'സീരിയല്‍ ചീറ്റിംഗ്‌ ഒരു ആസക്തി'; വിവാഹേതര ബന്ധങ്ങള്‍ക്ക് പിന്നിലെ മനോവിചാരങ്ങളും കാരണങ്ങളും

ദാമ്പത്യത്തില്‍ ഒരാളും ആഗ്രഹിക്കാത്ത കാര്യമാണ് മറ്റൊരാളുമായുള്ള അടുപ്പം. ഭാര്യയ്ക്കും ഭര്‍ത്താവും ഭര്‍ത്താവിന് ഭാര്യയും മാത്രമുള്ള ബന്ധങ്ങളെയാണ് സാധാരണയായി ഉത്തമ ദാമ്പത്യമായി കരുതുന്നത്. പക്ഷേ ചിലപ്പോള്‍ ഇതിനിടയില്‍ അറിഞ്ഞോ അറിയാതെയോ മൂന്നാമതൊരാള്‍ കടന്നുവരും. ദാമ്പത്യത്തിലെ ഒരിക്കലും പൊറുക്കാനാകാത്ത തെറ്റുകളിലൊന്നായി വിശ്വാസവഞ്ചന മാറുന്നത് അങ്ങനെയാണ്.

infidelity

വിവാഹേതര ബന്ധങ്ങളെ കുറിച്ച് ബോളിവുഡ് നടനായ അര്‍ജുന്‍ രാംപാല്‍ കഴിഞ്ഞിടെ പറഞ്ഞ കാര്യം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ബന്ധങ്ങളിലെ ചതി അഥവാ വിവാഹേതര ബന്ധങ്ങള്‍ ഒരു ആസക്തിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ദാമ്പത്യത്തിന് പുറമേ ഒന്നിന് പിറകേ ഒന്നായി പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുകയും അതേസമയം ദാമ്പത്യം വളരെ സന്തുഷ്ടകരമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ആളുകള്‍ ഉണ്ടെന്നുള്ള കാര്യമാണ് അര്‍ജുന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.

സീരിയല്‍ ചീറ്റിംഗ്

അര്‍ജുന്‍ പറഞ്ഞത് പോലെ വിവാഹേതര ബന്ധങ്ങള്‍ പുതിയ കാര്യമല്ല. പല ദാമ്പത്യങ്ങളും വിവാഹേതര ബന്ധങ്ങളാല്‍ ഇല്ലാതായിട്ടുണ്ട്. അതില്‍ തെറ്റില്ലെന്ന് കരുതുന്ന ചിലരും ഉണ്ട്. പക്ഷേ ഒരാള്‍ കഴിഞ്ഞാല്‍ അടുത്തയാള്‍ എന്ന നിലയില്‍ നിരന്തരമായി വിവാഹേതര ബന്ധം സ്ഥാപിക്കുന്ന ഒരു പ്രവണത അഥവാ സീരിയല്‍ ചീറ്റിംഗ് സമൂഹത്തില്‍ അടുത്തകാലത്തായി വര്‍ധിച്ചുവരുന്നുവെന്നത് സത്യമാണ്. സീരിയല്‍ ചീറ്റിംഗിന് പല മുഖങ്ങള്‍ ഉണ്ട്. പൊതുവേ ഒറ്റപ്പങ്കാളി നയത്തെ ആണ് സമൂഹം പിന്തുണയ്ക്കുന്നത്. എന്നാല്‍ ദാമ്പത്യത്തിന് പുറമേ മറ്റൊരു ബന്ധം ഉള്ള സംഭവങ്ങള്‍ കാലങ്ങളായി നമ്മള്‍ കണ്ടും കേട്ടും വരുന്ന സംഗതിയാണ്.

ഒന്നിലധികം തവണ പങ്കാളിയെ ചതിക്കുന്ന സംഭവങ്ങള്‍ ഒരു വ്യക്തിയുടെ സ്വഭാവത്തെയും ബന്ധത്തില്‍ അവര്‍ക്കുള്ള ആത്മാര്‍ത്ഥതയെയും വൈകാരിക ആവശ്യങ്ങളെയും ചോദ്യം ചെയ്യുന്ന ഒന്നാണ്. അതിന് പിന്നിലെ സൈക്കോളജിക്കലായുള്ള കാരണങ്ങള്‍ എന്തായിരിക്കാം എന്നും അങ്ങനെയുള്ളവരുടെ സ്വഭാവരീതികള്‍ എന്തെല്ലാമാണെന്നും നോക്കാം.

വിവാഹേതര ബന്ധങ്ങളുടെ സൈക്കോളജി

ആര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും സാഹചര്യമോ അപ്പോഴത്തെ പൊരുത്തക്കേടോ ദാമ്പത്യപ്രശ്‌നമോ അംഗീകരിച്ച് ചിലരെങ്കിലും പങ്കാളിക്ക് പറ്റുന്ന തെറ്റ് ക്ഷമിക്കാറുണ്ട്. പക്ഷേ ഒന്നിലധികം തവണ ഇങ്ങനെ സംഭവിക്കുന്നത് വളരെ ഗുരുതരമായ പ്രശ്‌നമാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് പങ്കാളിക്ക് മനസ്സിലാക്കാന്‍ കഴിയില്ല. എന്നാല്‍ സീരിയല്‍ ചീറ്റിംഗിന് പിന്നില്‍ സൈക്കോളജിക്കലായുള്ള പ്രശ്‌നങ്ങളും ദാമ്പത്യത്തിലെ പ്രതീക്ഷകളിലെ പൊരുത്തക്കേടുകളും ആഗ്രഹങ്ങള്‍ പരിഗണിക്കപ്പെടാതെ പോകുന്നതും അടക്കം പല കാരണങ്ങള്‍ ഉണ്ട്.

സീരിയല്‍ ചീറ്റീംഗിന് കാരണമാകുന്ന ചില സൈക്കോളജിക്കല്‍ ഘടകങ്ങളും സ്വഭാവ രീതികളും എന്തെല്ലാമാണെന്ന് നോക്കാം.

നാര്‍സിസ്സം

സ്വാര്‍ത്ഥതയുടെ മറ്റൊരു തലമാണ് നാര്‍സിസ്സം. തന്റെ കാര്യങ്ങള്‍ക്ക് മാത്രം മുന്‍ഗണനയും പ്രാധാന്യവും നല്‍കുന്നവരാണ് ഈ സ്വഭാവരീതി ഉള്ളവര്‍. തനിക്ക് വില കിട്ടുന്നതിനോ മറ്റുള്ളവരുടെ ഇഷ്ടമോ ആരാധനയോ പിടിച്ചുപറ്റുന്നതിനോ പങ്കാളിയെ എത്രതവണയും വഞ്ചിക്കാന്‍ ഇവര്‍ മടിക്കില്ല.

എടുത്തുചാട്ടം

കാര്യങ്ങളുടെ പ്രത്യാഘാതത്തെ കുറിച്ചും വരുംവരായ്കകളെ കുറിച്ചോ ചിന്തിക്കാതെ തോന്നിയത് പോലെ പ്രവര്‍ത്തിക്കുന്ന സ്വഭാവവും ചീറ്റിംഗിന്റെ ഒരു കാരണമാണ്. ദാമ്പത്യത്തില്‍ അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതത്തെ കുറിച്ച് ചിന്തിക്കാതെ ഇവര്‍ മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കും.

ത്രില്ല്

ചിലര്‍ക്ക് വിവാഹേതര ബന്ധങ്ങള്‍ ഒരു ത്രില്ലോ നേരംപോക്കോ ആണ്. വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങളുടെ പുതുമയും ആവേശവും ആണ് അവരെ ഇത്തരം ബന്ധങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്.

സ്വാഭിമാനക്കുറവ്

പശ്‌നങ്ങള്‍ കൊണ്ടോ അല്ലാതെയോ ദാമ്പത്യത്തില്‍ തനിക്ക് ഒരു വിലയും ഇല്ലെന്ന് കരുതുന്ന ആളുകള്‍ ചിലപ്പോള്‍ തന്നെ വിലകല്‍പ്പിക്കുന്ന ആളുകളുമായി ബന്ധം സ്ഥാപിച്ചേക്കാം.

ട്രോമ അഥവാ അരക്ഷിതമായ അടുപ്പം

ഭൂതകാലത്തിലെ മുറിവേല്‍പ്പിക്കുന്ന അനുഭവങ്ങള്‍ അല്ലെങ്കില്‍ അരക്ഷിതമായ റിലേഷന്‍ഷിപ്പ് രീതികള്‍ എന്നിവയും വിവാഹേതര ബന്ധത്തിന് കാരണമായേക്കും. ഇവര്‍ക്ക് പങ്കാളിയുമായി വിശ്വാസവും അടുപ്പവും സ്ഥാപിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം.

കെട്ടുറപ്പില്ലാത്ത ദാമ്പത്യം

ദാമ്പത്യത്തിന്റെ ആരോഗ്യവും വിവാഹേതര ബന്ധത്തെ സ്വാധീനിക്കുന്ന ഘടകമാണ്. മാനസികമോ ശാരീരികമോ ആയ അടുപ്പം, ദുര്‍ബലമായ ആശയവിനിമയം, പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങള്‍, പരിഗണിക്കപ്പെടാത്ത പ്രതീക്ഷകള്‍ എന്നിവയും മറ്റ് ബന്ധങ്ങളിലേക്ക് നയിച്ചേക്കാം.

എങ്ങനെ തിരിച്ചറിയാം?

പങ്കാളി സ്വകാര്യമായും അനുചിത സമയങ്ങളിലും കൂടുതല്‍ സമയം ഫോണില്‍ ചിലവഴിക്കുക.

സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കാതിരിക്കുക, മറുപടി നല്‍കാതിരിക്കുക, താല്‍പ്പര്യം കാണിക്കാതിരിക്കുക. കാര്യങ്ങള്‍ മുഴുവനായി കേള്‍ക്കാതിരിക്കുക.

ഒന്നിച്ച് ഒരു കാര്യം ചെയ്യുമ്പോള്‍ പോലും മറ്റെവിടെയെങ്കിലുമോ മറ്റ് കാര്യങ്ങളിലോ ശ്രദ്ധിക്കുക.

എപ്പോഴും ഒറ്റയ്ക്കിരിക്കാന്‍ താല്‍പ്പര്യപ്പെടുക.

പങ്കാളിയുടെ സാന്നിധ്യത്തില്‍ അസ്വസ്ഥരാകുക, അവരെ ഒഴിവാക്കാന്‍ ശ്രമിക്കുക.

കള്ളം പറയുക, രഹസ്യ സ്വഭാവം കാണിക്കുക.

വൈകാരികമായ അടുപ്പക്കുറവ്.

എന്തുചെയ്യാം?

വിവാഹേതര ബന്ധങ്ങള്‍ കൊണ്ടുനടക്കുന്ന ആളാണെങ്കില്‍ സ്വയം മുന്‍കൈ എടുത്ത് തിരുത്തലിന് തയ്യാറാകുകയാണ് അതുകൊണ്ടുള്ള പ്രശ്‌നം ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. എന്തുകൊണ്ടാണ് അത്തരമൊരു സാഹചര്യത്തിലേക്ക് എത്തപ്പെട്ടതെന്നും അതുകൊണ്ട് തനിക്കും പങ്കാളിക്കും എന്തെല്ലാം നഷ്ടങ്ങളും പ്രത്യാഘാതങ്ങളും ഉണ്ടാകാമെന്നും അറിയുക. ദാമ്പത്യത്തിന് പുറമേയുള്ള ഈ ബന്ധം കൊണ്ട് എന്ത് ഗുണമാണ് തനിക്ക് ഉള്ളതെന്നും അതിന് താന്‍ നല്‍കുന്ന വിലയെന്താണെന്നും മനസ്സിലാക്കാന്‍ ശ്രമിക്കുക. പങ്കാളിയുമായി കാര്യങ്ങള്‍ തുറന്ന് സംസാരിക്കുക. ആവശ്യമെങ്കില്‍ സൈക്കോതെറാപ്പി, ട്രോമ ഹീലിംഗ് പോലുള്ള ചികിത്സകള്‍ എടുക്കുക.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion