Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
'നമ്മളിലൊരാള്‍ക്ക് ഉടലില്‍ ഉയിരുള്ളവരേക്ക് നീ എന്നിലൂടെയും, ഞാന്‍ നിന്നിലൂടെയും ജീവിച്ച് കൊണ്ടേയിരിക്കും'
Valentines Day 2025:ഒരായുസ്സിന്റെ പ്രണയം കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് പ്രണയിക്കുന്നത് കണ്ടപ്പോള്‍ ചിലപ്പോള്‍ ദൈവത്തിന് പോലും അസൂയ തോന്നിയിട്ടുണ്ടാകും. അല്ലെങ്കില്‍ രംഗബോധമില്ലാത്ത കോമാളിയായി കാന്‍സര്‍ അവളുടെയുള്ളില്‍ വളരില്ലല്ലോ. പക്ഷേ അപ്പോഴും അവര്‍ തോറ്റില്ല. ബാക്കിയുള്ള ദിവസങ്ങളില്‍ വരുംജന്മങ്ങളിലെ പ്രണയം വരെ പങ്കുവെച്ചു. ഉള്ളിലൊന്നും ബാക്കിയില്ലാത്തത്ര പ്രണയം പങ്കുവെച്ച് ഒടുവിലവള്‍ യാത്രയായി. എത്രവറ്റിയാലും ഉറവപൊട്ടുന്ന അവളോടുള്ള പ്രണയം അവന് പറ്റാവുന്നിടത്തെല്ലാം നിറച്ചു. അങ്ങനെ അവനിലൂടെ അവള് വീണ്ടും ജീവിച്ചു. അവനെ കാണുമ്പോള്‍ ആളുകള്‍ക്ക് അവളെയും ഒപ്പം കാണാമെന്നായി. പ്രണയിച്ച് കൊതിതീരും മുമ്പേ എന്നുള്ളത് പാതിവഴിയില്‍ മരണം തട്ടിക്കൊണ്ടുപോകുമ്പോള്‍ ബാക്കിയാകുന്നവരെ നൊമ്പരപ്പെടുത്തിക്കൊണ്ട് നമ്മള് പറയുന്ന വാചകമാണ്. പക്ഷേ കൊതി തീരുന്നത്ര പ്രണയിച്ചാണ് അശ്വതി പോയത്. ആ പ്രണയത്തിന്റെ മധുരവും ഓര്‍മ്മകളും പങ്കുവെക്കുമ്പോള്‍ രമേശ് വാചാലനാകും. അത് കേള്‍ക്കുന്നവരില്‍ പോലും അശ്വതിക്ക് ജീവന് വെക്കും. മരണം പോലും തോറ്റുപോയ ഒരു പ്രണയകഥയാണ് അശ്വതിയുടെയും രമേശിന്റെയും, അതൊരു കണ്ണീര്‍ക്കഥയല്ല, ഹൃദയം തൊടുന്ന പ്രണയകഥയാണ്..

ശബ്ദത്തിലൂടെ മൊട്ടിട്ട പ്രണയം
പട്ടാമ്പിക്കാരനായ രമേശും എറണാകുളത്തുള്ള അശ്വതിയും ആദ്യമടുത്തത് ശബ്ദത്തിലൂടെയാണ്. ഫോണ്‍വിളികളിലൂടെ അവരുടെ സൗഹൃദം വളര്‍ന്നുവലുതായി. ലോകത്തുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും അവര്‍ സംസാരിച്ചു. ആത്മസുഹൃത്തുക്കളായി. ആ ഇഷ്ടം നഷ്ടപ്പെട്ടാലോ എന്ന ഭയത്തില്‍ പരസ്പരം കാണുന്നത് വൈകിപ്പിച്ചു. കാണാതെ തന്നെ പ്രണയം പങ്കുവെച്ചു. ഒടുവില്‍ തൃപ്പുണിത്തുറ റെയില്‍വേസ്റ്റേഷനില്‍ വെച്ച് ആദ്യമായി കണ്ടു. കാഴ്ചയില്‍ നഷ്ടപ്പെടുമോ എന്ന ഭയപ്പെട്ട പ്രണയം നൂറിരട്ടിയായി വളര്‍ന്നു.
എഴുത്തും യാത്രകളും കഥയും പാട്ടും കവിതയുമെല്ലാം രണ്ടുപേരുടെയും ഇഷ്ടങ്ങളായിരുന്നു. ചെറിയ ഇഷ്ടങ്ങളിലൂടെ വലിയ സന്തോഷം കണ്ടെത്തി അവര്‍ പ്രണയിച്ച് നടന്നു. എന്തും ഏതും പങ്കുവെക്കാവുന്ന സുഹൃത്തുക്കളായിരുന്നു അവരിരുവരും. മനസ്സ് നിറയ്ക്കുന്ന ഒരു കാഴ്ച കണ്ടാല്‍, ഇഷ്ടമുള്ള ഭക്ഷണം കഴിച്ചാല്‍, എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയാല്‍ കൈ അറിയാതെ ഫോണിലേക്ക് നീളും. മറുതലയ്ക്കലെ ശബ്ദത്തിലായിരുന്നു അതിന്റെയെല്ലാം പൂര്‍ണ്ണത. വിവാഹത്തിന് ആദ്യം ചില എതിര്‍പ്പുകളെല്ലാം ഉണ്ടായിരുന്നെങ്കിലും എല്ലാവരെയും ഒപ്പം കൂട്ടി സന്തോഷത്തോടെ ഒന്നാകാനുള്ള അവരുടെ തീരുമാനം ഒടുവില്‍ വിജയിച്ചു. വിവാഹശേഷം ജീവിതം കൂടുതല്‍ സുന്ദരമായി. ഒന്നിച്ചുള്ള ചെറിയ യാത്രകളും പാതിരാത്രി ആയാലും ബൈക്കില്‍ കറങ്ങി നടക്കലും തട്ടുകടയില്‍ ഭക്ഷണം കഴിക്കലുമൊക്കെയായി കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെ അവരുടെ ജീവിതം മുന്നോട്ടുപോയി. അതിനിടയില്‍ അവര്‍ കൊതിച്ചത് പോലെ കിച്ചുവും അവരുടെ ജീവിതത്തിലെത്തി. അവന്റെ കളിചിരികളും ബഹളവുമായി അവരുടെ ലോകം കൂടുതല്‍ വലുതായി. പരാതിക്കോ പരിഭവങ്ങള്‍ക്കോ പിണക്കങ്ങള്‍ക്കോ ഇടമില്ലാതിരുന്ന അവരുടെ കുഞ്ഞുസ്വര്ഗ്ഗത്തില് പക്ഷേ ക്ഷണിക്കപ്പെടാത്ത അതിഥിയായി കാന്‍സറെത്തി.
സങ്കടങ്ങളുടെ നാളുകള്‍
നടുവേദനയായിരുന്നു തുടക്കം. അണ്ഡാശയ കാന്‍സര്‍ ആയിരുന്നു. കണ്ടെത്തിയപ്പോഴേക്കും നാലാംസ്റ്റേജ് എത്തിയിരുന്നു. മറ്റ് ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാല്‍ അറിയാന്‍ വൈകി. എങ്കിലും അവര്‍ തളര്‍ന്നില്ല. അശ്വതിക്കായിരുന്നു കൂടുതല്‍ ധൈര്യം. എന്തുചെയ്യണമെന്നറിയാതെ തകര്‍ന്നുപോയില്ല. നേരിടുകയില്ലാതെ മറ്റ് വഴികളില്ല. കീമോയും സര്‍ജറിയും ഒപ്പം കുഞ്ഞുമകന്റെ കാര്യങ്ങളുമായി കുറച്ച് സങ്കടങ്ങളുടെ നാളുകളായിരുന്നു അത്. അതിനിടയിലും സന്തോഷം കണ്ടെത്താന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. കടല്‍ കാണാന്‍ പോയി. കൊച്ചിയില്‍ സച്ചിന് വന്നിട്ടുണ്ടെന്നറിഞ്ഞ് ക്രിക്കറ്റ് കാണാന്‍ പോയി. യാത്രകള്‍ പോയി. എല്ലാ സുന്ദരമുഹൂര്ത്തങ്ങളും മുറതെറ്റാതെ രമേശ് ക്യാമറയില്‍ പകര്‍ത്തി.

നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷം കാന്‍സര്‍ പിന്‍വാങ്ങി, താത്കാലികമായെങ്കിലും. ജീവിതം വീണ്ടും നിറംവെച്ചു. യാത്രകള്‍, സിനിമകള്‍, തട്ടുകടകള്‍, കിച്ചുവിന്റെ സ്നേഹം, ജോലി, കുഞ്ഞു സ്വപ്നങ്ങള്‍. കാന്‍സര്‍ തിരിച്ചറിഞ്ഞപ്പോള്‍ മൂന്ന് മാസം മാത്രം ആയുസ്സ് പറഞ്ഞിരുന്ന അശ്വതിക്ക് ലഭിച്ച ബോണസായിരുന്നു പിന്നീടുള്ള ജീവിതം. ആ മൂന്നുപേരുടെ സ്നേഹത്തിന് മുമ്പില്‍ വിധി പോലും മാറിനിന്ന മാസങ്ങള്‍. പക്ഷേ ഏറെക്കാലം കഴിഞ്ഞില്ല, കാന്‍സര്‍ വീണ്ടുമെത്തി. ഇത്തവണ രക്ഷയില്ലെന്ന് അശ്വതിക്ക് അറിയാമായിരുന്നു. പക്ഷേ മരിക്കാന്‍ അവള്‍ക്ക് ഭയം ഒട്ടുമില്ലായിരുന്നു. മകനെ ഈ ലോകത്തെ ഏറ്റവും സുരക്ഷിതമായ കൈകളിലാണ് ഏല്‍പ്പിക്കുന്നതെന്നും ആ മനുഷ്യന് ജീവനുള്ള കാലം എന്റെ മകനെ ഏറ്റവും സന്തോഷത്തിലും സൗകര്യത്തിലും വളരുമെന്നും അവള്‍ക്ക് ഉറപ്പുണ്ടായിരുന്നു. എന്തെല്ലാം എങ്ങനെയെല്ലാം ചെയ്യണമെന്ന് കൃത്യമായി പറഞ്ഞുവെച്ച്, ആഗ്രഹങ്ങളൊന്നും ബാക്കിയാക്കാതെ തികഞ്ഞ സമാധാനത്തോടെ അവള് മടങ്ങി.
അശ്വതിയുടെ രമേശ്
ഈ കഥയിലെ നിശബ്ദനായ നായകനാണ് രമേശ്. അയാള്‍ തന്നിലൂടെ കോറിയിടുന്നത് മുഴുവന്‍ അശ്വതിയെയാണ്. തന്റെ ലോകത്ത് മാത്രം നിറഞ്ഞുനിന്ന അശ്വതിയെ ലോകത്തിന് കാണിച്ചുകൊടുത്തതും അവളുടെ കഥകള്‍ വാക്കുകളിലൂടെയും എഴുത്തിലൂടെയും പങ്കുവെച്ചതും അയാളാണ്. അശ്വതിയുടെ രമേശ് എന്ന് കേള്‍ക്കുമ്പോഴാണ് അയാള്‍ക്ക് പൂര്‍ണ്ണത തോന്നുന്നത്. രമേശും മോനും ഒന്നിച്ച് നില്ക്കുമ്പോള് അതിനൊപ്പം അശ്വതിയെയും കൂടി നമുക്ക് കാണാന്‍ കഴിയുന്നത് അവരുടെ ലോകത്ത് ഇന്നും അശ്വതി ഉള്ളത് കൊണ്ടാണ്. അവരുടെ വാക്കുകളിലും ചിന്തകളിലും അവള് നിറഞ്ഞുനില്ക്കുന്നത് കൊണ്ടാണ്. അശ്വതിയെ കണ്ടത് മുതലുള്ള ഓരോ സുന്ദര മുഹൂര്‍ത്തങ്ങളും രമേശ് തന്റെ ക്യാമറയിലേക്ക് പകര്‍ത്തിയിരുന്നു. ആ ചിത്രങ്ങളിലൂടെയും അവള് ഇന്ന് ആളുകള്‍ക്ക് സുപരിചിതയാണ്.

അശ്വതിയുടെ വിടവ് അവരുടെ ജീവിതത്തിലെ നികത്താനാകാത്ത ഒന്ന് തന്നെയാണ്. പക്ഷേ അവള് എവിടെയും പോയിട്ടില്ല, ഒപ്പമുണ്ടെന്ന തിരിച്ചറിവില്‍ സങ്കടങ്ങള്‍ അന്യമാകും. അവള് മരിക്കുന്നത് വരെ ഒപ്പമുണ്ടാകും എന്നതല്ല രമേശ് അശ്വതിക്ക് നല്കിയ വാക്ക്, താന്‍ ജീവിക്കുന്നിടത്തോളം കാലം തന്റെ ഉള്ളംകയ്യില്‍ അവളുടെ കൈയും ഉണ്ടാകുമെന്നതാണ്. ആ വിശ്വാസമായിരുന്നു അശ്വതിയുടെ ധൈര്യം. അച്ഛനെ പോലെ കിച്ചുവും തന്റെ എഴുത്തിലൂടെ അമ്മയ്ക്ക് ജീവന് നല്‍കാറുണ്ട്. അച്ഛനെ പോലും ഞെട്ടിച്ചുകൊണ്ട് അമ്മയെ കുറിച്ച് കഥയെഴുതി സമ്മാനം വാങ്ങിക്കാറുണ്ട്. കിച്ചുവിന് അച്ഛനും അമ്മയുമായി, അശ്വതി ആഗ്രഹിച്ച പോലെ അവന്റെ തോളില്‍ കയ്യിട്ട് കാടും മലയും കയറി, ഒന്നിച്ച് ബൈക്കില്‍ നാടുചുറ്റി, സിനിമ കണ്ട് കൂകിവിളിച്ച്, ആഗ്രഹങ്ങളൊന്നും പിന്നത്തേക്ക് ബാക്കിയാക്കാതെ രമേശ് ജീവിക്കുകയാണ്. അശ്വതി കൂടെയില്ലെന്ന സങ്കടത്തോടെയല്ല, തന്നില്‍ ഇപ്പോഴും അശ്വതി ജീവിക്കുന്നുണ്ടെന്ന ഉറച്ച വിശ്വാസത്തോടെ.
ഒരിക്കല്‍ ഒരു രാത്രിയില്‍ ടെറസ്സിന് മുകളില്‍ മാനം നോക്കി നില്ക്കുമ്പോള് അശ്വതി രമേശിനോട് ചോദിച്ചു, ഞാന്‍ പെട്ടെന്നൊരു ദിവസം മരിച്ചാല്‍ എന്തുചെയ്യും? അതിന് താന്‍ മരിക്കില്ലല്ലോ എന്ന് കളിയായി പറഞ്ഞെങ്കിലും അവള് വിട്ടില്ല. പിന്നീട് രമേശ് പറഞ്ഞ മറുപടിയാണ് ഇന്ന് നമ്മള് കാണുന്ന രമേശിന്റെ ജീവിതം.

'ആ ചോദ്യത്തിനിവിടെ പ്രസക്തിയില്ല അച്ചൂ.....
നമ്മളിലൊരാള്‍ക്ക് ഉടലില്‍ ഉയിരുള്ളവരേക്ക്
നീ എന്നിലൂടെയും ,ഞാന്‍ നിന്നിലൂടെയും ഇവിടെയിങ്ങനെ ജീവിച്ച് കൊണ്ടേയിരിക്കും... ഇതിലൂടൊക്കെ പാറിപ്പറന്ന് നമ്മള് നമ്മുടെ ജീവിതം ഒരാഘോഷമാക്കി കൊണ്ടേയിരിക്കും ... അത്രമേല്‍ കൊതിയോടെ വീണ്ടും, വീണ്ടും പ്രണയിച്ച് കൊണ്ടേയിരിക്കും അത്രേള്ളൂ.....'
വളരെ ചെറിയ ഈ ജീവിതത്തില്‍ ഏതുനിമിഷവും അപ്രതീക്ഷിതമായി എന്തും സംഭവിക്കാം. ആ ചിന്ത മനസ്സില്‍ വെച്ച് കൊണ്ട് ഒട്ടും പിശുക്കാതെ, ഹൃദയം തുറന്ന് പ്രണയിക്കൂ എന്ന് ആഹ്വാനം ചെയ്ത് രമേശ് തന്റെ കഥ പറഞ്ഞുകഴിഞ്ഞപ്പോഴും ഉള്ളില്‍ അശ്വതിയെന്ന പ്രണയമഴ പെയ്തുകൊണ്ടിരിക്കുകയാണ്.



Click it and Unblock the Notifications
