Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
'സ്ത്രീകള്‍ ഒരിക്കലും വിവാഹം കഴിക്കരുത്', നടി ഭാമ ഉദ്ദേശിച്ചത് എന്താണ്? വാളെടുക്കുന്നവര്‍ അറിയാന്‍
വിസ്മയ, ഉത്ര, ഡോ. ഷഹ്ന ഇങ്ങനെ എത്രയെത്ര സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങള് നമ്മള് മലയാളികളുടെ ഉള്ളുലച്ച് കഴിഞ്ഞു. എന്നിട്ടും വിവാഹത്തെ കുറിച്ചും ഭര്‍തൃവീട്ടില്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന സഹനത്തെ കുറിച്ചും സ്ത്രീധനത്തെ കുറിച്ചുമെല്ലാം ആരെങ്കിലും ഒരു അഭിപ്രായപ്രകടനം നടത്തിയാല്‍ വാളെടുക്കുകയാണ് കേരളത്തിലെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും.

'സ്ത്രീകള്‍ വിവാഹം കഴിക്കരുത്', ഭാമ പറയാതെ പറഞ്ഞത്
നടി ഭാമ വിവാഹത്തെ കുറിച്ച് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച അഭിപ്രായം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇതെത്തുടര്‍ന്ന് താന്‍ എന്താണ് ആ പോസ്റ്റിലൂടെ ഉദ്ദേശിച്ചതെന്ന വിശദീകരണം നല്‍കേണ്ടി വന്നു ഭാമയ്ക്ക്. ഒരിക്കലും സ്ത്രീ വിവാഹം കഴിക്കരുതെന്ന ഭാമയുടെ തലക്കെട്ടാണ് തെറ്റിദ്ധരിക്കപ്പെട്ടത്, അല്ലെങ്കില്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ചില മാധ്യമങ്ങള്‍ ആളുകള്‍ക്ക് മുമ്പില്‍ എറിഞ്ഞുകൊടുത്തത്. പങ്കാളി എങ്ങനെയാണ് പെരുമാറുകയെന്ന് പോലും അറിയാതെ, ജീവന് പോലും അപകടത്തിലായ ഒരിടത്ത് നിന്നും എത്രയും വേഗം രക്ഷപ്പെടണമെന്ന അഭിപ്രായമാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഭാമ പങ്കുവെച്ചത്. സ്ത്രീകള്‍ക്ക് വിവാഹം വേണോ എന്ന ചോദ്യവും പോസ്റ്റില്‍ ഭാമ ഉന്നയിക്കുണ്ട്. പക്ഷേ അതിനൊപ്പം തന്നെ സ്ത്രീധനം നല്‍കിയിട്ട് ആരും വിവാഹം ചെയ്യരുതെന്നും അതിന്റെ പരിണിതഫലങ്ങളെ കുറിച്ച് ചിന്തിക്കണമെന്നും ഭാമ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
സ്ത്രീകള്‍ വിവാഹമേ കഴിക്കരുത് എന്ന് ഭാമ പറഞ്ഞുവെന്ന രീതിയില്‍ മാധ്യമങ്ങളില്‍ അടക്കം ഇത് ചര്‍ച്ചയായതിനെ തുടര്‍ന്നാണ് സ്ത്രീധനം കൊടുത്ത് സ്ത്രീകള്‍ വിവാഹം കഴിക്കേണ്ടതില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചാണ് പറയാന്‍ ആഗ്രഹിച്ചതെന്നും ഭാമ വിശദീകരിക്കുന്നു. ഭാമയുടെ വിവാഹജീവിതവും അവരുടെ വ്യക്തിജീവിതത്തിലെ മറ്റ് കാര്യങ്ങളുമെല്ലാം എടുത്തിട്ട് അവരെ അധിക്ഷേപിക്കുന്ന രീതിയിലുള്ള കമന്റുകളും, സ്ത്രീകള്‍ അവര്‍ ആഗ്രഹിക്കുമ്പോള്‍ മാത്രമേ വിവാഹം കഴിക്കേണ്ടതുള്ളുവെന്നും, സാമ്പത്തികസ്വാതന്ത്ര്യം നേടണമെന്നും പറഞ്ഞ് അവരെ അനുകൂലിക്കുന്ന കമന്റുകളും ഈ പോസ്റ്റിന് താഴെയായി കാണാം.
ഇവിടെ ഭാമ ഉന്നയിച്ച ഒരു സുപ്രധാന ചോദ്യത്തോടും അതിനോടുള്ള സോഷ്യല്‍മീഡിയയുടെ പ്രതികരണത്തോടുമുള്ള തന്റെ അഭിപ്രായം ബോള്‍ഡ്സ്കൈയുമായി പങ്കുവെക്കുകയാണ് സോഷ്യല്‍മീഡിയ ആക്റ്റിവിസ്റ്റും മാധ്യമപ്രവര്‍ത്തകയും സംരംഭകയുമായ അനഘ ജയന്.

സ്ത്രീകള്‍ വിവാഹം കഴിക്കണോ? അനഘ ജയന്
ഈ ചോദ്യം പൊതുചര്‍ച്ചയ്ക്ക് വെക്കേണ്ടി വരുന്നതാണ് സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും വലിയ പരാജയം. രണ്ട് വ്യക്തികള്‍ ചേര്‍ന്ന് ഒന്നിച്ചൊരു ജീവിതം തുടങ്ങുന്നതിന്റെ ഔദ്യോഗിക കരാര്‍ ആണ് വിവാഹം. അത് അവരവര്‍ ഇഷ്ടമുള്ളപ്പോള്‍, ഇഷ്ടമുള്ളവരുടെ കൂടെ നടപ്പിലാക്കേണ്ടതാണ്. 'സ്ത്രീകള്‍ വിവാഹം കഴിക്കണോ' എന്ന വിഷയം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതും, നടി ഭാമയുടെ സ്റ്റോറിയില്‍ ഏറ്റവും കൂടുതല്‍ പ്രതികരിക്കുന്നതും പുരുഷന്മാരാണ്. ഈ വിഷയത്തില്‍ ഉള്ള കമന്റ് ബോക്സ് നോക്കിയാല്‍ സ്വന്തം വിവാഹം സ്വയം തീരുമാനിച്ച് നടത്താന്‍ ഈ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് എത്രത്തോളം സ്വാതന്ത്ര്യമുണ്ട് എന്ന് മനസ്സിലാകും.
ഇവിടെ ഇപ്പോഴും 'സ്ത്രീധനം കൊടുത്ത്, മറ്റൊരു വീട്ടിലേക്ക്, അവരുടെ സന്തതിപരമ്പര നിലനിര്‍ത്താന്‍ സ്ത്രീയെ പറഞ്ഞയക്കല്‍' ആണ് വിവാഹം. അവിടുത്തെ പെര്‍ഫോമന്‍സ് നോക്കിയാണ് 'നല്ല കുടുംബിനി' പട്ടം ലഭിക്കുക. അതാണ് പുരുഷകേന്ദ്രീകൃത വ്യവസ്ഥയില്‍ സ്ത്രീയുടെ അള്‍ട്ടിമേറ്റ് ഗോള്‍. പഠനം, കരിയര്‍ ഡെവലപ്പ്മെന്റ് എല്ലാം അവള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ ഇതിനൊപ്പം ചെയ്യാമെന്ന് മാത്രം.
ഈ വ്യവസ്ഥയില്‍ ആണ് നടി ഭാമ പറഞ്ഞ 'നരകതുല്യമായ' വിവാഹജീവിതം യാഥാര്‍ഥ്യമാകുന്നത്. ഇന്നത്തെ കാലത്ത് ലിംഗവ്യത്യാസം ഇല്ലാതെ നല്ല വിദ്യാഭ്യാസവും ഭാവിസ്വപ്നങ്ങളും കൊടുത്താണ് അച്ഛനമ്മമാര്‍ മക്കളെ വളര്‍ത്തുന്നത്. ഒരു പ്രായം വരെ നല്ലോണം പഠിച്ച്, നല്ല ജോലി സ്വപ്നം കണ്ട പെണ്‍കുട്ടികളോട് ഒരു സുപ്രഭാതത്തില്‍ അതൊന്നുമല്ല കുടുംബമാണ് വലുത് എന്നുപറഞ്ഞാല്‍ അവര്‍ അംഗീകരിക്കുമോ? ഇല്ല.
അവര്‍ പഠിപ്പിനനുസരിച്ച് നല്ല ജോലി കണ്ടെത്തട്ടെ, ഇഷ്ടപ്പെട്ട പങ്കാളിയെ കണ്ടെത്തട്ടെ, സ്വയം തീയുമാനങ്ങള് എടുക്കട്ടെ, ജീവിക്കട്ടെ. അവരെ 'പിടിച്ച് കൊടുക്കാനും' 'കെട്ടിക്കൊണ്ട് വരാനും' നില്‍ക്കുന്നതാണ് ക്രൂരത.
സ്ത്രീധനം കൊടുക്കരുത് എന്ന് പറയുമ്പോള്‍ ഉടനെ വരുന്ന മറുചോദ്യമാണ് 'എന്നാല്‍ വരന്റെ ജോലിയില്‍ നിര്‍ബന്ധം പിടിക്കരുത്' എന്നത്. മഹാമണ്ടത്തരമാണ് അത്. സര്‍ക്കാര്‍ ജോലിയുള്ള വരനെ/ ടെക്കി വരനെ/ ഡോകറെ/ പി.ജി കാരനെ വേണം എന്ന് പെണ്‍കുട്ടികള്‍ ഡിമാന്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ അതിന് പകരം അതുപോലെ പഠിപ്പും ജോലിയും ഉള്ള വധുവിനെ വേണം എന്ന് പുരുഷന്മാരും പറയുന്നുണ്ട്. വരന്റെ ജോലിയ്ക്ക് പകരം വയ്ക്കുക വധുവിന്റെ പഠിപ്പോ ജോലിയോ ആണ്. അല്ലാതെ പണമല്ല. സ്വന്തമായി നല്ല ജോലിയും വരുമാനവും ഉള്ള രണ്ട് പേര് അവരുടേതായ ഒരിടത്ത് പുതിയൊരു ജീവിതം തുടങ്ങുമ്പോള്‍ അവിടെ 'സ്ത്രീധന'ത്തിന് സ്ഥാനമില്ല. ഇരുവരുടെയും സ്നേഹത്തിനും സഹകരണത്തിനും മാത്രമാണ് സ്ഥാനം.
അതുകൊണ്ട്, സ്ത്രീകള്‍ വിവാഹം കഴിക്കണോ വേണ്ടയോ എന്ന് സ്ത്രീകള്‍ തീരുമാനിക്കട്ടെ. അത് പൊതുചര്‍ച്ചയ്ക്ക് വയ്ക്കേണ്ട കാര്യമില്ല. നിലനില്‍ക്കുന്ന പുരുഷകേന്ദ്രീകൃത വിവാഹസങ്കല്പം മാറി, തുല്യതയില്‍ ഊന്നിയ ദാമ്പത്യജീവിതം പ്രാവര്‍ത്തികം ആകണം. അതുവരെ നമ്മള് ചര്‍ച്ച ചെയ്യുന്ന 'ലിംഗനീതി' നടപ്പിലാകില്ല.



Click it and Unblock the Notifications
