുര്‍ വീട്ടില്‍ എങ്ങനെ ചെയ്യാമെന്നു നോക്കൂ.
പെഡിക്യുര്‍ ചെയ്യാന്‍ ആവശ്യമായ സാധനങ്ങള്‍ ആദ്യം സംഘടിപ്പിക്കണം. നെയില്‍ കട്ടര്‍, ഒരു കഷ്ണം പഞ്ഞി, നെയില്‍ പോളിഷ് റിമൂവര്‍, ക്യൂട്ടിക്കിള്‍ ക്രീം, ഫൂട്ട് സ്‌ക്രബര്‍, മോയിസ്ചറൈസര്‍ എന്നിവ തയ്യാറാക്കി വച്ച ശേഷം വേണം പെഡിക്യുര്‍ തുടങ്ങാന്‍.
കാല്‍ നഖത്തില്‍ നെയില്‍ പോളിഷുണ്ടെങ്കില്‍ അത് നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ച് നീക്കം ചെയ്യുക. പിന്നീട് നഖങ്ങള്‍ വൃത്തിയായി വെട്ടണം. വശങ്ങളിലേക്ക് അധികം ഇറക്കി വെട്ടരുത്. നഖങ്ങള്‍ക്കിടയില്‍ ചെളി കയറാന്‍ സാധ്യത കൂടും. കുഴിനഖം വരാനുള്ള സാധ്യത കുടൂതലാവുകയും ചെയ്യും.
ഒരു ബേസിനില്‍ ഇളം ചൂടുവെള്ളം ഒഴിയ്ക്കുക. ഒന്നോ രണ്ടോ തുള്ളി എണ്ണയും ഇതില്‍ ഒഴിക്കുക. മിനുസമുള്ള വെള്ളാരംകല്ലുകള്‍ ലഭിക്കുമെങ്കില്‍ അതും വെള്ളത്തിലിടുക. കാല്‍ വെള്ളത്തിലിറക്കി വയ്ക്കുക. 15 മിനിറ്റ് നേരം കാല്‍ വെള്ളത്തില്‍ ഇറക്കി വയ്ക്കണം. പിന്നീട് പുറത്തെടുത്ത് നനവ് തുടച്ചു മാറ്റുക.
നനവ് തുടച്ചു മാറ്റിയ ശേഷം നഖത്തിന് താഴെയുള്ള തൊലിയില്‍ അല്‍പം ക്യൂട്ടിക്കിള്‍ ക്രീം പുരട്ടുക. പിന്നീട് സ്‌ക്രബര്‍ കൊണ്ട് ഈ ഭാഗം നല്ലപോലെ ഉരയ്ക്കുക. വരണ്ടതും നല്ലതല്ലാത്തതുമായ ചര്‍മം ഈ രീതിയില്‍ നീക്കം ചെയ്യാം. പിന്നീട് ക്യൂട്ടിക്കിള്‍ ക്രീം നീക്കം ചെയ്യാം. ക്യൂട്ടിക്കിള്‍ പുഷര്‍ കൊണ്ട് ക്യൂട്ടിക്കിള്‍ പതിയെ പുറകോട്ടു മാറ്റാം.
ഇതു കഴിഞ്ഞാല്‍ കാല്‍ നല്ലപോലെ കഴുകി ഈര്‍പ്പം മുഴുവനായി പോകും മുന്‍പ് ഏതെങ്കിലും മോയിസ്ചറൈസര്‍ ഉപയോഗിച്ച് മസാജ് ചെയ്യാം. മസാജ് ചെയ്യുന്നത് രക്തപ്രവാഹം വര്‍ദ്ധിക്കാന്‍ സഹായിക്കും. നഖത്തിന് ചുറ്റുമുള്ള ചര്‍മം പുതുമയോടെയിരിക്കാന്‍ സഹായിക്കും. സാധിക്കുമെങ്കില്‍ ദിവസവും മസാജ് ചെയ്യുന്നത് നല്ലതാണ്.
മസാജ് ചെയ്തു കഴിഞ്ഞാല്‍ കാല്‍നഖങ്ങളില്‍ നെയില്‍ പോളിഷ് ഇടാം. ആദ്യം ബേസ് കോട്ട് ഇടുക. ഇത് ഉണങ്ങിയ ശേഷം രണ്ടാമത്തെ കോട്ട് ഇടണം. നെയില്‍ പോളിഷ് പെട്ടെന്ന് പോകാതിരിക്കാന്‍ ഇത് സഹായിക്കും.




















