'എന്നെ അമ്പരിപ്പിച്ച മറുപടി'; സച്ചിന്റെ അസാധാരണ പ്രണയത്തെ കുറിച്ച് അഞ്ജലിയുടെ അമ്മ

Happy Birthday Sachin:ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ 52-ാം പിറന്നാള്‍ ആണ് ഇന്ന്. ക്രിക്കറ്റ് എന്നാല്‍ ഇന്ത്യക്കാര്‍ക്ക് സച്ചിനാണ്, എന്നും ഇന്നും എന്നും. സച്ചിനോളം പ്രിയപ്പെട്ടതാണ് ആരാധകര്‍ക്ക് സച്ചിന്റെ കുടുംബവും. അഞ്ജലിയുമായുള്ള സച്ചിന്റെ പ്രണയവും അവര്‍ക്കിടയിലെ പ്രായവ്യത്യാസവുമെല്ലാം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോള്‍ അവരുടെ മക്കളായ സാറയുടെയും അര്‍ജുന്റെയും വിശേഷങ്ങളും സോഷ്യല്‍മീഡിയയയിലും മാധ്യമങ്ങളിലും നിറയാറുണ്ട്.

sachin tendulkar love story
Photo Credit: PTI

ആദ്യ കാഴ്ചയിലെ പ്രണയം

മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചാണ് സച്ചിനും അഞ്ജലിയും ആദ്യമായി കാണുന്നത്. ആദ്യകാഴ്ചയില്‍ തന്നെ അവര്‍ക്ക് പരസ്പരം ഒരു ആത്മബന്ധം തോന്നി. പിന്നീട് അതിന് ശേഷം ഒരു സുഹൃത്തിന്റെ വീട്ടില്‍ വെച്ച് കണ്ടുമുട്ടിയതോടെ അവര്‍ കൂടുതല്‍ അടുത്തു. ക്രിക്കറ്റില്‍ വലിയ താല്‍പ്പര്യമൊന്നും ഇല്ലാത്ത മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആയിരുന്നു അഞ്ജലി. സച്ചിനെ കുറിച്ച് കൂടുതല്‍ അറിയാനായി പിന്നീട് അഞ്ജലി ക്രിക്കറ്റിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. ആദ്യമായി ഒരു ജേണലിസ്റ്റ് എന്ന വ്യാജേനയാണ് അഞ്ജലി സച്ചിന്റെ വീട്ടിലെത്തി കുടുംബത്തെ പരിചയപ്പെടുന്നത്. തങ്ങളുടെ ബന്ധം സച്ചിന്റെ വീട്ടില്‍ ആദ്യമായി അവതരിപ്പിക്കുന്നത് അഞ്ജലിയാണ്.

സച്ചിന്റെ അസാധാരണ പ്രണയം

അഞ്ജലിയുടെയും സച്ചിന്റെയും പ്രണയം ഒരുകാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞത് അവര്‍ക്കിടയിലെ പ്രായവ്യത്യാസത്തിന്റെ പേരിലായിരുന്നു. സച്ചിനേക്കാല്‍ അഞ്ച് വയസ്സ് മൂത്തതാണ് അഞ്ജലി. പക്ഷേ അതുമാത്രമല്ല, മറ്റ് പല കാര്യങ്ങള്‍ കൊണ്ടും അവരുടെ പ്രണയം വ്യത്യസ്തമായിരുന്നു. പത്തൊമ്പതാം വയസ്സിലാണ് സച്ചിനും അഞ്ജലിയും പ്രണയത്തിലാകുന്നത്. അന്ന് അഞ്ജലി മെഡിക്കല്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആയിരുന്നു. മകളോട് പ്രണയം തോന്നിയിരിക്കുന്നത് ക്രിക്കറ്റില്‍ നാളെ ലോകം മുഴുവന്‍ അറിയപ്പെടാന്‍ പോകുന്ന ഒരാള്‍ക്കാണെന്ന് മനസ്സിലാക്കിയ അഞ്ജലിയുടെ മാതാവ് അനബെല്‍ മേത്തയ്ക്ക് ആ പ്രണയത്തിന്റെ ഭാവിയെ കുറിച്ച് അമ്പരപ്പ് ഉണ്ടായിരുന്നു. പക്ഷേ ആദ്യകാഴ്ചയില്‍ തന്നെ സച്ചിന്‍ അനബെല്ലിന്റെ വിശ്വാസം പിടിച്ചുപറ്റി.

'My Passage to India' എന്ന പുസ്തകത്തില്‍ അനബെല്‍ അഞ്ജലിയും സച്ചിനും തമ്മിലുള്ള പ്രണയത്തെ കുറിച്ചും ആദ്യമായി സച്ചിനെ കണ്ടതിനെ കുറിച്ചും വിശദമായി പറയുന്നുണ്ട്.

പത്തൊമ്പതുകാരനായ മരുമകന്‍

ഇംഗ്ലണ്ടില്‍ ജനിച്ച അനബെല്‍ മേത്തയും ഭര്‍ത്താവായ ആനന്ദ് മേത്തയും 1966-ല്‍ മുംബൈയില്‍ വെച്ചാണ് പ്രണയ വിവാഹിതരാകുന്നത്. അതിനുശേഷമാണ് അവര്‍ ഇന്ത്യയില്‍ താമസമാക്കിയത്. നിരാലംബരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള അപ്‌നാലയം എന്ന ജീവകാരുണ്യ സംഘടനയുടെ സ്ഥാപകയാണ് അനബെല്‍. അനബെല്‍- ആനന്ദ് ദമ്പതിമാരുടെ ഏകമകളാണ് അഞ്ജലി.

സച്ചിനുമായുള്ള ആദ്യകാഴ്ച

മകളെ പ്രണയിക്കുന്ന ക്രിക്കറ്റ് താരത്തെ ആദ്യമായി കണ്ട കാഴ്ച വളരെ വിശദമായി അനബെല്‍ തന്റെ പുസ്തകത്തിലെ ആറാം അധ്യായത്തില്‍ പറയുന്നുണ്ട്. അഞ്ജലിയും സച്ചിനും മുഫിയും തന്റെ സഹോദരന്റെ വീട്ടില്‍ തനിക്കായി കാത്തിരിക്കുകയായിരുന്നുവെന്നും സച്ചിനോട് ഒറ്റയ്ക്ക് സംസാരിക്കാന്‍ ബാക്കിയുള്ളവരോട് പോകാന്‍ പറഞ്ഞതായും അനബെല്‍ പറയുന്നു. കിച്ചണ്‍ ടേബിളിന്റെ ഇരുവശത്തായി ഇരിക്കുമ്പോള്‍ മുന്നിലിരിക്കുന്ന ചെറിയ, സുമുഖനായ പയ്യനെ കണ്ട് എന്തിനാണ് താന്‍ ഇവിടെ ഇരിക്കുന്നതെന്ന് സ്വയം ഓര്‍മ്മിപ്പിക്കേണ്ടാതായി വന്നുവെന്ന് അനബെല്‍ പറയുന്നു. അഞ്ജലിയുടെ കാര്യത്തില്‍ സച്ചിന്റെ ഉദ്ദേശ്യമെന്തെന്ന് അറിയുകയായിരുന്നു അനബെലിന്റെ ലക്ഷ്യം.

അന്ന് ഇന്ത്യന്‍ ടീമിലെ തിളങ്ങുന്ന താരമായിരുന്നു സച്ചിന്‍. പക്ഷേ സച്ചിന്റെ ഭാവിയില്‍ തനിക്ക് ആശങ്ക ഉണ്ടായിരുന്നതായി അനബെല്‍ പറയുന്നു. പത്തൊമ്പതുകാരനായ ഒരു ക്രിക്കറ്റ് പ്രതിഭയുടെ ഭാവിയെ കുറിച്ച് അപ്പോള്‍ ഒന്നും പ്രവചിക്കാന്‍ കഴിയാത്ത ആ സ്ഥിതിയില്‍ മകളുടെ കാര്യത്തില്‍ എന്താണ് പദ്ധതിയെന്ന് അനബെല്‍ സച്ചിനോട് ചോദിക്കുകയായിരുന്നു.

അമ്പരിപ്പിച്ച് സച്ചിന്റെ ആ മറുപടി

ഞങ്ങള്‍ക്ക് വിവാഹം കഴിക്കണമെന്ന പത്തൊമ്പതുകാരനായ സച്ചിന്റെ ഉറച്ച മറുപടി തന്നെ അമ്പരപ്പിച്ചതായി അനബെല്‍ പറയുന്നു. 'അഞ്ജലി നല്ല പൊക്കമുള്ള, ഇരുണ്ട, സുന്ദരനായ ഒരു ചെറുപ്പക്കാരനെ വിവാഹം ചെയ്യുമെന്നാണ് താന്‍ കരുതിയിരുന്നത്. പക്ഷേ പത്തൊമ്പത് വയസ്സുണ്ടെങ്കിലും സച്ചിന്‍ ഒരു ചെറിയ കുട്ടിയായിരുന്നു. അന്ന് അഞ്ചടി അഞ്ചരയിഞ്ചുള്ള അഞ്ജലിയേക്കാള്‍ കുറച്ച് കൂടി പൊക്കമുണ്ടാകും. ചുരുണ്ട് പൊങ്ങിനില്‍ക്കുന്ന മുടി കാരണം അല്‍പ്പം കൂടി പൊക്കം തോന്നും. എന്നാലും അഞ്ജലിക്ക് പ്രിയപ്പെട്ട ഹീല്‍സ് ധരിക്കണമെങ്കില്‍ ആവശ്യമുള്ള പൊക്കം അപ്പോഴും ഉണ്ടാകില്ല'.

ആദ്യ പ്രണയം, ഒറ്റപ്രണയം

ഈ പ്രണയത്തില്‍ താന്‍ വളരെ സീരിയസ് ആണെന്ന് അഞ്ജലിയോട് സച്ചിന്‍ തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു. ഇക്കാര്യം അഞ്ജലി അനബെല്ലിനോടും പറഞ്ഞിരുന്നു. സച്ചിന്റെ ആദ്യ പ്രണയമായിരുന്നു അഞ്ജലി. ആ ഒരു ഒറ്റപ്രണയമേ തനിക്ക് ഉണ്ടായിരിക്കുള്ളു എന്നും സച്ചിന്‍ അഞ്ജലിക്ക് വാക്ക് നല്‍കിയിരുന്നു. അത്രയും ആഴത്തിലുള്ള, ആത്മാര്‍ത്ഥമായ പ്രണയമായിരുന്നു അവരുടേതെന്ന് അനബെല്‍ പുസ്തകത്തില്‍ പറയുന്നു. അഞ്ജലി സന്തോഷത്തോടെ ഇരിക്കുകയായിരുന്നു തന്റെ ആവശ്യമെന്നും അവര്‍ പറയുന്നുണ്ട്.

പ്രായപൂര്‍ത്തിയാകാന്‍ കാത്തിരുന്നു

ഇന്ത്യയില്‍ പുരുഷന്റെ വിവാഹപ്രായം 21 വയസ്സ് ആയതുകൊണ്ട് 21 വയസ്സ് ആകുന്നതുകൊണ്ടും അഞ്ജലിക്ക് പഠനം പൂര്‍ത്തീകരിക്കേണ്ടതുകൊണ്ടും വിവാഹം രണ്ടുവര്‍ഷത്തേക്ക് നീട്ടിവെച്ചു. അതുവരെ ഇക്കാര്യം രഹസ്യമാക്കിവെക്കണമെന്ന് താന്‍ സച്ചിനോട് ആവശ്യപ്പെട്ടിരുന്നതായി അനബെല്‍ പറയുന്നുണ്ട്.

ആരാധികമാരെ ഞെട്ടിച്ച വാര്‍ത്ത

1994 ഏപ്രില്‍ 24ന്, സച്ചിന്റെ 21-ാം പിറന്നാളിനാണ് അഞ്ജലിയുടെയും സച്ചിന്റെയും വിവാഹനിശ്ചയം നടന്നത്. അഞ്ജലിയുടെ വീട്ടില്‍ വെച്ച് വളരെ കുറച്ച് ബന്ധുക്കള്‍ പങ്കെടുത്ത ഒരു ചടങ്ങായിരുന്നു അത്. അതിന് ശേഷമാണ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ആരാണ് സച്ചിന്റെ ഹൃദയം കവര്‍ന്ന അഞ്ജലി മേത്തയെന്ന് മാധ്യമങ്ങള്‍ക്ക് ഒരു അറിവും ഉണ്ടായിരുന്നില്ല. അവര്‍ക്ക് ആകെ കിട്ടിയത് പതിനാറാം വയസ്സില്‍ അഞ്ജലി സെന്റ് സേവ്യേഴ്‌സ് കോളെജില്‍ ചേര്‍ന്നപ്പോള്‍ ഉള്ള ചിത്രമായിരുന്നു. സച്ചിന്റെ വിവാഹനിശ്ചയവാര്‍ത്ത പുറത്തുവന്നത് അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് ഇന്ത്യന്‍ അരാധികമാരെ സങ്കടത്തിലാഴ്ത്തിയെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍ എന്ന് അനബെല്‍ പറയുന്നു.

അതൊരു ഭാഗ്യം

എല്ലാവരും ഇഷ്ടപ്പെടുന്ന ഒരാളുടെ ഭാര്യാമാതാവ് ആകാന്‍ കഴിഞ്ഞത് ഒരു അനുഗ്രഹമായി കരുതുന്നുവെന്ന് പുസ്തകത്തില്‍ അനബെല്‍ പറയുന്നു. ആര്‍ക്കും വിമര്‍ശിക്കാന്‍ സാധിക്കാത്ത ഒരു ജീവിതത്തിന് ഉടമയും പലരുടെയും ആദര്‍ശ പുരുഷനുമാണ് സച്ചിന്‍. പത്തൊമ്പതാം വയസ്സില്‍ സച്ചിന്‍ നാണക്കാരനായ, അധികം സംസാരിക്കാത്ത ഒരു നല്ല പയ്യനായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion