Easter 2025: നല്ല സുറിയാനി ക്രിസ്ത്യന്‍ സ്റ്റൈല്‍ പിടിയും വറുത്തരച്ച കോഴിക്കറിയും തയ്യാറാക്കിയാലോ?

Easter 2025: ഇന്ന് ഈസ്റ്റര്‍. എല്ലാ വിശ്വാസികളും ദൈവപുത്രന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ആഘോഷിക്കുന്ന ദിനം. ക്രൂശിതനായ ക്രിസ്തു മൂന്നാം ദിവസം കല്ലറയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റു എന്നാണ് വിശ്വാസം. ഈസ്റ്ററിന്റെ തലേ ദിവസം പാതിരാ കുറുബാനയ്ക്ക് പോകുന്നതിന് മുന്‍പേ പല വീടുകളിലും ഈസ്റ്റര്‍ വിഭവങ്ങള്‍ തയ്യാറായി കഴിഞ്ഞിരിക്കും. ചിലര്‍ രാവിലെ വെളുപ്പാന്‍ കാലത്തേ അടുക്കളയില്‍ പ്രത്യേക വിഭവങ്ങള്‍ തയ്യാറാക്കി തുടങ്ങിയിട്ടുണ്ടാകും.

Syrian Christian Easter Special Pidi with Varutharacha Kozhi Curry Bliss Recipe in Malayalam
Photo Credit: AI

ഈസ്റ്റര്‍ കുറച്ച് സ്‌പെഷ്യലാക്കാന്‍ നല്ല സുറിയാനി ക്രിസ്ത്യന്‍ സ്റ്റൈല്‍ പിടിയും വറത്തരച്ച കോഴിക്കറിയും തയ്യാറാക്കിയാല്ലോ? സംഭവം സൂപ്പറാണ്.

പിടി തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍

2 കപ്പ്- പുട്ടുപൊടി
1 കപ്പ്- അപ്പം പൊടി
2 കപ്പ്- നാളികേരം
2 അല്ലി- വെളുത്തുള്ളി
2 ടേബിള്‍സ്പൂണ്‍- നല്ല ജീരകം
ആവശ്യത്തിന് വെള്ളം, ഉപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ നല്ല ചുടവുകട്ടിയുള്ള ഉരുളിയിലേയ്ക്ക് പുട്ടുപൊടിയും അപ്പം പൊടിയും എടുത്തു വെച്ചിരിക്കുന്നതില്‍ നാളികേരം ഒന്നരകപ്പും, കുറച്ച് ഉപ്പും ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. തിരുമ്മി പിടിപ്പിക്കണം. അതിനുശേഷം ഇവ ചെറുതീയില്‍ ഇട്ട് ഒന്ന് വറുത്തെടുക്കണം. പൊടികളെല്ലാം ഏകദേശം സ്വര്‍ണ്ണ നിറത്തില്‍ ആകുന്നത് വരെ വറുക്കുക. നിറം മാറിക്കഴിയുമ്പോള്‍ പൊടി അടുപ്പില്‍ നിന്നും മാറ്റാവുന്നതാണ്. അതിനുശേഷം കുറച്ച് വെള്ളം അടുപ്പില്‍ വെയ്ക്കുക. മുന്‍പ് വറുത്ത് മാറ്റി വെച്ച പൊടി കുഴയ്ക്കാനാണ്.അ തിനനുസരിച്ച് വെള്ളം ചൂടാക്കുക. ചൂടാക്കാന്‍ വെച്ച വെള്ളത്തില്‍ ബാക്കിയിരിരിക്കുന്ന നാളികേരം, ജീരകം, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ക്കണം. വെള്ളം തിളയ്ക്കുമ്പോള്‍ മുന്‍പ് വറുത്ത് മാറ്റിവെച്ച പൊടികള്‍ ഇതിലേയ്ക്ക് ചേര്‍ത്ത് മിക്‌സ് ചെയ്യുക. അവസാനം മാവ് ചപ്പാത്തിമാവ് പോലെ കുഴച്ചെടുക്കണം. നന്നായി കുഴച്ചതിനു ശേഷം ചെറിയ ബോള്‍ രൂപത്തില്‍ ഇവ ഉരുട്ടി എടുക്കുക. അതിനുശേഷം, മാവ് കുഴയ്്ക്കാനെടുത്തതില്‍ കുറച്ച് വെള്ളം ബാക്കിയുണ്ടെങ്കില്‍, അതില്‍ കുറച്ചും കൂടെ വെള്ളം ചേര്‍ത്ത് കുറച്ച് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേയ്ക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഉണ്ടകള്‍ ചേര്‍ത്ത് തവിയുടെ പുറകുവശം ഉപയോഗിച്ച് ഇളക്കണം. നല്ലതുപോലെ തിക്ക് രൂപത്തില്‍ ആകുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റിവെയ്ക്കാവുന്നതാണ്.

വറുത്തരച്ച ചിക്കന്‍ കറിയ്ക്കുള്ള ചേരുവകള്‍

ഒരു കിലോ ചിക്കന്‍ നല്ലതുപോലെ കഴുകി വൃത്തിയാക്കി മാറ്റി വെയ്ക്കുക.
4-5 ഏലക്കായ
1 ഇഞ്ച്- കറുവാപ്പട്ട
5-6 ഗ്രാമ്പൂ
5-6 ഉണക്കമുളക്
2 ടേബിള്‍സ്പൂണ്‍- നല്ല ജീരകം
2-3 ചെറിയ ഉള്ളി
2 ടേബിള്‍സ്പൂണ്‍- മല്ലിപ്പൊടി
2 ടേബിള്‍സ്പൂണ്‍- കാശ്മീരി മുളക് പൊടി
അര ടീസ്പൂണ്‍- മഞ്ഞള്‍പ്പൊടി
രണ്ട് മൂന്ന് അല്ലി- വെളുത്തുള്ളി
ഒരു ഇഞ്ച്- ഇഞ്ചി
3-4- പച്ചമുളക്
അര ടീസ്പൂണ്‍- ഗരം മസാല
1 കപ്പ്- നാളികേരം ചിരകിയത്
4 സവാള- അരിഞ്ഞത്
ആവശ്യത്തിന് വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില

തയ്യാറാക്കേണ്ട വിധം

ആദ്യം ചുവട് കട്ടിയുള്ള ഒരു പാന്‍ അടുപ്പില്‍ വെയ്ക്കുക. ഇതിലേയ്ക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ചേര്‍ക്കുക. ഒപ്പം എടുത്തുവെച്ചിരിക്കുന്ന ഏലക്കായ, കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവ ചേര്‍ക്കുക. വറുത്ത് വരുമ്പോള്‍ നല്ല മണം വരാന്‍ ആരംഭിക്കും. ഈ സമയത്ത് ചിരകി വെച്ചിരിക്കുന്ന നാളികേരം ചേര്‍ക്കുക. ചെറുതീയില്‍ വെച്ച് വറുക്കുക. ഇതിലേയ്ക്ക് എടുത്തുവെച്ചിരിക്കുന്ന ഉണക്കമുളക്, ജീരകം, ചെറിയ ഉള്ളി, എന്നിവയും ചേര്‍ത്ത് വറുക്കുക. നാളികേരത്തിന്റെ നിറം മാറി വരുമ്പോള്‍ ഇതിലേയ്ക്ക് കാശ്മീരി മുളക് പൊടിയും, മല്ലിപ്പൊടിയും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വഴറ്റുക. നല്ല ഡാര്‍ക്ക് കാപ്പി നിറത്തില്‍ വരും. ഇത് അടുപ്പില്‍ നിന്നും ചൂടാറാന്‍ മാറ്റുക. അതിനുശേഷം കുറച്ച് വെള്ളം ചേര്‍ത്ത് അരച്ച് എടുത്ത് മാറ്റി വെയ്ക്കുക.

ഇതിനുശേഷം ഒരു പാന്‍ അടുപ്പത്ത് വെയ്ക്കുക. ഇതിലേയ്ക്ക് വെളിച്ചെണ്ണ ചേര്‍ക്കുക. അതിനുശേഷം സവാള ചേര്‍ത്ത് വഴറ്റുക. സവാള സോഫ്റ്റായി വരുമ്പോള്‍, ഇതിലേയ്ക്ക് വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ച് ചേര്‍ക്കുക. ഒപ്പം പച്ചമുളകും കറിവേപ്പിലയും ചേര്‍ക്കാം. നന്നായി വഴറ്റി എടുക്കുക. ശേഷം ഗരം മസാല ചേര്‍ക്കുക. വഴറ്റുക. ഇതിലേയ്ക്ക് ചിക്കന്‍ ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യണം. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ചിക്കന്റെ നിറം മാറി വരുമ്പോള്‍ ഇതിലേയ്ക്ക് കുറച്ച് തിളപ്പിച്ച വെള്ളം ചേര്‍ത്ത് വേവിക്കുക. മുക്കാല്‍ ണണിക്കൂര്‍ ഇത്തരത്തില്‍ വേവിച്ചതിനുശേഷം ഇതിലേയ്ക്ക് വറുത്തരച്ച നാളികേരം ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്യുക. മൂടി വെച്ച് എണ്ണ തെളിയുന്നത് വരെ വേവിക്കുക. ചാറ് എത്രത്തോളം വേണം എന്നത് നിങ്ങള്‍ക്ക് നിശ്ചയിക്കാവുന്നതാണ്.

രണ്ട് വിഭവങ്ങളും തയ്യാറായി കഴിഞ്ഞാല്‍ ഒന്നിച്ച് ചേര്‍ത്ത് കഴിക്കാവുന്നതാണ്. നല്ല സ്വാദാണ്.

X
Desktop Bottom Promotion