IND vs SA: ഗില്ലില്ല? വീണ്ടും സഞ്ജു- അഭിഷേക് ഓപ്പണിങ്!! കരുത്തേകാന്‍ ഹാര്‍ദിക്കും, ഇതാ 11

By Manu D

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര പോക്കറ്റിലാക്കിയ ടീം ഇന്ത്യയുടെ അടുത്ത പരമ്പര മറ്റൊരു വമ്പന്മാരായ സൗത്താഫ്രിക്കയുമായാണ്. നാട്ടില്‍ മൂന്നു ഫോര്‍മാറ്റുകളിലും അവരുമായി ഇന്ത്യ കൊമ്പുകോര്‍ക്കും. എന്നാല്‍ ഐസിസിയുടെ ടി20 ലോകകപ്പ് വരാനിരിക്കെ ടി20 പരമ്പരയാവും ആരാധകര്‍ ഏറ്റവുമധികം ആവേശത്തോടെ ഉറ്റുനോക്കുകയെന്നുറപ്പാണ്.

അടുത്ത മാസം അഞ്ചു ടി20കളിലാണ് ഇന്ത്യയും സൗത്താഫ്രിക്കയും ഏറ്റുമുട്ടുക. തീപാറുന്ന പോരാട്ടം തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്കു ഈ പരമ്പരയില്‍ പ്രതീക്ഷിക്കുകയും ചെയ്യാം. എങ്ങനെയാവും ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീം കോമ്പിനേഷനെന്നു നമുക്കു പരിശോധിക്കാം.


SANJU ABHISHEK

ടീമിലെ മാറ്റങ്ങള്‍

ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങളോടെയാവും സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ അണിനിരക്കുക. ബാറ്റിങ് കോമ്പിനേഷനിലാവും ചില മാറ്റങ്ങള്‍ വരുത്തിയേക്കുക. ഓസീസിനെതിരേ ഓപ്പണിങ് ജോടികളെയൊഴികെ ബാറ്റിങ് നിരയിലെ മറ്റള്ളവരയെല്ലാം ഇന്ത്യ റൊട്ടേറ്റ് ചെയ്തിരുന്നു.

IND vs AUS: ചങ്ക് തകര്‍ന്നു, ഏകനായി സഞ്ജു!! ഗംഭീറിന്റെ 'ചതിക്കു' ശേഷം ചെയ്തതിങ്ങനെ

എന്നാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഓപ്പണിങിലും ഇന്ത്യ മാറ്റം വരുത്താനിടയുണ്ട്. വൈസ് ക്യാപ്റ്റനു യുവ ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിനു ഇന്ത്യ വിശ്രമം നല്‍കിയേക്കും. കാരണം കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനം മുതല്‍ വിവിധ ഫോര്‍മാറ്റുകളില്‍ അദ്ദേഹം ബ്രേക്കില്ലാതെ തുടര്‍ച്ചയായി കളിച്ചുകൊണ്ടിരിക്കുകയാണ്.

ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായതിനാല്‍ സൗത്താഫ്രിക്കയ്‌ക്കെതിര് ഈ രണ്ടു പരമ്പരകളിലും ഗില്ലിനു വിശ്രമം നല്‍കുകയെന്നതു പ്രായോഗികമല്ല. എന്നാല്‍ ടി20 നായകനായി സൂര്യകുമാര്‍ യാദവുള്ളതിനാല്‍ അദ്ദേഹത്തിനു ബ്രേക്ക് നല്‍കിയാലും അതു ടീമിനെ ബാധിക്കില്ല.

അതിനാല്‍ അഞ്ചു ടി20കളുടെ പരമ്പരയില്‍ ഗില്ലിനു വിശ്രമം നല്‍കാനുള്ള സാധ്യതയും കൂടുതലാണ്. ഇതു സംഭവിച്ചാല്‍ കോളടിക്കുക മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനായിരിക്കും. ഗില്ലിന്റെ അഭാവത്തില്‍ അദ്ദേഹത്തിനു വീണ്ടും ഓപ്പണിങിലേക്കു പ്രൊമോഷനും ലഭിച്ചേക്കും. നേരത്തേ സഞ്ജുവും അഭിഷേക് ശര്‍മയും ചേര്‍ന്നുള്ള ഓപ്പണിങ് കോമ്പിനേഷന്‍ വലിയ വിജയമായി മാറിയിരുന്നു.

അടിപൊളി അഭിഷേക്, സൂര്യ ദുരന്തം!! സഞ്ജുവോ? ഹീറോസും ഫ്‌ളോപ്പുകളും ആരെല്ലാം

മൂന്നു പരമ്പരകളിലാണ് ഈ ജോടിക്കു തുടര്‍ച്ചയായി ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചത്. അഗ്രസീവ് ബാറ്റിങിലൂടെ ഭൂരിഭാഗം മല്‍സരങ്ങളിലും ഇവര്‍ ടീമിനു സ്‌ഫോടനാത്മക തുടക്കങ്ങളും നല്‍കിയിരുന്നു. സഞ്ജു- അഭിഷേക് ജോടി വളരെ മികച്ച രീതിയില്‍ മുന്നോട്ടു പോകവെയാണ് ഗില്ലിന്റെ മടങ്ങിവരവ് എല്ലാം താളം തെറ്റിച്ചത്.


SURYAKUMAR YADAV

യുഎഇയില്‍ നടന്ന ഏഷ്യാ കപ്പില്‍ അദ്ദേഹം ഓപ്പണറും വൈസ് ക്യാപ്റ്റനുമായി തിരികെയെത്തിയതോടെ സഞ്ജുവിനു താഴേക്കു ഇറങ്ങേണ്ടിയും വന്നു. എന്നാല്‍ ഗില്ലിനു ബ്രേക്ക് നല്‍കിയാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഈ സൂപ്പര്‍ ഓപ്പണിങ് ജോടിയെ ആരാധര്‍ക്കു വീണ്ടും ഗ്രൗണ്ടില്‍ കാണാം. സഞ്ജുവിനെ സംബന്ധിച്ച് ഇപ്പോള്‍ തുലാസിലായ ടി20 കരിയര്‍ തിരിച്ചുപിടിക്കാനുള്ള സുവര്‍ണാവസരം കൂടിയായിരിക്കും അത്.

സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ വരാന്‍ പോവുന്ന രണ്ടാമത്തെ മാറ്റം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മടങ്ങിവരവായിരിക്കും. പരിക്കു കാരണം ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ അദ്ദേഹത്തിനു നഷ്ടമായിരുന്നു. ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുത്തു കഴിഞ്ഞ ഹാര്‍ദിക് അടുത്ത പരമ്പരയില്‍ തീര്‍ച്ചയായും കളിക്കും.

സാധ്യതാ പ്ലെയിങ് 11

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

ഇന്ത്യയുടെ സാധ്യതാ ടി20 സ്‌ക്വാഡ്

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, റിങ്കു സിംഗ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍.

Credit: Mykhel

Story first published: Sunday, November 9, 2025, 6:54 [IST]
X
Desktop Bottom Promotion