സ്വർണ വിലയിലെ റെക്കോർഡ് കുതിപ്പിന് ബ്രേക്ക്; പവന് ഇന്ന് 200 രൂപ കുറഞ്ഞു. നിക്ഷേപകർ ലാഭമെടുപ്പിലേക്ക്

By Athira A S

കേരളത്തിലെ സ്വർണ വിപണിയിൽ തുടർച്ചയായ ദിവസങ്ങളിൽ ദൃശ്യമായ റെക്കോർഡ് കുതിപ്പിന് താൽക്കാലിക വിരാമം. കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയർന്ന സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ രാവിലെ വരെ ശക്തമായ മുന്നേറ്റം പ്രകടമായിരുന്നെങ്കിലും വൈകിട്ടോടെ വില താഴാൻ തുടങ്ങിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് വിപണി തുറന്നപ്പോൾ പവന് 200 രൂപയുടെ കുറവുണ്ടായത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നത് സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ടെങ്കിലും ലാഭമെടുപ്പ് സജീവമായതാണ് നിലവിലെ വിലയിടിവിന് പ്രധാന കാരണമായത്.

യുഎസ്-വെനസ്വേല തർക്കം പൊന്നിന് കരുത്താവുന്നു: കേരളത്തിൽ സ്വർണ വില എക്കാലത്തെയും ഉയർന്ന നിരക്കിൽ

രാജ്യാന്തര വിപണിയിൽ സ്വർണ വില റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നതോടെ നിക്ഷേപകർ വ്യാപകമായി ലാഭമെടുപ്പ് നടത്തിത്തുടങ്ങി. വിപണിയിൽ വലിയ രീതിയിലുള്ള വിലക്കയറ്റം ഉണ്ടാകുമ്പോൾ നിക്ഷേപകർ തങ്ങളുടെ പക്കലുള്ള സ്വർണം വിറ്റഴിച്ച് ലാഭം കൊയ്യാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. ഈ പ്രവണതയാണ് ആഗോള വിപണിയിലും പ്രാദേശിക വിപണിയിലും സ്വർണ വില താഴാൻ ഇടയാക്കിയത്. ഇന്നലെ മാത്രം വിലയിൽ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമായത്. രാവിലെ പവന് 480 രൂപ വർദ്ധിച്ചെങ്കിലും ഉച്ചകഴിഞ്ഞ് 880 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ വർദ്ധനവും സ്വർണ വില കുറയാൻ സഹായകരമായിട്ടുണ്ട്. യുഎസ് ഡോളറിനെതിരെ രൂപ കരുത്താർജ്ജിച്ചത് ഇറക്കുമതി ചെലവ് കുറയാൻ കാരണമായി. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും വിലയിൽ ചാഞ്ചാട്ടങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.


Gold rate today

ഇന്നത്തെ സ്വർണ വില

ഇന്ന് ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് 12,650 രൂപയായി. ഒരു പവന് 200 രൂപ കുറഞ്ഞ് 1,01,200 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,26,500 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 27 രൂപ കുറഞ്ഞ് 13,800 രൂപയും, പവന് 216 രൂപ കുറഞ്ഞ് 1,10,400 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 21 രൂപ കുറഞ്ഞ് 10,350 രൂപയും, പവന് 168 രൂപ കുറഞ്ഞ് 82,800 രൂപയുമായി.

രാജ്യാന്തര സ്വർണ വിലയിൽ കനത്ത വീഴ്ചയുണ്ടായി. സ്വർണ നിക്ഷേപങ്ങളിൽ നിന്നുള്ള കനത്ത ലാഭമെടുപ്പാണ് രാജ്യാന്തര വിപണിയെ തളർത്തിയത്. ഇതോടെ 4,460 ഡോളറിനു മുകളിൽ വിലയുണ്ടായിരുന്നു സ്വർണ വില ഇപ്പോൾ 4,431.15 ഡോളറിലേക്ക് വീണിരിക്കുന്നു. ഇതാണ് കേരളത്തിലും വിലയിടിവിന് വഴിയൊരുക്കിയത്. എന്നാൽ ഇത് സ്ഥിരമായി വിലക്കുറവിന് കാരണമാവില്ലെന്നും ഓർമിപ്പിക്കുന്നു.

ആഭരണപ്രേമികൾക്ക് കനത്ത പ്രഹരം; സ്വർണ വില പുത്തൻ റെക്കോർഡിൽ! രണ്ട് ദിവസം കൊണ്ട് പവന് കൂടിയത് 2,200 രൂപ

സ്വർണാഭരണ വില

ഇന്ന് കേരളത്തിൽ സ്വർണ വില താഴേക്ക്. തുടർച്ചയായ വിലക്കയറ്റത്തിനു ശേഷമാണ് ഇന്നത്തെ ഇടിവ്. ഇന്ന് വില ഇടിഞ്ഞതോടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,09,500 രൂപ കരുതേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 13,730 രൂപയോളവും ചിലവഴിക്കേണ്ടി വരും. ഇവിടെ പണിക്കൂലിയായി 5 ശതമാനമാണ് കണക്കാക്കിയത്. ഇതിലും ഉയർന്ന പണിക്കൂലി ഈടാക്കിയാൽ വിലയും ഉയരും. 3% ജിഎസ്ടി, ഹോൾമാർക്ക് ഫീസ് എന്നിവയും പണിക്കൂലിക്കൊപ്പം ഈടാക്കും.

Credit: Goodreturns

X
Desktop Bottom Promotion