ലോക മാനസികാരോഗ്യദിനം:വീട്ടമ്മമാര്‍ പോലും ജോലിസ്ഥലത്തെ മാനസിക സമ്മര്‍ദ്ദത്തിന്റെ ഇരകള്‍, ശ്രദ്ധിച്ചില്ലെങ്കില്‍

മറ്റൊരു ലോക മാനസികാരോഗ്യദിനം കൂടി വന്നെത്തിയിരിക്കുന്നു. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ലോകം കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുന്നുവെന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. പക്ഷേ അതിനൊപ്പം തന്നെ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ സമൂഹത്തില്‍ വര്‍ധിച്ചുവരുന്നുവെന്ന സത്യവും നമുക്ക് മുമ്പിലുണ്ട്. തൊഴിലിടത്തെ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കുക എന്നതാണ് ഇത്തവണത്തെ ലോക മാനസികാരോഗ്യ ദിനത്തിന്റെ തീം. തൊഴിലിടത്തെ ജോലിഭാരവും സമ്മര്‍ദ്ദവും താങ്ങാനാകാതെ മരണത്തിന് കീഴടങ്ങിയ അന്ന സെബാസ്റ്റിയന്‍ ഒരു പാഠമായി നമുക്ക് മുമ്പില്‍ നില്‍ക്കുമ്പോള്‍ തൊഴിലിടത്തെ മാനസികാരോഗ്യത്തിന് ഇനിയും മുന്‍ഗണന നല്‍കാതാരിക്കാന്‍ നമുക്ക് കഴിയില്ല. തൊഴിലാളികളുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കുന്ന തൊഴിലിടത്തിന്റെ പ്രധാന്യത്തെ കുറിച്ചും ജോലിഭാരത്തിന്റെയും അതുമായി ബന്ധപ്പെട്ട മാനസിക പിരിമുറുക്കത്തിന്റെയും ലക്ഷണങ്ങളെ കുറിച്ചും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. റഹീമുദ്ദീന്‍ വിശദീകരിക്കുന്നു.

mental health workplace

എന്താണ് അന്നയുടെ ജീവനെടുത്ത ബേണ്‍ഔട്ട്

ഒരുപക്ഷേ നമ്മളില്‍ പലരും ബേണ്‍ഔട്ട് എന്ന പദം ആദ്യമായി കേള്‍ക്കുന്നത് അന്നയുടെ മരണത്തിലൂടെയായിരിക്കും. ജോലിഭാരം ഒരാളുടെ ജീവനെടുക്കുമെന്ന് നമ്മള്‍ അറിയുന്നതും അന്നയുടെ മരണത്തിലൂടെ തന്നെയായിരിക്കും. പക്ഷേ യഥാര്‍ത്ഥത്തില്‍ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ എല്ലാവരും ബേണ്‍ഔട്ടിലൂടെ കടന്നുപോകുന്നുണ്ടെന്ന് ഡോ. റഹീമുദ്ദീന്‍ പറയുന്നു. തിരക്കുകള്‍ കാരണം ഒന്ന് ശ്വാസം വിടാന്‍ പോലും പറ്റില്ലെന്നൊക്കെ നമ്മള്‍ പറയാറില്ലേ, അതുപോലെ. ജോലി, വീട്ടിലെ ഉത്തരവാദിത്തങ്ങള്‍, മറ്റുള്ളവരെ സഹായിക്കല്‍ അങ്ങനെ പല കാരണങ്ങള്‍ കൊണ്ട് താങ്ങാവുന്നതിലധികം തിരക്കും അതിനൊത്ത സമ്മര്‍ദ്ദവും ജീവിതത്തില്‍ വരുന്ന അവസ്ഥയാണത്. ഒന്നിരിക്കാനോ, വിശ്രമിക്കാനോ കഴിയാതെ വരുന്ന അത്തം അവസ്ഥയാണ് ബേണ്‍ഔട്ട്. കടുത്ത മാനസിക പിരിമുറുക്കം അഥവാ സ്‌ട്രെസ്സ് ആണ് ബേണ്‍ഔട്ടിന്റെ അനന്തരഫലം.

ജോലിയുമായോ മറ്റ് ഉത്തരവാദിത്തങ്ങളുമായോ ബന്ധപ്പെട്ട് ഏറെക്കാലമായി അനുഭവിക്കുന്ന മാനസികപിരിമുറുക്കം ഒരു വ്യക്തിയെ ശാരീരികവും മാനസികമായി തളര്‍ത്തും. അവര്‍ കടുത്ത മടുപ്പിലൂടെ കടന്നുപോകും. വീട്ടമ്മമാരും വീട്ടുജോലികള്‍ ചെയ്യുന്നവരും അവര്‍ ചെയ്യുന്ന ജോലികളുമായി ബന്ധപ്പെട്ട് മാനസിക പിരിമുറുക്കവും കടുത്ത സമ്മര്‍ദ്ദവും അനുഭവിക്കുന്നുണ്ട്. പക്ഷേ പലപ്പോഴും അത്തരം ജോലികള്‍
ജോലി ആയി പരിഗണിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ പ്രശ്‌നങ്ങളും അവഗണിക്കപ്പെടുന്നു. കൃത്യസമയമോ, വേതനമോ ഇല്ലാത്ത ജോലി ആയതിനാല്‍ തന്നെ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് പലപ്പോഴും വീട്ടമ്മമാരും വീട്ടുജോലികള്‍ ചെയ്യുന്നവരും അനുഭവിക്കുന്നത്.

ലക്ഷണങ്ങള്‍

ബേണ്‍ഔട്ടിലൂടെ കടന്നുപോകുന്ന ആളുകള്‍ തങ്ങള്‍ കടുത്ത സ്‌ട്രെസ്സ് അനുഭവിക്കുന്നുണ്ടെന്നും സഹായം ആവശ്യമാണെന്നും മറ്റുള്ളവരോട് തുറന്നുപറയാന്‍ മടിക്കും. അതനുള്ള ഒരു കാരണം താന്‍ മാനസികരോഗിയായി ചിത്രീകരിക്കപ്പെടുമോ എന്ന ഭയമാണ്. അടുത്തത്, ജോലിസ്ഥലത്ത് കഴിവില്ലാത്തയാളായി മുദ്ര കുത്തപ്പെടുമോ എന്ന ഭയമാണ്. അതുകൊണ്ട് പലരും ജോലിഭാരം കൊണ്ടുണ്ടാകുന്ന സ്‌ട്രെസ്സ് മറച്ചുവെക്കും. ഒപ്പം ജോലി ചെയ്യുന്നവരുടെ മാനസികാരോഗ്യത്തെ കുറിച്ച് സഹപ്രവര്‍ത്തകരും അവര്‍ക്ക് ജോലികള്‍ നല്‍കുന്ന മാനേജര്‍മാരും മറ്റ് മേലുദ്യോഗസ്ഥരും ബോധവാന്മാരാകേണ്ടതിന്റെ പ്രാധാന്യമാണ് ഈ സാഹചര്യത്തിലൂടെ വെളിവാകുന്നത്.

ശരീരവും മനസ്സും നല്‍കുന്ന ചില ലക്ഷണങ്ങളിലൂടെയും സൂചനകളിലൂടെയും ബേണ്‍ഔട്ട് സ്വയം തിരിച്ചറിയുന്നതിനും മറ്റുള്ളവരിലെ ബേണ്‍ഔട്ട് തിരിച്ചറിയുന്നതിനും സാധിക്കും. അവ എന്തെല്ലാമാണെന്ന് നോക്കാം.

മാനസികമായ ലക്ഷണങ്ങള്‍

വൈകാരികമായ മടുപ്പ് :മൊത്തത്തിലുള്ള മടുപ്പ്, താല്‍പ്പര്യക്കുറവ്, ഒന്നിനും സാധിക്കാത്ത അവസ്ഥ

ഉല്‍പ്പാദനക്ഷമത കുറയുക :ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരി, ജോലികള്‍ പിന്നീടത്തേക്ക് മാറ്റിവെക്കുക, കാര്യപ്രാപ്തി കുറയുക.

വിരക്തി, അലസത: ജോലിയോടുള്ള നെഗറ്റീവ് മനോഭാവം, സഹപ്രവര്‍ത്തകരോട് അകല്‍ച്ച, മോശം പെരുമാറ്റം, ഉത്തരവാദിത്തങ്ങളില്‍ അലംഭാവം.

അസ്വസ്ഥത: അടിക്കടിയുള്ള ഇച്ഛാഭംഗം, ക്ഷമയില്ലായ്മ, മൂഡ് സ്വിംഗ്‌സ്.

കഴിവുകളില്‍ സംശയം: ജോലികളും ഉത്തരവാദിത്തങ്ങളും ചെയ്യാന്‍ കഴിയില്ലെന്ന തോന്നല്‍, സ്വന്തം കഴിവുകളില്‍ സംശയം തോന്നല്‍. നല്ല പ്രകടനം കാഴ്ചവെച്ചാലും അതില്‍ തൃപ്തിക്കുറവും സംശയവും.

ആവേശക്കുറവ്: ജോലികളിലും ഉത്തരാവാദിത്തങ്ങളിലും ഉത്സാഹക്കുറവും താല്‍പ്പര്യക്കുറവും . പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള മടി.

ശാരീരികമായ ലക്ഷണങ്ങള്‍

അടിക്കടിയുള്ള തലവേദന, ദഹന പ്രശ്‌നങ്ങള്‍, പേശീവേദന, സമ്മര്‍ദ്ദം, ഉറക്കപ്രശ്‌നങ്ങള്‍, ക്ഷീണം.

പെട്ടെന്ന് ഒരുദിവസം ഉണ്ടാകുന്ന സംഗതിയല്ല ബേണ്‍ഔട്ട് അഥവാ ജോലിസംബന്ധ പിരിമുറുക്കും. പതുക്കെപതുക്കെയാണ് ഇത് പിടിമുറുക്കുന്നത്. അതുകൊണ്ട് തുടക്കത്തില്‍ തന്നെ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്.

ബേണ്‍ഔട്ടിന്റെ പരിണിതഫലങ്ങള്‍

ജോലിസ്ഥലത്തെ മാനസിക സമ്മര്‍ദ്ദം പലരെയും പല രീതിയിലാണ് ബാധിക്കുന്നത്. മുമ്പ് നേരിട്ട മാനസികമായ പ്രശ്‌നങ്ങള്‍ ( ഉദാഹരണത്തിന് ഉത്കണ്ഠ, കുട്ടിക്കാലത്തെ മോശം അനുഭവങ്ങള്‍ തുടങ്ങിയവ), സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ അഭാവം, വ്യക്തിപരമായ സ്വഭാവ സവിശേഷതകള്‍, സാമൂഹികമായ ഘടകങ്ങള്‍ എന്നിവയെല്ലാം ബേണ്‍ഔട്ടിന്റെ അനന്തരഫലങ്ങളെ സ്വാധീനിക്കുന്നു. ജോലിഭാരവും സമ്മര്‍ദ്ദവും കൂടുമ്പോള്‍ ആശ്വാസം കണ്ടെത്താന്‍ ചിലയാളുകള്‍ ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമകളാകുന്നു. മറ്റുചിലര്‍ മൊബൈലിന് അടിമകളാകും. ചിലയാളുകള്‍ സമ്മര്‍ദ്ദം താങ്ങാനാകാതെ ആത്മഹത്യ തിരഞ്ഞെടുക്കും.

ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം അസഹിനീയമാകുമ്പോള്‍ ശാരീരികമായും മാനസികമായും വൈകാരികമായും അത് പ്രകടമാകും.

കടുത്ത ക്ഷീണം: വിശ്രമിച്ചാലും മാറാത്ത ക്ഷീണം, അവധിദിവസങ്ങളിലും ക്ഷീണം തോന്നുക.

അടിക്കടിയുള്ള തലവേദന: ജലദോഷം, തലവേദന, ദഹനപ്രശ്‌നങ്ങള്‍ എന്നിവ അടിക്കടിയുണ്ടാകുക.

മൂഡ് സ്വിംഗ്‌സ്: അകാരണമായി പെട്ടെന്ന് ദേഷ്യം വരിക, അസ്വസ്ഥതയും ഉത്കണ്ഠയും സങ്കടവും തോന്നുക.

ശ്രദ്ധക്കുറവ്: ജോലിയിലും ചെയ്യുന്ന കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക. തീരുമാനമെടുക്കാന്‍ കഴിയാതിരിക്കുക. ജോലികള്‍ മറന്നുപോകുക.

പ്രകടനം കുറയുക: ജോലിയില്‍ പ്രകടനം കുറയുക, കൃത്യസമയത്ത് ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതിരിക്കുക, തെറ്റുകള്‍ വര്‍ധിക്കുക.

അവധി: പല കാരണങ്ങള്‍ പറഞ്ഞ് ജോലിയില്‍ നിന്ന് അവധിയെടുക്കുക. വൈകിവരുക, നേരത്തെ പോകുക.

ഒറ്റപ്പെടല്‍: സഹപ്രവര്‍ത്തകരില്‍ നിന്ന് അകലുക, സാമൂഹികമായ ഇടപെടലുകളും ടീം ആക്റ്റിവിറ്റികളും കുറയുക.

താല്‍പ്പര്യക്കുറവ്: ജോലിയില്‍ താല്‍പ്പര്യം കുറയുക. മുമ്പ് താല്‍പ്പര്യത്തോടെ ചെയ്ത കാര്യങ്ങളില്‍ പോലും മടുപ്പ് തോന്നുക.

ഉറക്കപ്രശ്‌നങ്ങള്‍: ഉറക്കക്കുറവ്, ഉറങ്ങാന്‍ ബുദ്ധിമുട്ട്, ജോലിയെ കുറിച്ച് ആലോചിച്ച് ആശങ്കപ്പെട്ട് രാത്രിയില്‍ ഉറക്കമെഴുന്നേല്‍ക്കുക.

ശാരീരികമായ ബുദ്ധിമുട്ടുകള്‍: പേശീവേദന. പ്രത്യേകിച്ച് കഴുത്തിലും തോളിലും പുറംഭാഗത്തും. നെഞ്ചുവേദന, നെഞ്ചില്‍ സമ്മര്‍ദ്ദം.

ഈ ലക്ഷണങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയുകയും അത് ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദമാണെന്ന് മനസ്സിലാക്കി ബേണ്‍ഔട്ടിലേക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും പോകുന്നതിന് മുമ്പ് ചികിത്സ തേടുകയോ പരിഹരിക്കുകയോ ചെയ്യുക.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion