യുവാക്കള്‍ തിരയുന്ന എഴുത്തുകാരി, നിമ്‌ന വിജയ് ഇവിടെയുണ്ട്, ഉള്ളില്‍ എഴുതാനൊരായിരം കഥകളുമായി

എല്ലാ പ്രതീക്ഷകളും അറ്റ്, ഒറ്റപ്പെടലിന്റെ തുരുത്തില്‍ തനിച്ചിരുന്ന് തേങ്ങുമ്പോള്‍ ആശ്വാസത്തിന്റെ സ്പര്‍ശമായി നമ്മളെ തഴുകാനെത്തുന്ന ഒരു തണുത്ത കാറ്റുണ്ട്, ആ കാറ്റാണ് പലര്‍ക്കും നിമ്‌ന വിജയ്.

nimna

നമ്മള്‍ ഇടയ്‌ക്കൊക്കെ നമുക്ക് മാപ്പ് നല്‍കേണ്ടതുണ്ടെന്നും മറ്റാരേക്കാളും തീവ്രമായി നമുക്ക് നമ്മെ സ്‌നേഹിക്കാന്‍ പഠിപ്പിക്കേണ്ടതുണ്ടെന്നും ഓര്‍മ്മിപ്പിക്കുന്ന ഒരാള്‍ എഴുതുന്നതൊക്കെയും നമ്മള്‍ കടന്നുപോയതോ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നതോ ആയ അവസ്ഥകളെ കുറിച്ചാകുമ്പോള്‍ അവരെ നമ്മള്‍ നെഞ്ചോടുചേര്‍ക്കും. ഒന്നരവര്‍ഷം കൊണ്ട് ഒന്നരലക്ഷത്തിലധികം കോപ്പികള്‍ വിറ്റുപോയ ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്ന പുസ്തകം തെളിയിച്ചതും അത് തന്നെയാണ്. ഇന്ത്യയിലെ ബെസ്റ്റ് സെല്ലിങ് പുസ്തകങ്ങളുടെ കൂട്ടത്തില്‍ നാലാം സ്ഥാനത്തേക്ക് എത്തുക എന്നത് ചെറിയ കാര്യമല്ല. അത് ഒരു നവാഗത എഴുത്തുകാരിയുടെ പുസ്തകമാകുമ്പോള്‍ ആ വിജയത്തിന് മാറ്റേറും. ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരി എന്ന പുസ്തകത്തിന്റെ രചയിതാവും യുവാക്കളുടെ പ്രിയപ്പെട്ട എഴുത്തുകാരിയുമായ നിമ്‌ന വിജയ് ബോള്‍ഡ്‌സ്‌കൈ മലയാളവുമായി തന്റെ എഴുത്തുവിശേഷങ്ങള്‍ പങ്കുവെക്കുന്നു.

എഴുതണം എന്ന് തോന്നിത്തുടങ്ങിയത് എപ്പോഴാണ്?

സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് എഴുത്ത് തുടങ്ങുന്നത്. ഡയറി എഴുത്തായിരുന്നു ആദ്യം. ആ സമയത്ത് ഒരുപാട് പുസ്‌കതങ്ങള്‍ വായിക്കുമായിരുന്നു. ആരോടും അങ്ങോട്ടുകയറി സംസാരിക്കാത്ത പ്രകൃതമായത് കൊണ്ട് മിക്ക സമയവും ലൈബ്രറിയില്‍ പോയി പുസ്തകം വായിച്ചുകൊണ്ടിരിക്കും. പക്ഷേ സംസാരിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. നമ്മുടെ സംസാരം കേള്‍ക്കാന്‍ ആളില്ലാതെ പോകുമ്പോഴുള്ള ആ ഒറ്റപ്പെടലില്‍ നിന്നുമാണ് എഴുത്ത് ആരംഭിക്കുന്നത്. മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ ഡയറിയില്‍ കുത്തിക്കുറിച്ചുതുടങ്ങിയത് അപ്പോഴാണ്. ചെറിയ കഥകളും കവിതകളുമൊക്കെ എഴുതുമായിരുന്നെങ്കിലും അതത്ര ഗൗരവത്തില്‍ എടുത്തിരുന്നില്ല. പിന്നെ പഠനവും ജോലിയും ഒക്കെയായി എഴുതാനേ മറന്നുപോയ വര്‍ഷങ്ങളുണ്ട്. എല്ലാ സാഹചര്യങ്ങളും ഒത്തുവന്നപ്പോള്‍ വീണ്ടും എഴുതിത്തുടങ്ങി. അങ്ങയൊണ് ആദ്യ പുസ്തകമായ നനയുവാന്‍ ഞാന്‍ കടലാകുന്നു എഴുതുന്നത്. അത് ഒരു ഓര്‍മ്മക്കുറിപ്പാണ്.

പ്രിയപ്പെട്ട എഴുത്തുകാര്‍ ആരാണ്?

അങ്ങനെ പ്രിയ എഴുത്തുകാര്‍ എന്നില്ല. എല്ലാവരുടെയും പുസ്തകങ്ങള്‍ വായിക്കും. പണ്ട് മാധവിക്കുട്ടിയുടെ പുസ്തകങ്ങള്‍ ഒരുപാട് വായിക്കുമായിരുന്നു. ഏറ്റവും ലളിതമായ ഭാഷയില്‍ വായനക്കാരുടെ ഉള്ളുലയ്ക്കുന്ന വികാരങ്ങള്‍ പങ്കുവെക്കാന്‍ കഴിയുന്ന അവരുടെ എഴുത്ത് അക്കാലത്ത് വല്ലാതെ ആകര്‍ഷിച്ചിരുന്നു. എഴുത്തുകാരെ തേടിപ്പിടിച്ച് വായിക്കുന്ന പതിവില്ല. ഓരോ മൂഡിനനുസരിച്ചാണ് വായിക്കാനുള്ള പുസ്തകം തിരഞ്ഞെടുക്കുന്നത്. എഴുത്തുകാരി എന്ന നിലയില്‍ ഏറെ പ്രചോദനം കൊണ്ടിട്ടുള്ളത് അഷിതയില്‍ നിന്നുമാണ്. അത് ഞാനായിരുന്നു എന്ന അവരുടെ അഭിമുഖം വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോള്‍ വായനയില്‍ കുറേക്കൂടി സെലക്ടീവ് ആയി. ഫിക്ഷനും നോണ്‍ഫിക്ഷനും ചരിത്രവുമെല്ലാം ഇഷ്ടമാണ്.

എഴുത്ത് എന്ന പ്രക്രിയയെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

എന്റെയുള്ളില്‍ ഉള്ള കാര്യങ്ങള്‍ പ്രകടമാക്കുന്നതിനുള്ള വഴിയാണ് എനിക്ക് എഴുത്ത്. യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ അകലെയാണ് എഴുത്ത്. അതുകൊണ്ട് യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടങ്ങളാണ് എന്നെ സംബന്ധിച്ചെടുത്തോളം എഴുത്ത്. 'I have lived a thousand times' എന്ന് ഞാന്‍ എന്റെ കയ്യില്‍ പച്ച കുത്തിയിട്ടുണ്ട്. എഴുത്തിലൂടെ നമുക്ക് പലരുടെ ജീവിതങ്ങള്‍ ജീവിക്കാന്‍ കഴിയും. എന്റെ കഥാപാത്രങ്ങളുടെയെല്ലാം ജീവിതം എനിക്ക് ജീവിക്കാനാകും എന്നതാണ് എഴുത്തില്‍ എനിക്ക് ആവേശം നല്‍കുന്ന ഒരു കാര്യം. എഴുത്തുകാര്‍ ജീവന്‍ നല്‍കുന്ന കഥാപാത്രങ്ങള്‍ ആ എഴുത്തിലൂടെ മാത്രമാണ് പൂര്‍ണ്ണത നേടുന്നത്. എഴുത്ത് പാതിവഴിയില്‍ നിന്നുപോയാല്‍ ആ കഥാപാത്രവും നിശ്ചലമാകും. എന്തായാലും എഴുത്ത് എനിക്ക് ഈസി ആയിട്ടുള്ള കാര്യമല്ല. തികഞ്ഞ ഏകാഗ്രതയും മാനസികമായ തയ്യാറെടുപ്പും ആ കഥാപാത്രങ്ങളെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളലുമൊക്കെ വേണ്ടുന്ന ഒരു പ്രക്രിയയാണത്. അതിന്റേതായ ഗൗരവത്തിലാണ് ഞാനത് ചെയ്യുന്നതും. കഥാപാത്രങ്ങള്‍ കടന്നുപോകുന്ന ഓരോ സാഹചര്യങ്ങളിലൂടെയും ഞാനും കടന്നുപോയെങ്കില്‍ മാത്രമേ ആ വികാരങ്ങള്‍ അതുപോലെ വായനക്കാരിലേക്ക് എത്തിക്കാന്‍ എനിക്ക് കഴിയൂ.

അനുഭവങ്ങളാണോ ഭാവനയാണോ എഴുത്തിന് ചിറക് നല്‍കുന്നത്?

അത് രണ്ടും ചേരുമ്പോഴാണ് എഴുത്ത് ഉണ്ടാകുന്നത്. കാരണം നമ്മള്‍ ഒരിക്കലും അനുഭവിക്കാത്ത, നമുക്കറിയാത്ത ഒരു കാര്യം എങ്ങനെയാണ് ഭാവനയില്‍ കണ്ട് എഴുതുക. കഥാപാത്രങ്ങളേക്കാളും യഥാര്‍ത്ഥജീവിതത്തിലെ അനുഭവങ്ങള്‍ എഴുത്തിലേക്ക് കൊണ്ടുവരാറുണ്ട്. ഞാനോ കൂടെയുള്ളവരോ യഥാര്‍ത്ഥജീവിതത്തില്‍ കടന്നുപോയ വികാരങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള കഥാപാത്രങ്ങളെയാണ് ഭാവനയിലൂടെ സൃഷ്ടിച്ചെടുക്കുന്നത്. ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്ന പുസ്തകം എന്റെ കഥയാണോ എന്ന് ആളുകള്‍ ചോദിക്കാറുണ്ട്. തീര്‍ച്ചയായും ഞാന്‍ കടന്നുപോയ വികാരങ്ങള്‍ അതിലുണ്ട്. പക്ഷേ അതിലെ കഥാപാത്രങ്ങള്‍ തികച്ചും വ്യത്യസ്തമാണ്.

nimna vijay

ന്യൂജനറേഷന്‍ എഴുത്തുകാരി എന്നറിയപ്പെടുന്നതില്‍ സന്തോഷമുണ്ടോ?

സന്തോഷം അല്ല അത് നല്‍കുന്ന ഉത്തരവാദിത്തം വളരെ വലുതാണ്. എല്ലാ കാലവും ന്യൂജനറേഷന്‍ എഴുത്തുകാരി ഇരിക്കാന്‍ പറ്റില്ലല്ലോ. പ്രതീക്ഷിച്ചതിലും വളരെ മുമ്പ് തേടിയെത്തിയ വിജയവും അംഗീകാരവും എനിക്ക് നല്‍കുന്ന ഉത്തരവാദിത്തം വളരെ വലുതാണ്. ചിലപ്പോള്‍ പരാജയത്തേക്കാള്‍ ബുദ്ധിമുട്ടാണ് വിജയം കൈകാര്യം ചെയ്യാന്‍. എഴുത്തിലൂടെ നമ്മള്‍ അറിയപ്പെടുമ്പോള്‍ കൂടുതല്‍ ഗൗരവത്തോടെ, ഉത്തരവാദിത്തത്തോടെ അതിനെ നോക്കിക്കാണമെന്നും വായക്കാരെ കൂടി കണക്കിലെടുത്ത്, അവരോട് നീതി പുലര്‍ത്തി എഴുതണമെന്നും ഉള്ള ഉത്തരവാദിത്തം നമ്മളിലേക്ക് എത്തിച്ചേരുന്നുണ്ട്. സന്തോഷത്തേക്കാള്‍ ഉത്തരവാദിത്തമാണ് അത് നല്‍കുന്നത്. എഴുത്താകാരി എന്ന ലേബല്‍ ഏറെ ആഗ്രഹിക്കുന്ന ഒന്നാണെങ്കിലും ഇപ്പോള്‍ അതിന് എത്രത്തോളം അര്‍ഹത ഉണ്ടെന്ന് എനിക്കറിയില്ല. കുറേക്കൂടി ഇരുത്തം വന്ന എഴുത്തുകളിലൂടെ എഴുത്തുകാരി എന്ന പേരില്‍ അറിയപ്പെടണമെന്നാണ് ആഗ്രഹം.

എഴുത്ത് വിട്ടാല്‍ മറ്റെന്തെല്ലാമാണ് ഇഷ്ടങ്ങള്‍?

പഠനം കഴിഞ്ഞ് ആറുവര്‍ഷത്തോളം ഒരു മ്യൂസിക് കമ്പനിയില്‍ തമിഴ്-മലയാളെ ഹെഡ് ആയി ജോലി ചെയ്യുകയായിരുന്നു. ഇപ്പോള്‍ എഴുത്തിന് പൂര്‍ണ്ണശ്രദ്ധ കൊടുക്കാന്‍ ജോലി വിട്ടു. എഴുത്ത് കഴിഞ്ഞാല്‍ സിനിമ, വായനയൊക്കെയാണ് ഇഷ്ടങ്ങള്‍. അതിനേക്കാളേറെ, ബന്ധങ്ങള്‍ക്ക് ഏറെ വില്‍നല്‍കുന്ന ആളാണ് ഞാന്‍. പ്രിയപ്പെട്ട ആളുകളുടെ കൂടെ സമയം ചിലവഴിക്കാന്‍ വളരെ ഇഷ്ടമാണ്.

എഴുത്തില്‍ സാഹിത്യം വേണമെന്നുണ്ടോ?

അത് എഴുത്തുകാരുടെയും വായനക്കാരുടെയും വ്യക്തിപരമായ താല്‍പ്പര്യങ്ങളാണ്. എന്നെ സംബന്ധിച്ചെടുത്തോളം എഴുത്തില്‍ സാഹിത്യം വേണമെന്നില്ല. നമ്മുടെ ഉള്ളിലുള്ള ചിന്തകള്‍ പ്രകടിപ്പിക്കുന്ന ഒരു വഴിയാണത്. മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ഭാഷയിലൂടെ, അവര്‍ക്ക് കണക്ട് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ അത് അവതരിപ്പിക്കണം എന്ന അഭിപ്രായക്കാരിയാണ് ഞാന്‍. മലയാളം കൂട്ടിവായിക്കാന്‍ കഴിയുന്നവര്‍ക്ക് എന്റെ പുസ്തകങ്ങള്‍ വായിക്കാനും ആശയങ്ങള്‍ മനസ്സിലാക്കാനും സാധിക്കണമെന്നാണ് എന്റെ ആഗ്രഹം. അതില്‍ കടുകട്ടി സാഹിത്യം ഉണ്ടായാല്‍ സാധാരണക്കാര്‍ക്ക് അത് ഗ്രഹിക്കണമെന്നില്ല. അതേസമയം അത്തരം പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ അത് വായിക്കട്ടെ.

ന്യൂജനറേഷന് വായനയോട് താല്‍പ്പര്യമില്ല എന്ന അഭിപ്രായമുണ്ടോ?

ഒട്ടുമില്ല. എല്ലാ കാലത്തും ന്യൂജനറേഷന്‍ ഉണ്ട്. എന്നും അവര്‍ ആ പഴി കേള്‍ക്കുന്നുമുണ്ട്. വായനയെ വളരെ ഗൗരവത്തോടെ കാണുന്ന ആളുകള്‍ എന്നുമുണ്ട്. പക്ഷേ എന്ത് വായിക്കണമെന്ന കാര്യത്തില്‍ ന്യൂജനറേഷന് വലിയ ആശയക്കുഴപ്പമുണ്ടെന്ന് തോന്നിയിട്ടുണ്ട്. കാരണം അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിയുള്ള ഒരു എഴുത്താണ് ഇന്നത്തെ കാലത്ത് ആവശ്യം. മാതൃഭാഷയോടുള്ള സമീപനവും ഇതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇംഗ്ലീഷിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് ഇന്നുള്ളത്. അതുകൊണ്ടുതന്നെ മലയാളത്തില്‍ ആഴത്തിലുള്ള ഗ്രാഹ്യമുള്ളവരുടെ എണ്ണം കുറയുന്നു. അങ്ങനെയുള്ളവര്‍ അവര്‍ക്ക് ഗ്രഹിക്കുന്ന ലളിതമായ ഇംഗ്ലീഷ് ഭാഷയിലുള്ള പുസ്തകങ്ങളിലേക്ക് തിരിയും. മലയാളത്തില്‍ അത്തരം പുസ്തകങ്ങള്‍ ഉണ്ടായാല്‍ അവര്‍ മലയാളവും വായിക്കും.

Nimna Vijay

സോഷ്യല്‍മീഡിയ എഴുത്താകാരി ആയിട്ടും സോഷ്യല്‍മീഡിയയില്‍ നിന്ന് ബ്രേക്ക് എടുക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്?

ഇടയ്ക്കിടയ്ക്ക് സോഷ്യല്‍മീഡിയയില്‍ നിന്നും ബ്രേക്ക് എടുക്കുന്ന ആളാണ് ഞാന്‍. കാരണം സ്വന്തം വികാരങ്ങള്‍ക്ക് മേല്‍ എത്രയൊക്കെ നിയന്ത്രണം ഉണ്ടെന്ന് പറഞ്ഞാലും സോഷ്യല്‍മീഡിയയില്‍ കാണുന്ന മറ്റുള്ളവരുടെ ജീവിതവുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്യുകയും സ്വന്തം അവസ്ഥകളില്‍ സങ്കടപ്പെടുകയും നിരാശപ്പെടുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം അമിതമായ സോഷ്യല്‍മീഡിയ ഉപയോഗം കാരണം ഉണ്ടാകുന്നുണ്ട്. യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ അകലെയാണ് സോഷ്യല്‍മീഡിയയിലെ ജീവിതങ്ങളെന്ന് പലപ്പോഴും തിരിച്ചറിയപ്പെടാറില്ല. മാത്രമല്ല, നമ്മുടെ ഏകാഗ്രതയെയും മറ്റ് കഴിവുകളെയുമെല്ലാം സോഷ്യല്‍മീഡിയ ഉപയോഗം വല്ലാതെ ബാധിക്കുന്നുണ്ട്. ഇത് കണക്കിലെടുത്താണ് ഇടയ്ക്കിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ബ്രേക്ക് എടുക്കുന്നത്. മറ്റുള്ളവരോട് അത് നിര്‍ദ്ദേശിക്കാറുണ്ട്.

ജീവിതത്തിലെ ആഗ്രഹങ്ങള്‍ എന്തെല്ലാമാണ്?

കുറേയേറെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി ജീവിക്കുന്നയാളാണ് ഞാന്‍. സ്വപ്‌നങ്ങളും പ്രതീക്ഷകളും ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും ഭയമാണ്. ഒരു ദിവസം രാവിലെ എഴുന്നേല്‍ക്കാന്‍ പ്രേരിപ്പിക്കുന്നത് പോലും ആഗ്രഹങ്ങളും പ്രതീക്ഷകളുമാണ്. ഒരിക്കലും ഉള്ളതില്‍ തൃപ്തയായി, അല്ലെങ്കില്‍ ആഗ്രഹിച്ചതെല്ലാം നേടി എന്ന ചിന്തയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ ഇനിയെന്ത് എന്ന തോന്നല്‍ വന്നാല്‍ ഇനി നേടാനുള്ള കാര്യങ്ങള്‍ ചിന്തിച്ചെടുത്ത് കുറിച്ച് വെക്കാറുണ്ട്.

വിമര്‍ശനങ്ങളെ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണ്?

മുമ്പ് വിമര്‍ശനങ്ങള്‍ വ്യക്തിപരമായി കാണുകയും അതില്‍ സങ്കടം തോന്നുകയും ചെയ്തിരുന്നു. പക്ഷേ ഇന്ന് പക്വതയോടെ വിമര്‍ശനങ്ങളെയും കൈകാര്യം ചെയ്യാന്‍ അറിയാം. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ആളുകള്‍ ചുറ്റുമുണ്ടെന്ന് മനസ്സിലാക്കിയാല്‍ വിമര്‍ശനങ്ങളോടുള്ള ഭയം അവസാനിക്കും. നല്ല വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്താനും മെച്ചപ്പെടുത്താനും ശ്രമിക്കാറുണ്ട്. അടിസ്ഥാനരഹിതമായ വിമര്‍ശനങ്ങളെ ഗൗനിക്കാറില്ല. അതിന് വേണ്ടി സമയമോ ഊര്‍ജമോ ചിലവാക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് കരുതുന്നില്ല.

ജീവിതത്തില്‍ സ്വയം സ്‌നേഹിക്കേണ്ടതിന്റെ പ്രാധാന്യം എന്താണ്?

എന്റെ ജീവിതത്തെ രണ്ടായി വിഭജിച്ചാല്‍ അത് സ്വയം സ്‌നേഹിക്കാന്‍ തുടങ്ങിയതിന് മുമ്പും പിമ്പും എന്നായിരിക്കും. കാരണം സ്വയം സനേഹിക്കാനും മനസ്സിലാക്കാനും തുടങ്ങിയതിന് ശേഷം ജീവിതത്തില്‍ അത്രയേറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്വയം സ്‌നേഹിക്കാന്‍ തുടങ്ങിയതിന് ശേഷം എന്റെ ജീവിതം കൂടുതല്‍ മനോഹരമായതായി തോന്നിയിട്ടുണ്ട്. പെട്ടെന്നൊരു ദിവസം സംഭവിക്കുന്ന കാര്യമല്ല. സ്വന്തം തെറ്റുകള്‍ കാണാന്‍ പ്രേരിപ്പിക്കുന്ന, സ്വയം സ്‌നേഹിക്കുന്നത് സ്വാര്‍ത്ഥതയാണെന്ന് ചിന്തിക്കുന്ന ഒരിടത്ത് നിന്ന് സ്വയം അനുതപിച്ച്, കരുണ കാണിച്ച്, മാപ്പ് നല്‍കി തന്നെ തന്നെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാന്‍ തുടങ്ങുക എന്നത് വളരെ പാടുള്ള ഒരു കാര്യമാണ്. മറ്റുള്ളവരെ സ്‌നേഹിക്കുന്നത് പോലെ തന്നെ സ്വയം സ്‌നേഹിക്കാന്‍ ആളുകള്‍ പഠിക്കണം. വളരെ ചെറുപ്പത്തില്‍ തന്നെ ആ ചിന്ത ആളുകളില്‍ ഉണ്ടാകണം. ഏറ്റവും പ്രിയപ്പെട്ട എന്നോട് ആളുകള്‍ക്ക് അതിനുള്ള ഒരു ഗൈഡ് ആയി മാറണമെന്നാണ് ആഗ്രഹം.

X
Desktop Bottom Promotion