Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
മണിച്ചിത്രത്താഴിലെ ഗംഗയുടെ രോഗം, മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി എന്താണ്, ലക്ഷണങ്ങള്‍ എന്തെല്ലാം?
മലയാളികളുടെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത കഥാപാത്രമാണ് മണിച്ചിത്രത്താഴിലെ ഗംഗ. ശോഭനയെന്ന അഭിനേത്രിയുടെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിന് സാക്ഷിയായ സിനിമ. അതില്‍ ഗംഗയേക്കാളും പ്രേക്ഷകമനസ്സുകളെ കോരിത്തരിപ്പിച്ചത് നാഗവല്ലിയാണ്. ഗംഗയില്‍ നിന്നും നാഗവല്ലിയിലേക്കുള്ള ശോഭനയുടെ ഭാവപ്പകര്‍ച്ചകളെ വിസ്മയത്തോടെയല്ലാതെ കാണാനാകില്ല. ഇന്ന് മണിച്ചിത്രത്താഴ് വീണ്ടും തീയറ്ററുകളിലെത്തിയപ്പോള്‍ മാടമ്പള്ളിയിലെ മനോരോഗി ശ്രീദേവിയല്ല, ഗംഗയാണെന്ന് നമുക്കെല്ലാം അറിയാം.

ഗംഗ പോലും അറിയാതെ നാഗവല്ലിയായി മാറുന്ന ഗംഗയുടെ മനോരോഗത്തെ കുറിച്ച് ഡോ.സണ്ണി വളരെ വിശദമായി നകുലനോട് പറയുന്നുണ്ട്. 'ചില നേരങ്ങളില്‍ ഗംഗ നാഗവല്ലിയായി മാറും. നമ്മള്‍ പത്രങ്ങളിലൊക്കെ വായിക്കാറില്ലേ, പതിനൊന്ന് വയസ്സുള്ള മുസ്ലീം ബാലിക 71 വയസ്സുള്ള വാരസ്യാരായി പെരുമാറുന്നു, സംസാരിക്കുന്നു, സംസ്‌കൃത ശ്ലോകം ചൊല്ലുന്നു എന്നൊക്കെ. പഴമക്കാര്‍ ഇതിനെ ബാധ കൂടിയതാണെന്നൊക്കെ പറയും. സൈക്യാട്രിയില്‍ സ്പ്ലിറ്റ് പേഴ്‌സണാലിറ്റി, ഡ്യുവല്‍ പേഴ്‌സണാലിറ്റി, അതായത് അപര വ്യക്തിത്വം, ദ്വന്ദ വ്യക്തിത്വം പൊസഷന്‍ സ്റ്റേറ്റ് തുടങ്ങിയ ലഘു മനോരോഗങ്ങളായിട്ടാണ് ഇതിനെ കാണുന്നത്'.
'Dissociative identity disorder' എന്ന ഗണത്തിലാണ് ഗംഗയുടെ മനോരോഗം വരുന്നത്. മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി ഡിസോഡര്‍, സ്പ്ലിറ്റ് പേഴ്‌സണാലിറ്റി എന്നീ പേരുകളിലാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. ഒരേ വ്യക്തിയില്‍ രണ്ടോ അതിലധികമോ വ്യത്യസ്ത വ്യക്തിത്വങ്ങള്‍ ഉണ്ടാകുന്ന മാനസിക സ്ഥിതിയാണിത്. എന്താണ് ഈ മനോരോഗത്തിന്റെ പ്രത്യേകതകള്‍ എന്നും അതുണ്ടാകാനുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്നും ഏതുതരം ചികിത്സയാണ് ഇവര്‍ക്ക് വേണ്ടതെന്നും മനസ്സിലാക്കാം. തൃശ്ശൂര്‍ ഗവണ്‍മെന്റ് മെന്റല്‍ ഹെല്‍ത്ത് സെന്ററിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ.റഹീമുദ്ദീന്‍ പി.കെ ഈ രോഗത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ബോള്‍ഡ്‌സ്‌കൈയുമായി പങ്കുവെക്കുന്നു.

എന്താണ് 'Dissociative identity disorder'?
നമ്മുടെ ഓര്‍മ്മയും വ്യക്തിത്വവും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്ന അവസ്ഥയാണ് 'Dissociative identity disorder'. വ്യത്യസ്തം അഥവാ ബന്ധമില്ലായ്മ എന്നാണ് 'ഡിസ്സോസിയേറ്റ്' എന്ന പദം അര്‍ത്ഥമാക്കുന്നത്. ഒരു പ്രൈമറി
ഡിഫന്‍സ് മെക്കാനിസം ആണിത്. ഈ അവസ്ഥയുള്ള ആളുകള്‍ വ്യത്യസ്ത വ്യക്തിത്വങ്ങള്‍ പ്രകടമാക്കും. ഓരോ ഐഡന്റിറ്റിയിലും തികച്ചും വ്യത്യസ്തമായ സ്വഭാവങ്ങളും ഓര്‍മ്മകളും പെരുമാറ്റരീതികളും ആയിരിക്കും അവര്‍ക്ക്. ലിംഗത്തിലും സംസ്‌കാരത്തിലും എല്ലാം വ്യത്യാസങ്ങള്‍ പ്രകടമാക്കും. ഐഡന്റിറ്റി മാറുമ്പോള്‍ ഓര്‍മ്മകള്‍ കൈമാറപ്പെടണമെന്നില്ല.
എങ്ങനെയാണ് ഒരാള്‍ക്ക് രണ്ട് വ്യക്തിത്വം ഉണ്ടാകുന്നത്?
ഒരു വ്യക്തിക്ക് മനസ്സില്‍ സമ്മര്‍ദ്ദവും ടെന്‍ഷനും താങ്ങാതെ വരുമ്പോഴാണ് അവര്‍ പുതിയൊരു വ്യക്തിത്വത്തിലേക്ക് പോകുന്നത്. കുട്ടിക്കാലത്തെയോ ഭൂതകാലത്തെയോ നെഗറ്റീവ് അനുഭവങ്ങള്‍, അവഗണന, മാതാപിതാക്കളില്‍ നിന്നുള്ള സ്‌നേഹക്കുറവ് എന്നിവയെല്ലാം ഈ രോഗാവസ്ഥയിലേക്ക് നയിച്ചേക്കാം. മറ്റൊരു ഐഡന്റിറ്റി സ്വീകരിക്കുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് പഴയ ഓര്‍മ്മകള്‍ ഉണ്ടാകണമെന്നില്ല. ചിലര്‍ക്ക് ഓര്‍മ്മകള്‍ തന്നെ മുഴുവനായി മാറിപ്പോകും. മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ വരുമ്പോള്‍ മറ്റൊരു ഐഡന്റിറ്റിയിലേക്ക് പോയി ആഗ്രഹങ്ങളും സ്വപ്‌നങ്ങളും സഫലമാക്കാന്‍ ശ്രമിക്കുന്ന ഒരു മാനസിക അവസ്ഥയാണിത്. ചിലപ്പോള്‍ ഈ മാനസിക അവസ്ഥയിലുള്ള ആളുകള്‍ രണ്ടിലധികം വ്യക്തിത്വങ്ങള്‍ പ്രകടമാക്കാറുണ്ട്. അന്യന്‍ സിനിമയിലെ വിക്രത്തിന്റെ കഥാപാത്രം ഇതിന് മികച്ച ഉദാഹരണമാണ്. പക്ഷേ വളരെ അപൂര്‍വ്വമായി മാത്രമാണ് ആളുകളില്‍ ഈ മനോരോഗം കാണുന്നത്. എന്നാല്‍ ബാധ കേറല്‍ എന്ന് പറയുന്നത് പോലെ ദേവിയുടെയോ ദൈവത്തിന്റെയോ സാന്നിധ്യം അനുഭവപ്പെടുന്നത് പോലെയുള്ള കേസുകള്‍ സാധാരണയായി കണ്ടുവരുന്നു. പൊസഷന്‍ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്.
ദ്വന്ദ വ്യക്തിത്വത്തിനുള്ള കാരണങ്ങള്‍ എന്തെല്ലാമാണ്?
മണിച്ചിത്രത്താഴില്‍ ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രം കുട്ടിക്കാലത്ത് മാതാപിതാക്കളുടെ സ്‌നേഹം കിട്ടാതെ വളരുന്ന കുട്ടിയാണ്. ദിവസങ്ങളോളം മാതാപിതാക്കളെ കാത്ത് പടിവാതിലില്‍ നില്‍ക്കുന്ന ഗംഗയുടെ ചിത്രം ഡോ.സണ്ണി നകുലനും പ്രേക്ഷകര്‍ക്കും മുമ്പില്‍ വരച്ചുകാട്ടുന്നുണ്ട്. മാതാപിതാക്കളുടെ സ്‌നേഹം ആഗ്രഹിച്ചിരുന്ന സമയത്ത് ഗംഗയ്ക്ക് അത് കിട്ടിയിരുന്നില്ല. കുട്ടിക്കാലത്തെ ഈ ട്രോമ ഗംഗയുടെ ഉള്ളില്‍ ആഴത്തിലുള്ള മുറിവുകള്‍ തീര്‍ക്കുന്നുണ്ട്.
മാത്രമല്ല, മുത്തശ്ശി പറഞ്ഞുകൊടുത്ത കഥകള്‍ ഗംഗയുടെ ഉള്ളില്‍ സമാന്തരമായി ഫാന്റസിയുടെ മറ്റൊരു ലോകം തീര്‍ക്കുന്നുണ്ട്. പിന്നീട് നകുലനെ വിവാഹം കഴിക്കുമ്പോഴും നകുലന്റെ അമ്മയില്‍ നിന്നും കേള്‍ക്കുന്ന മാടമ്പള്ളിയെ കുറിച്ചുള്ള കഥകളും പിന്നീട് അവിടെ പോകുമ്പോഴുള്ള അനുഭവങ്ങളും നാഗവല്ലിയെ കുറിച്ചുള്ള കഥകളും അല്ലിയുടെ പ്രണയവും ഗംഗയിലെ ആ സമാന്തര ലോകത്തെ കൂടുതല്‍ സജീവമാക്കുന്നു.
നാഗവല്ലി കടന്നുപോയ മാനസികാവസ്ഥയുമായി ഗംഗയ്ക്ക് വേഗത്തില്‍ പൊരുത്തപ്പെടാന്‍ കഴിയുന്നുണ്ട്. കാരണം ഗംഗയും നാഗവല്ലിയും സാമൂഹികമായ കാരണങ്ങളാല്‍ അര്‍ഹിക്കപ്പെട്ട സ്‌നേഹം നിഷേധിക്കപ്പെട്ടവരാണ്. എന്നാല്‍ അല്ലിക്ക് അവര്‍ ആഗ്രഹിച്ചിരുന്ന സ്‌നേഹം ലഭിക്കുകയും ചെയ്യുന്നു. നാഗവല്ലി പ്രണയിച്ച നര്‍ത്തകന്‍ താമസിച്ചതെന്ന് കരുതപ്പെടുന്ന വീട്ടില്‍ പിന്നീട് താമസിക്കുന്നയാളെ വിവാഹം കഴിക്കാന്‍ പോകുന്നതിനാലാണ് അല്ലിയെ നാഗവല്ലിയായി മാറുന്ന ഗംഗ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത്. അല്ലി തന്റെ പ്രണയത്തെ കുറിച്ച് പറയുമ്പോള്‍ ഗംഗയിലെ നഷ്ടബോധം സിനിമയില്‍ വ്യക്തമായി കാണിക്കുന്നുണ്ട്. വരുവാനില്ലാരുമീ വിജനമാം ഈ വഴിക്ക്.. എന്ന ഗാനവും അത് വ്യക്തമായി പറയുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ഗംഗയില്‍ പഴയ മനോരോഗം വീണ്ടും ഉണ്ടാകുകയും അവര്‍ നാഗവല്ലിയിലേക്ക് ഒരു പരകായ പ്രവേശം പോലെ ആ വ്യക്തിത്വം ഏറ്റെടുക്കുകയും ചെയ്യുന്നത്. കുട്ടിക്കാലത്തെ ട്രോമ തന്നെയാണ് ഗംഗയിലെ മനോരോഗത്തിന്റെ മൂലകാരണം. പഴങ്കഥകളും സങ്കല്‍പ്പങ്ങളുമെല്ലാം മറ്റൊരു ഐഡിന്റിറ്റി സ്വീകരിക്കാന്‍ ഗംഗയ്ക്ക് എളുപ്പവഴികളായി മാറുന്നു. ഇങ്ങനെയാണ് ഡിസ്സോസിയേറ്റീവ് ഐഡന്റിറ്റി ഡിസോഡര്‍ ഗംഗയില്‍ ഉണ്ടാകുന്നത്. നേരത്തെ മാനസികമായ ദുര്‍ബലാവസ്ഥ ഉണ്ടാകുകയും പിന്നീട് ഏതെങ്കിലും സാഹചര്യത്തില്‍ മാനസികസമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ വരികയും ചെയ്യുമ്പോഴാണ് ആളുകള്‍ മറ്റൊരു ഐഡന്റിറ്റിയിലേക്ക് കടക്കാന്‍ പ്രേരിതരാകുന്നത്.
എന്തുകൊണ്ട് ഒരാള്‍ മറ്റൊരാളായി പെരുമാറുന്നു?
ദ്വന്ദ വ്യക്തിത്വം എന്നാല്‍ ഒരു ഒളിച്ചോട്ടമാണെന്ന് പറയാം. യഥാര്‍ത്ഥ ഐഡന്റ്റ്റി നല്‍കുന്ന സമ്മര്‍ദ്ദങ്ങളും ടെന്‍ഷനും ഇല്ലാതാക്കാനുള്ള ഒരു വഴിയും മറുഭാഗത്ത് സമൂഹത്തിന്റെയോ സാഹചര്യങ്ങളുടെയോ ഇടപെടലുകള്‍ കൊണ്ട് ഉള്ളില്‍ അടക്കിവെച്ച വികാരങ്ങളും ആഗ്രഹങ്ങളും പ്രകടമാക്കാനുള്ള വഴിയുമാണ് പുതിയൊരു ഐഡിന്റിറ്റി.
അറിയാത്ത ഭാഷ സംസാരിക്കും, വിചിത്രമായി പെരുമാറും
നാഗവല്ലിയായി മാറുന്ന ഗംഗ തമിഴ് സംസാരിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നുണ്ട്. അതുപോലെ ഈ രോഗമുള്ള ആളുകള്‍ അവര്‍ക്ക് അറിയാത്ത പല കാര്യങ്ങള്‍ മറ്റൊരു ഐഡന്റിറ്റിയില്‍ എത്തുമ്പോള്‍ ചെയ്യുന്നു. പക്ഷേ ഭൂതകാലത്തോ വര്‍ത്തമാനകാലത്തോ അവര്‍ അറിയാതെ ഉപബോധ മനസ്സില്‍ പതിയുന്ന കാര്യങ്ങളാണ് മറ്റൊരു ഐഡന്റിറ്റിയില്‍ അവര്‍ പ്രകടമാക്കുന്നതെന്ന് ഡോക്ടര്‍ വിശദീകരിക്കുന്നു. നാഗവല്ലിയെ കുറിച്ചും അവരുടെ കഴിവുകളെ കുറിച്ചും ഗംഗ വ്യക്തമായി മനസ്സിലാക്കുന്നുണ്ട്. അതിനാല്‍ തന്നെ ഗംഗയില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകള്‍ നാഗവല്ലിയായി മാറുമ്പോള്‍ പുറത്തുവരുന്നു. അറബി സംസാരിക്കാത്ത കുട്ടി മറ്റൊരാളായി അറബി സംസാരിക്കുന്നത്, അവര്‍ പണ്ട് എപ്പോഴെങ്കിലും കേട്ട അറബി വാക്കോ സംസാരമോ ഉപബോധമനസ്സില്‍ കിടക്കുന്നത് കൊണ്ടാണ്. ഈയൊരു മാനോരോഗാവസ്ഥയില്‍ സംസ്‌കാരത്തിന് വലിയ പങ്കുണ്ട്. ഏത് ഐഡന്റിറ്റിയാണ് സ്വീകരിക്കുന്നത് എന്ന് തീരുമാനിക്കപ്പെടുന്നത് പലപ്പോഴും സംസ്‌കാരവുമായി ബന്ധപ്പെട്ടാണ്.
ചികിത്സ
മണിച്ചിത്രത്താഴില്‍ ഗംഗയില്‍ നിന്നും നാഗവല്ലിയെന്ന ഐഡന്റിറ്റി എടുത്തുമാറ്റുന്നതിനായി അവര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം നാഗവല്ലിക്ക് അവരുടെ ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള സാഹചര്യം ഒരുക്കികൊടുക്കുകയാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ അവിടെ ഒരു സൈക്കോഡ്രാമയാണ് നടക്കുന്നതെന്ന് ഡോക്ടര്‍ റഹീമുദ്ദീന്‍ വിശദീകരിക്കുന്നു. അതായത് ഒരു ഹിപ്‌നോട്ടിക് നിര്‍ദ്ദേശത്തിലൂടെ അവരുടെ ഉപബോധ മനസ്സില്‍ നിന്നും നാഗവല്ലിയെന്ന കഥാപാത്രത്തെ എടുത്തുമാറ്റാനുള്ള ശ്രമമാണ് അവിടെ നടക്കുന്നത്.
ചികിത്സയിലൂടെ പൂര്‍ണ്ണമായും ഭേദപ്പെടുത്താന്‍ കഴിയുന്ന രോഗമാണ് മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റി ഡിസോഡര്‍. സൈക്കോതെറാപ്പിയാണ് ഇവരില്‍ കൂടുതലായി ഫലവത്താകുക. രോഗിയിലെ മാനസിക സമ്മര്‍ദ്ദത്തെ അല്ലെങ്കില്‍ ട്രോമയെ ലഘൂകരിക്കുന്നതിനുള്ള വഴികളാണ് സൈക്കോതെറാപ്പിയില്‍ ഉള്‍പ്പെടുന്നത്. ഡിഫന്‍സ് മെക്കാനിസം എന്നാണ് ഈ വഴികളെ വിളിക്കുന്നത്. സെക്കോതെറാപ്പിയിലൂടെ രോഗികളില്‍ പോസിറ്റീവ് ഡിഫന്‍സ് മെക്കാനിസം വളര്‍ത്തിയെടുക്കുന്നു. അതിലൂടെ പ്രശ്‌നപരിഹാരശേഷി ഉയര്‍ത്താനും സ്‌ട്രെസ്സ് ഇല്ലാതാക്കാനും രോഗികള്‍ക്ക് സാധിക്കുന്നു. സൈക്കോതെറാപ്പിക്കൊപ്പം ആരംഭ ഘട്ടങ്ങളില്‍ ചിലപ്പോള്‍ മരുന്നുകളും നല്‍കാറുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












