Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
World Health Day: മാനസികാരോഗ്യം ഇല്ലാതെ പൂര്‍ണ്ണമാകില്ല ആരോഗ്യം; അതിനായി നമുക്ക് കൈകോര്‍ക്കാം
World Health Day 2025:മറ്റൊരു ലോകാരോഗ്യദിനം വന്നെത്തിയിരിക്കുന്നു. ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം എന്ന ചൊല്ല് മിക്കവര്‍ക്കും അറിയാമെങ്കിലും എന്താണ് ആരോഗ്യം എന്നതില്‍ പൂര്‍ണ്ണമായ ധാരണ മിക്കവര്‍ക്കും ഇന്നും ഇല്ല. രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ശാരീരികമായ ആരോഗ്യം മാത്രമല്ല, മാനസികമായ ആരോഗ്യവും ഉണ്ടെങ്കിലേ ആ വാക്ക് പൂര്‍ണ്ണമാകുന്നുള്ളുവെന്ന് പലരും മറക്കുന്നു.

ലോകാരോഗ്യദിനത്തിന്റെ പശ്ചാത്തലത്തില്‍ സമഗ്രമായ ആരോഗ്യത്തിനും ക്ഷേമത്തിനും മാനസികാരോഗ്യത്തിന് നല്‍കേണ്ട പ്രാധാന്യത്തെ കുറിച്ച് തൃശ്ശൂര്‍ ഗവണ്‍മെന്റ് മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. റഹീമുദ്ദീന്‍ ബോള്‍ഡ്‌സ്‌കൈ വായനക്കാരുമായി അറിവുകള്‍ പങ്കുവെക്കുന്നു.
കോവിഡിന് ശേഷം വന്ന മാറ്റം
കോവിഡ്-19, നമ്മുടെയെല്ലാം ജീവിതത്തിലുണ്ടാക്കിയ മാറ്റം നിസ്സാരമല്ല. ലോക്ക്ഡൗണും ഐസൊലേഷനും നഷ്ടങ്ങളും അനിശ്ചിതത്വവും ലോകമെമ്പാടുമുള്ള ശതകോടിക്കണക്കിന് ആളുകളെ ബാധിച്ചു. ലോകത്തിലെ ആരോഗ്യസംവിധാനങ്ങള്‍ കൊറോണ വൈറസിനോട് പൊരുതിയപ്പോള്‍, നിശബ്ദമായി പടര്‍ന്നുപിടിച്ച മാനസികാരോഗ്യ പകര്‍ച്ചവ്യാധി ആരും ശ്രദ്ധിച്ചില്ല. ഉത്കണ്ഠ, വിഷാദം, കുറ്റബോധം, സമ്മര്‍ദ്ദം എന്നിങ്ങനെയുള്ള മാനസികാരോഗ്യപ്രശ്‌നങ്ങള്‍ ലോകത്ത് വര്‍ധിച്ചു. എല്ലാ പ്രായക്കാരും അത്തരം പ്രശ്‌നങ്ങള്‍ നേരിട്ടു. മാനസികാരോഗ്യമെന്നാല്‍ ആഡംബരമല്ലെന്നും അത്യാവശ്യം ആണെന്നും ലോകം മനസ്സിലാക്കിയ നാളുകള്‍ ആയിരുന്നു അത്.
ഇത്ര വലിയ മാനസികാരോഗ്യ പ്രതിസന്ധി ഉണ്ടായിട്ടും ആരോഗ്യ ചര്‍ച്ചകളിലും നയ രൂപീകരണത്തിലും സാമൂഹിക മുന്‍ഗണനകളിലും മാനസികാരോഗ്യം ഇന്നും അരികുവത്കരിക്കപ്പെട്ട അവസ്ഥ തുടരുന്നു. ശാരീരികമായ അനാരോഗ്യം പ്രകടമായി അനുഭവപ്പെടുമ്പോള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പലപ്പോഴും മറഞ്ഞിരിക്കുകയോ തെറ്റിദ്ധരിക്കപ്പെടുകയോ മാറ്റിനിര്‍ത്തപ്പെടുകയോ ചെയ്യുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കാണാതെപോകുന്ന ഈ സ്ഥിതിവിശേഷം അവഗണനയിലേക്കും നിഷേധാവസ്ഥകളിലേക്കും കൃത്യസമയത്ത് ഇടപെടല്‍ ഇല്ലാത പോകുന്നതിലേക്കും നയിക്കുന്നു.
മാനസികാരോഗ്യം ഉണ്ടെങ്കിലേ ആരോഗ്യമുള്ളു
ഒരാള്‍ എങ്ങനെ ചിന്തിക്കുന്നു, എങ്ങനെ കാര്യങ്ങള്‍ അനുഭവിക്കുന്നു, എങ്ങനെ പ്രതികരിക്കുന്നു എന്നിങ്ങനെ പല ഘടകങ്ങളെയും മാനസികാരോഗ്യം ബാധിക്കുന്നുണ്ട്. മാനസിക പിരിമുറുക്കം, തീരുമാനമെടുക്കല്‍, ബന്ധങ്ങള്‍ സ്ഥാപിക്കല്‍, സമൂഹത്തിലെ പങ്കാളിത്തം എന്നീ വിഷയങ്ങളില്‍ ഒരു വ്യക്തിയുടെ ഇടപെടലിലും മാനസികാരോഗ്യം ഒരു പങ്ക് വഹിക്കുന്നു. വളരെ ചെറിയ പ്രായം മുതല്‍ക്ക് വാര്‍ധക്യം വരെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും മാനസികാരോഗ്യവും ക്ഷേമവും വളരെ അത്യാവശ്യമാണ്.
വൈകാരികമായ പിന്തുണയും മാനസികമായ സുരക്ഷയും ഉണ്ടെങ്കിലേ കുട്ടികള്‍ പ്രതിസന്ധികളെ തരണം ചെയ്യുന്നവരായി വളരുകയുള്ളു. പ്രത്യേകിച്ച് കൗമാരപ്രായത്തില്‍ നിന്നും യൗവനത്തിലേക്ക് കടക്കുന്നവര്‍ക്ക് അക്കൗദമിക രംഗത്ത് അവര്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങളും സ്വത്വവുമായി ബന്ധപ്പെട്ട പ്രതിസന്ധികളും തരണം ചെയ്യണമെങ്കില്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കണം. വ്യക്തിപരവും തൊഴില്‍പരവുമായ ഉത്തരവാദിത്തങ്ങളില്‍ തിരക്കില്‍പ്പെടുന്നവര്‍ക്കും കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്. പ്രായമായവരും ഒറ്റപ്പെടലും ബൗദ്ധികമായ പ്രതിസന്ധികളും അടക്കം പ്രത്യേകമായ മാനസികാരോഗ്യ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഈ ഓരോ ഘട്ടങ്ങളിലും ജീവിതനിലവാരം നിര്‍ണ്ണയിക്കുന്നതില്‍ മാനസിക ക്ഷേമം നിര്‍ണ്ണായകമാണ്.
എന്നിട്ടും ഇക്കാര്യത്തിലെ സമൂഹത്തിന്റെ ചില മനോഭാവങ്ങള്‍ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം കുറച്ചുകാണുന്നു. മാനസികമായ ബുദ്ധിമുട്ടുകള്‍ നിസ്സാരവല്‍ക്കരിക്കപ്പെടുന്നു, ഇക്കാര്യത്തില്‍ സഹായം തേടുന്നവരെ ഒറ്റപ്പെടുത്തുന്നു, മാനസികാരോഗ്യ ചര്‍ച്ചകള്‍ മനപ്പൂര്‍വ്വം ഒഴിവാക്കുന്നു. സന്തോഷമുള്ള ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ ശ്രമിച്ചാല്‍ ഈ സ്ഥിതിവിശേഷത്തില്‍ മാറ്റമുണ്ടാകും.
മാനസിക ശുചിത്വത്തിന്റെ പങ്ക്
കുട്ടിക്കാലം മുതല്‍ക്ക് വ്യക്തിശുചിത്വത്തെ കുറിച്ച് പല അറിവുകളും നമുക്ക് ലഭിക്കുന്നുണ്ട്. എന്നും പല്ലുതേക്കണം, ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകള്‍ കഴുകണം തുടങ്ങിയ അറിവുകള്‍ കുട്ടികള്‍ക്ക് വളരെ ചെറിയ പ്രായത്തില്‍ തന്നെ ലഭിക്കുന്നു. എന്നാല്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ മാനസിക ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നുള്ളു. നമ്മുടെ ശരീരത്തെ ദിവസേന നമ്മള്‍ എങ്ങനെ പരിപാലിക്കുന്നുവോ അതുപോലെ നമ്മുടെ മാനസികാരോഗ്യത്തെ നമ്മള്‍ പരിപാലിക്കുകയും നിലനിര്‍ത്തുകയും വേണം.
എന്താണ് മാനസിക ശുചിത്വം, അതിനായി എന്തെല്ലാം ചെയ്യണം? വൈകാരികമായ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും മാനസികമായ പ്രതിസന്ധികളെ നേരിടുന്നതിനും നിത്യേന നമ്മള്‍ ചെയ്യേണ്ട ചില കാര്യങ്ങളാണ് മാനസിക ശുചിത്വത്തില്‍ ഉള്‍പ്പെടുന്നത്. ഇനിപ്പറയുന്ന കാര്യങ്ങള്‍ അതിനായി സഹായിക്കും.
ആരോഗ്യകരമായ ഉറക്ക ശീലങ്ങള്‍
ദിവസവും വ്യായാമം
പോഷകസമ്പുഷ്ടമായ ഭക്ഷണം
വികാരങ്ങളെ കുറിച്ചുള്ള അറിവുകളും വികാരനിയന്ത്രണവും
സാഹചര്യങ്ങളെ പോസിറ്റീവായി കൈകാര്യം ചെയ്യാനുള്ള തന്ത്രങ്ങള്‍
പിന്തുണ തരുന്ന ബന്ധങ്ങള്‍
ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മളില്‍ പലരും പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങുമ്പോഴാണ് മാനസികാരോഗ്യത്തെ കുറിച്ച് ചിന്തിക്കാറ്. പക്ഷേ, ശാരീരികമായ ആരോഗ്യത്തില്‍ എന്നത് പോലെ തന്നെ രോഗം വരാതെ നോക്കുകയാണ്, രോഗം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത്. നിത്യജീവിതത്തില്‍ മാനസികാരോഗ്യ ശുചിത്വം ശീലിക്കുന്നത് ദീര്‍ഘകാല ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും അടിത്തറയാണ്.
ജന ബോധവല്‍ക്കരണവും സാമൂഹിക മാറ്റവും
മാനസികാരോഗ്യമെന്നത് ഒരു വ്യക്തിയുടെ മാത്രം പ്രശ്‌നമല്ല, അത് കൂട്ടായ ഒരു ഉത്തരവാദിത്തമാണ്. അതിനായി കൂട്ടായ്മകളും ജനവിഭാഗങ്ങളും ഒന്നിച്ച് മുന്നോട്ടുവരികയും മാനസികാരോഗ്യ ക്ഷേമത്തെ പിന്തുണയ്ക്കുന്ന പരിതസ്ഥിതികള്‍ സൃഷ്ടിക്കേണ്ടതും ഉണ്ട്. വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിന് സുരക്ഷിതമായ ഇടങ്ങള്‍, മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യത, അനുതാപവും എല്ലാവരെയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു സംസ്‌കാരം എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു.
പൊതുജന ബോധവല്‍ക്കരണം, ശില്‍പ്പശാലകള്‍, പ്രാദേശികമായ സഹായ സംഘങ്ങള്‍ എന്നിവയ്‌ക്കെല്ലാം മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്ന അന്തരീക്ഷം വളര്‍ത്തിയെടുക്കൈാന്‍ ഒരു പങ്ക് വഹിക്കാനാകും. തൊഴിലുടമകള്‍, കൗണ്‍സിലിംഗ് സേവനങ്ങള്‍ നല്‍കിയും ജോലിയും കുടുംബവും ഒന്നിച്ച് കൊണ്ടുപോകാന്‍ ഉതകുന്ന സൗകര്യങ്ങള്‍ നല്‍കിയും തുറന്ന് സംസാരിക്കാനുള്ള സാഹചര്യം ഒരുക്കിയും തൊഴിലാളികളുടെ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കണം. മാനസികാരോഗ്യത്തെ സദാചാരവീഴ്ചയായി കാണാതെ, മനുഷ്യരുടെ ഒരു പ്രശ്‌നമായി അവതരിപ്പിച്ച് കൊണ്ട് മത, സാസ്‌കാരിക സ്ഥാപനങ്ങള്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരെ ഒറ്റപ്പെടുത്താതിരിക്കാന്‍ ഒരു പങ്ക് വഹിക്കാന്‍ സാധിക്കും.
മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍ മനസ്സിലാക്കാനും സഹാനുഭൂതിയോടെയും അറിവോടെയും ഇടപെടല്‍ നടത്താനും അധ്യാപകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സമുദായ നേതാക്കള്‍ എന്നിങ്ങനെ മുന്‍നിര പോരാളികള്‍ക്ക് പരിശീലനം ലഭ്യമാക്കണം.
ഏറ്റവും നല്ല തുടക്കം വിദ്യാലയങ്ങള്‍
മാനസികാരോഗ്യത്തെ ഒരു സാധാരണ കാര്യമായി കരുതുന്ന സ്ഥിതി ഉണ്ടാകണമെങ്കില്‍ അതിനുള്ള മാറ്റം കുട്ടികളില്‍ നിന്ന് തുടങ്ങണം. വൈകാരിക പക്വതയുള്ള പൗരന്മാരായി ഭാവി തലമുറയെ വാര്‍ത്തെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള ഏറ്റവും നല്ല സ്ഥലം വിദ്യാലയങ്ങളാണ്. ഫിസിക്കല്‍ എജ്യൂക്കേഷനും ശാസ്ത്രവും പോലെ ഔപചാരിക വിദ്യാഭ്യാസത്തില്‍ മാനസികാരോഗ്യ വിദ്യാഭ്യാസവും ഉള്‍പ്പെടുത്തണം. വികാരങ്ങള്‍, അനുതാപം, മാനസികസമ്മര്‍ദ്ദം കൈകാര്യം ചെയ്യല്‍, ആരോഗ്യകരമായ ആശവിനിമയം, സെല്‍ഫ് കെയര്‍ എന്നീ കാര്യങ്ങളെ കുറിച്ച് വളരെ ചെറിയ പ്രായം മുതല്‍ക്ക് കുട്ടികള്‍ക്ക് അറിവുകള്‍ നല്‍കണം.
ദിവസേന കുട്ടികള്‍ പഠിക്കുന്ന കാര്യങ്ങളില്‍ ആരോഗ്യത്തോടെ ജീവിക്കുന്നതിനുള്ള കഴിവുകളും ഉള്‍പ്പെടുത്തണം. കൂട്ടായ പ്രവര്‍ത്തനം, സര്‍ഗാത്മകത, മൈന്‍ഡ്ഫുള്‍നെസ്സ്, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണല്‍ എന്നിങ്ങനെയുള്ള കഴിവുകള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ സാധിച്ചാല്‍, അത് ശരിക്കും ഫലപ്രദമാകും. പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാരുടെ സേവനം സ്‌കൂളില്‍ ലഭ്യമാക്കുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ അവര്‍ക്ക് സ്‌കൂളില്‍ തന്നെ സഹായം ലഭിക്കുന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.
മാനസികാരോഗ്യത്തെ മനസ്സിലാക്കുന്നതിനും കരുതല്‍ നല്‍കുന്നതിനുമുള്ള ഉപാധികളെ കുറിച്ചും കുട്ടികളെ ശാക്തീരിക്കണം. ഇങ്ങനെ ചെയ്യുന്നത് ഭാവിയില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മാത്രമല്ല, ആത്മവിശ്വാസമുള്ള, സഹാനുഭൂതിയുള്ള, പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള പൗരന്മാരെ വളര്‍ത്താന്‍ സഹായിക്കും.
മാനസികാരോഗ്യ രാഷ്ട്രീയവും നിക്ഷേപവും
നയ രൂപകര്‍ത്താക്കള്‍ മാനസികാരോഗ്യത്തെ പൊതുജനാരോഗ്യ മുന്‍ഗണനയായി പരിഗണിക്കണം. മാനസികാരോഗ്യത്തിനായുള്ള നിക്ഷേപം പ്രത്യേകിച്ച് പ്രാഥമികാരോഗ്യതലത്തില്‍ ഏറ്റവും അടിയന്തരമായ കാര്യമാണ്. ഉദ്യോഗസ്ഥ പരിശീലനം, കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് സെന്ററുകള്‍ സ്ഥാപിക്കല്‍, പൊതുജന ആരോഗ്യ സേവനങ്ങളില്‍ മാനസികാരോഗ്യവും ഉള്‍പ്പെടുത്തല്‍ എന്നിവയെല്ലാം സമൂഹത്തിന് ഗുണം ചെയ്യും. ഇതിനായി നിക്ഷേപങ്ങള്‍ നടത്തണം.
മാനസികാരോഗ്യ പ്രശ്‌നങ്ങളോടുള്ള അവഗണനയും അവ നേരിടുന്നവരെ ഒറ്റപ്പെടുത്തുന്നതും മാനസികാരോഗ്യ സേവനങ്ങള്‍ ഉപയോഗപ്പെടുത്താതിരിക്കുന്നതില്‍ ഒരു കാരണമാണ്. സ്ഥിരമായ സാമൂഹിക, സാംസ്‌കാരിക ഇടപെടലുകളിലൂടെയും ബോധവല്‍ക്കരണത്തിലൂടെയും ഇത്തരം പ്രതിബന്ധങ്ങളെ തകര്‍ക്കണം. മാത്രമല്ല, കുട്ടികള്‍, സ്ത്രീകള്‍. പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ദരിദ്രവിഭാഗങ്ങള്‍, പ്രശ്‌നബാധിത മേഖലകളില്‍ കഴിയുന്നവര്‍ തുടങ്ങിയ അവശ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള മാനസികാരോഗ്യ നയങ്ങള്‍ രൂപീകരിക്കണം. എല്ലാവര്‍ക്കും ഒരുപോലെ മാനസികാരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നത് ഒരു ഔദാര്യമല്ല, പകരം മനുഷ്യാവകാശമാണ്.
മാനസികാരോഗ്യം നമ്മുടെ കൂട്ടുത്തരവാദിത്തം
ഈ ലോകാരോഗ്യദിനത്തില്‍, നമ്മള്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ലോകത്തെ കുറിച്ച് ആഴത്തില്‍ ചിന്തിക്കുകയും അതിനായുള്ള ചിന്തകള്‍ പ്രതിഫലിക്കുകയും ചെയ്യാം. ആരോഗ്യമുള്ള ലോകം എന്നാല്‍ രോഗങ്ങളാല്‍ മോചിതമായ ഒരു ലോകം എന്ന് മാത്രമല്ല, ആളുകള്‍ക്ക് സുരക്ഷിതത്വം തോന്നുന്ന, തങ്ങള്‍ക്കും വിലയുണ്ടെന്ന് തോന്നുന്ന, വൈകാരികമായി പിന്തുണ ലഭിക്കുന്ന ഒരിടം കൂടിയാകണം. മാനസികാരോഗ്യം എന്ന വാക്ക് അപമാനത്തോടെ മന്ത്രിക്കുന്ന ഒരു ലോകമല്ല, വ്യക്തതയോടെ, അനുതാപത്തോടെ, കരുതലോടെ ഉറച്ച് ഉച്ചരിക്കുന്ന ലോകമാണ് നമുക്ക് വേണ്ടത്.
ഇന്ന് തന്നെ അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാം. നമ്മുടെ വീടുകളിലും സ്‌കൂളുകളിലും കൂട്ടായ്മകളിലും മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കാം. ശാരീരിക ആരോഗ്യത്തിന് നല്‍കുന്ന അതേ പ്രാധാന്യത്തോടും അടിയന്തര ശ്രദ്ധയോടും വൈകാരിക ക്ഷേമത്തെയും പരിഗണിക്കാം. ശരീരത്തെ മാത്രമല്ല, മനസ്സുകളെയും ഹൃദയങ്ങളെയും പരിപോഷിപ്പിക്കാന്‍ നമുക്ക് ശ്രമിക്കാം.
കാരണം മാനസികാരോഗ്യം ഇല്ലാതെ ആരോഗ്യം പൂര്‍ണ്ണമാകില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











