സ്വർണ വില ഇന്ത്യയിൽ കുത്തനെ വീഴുമോ? ആ നിർണായക പ്രഖ്യാപനം ഉണ്ടായാൽ ആശ്വാസം;കേന്ദ്രം കനിഞ്ഞാൽ..

By Rakhi

ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക. രാജ്യത്തെ നികുതിദായകർ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ, കർഷകർ എന്നിവരടക്കമുള്ള എല്ലാ വിഭാഗം ജനങ്ങളും ധനമന്ത്രിയിൽ നിന്ന് സുപ്രധാന പ്രഖ്യാപനങ്ങൾക്ക് കാതോർക്കുകയാണ്. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിൽ എന്ത് മാറ്റമുണ്ടാകുമെന്നാണ് ബജറ്റിൽ നിക്ഷേപകർ ഉറ്റുനോക്കുന്നത്. വില കുറയുമോ അതോ വർധിക്കുമോ എന്ന ചോദ്യം നിക്ഷേപകരെയും ജ്വല്ലറി വ്യവസായത്തെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.

സ്വർണ വില 70000 ത്തിലേക്ക് വരെ താഴും, ഇക്കാര്യം സംഭവിച്ചാൽ പിന്നെ പൊന്ന് വീഴും; സാമ്പത്തിക വിദഗ്ധ പറയുന്നു

അഭൂതപൂർവ്വമായ വർധനവാണ് സ്വർണ വിലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ആഗോള സ്വർണ്ണവില 67 ശതമാനമാണ് വർധിച്ചത്. 1979-നു ശേഷം ഇതാദ്യമായാണ് ഇത്ര മികച്ച വാർഷിക പ്രകടനം. സുരക്ഷിത നിക്ഷേപങ്ങളോടുള്ള വർദ്ധിച്ച ആവശ്യം, യുഎസ് പലിശ നിരക്ക് കുറച്ചത്, ദുർബലമായ ഡോളർ എന്നിവ 2025-ൽ സ്വർണ്ണത്തെ റെക്കോർഡുകളിലേക്ക് നയിച്ചു. സ്വർണത്തോടുള്ള ഇന്ത്യക്കാരുടെ താത്പര്യവും ആഭ്യന്തര വിപണിയിലെ വില വർധനവിന് കാരണമായിട്ടുണ്ട്.


goldnews3-176

സ്വർണ വില ഇനിയും കുതിച്ചുയരുമെന്നാണ് ആഗോള സാമ്പത്തിക വിദഗ്ധരും റേറ്റിംഗ് ഏജൻസികളും പ്രവചിക്കുന്നത്. വില കുതിക്കുമ്പോൾ സ്വർണ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ സ്വർണത്തിൻ്റെ ഇറക്കുമതി തീരുവ ഉൾപ്പെടെ കുറക്കണമെന്ന ആവശ്യം ശക്തമാണ്.

2024 ജൂലൈയിൽ സർക്കാർ സ്വർണ്ണത്തിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ 15% ൽ നിന്ന് 6% ആയി കുറച്ചിരുന്നു. ഇത് ഇന്ത്യയിലേക്കുള്ള സ്വർണ്ണക്കടത്ത് കേസുകളിൽ വലിയ കുറവ് വരാൻ കാരണമായി. എന്നാൽ ഒക്ടോബർ മുതൽ സ്വർണക്കടത്ത് കേസുകൾ വർധിച്ചുവെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സ്വർണ വില റോക്കറ്റ് പോലെ ഉയർന്നതോടെ ഒരു കിലോ സ്വർണം കടത്തുന്നത് കള്ളക്കടത്തുകാർക്ക് വലിയ ലാഭകരമായി മാറി. 6% ഇറക്കുമതി തീരുവയും 3% വിൽപ്പന നികുതിയും ഒഴിവാക്കുന്നതിലൂടെ 11.5 ലക്ഷം രൂപയിലധികം ലാഭം ലഭിക്കുന്നു', മുംബൈ ആസ്ഥാനമായുള്ള സ്വർണ്ണ വ്യാപാരിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

നേരത്തേ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടർന്ന്, ആഭ്യന്തര സ്വർണ്ണവില 5% കുറയുകയും, 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ സ്വർണ്ണാഭരണ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 10% വർദ്ധനവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ആഗോള സ്വർണ്ണവിലയിലെ തുടർച്ചയായ വർദ്ധനവ് ഈ നേട്ടങ്ങളെ വേഗത്തിൽ ഇല്ലാതാക്കി.

ഇപ്പോഴത്തെ സാഹചര്യത്തിൽ നിലവിലെ 6% ഇറക്കുമതി തീരുവ പുനഃപരിശോധനക്കണമെന്നാണ് പ്രധാന ആവശ്യം.തീരുവ കുറയ്ക്കുന്നത് ഉൽപ്പാദനച്ചെലവ് കുറയ്ക്കാനും, കയറ്റുമതിക്കാർക്ക് മികച്ച വില ലഭിക്കാനും, ആഗോള വിപണിയിൽ ഇന്ത്യൻ നിർമ്മാതാക്കൾക്ക് കൂടുതൽ അവസരം ലഭിക്കാനും വഴിയൊരുക്കും.

ഇറക്കുമതി തീരുവ കൂടാതെ ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും സ്വർണവിലയെ കാര്യമായി സ്വാധീനിക്കും. അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കുകയാണെങ്കിൽ ആഗോള സ്വർണവില താഴാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ഡോളർ കൂടുതൽ കരുത്താർജിച്ചാൽ ഇന്ത്യൻ വിപണിയിലെ സ്വർണത്തിന്റെയും വെള്ളിയുടെയും വിലയും കുറയും. അതേസമയയം തീരുവ കുറക്കുന്ന തരത്തിലുള്ള വമ്പൻ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

ശക്തമായ കാരണമില്ലാതെ തീരുവ കുറക്കുന്നത് പോലുള്ള നടപടികൾ ഉടനെയൊന്നും ആവർത്തിക്കാൻ സാധ്യതയില്ല. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ പ്രത്യേകിച്ച് കറന്റ് അക്കൗണ്ട് കമ്മി സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ തീരുവ കാര്യമായ മാറ്റമില്ലാതെ തുടരുമെന്നാണ് വിലയിരുത്തലെന്നും ഇവർ പറയുന്നു.

Credit: Oneindia

Story first published: Saturday, January 24, 2026, 8:26 [IST]
X
Desktop Bottom Promotion