പൂന്തോട്ടത്തിന്‌ അഴകേകാന്‍ നാലു പൂക്കള്‍

ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകള്‍ക്കും കാലാവസ്ഥയ്‌ക്കും സംസ്‌കാരത്തിനും അനുസരിച്ച്‌ അവിടെ കാണപ്പെടുന്ന പൂക്കളും വ്യത്യാസപ്പെടും. എന്നാല്‍ ചില ചെടികള്‍ എല്ലാ സ്ഥലങ്ങളിലും വളരുകയും പൂവിടുകയും ചെയ്യും.

ഇത്തരം പൂക്കള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. ചില ചെടികള്‍ നട്ടുവളര്‍ത്താന്‍ അനുയോജ്യമാണെങ്കില്‍ മറ്റു ചിലവ പൂച്ചെണ്ടുകള്‍ ഉണ്ടാക്കുന്നതിനും പുഷ്‌പാലങ്കാരങ്ങള്‍ക്കും പേരുകേട്ടവയാണ്‌. നിറം, മണം, രൂപഭംഗി എന്നിവയില്‍ ഈ പൂക്കള്‍ ഒന്നിനൊന്ന്‌ വ്യത്യസ്‌തവുമാണ്‌.

Rose

റോസാപൂക്കള്‍: ലോകത്ത്‌ ഏതാണ്ട്‌ എല്ലായിടങ്ങളിലും വളരുന്ന ചെടിയാണ്‌ റോസ. ഇവയുടെ തണ്ടില്‍ മുള്ളുകളുണ്ടാകും. നിരവധി ഇതളുകളോട്‌ കൂടിയവയാണ്‌ റോസാപൂക്കള്‍. നിറത്തിലും വലുപ്പത്തിലും വ്യത്യസ്‌തങ്ങളായ നൂറുകണക്കിന്‌ ഇനം റോസാപൂക്കളുണ്ട്‌. ചുവപ്പ്‌, വെള്ള, ഓറഞ്ച്‌, മഞ്ഞ തുടങ്ങിയ നിറങ്ങളില്‍ റോസാപൂക്കള്‍ ലഭ്യമാണ്‌. ഒരു പൂവില്‍ തന്നെ ഒന്നില്‍ കൂടുതല്‍ നിറങ്ങള്‍ ഉള്ളവയുമുണ്ട്‌.

ഈ വര്‍ണ്ണവൈവിധ്യമാണ്‌ റോസാപൂക്കളെ പൂച്ചെണ്ടുകളുടെയും പുഷ്‌പാലങ്കാരങ്ങളുടെയും അവിഭാജ്യഘടകമാക്കി മാറ്റുന്നത്‌. വളരെ പെട്ടെന്ന്‌ റോസാപൂക്കളുടെ മണം തിരിച്ചറിയാന്‍ കഴിയും. അതുകൊണ്ട്‌ തന്നെ ഇവയുടെ മണം വാസനത്തൈലങ്ങളിലും മറ്റും ഉപയോഗിക്കുന്നു. കുറ്റിച്ചെടിയായും കൂട്ടത്തോടെയും പടര്‍ത്തിയുമൊക്കെ വളര്‍ത്താമെന്നതിനാല്‍ ഇവ പൂന്തോട്ടങ്ങള്‍ക്കും അനുയോജ്യമാണ്‌.

ഡെയ്‌സി: വെള്ള, മഞ്ഞ എന്നീ നിറങ്ങളിലാണ്‌ ഡെയ്‌സിപ്പൂക്കള്‍ കാണപ്പെടുന്നത്‌. ഈ പൂക്കള്‍ക്ക്‌ പരന്ന്‌ വൃത്താകൃതിയിലുള്ള ഒരു മധ്യഭാഗം ഉണ്ടാകും. ഇതിന്‌ ചുറ്റിലുമായി നേര്‍ത്ത ഇതളുകള്‍ കാണാം. എന്നാല്‍ അപൂര്‍വ്വം ചിലയിനം ഡെയ്‌സികളില്‍ മധ്യഭാഗം ഉണ്ടാകാറില്ല.

ചിത്രശലഭങ്ങളെയും വണ്ടുകളെയും തങ്ങളിലേക്ക്‌ വലിച്ചടുപ്പിക്കുന്ന തരത്തിലുള്ള തിളങ്ങുന്ന നിറവും മണവും ഡെയ്‌സിപ്പൂക്കളുടെ പ്രത്യേകതയാണ്‌. ഇങ്ങനെ പൂക്കളില്‍ വന്നിരിക്കുന്ന ജീവികളിലൂടെയാണ്‌ ഇവയില്‍ പരാഗണം നടക്കുന്നതും. വില്ല്യം ഷേക്‌സ്‌പിയറും ജോണ്‍ കീറ്റ്‌സും ഡെയ്‌സിപ്പൂക്കളുടെ സൗന്ദര്യത്തെ കുറിച്ച്‌ എഴുതിയിട്ടുണ്ട്‌. സൗഹൃദത്തിന്റെയും നിഷ്‌കളങ്കതയുടെയും പ്രതീകമായാണ്‌ ഡെയ്‌സിപ്പൂക്കള്‍.

ഡെയ്‌സികള്‍ വെട്ടിയെടുക്കുകയല്ല ചെയ്യുന്നത്‌. ചില ആള്‍ക്കാര്‍ കളയായി ഇവയെ കണക്കാക്കാറുണ്ട്‌. എന്നാല്‍ പൂക്കളെ സ്‌നേഹിക്കുന്നവര്‍ക്ക്‌ പൂത്തുനില്‍ക്കുന്ന ഡെയ്‌സി ചെടികള്‍ മനംകുളിര്‍പ്പിക്കുന്ന കാഴ്‌ച തന്നെയാണ്‌.

ടുലിപ്‌സ്‌: ലോകമെമ്പാടും അറിയപ്പെടുന്നവയാണ്‌ ടുലിപ്‌സ്‌. കപ്പിന്റെ ആകൃതിയിലുള്ള പൂക്കളില്‍ ഇതളുകള്‍ ഒന്നിന്‌ മുകളില്‍ ഒന്നായാണ്‌ ഇരിക്കുക. ഓറഞ്ച്‌, വെള്ള, പിങ്ക്‌, പര്‍പ്പിള്‍, ചുവപ്പ്‌ തുടങ്ങിയ നിരവധി നിറങ്ങളില്‍ ടുലിപ്‌സ്‌ ലഭിക്കും.

ഹോളണ്ടിന്റെ ഔദ്യോഗിക പുഷ്‌പമാണിവ. ഹോളണ്ടില്‍ നിന്ന്‌ ഇവ ധാരാളമായി കയറ്റിയയക്കുന്നുണ്ട്‌. സാഹചര്യങ്ങളുമായി വളരെ പെട്ടെന്ന്‌ ഇഴുകി ചേരുന്നവയാണ്‌ ടുലിപ്‌ പൂക്കള്‍. അതിനാല്‍ ഇവ നട്ടുവളര്‍ത്തുക വളരെ എളുപ്പമാണ്‌. പൂന്തോട്ടങ്ങള്‍ക്ക്‌ പറ്റിയ ചെടിയായി ടുലിപ്‌സിനെ മാറ്റുന്നതും മറ്റൊന്നല്ല. പ്രണയത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും സങ്കല്‍പ്പത്തിന്റെയും പ്രതീകമാണ്‌ ടുലിപ്‌ പൂക്കള്‍.

കാര്‍നേഷന്‍: റിബ്ബണ്‍ പോലെയുള്ള ചെറിയ ഇതളുകള്‍ ചേര്‍ന്നതാണ്‌ കാര്‍നേഷന്‍ പൂക്കള്‍. പൂക്കളിലെ ദേവനായി അറിയപ്പെടുന്ന ഇവ റോമന്‍ ഹാരങ്ങള്‍ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നു. വളരെ പെട്ടെന്ന്‌ വളരുമെന്നതിനാലും മഞ്ഞ, പിങ്ക്‌, പച്ച, ചുവപ്പ്‌, പര്‍പ്പിള്‍ തുടങ്ങിയ വ്യത്യസ്‌ത നിറങ്ങളില്‍ ലഭിക്കുമെന്നതിനാലും ഇവയ്‌ക്ക്‌ ജനപ്രീതി ഏറെയാണ്‌.

ചെടിയില്‍ നിന്ന്‌ ശേഖരിച്ച്‌ മണിക്കൂറുകളോളം അല്ലെങ്കില്‍ ദിവസങ്ങളോളം ഈ പൂക്കള്‍ കേടുകൂടാതെ ഇരിക്കും. അതുകൊണ്ട്‌ തന്നെ പൂച്ചെണ്ടുകള്‍ക്കും വസ്‌ത്രങ്ങള്‍ മോടിപിടിപ്പിക്കുന്നതിനും ശരീരത്തില്‍ അണിയുന്നതിനും ഇവ അനുയോജ്യമാണ്‌.

X
Desktop Bottom Promotion