ചൂടില്‍ അടുക്കളയില്‍ നിന്നുരുകേണ്ട, ഉള്ളം തണുപ്പിക്കും ബ്രേക്ക്ഫാസ്റ്റുകള്‍ ശീലമാക്കാം, റെസിപ്പികള്‍ ഇതാ

Summer Recipes: രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ചുട്ടുപൊള്ളുന്ന ചൂടാണ് കേരളത്തിന്റെ മിക്കയിടങ്ങളിലും. ഈ സമയത്ത് വെയിലത്ത് പുറത്ത് ഇറങ്ങുന്നത് പോലെ കഠിനമാണ് അടുക്കളയില്‍ നിന്ന് ഭക്ഷണം പാകം ചെയ്യലും. ഭക്ഷണം ഉണ്ടാക്കിക്കഴിയുമ്പോഴേക്കും വിയര്‍പ്പില്‍ നനഞ്ഞ് കുതിര്‍ന്നിരിക്കും. ഇത്രയെല്ലാം കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ ആര്‍ക്കും താല്‍പ്പര്യവുമില്ല, കാരണം ചൂടുകാലത്ത് വിശപ്പിനേക്കാള്‍ ദാഹമാണ് നമ്മളെ വലയ്ക്കുക. എന്നാല്‍പ്പിന്നെ അടുക്കളയില്‍ നിന്ന് അധികം കഷ്ടപ്പെടേണ്ടതില്ലാത്ത, ചൂട് മാറ്റുകയും ശരീരത്തിന് തണുപ്പ് നല്‍കുകയും വിശപ്പും ദാഹവും മാറ്റുകയും ചെയ്യുന്ന ചില ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്ത് നമുക്ക് ഉണ്ടാക്കിക്കൂടേ.

mango pudding
Photo Credit: Aromal

വ്യത്യസ്തവും വളരെ എളുപ്പമുള്ളതുമായ ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തുന്ന വ്‌ളോഗറാണ് ആരോമല്‍. ആരെയും രസിപ്പിക്കുന്ന ആരോമലിന്റെ വര്‍ത്തമാനവും അതിനൊപ്പം എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വളരെ രുചികരമായ ഭക്ഷണങ്ങളും മനസ്സ് വയറും ഒരുപോലെ നിറയ്ക്കും. വേനല്‍ക്കാലത്ത് പരീക്ഷിക്കാന്‍ വളരെ എളുപ്പവും രുചികരവുമായ ചില ബ്രേക്ക്ഫാസ്റ്റുകള്‍ കഴിഞ്ഞിടെ ആരോമല്‍ പരിചയപ്പെടുത്തിയിരുന്നു. അവ എന്തെല്ലാമാണെന്ന് നോക്കാം.

മഖാന സ്മൂത്തി

ഡയറ്റുകാര്‍ക്ക് പ്രിയപ്പെട്ട, ഇപ്പോള്‍ വളരെ പ്രചാരത്തിലുള്ള സൂപ്പര്‍ഫുഡാണ് മഖാന. ഫോക്‌സ് നട്‌സ് എന്നും താമരവിത്തെന്നും അറിയപ്പെടുന്ന മഖാനയ്ക്ക് നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ട്. വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉറക്കം മെച്ചപ്പെടുത്താനുമെല്ലാം മഖാന സഹായിക്കും. അതുകൊണ്ട് രാവിലെ കഴിക്കാന്‍ ഏറ്റവും നല്ല ഓപ്ഷനുകളില്‍ ഒന്നാണ് മഖാന.

makhana- smoothie
Photo Credit: Aromal

മഖാന സ്മൂത്തി തയ്യാറാക്കാന്‍ ആദ്യം മഖാന ഒരു പാനില്‍ എണ്ണയൊന്നും ഇടാതെ ഡ്രൈ റോസ്റ്റ് ചെയ്യുക. അതിലേക്ക് നിങ്ങളുടെ കൈവശമുള്ള പഴങ്ങളെല്ലാം അരിഞ്ഞിടുക. അതിലേക്ക് ഈന്തപ്പഴം, കുതിര്‍ത്ത ബദാം, ഫ്‌ളാക്‌സ് സീഡ്, തണ്ണിമത്തന്‍ കുരു, സൂര്യകാന്തി കുരു, മത്തങ്ങ കുരു എന്നിവയെല്ലാം ഇട്ട് പാലും കൂടി ഒഴിച്ച് അരച്ചെടുക്കുക. ഇത് രാത്രി ഫിഡ്ജില്‍ വെച്ച് പിറ്റേദിവസം ബ്രേക്ക്ഫാസ്റ്റ് ആയി കഴിക്കാം. അല്ലെങ്കില്‍ അപ്പോള്‍ തന്നെ കഴിക്കുകയും ചെയ്യാം. ഈ സ്മൂത്തി കഴിച്ചാല്‍ പിന്നെ പെട്ടെന്നൊന്നും വിശക്കില്ല. മാത്രമല്ല, ശരീരത്തിന് തണുപ്പും വയറിന് സുഖവും നല്‍കാന്‍ ഏറ്റവും നല്ല, രപോഷകസമൃദ്ധമായ ബ്രേക്ക്ഫാസ്റ്റ് ആണിത്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അനുയോജ്യമായ ബ്രേക്ക്ഫാസ്റ്റ് ആണിത്.

ദഹി ടോസ്റ്റ്

ബ്രെഡ് ടോസ്റ്റ് ഉണ്ടാക്കുമ്പോള്‍ സാധാരണയായി നമ്മള്‍ ബട്ടര്‍ ആണ് ഉപയോഗിക്കാറ്. ഫ്രെഞ്ച് ടോസ്റ്റില്‍ മുട്ടയും പാലും കൂടി അടിച്ച് അതില്‍ ബ്രെഡ് മുക്കി ടോസ്റ്റ് ചെയ്യും. പക്ഷേ വേനല്‍ക്കാലത്ത് തൈര് അല്ലേ കുറച്ചുകൂടി നല്ലത്? മാത്രമല്ല, മധുരത്തിന് പകരം കുറച്ച് എരിവും പുളിയും വേണ്ടവര്‍ക്ക് ദഹി ടോസ്റ്റ് നല്ലൊരു ഓപ്ഷനാണ്.

dahi toast
Photo Credit: Aromal

വളരെ എളുപ്പത്തില്‍ ദഹി ടോസ്റ്റ് തയ്യാറാക്കാം. ആദ്യം കട്ടിയുള്ള തൈരിലേക്ക് കുറച്ച് ഉപ്പും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചെറിയ ജീരകവും കുറച്ച് കടലമാവും കുരുമുളക് പൊടിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. വേണമെങ്കില്‍ അതിലേക്ക് എണ്ണയില്‍ കുറച്ച് കടുകും കറിവേപ്പിലയും പച്ചമുളക് നീളത്തില്‍ മുറിച്ചതും താളിച്ച് ചേര്‍ക്കാം. വീണ്ടും മിക്‌സ് ചെയ്യുക. ഇനി ഒരു പാന്‍ അടുപ്പില്‍ വെച്ച് അല്‍പ്പം ബട്ടര്‍ ഒഴിച്ച് ബ്രെഡ് അതില്‍ മുക്കി പാനില്‍ വെച്ച് ഇരുവശവും നന്നായി മൊരിച്ചെടുക്കുക. ഡയറ്റ് എടുക്കുന്നവര്‍ക്ക് ഗോതമ്പിന്റെ ബ്രെഡ് ആണ് നല്ല ഓപ്ഷന്‍.

ഫ്രൂട്ട് കസ്റ്റാര്‍ഡ്

fruit custard
Photo Credit: Aromal

മഖാനയും കുറച്ച് അണ്ടിപ്പരിപ്പും പാലില്‍ കുതിര്‍ത്ത് വെക്കുക. വേണമെങ്കില്‍ സൂര്യകാന്തി കുരുവോ മത്തങ്ങ കുരുവോ ബദാമോ ഒക്കെ ചേര്‍ക്കാം. ഇനി കുറച്ച് സേമിയ അഥവാ വെര്‍മിസില്ലി നന്നായി വേവിച്ചത് ഒരു പാത്രത്തിലേക്ക് ഇടുക. അതിലേക്ക് പഴം ചെറിയ കഷ്ണങ്ങള്‍ ആക്കിയതും ആപ്പിള്‍ കഷ്ണങ്ങള്‍ ആക്കിയതും മാതളനാരങ്ങ പൊളിച്ച് അല്ലികളാക്കിയതും, മുന്തിരിയും അതിലേക്ക് ചേര്‍ക്കുക. ലഭ്യമായ പഴങ്ങളെല്ലാം ചേര്‍ക്കാവുന്നതാണ്. ഇനി നേരത്തെ പാലില്‍ കുതിര്‍ത്തുവെച്ച മഖാനയും അണ്ടിപ്പരിപ്പും മറ്റ് വിത്തുകളും നന്നായി അരച്ചെടുത്ത് സേമിയ മിശ്രിതത്തിലേക്ക് ചേര്‍ക്കുക. മധുരത്തിനായി തേനോ കണ്ടന്‍സ്ഡ് മില്‍ക്കോ പഞ്ചസാരയോ (ആരോഗ്യത്തിന് നന്നല്ല) ചേര്‍ക്കുക. മിശ്രിതത്തിന് കട്ടി കൂടുതലാണെങ്കില്‍ അല്‍പ്പം കൂടി തണുത്ത പാല്‍ ഒഴിക്കാം. കുറച്ചുകൂടി തണുപ്പ് വേണ്ടവര്‍ക്ക് ഐസ് കൂടി ഇട്ടതിന് ശേഷം ഇത് കഴിക്കാം. നല്ല ചൂടില്‍ വലഞ്ഞിരിക്കുന്നവര്‍ക്ക് ഇത് കഴിച്ചാല്‍ കിട്ടുന്ന ആശ്വാസം ചെറുതല്ല. ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. വിശപ്പും ദാഹവും ഒരുപോലെ ശമിപ്പിക്കാന്‍ ഏറ്റവും ഓപ്ഷനാണ് ഈ ഫ്രൂട്ട് കസ്റ്റാര്‍ഡ്.

സണ്‍സെറ്റ് മോക്ക്‌ടെയില്‍

ഇത് ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി അല്ല. പക്ഷേ വേനല്‍ക്കാലത്ത് വെള്ളം കുടിച്ച് മടുക്കുമ്പോള്‍ പരീക്ഷിക്കാന്‍ പറ്റിയ രു പാനീയമാണ് സണ്‍സെറ്റ് മോക്ക്‌ടെയില്‍. ആദ്യം ഒരു ഗ്ലാസിലേക്ക് ചെറിയൊരു കഷ്ണം നാരങ്ങയും കുറച്ച് പുതിനയിലയും ഇട്ട് അതൊന്ന് സ്പൂണ്‍ കൊണ്ടോ കട്ടിയുള്ള മറ്റെന്തെങ്കിലും കൊണ്ടോ നന്നായി അമര്‍ത്തുക. ഇനി അതിലേക്ക് കുറച്ചധികം ഐസ് ക്യൂബുകള്‍ ഇടുക. ശേഷം കുറച്ച് ഓറഞ്ച് ജ്യൂസ് (ഫ്രെഷ് ജ്യൂസ് ആണ് നല്ലത്) അതിലേക്ക് ഒഴിക്കുക. അതിനുശേഷം ഒരു ഗ്യാസിന് വേണ്ടി കുറച്ച് സ്‌പ്രൈറ്റ് അതിലേക്ക് ഒഴിക്കുക (നിര്‍ബന്ധമില്ല). പിന്നീട് കുറച്ച് തണ്ണിമത്തന്‍ ജ്യൂസ് ഒഴിച്ചുകൊടുക്കുക. പതുക്കെ മുകളില്‍ ഒരു സ്പൂണോ മറ്റോ വെച്ചുകൊണ്ട് തണ്ണിമത്തന്‍ ജ്യൂസ് ഒഴിച്ചുകൊടുത്താല്‍ മോക്ക്‌ടെയില്‍ കാഴ്ചയില്‍ നല്ല ഭംഗിയായിരിക്കും. ഇത് കുടിച്ചാല്‍ ശരീരത്തിന് നല്ല ഉന്മേഷം കിട്ടും, ദാഹം അകലും.

മാംഗോ ചിയ പുഡ്ഡിംഗ്

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്ന് ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന പ്രധാനപ്പെട്ട ഒരു ഐറ്റമാണ് ചിയ സീഡ്. ചിയ സീഡിന്റെ ആരോഗ്യഗുണങ്ങള്‍ എത്ര പറഞ്ഞാലും തീരില്ല. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ദഹനാരോഗ്യം മെച്ചപ്പെടുത്താനും വണ്ണം കുറയ്ക്കാനും ശരീരത്തിലെ വീക്കം തടയാനും പ്രമേഹം നിയന്ത്രികകാനും ഗുരുതരമായ രോഗങ്ങള്‍ വരാതിരിക്കാനും വിഷാദവും ഉത്കണ്ഠയും കുറയ്ക്കാനുമടക്കം ചിയ സീഡ് വളരെ നല്ലതാണ്. മാമ്പഴത്തിന്റെ മേന്മകള്‍ പിന്നെ പറയേണ്ടതില്ലല്ലോ. ഇവ രണ്ടും ഉണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റാണ് മാംഗോ ചിയ പുഡ്ഡിംഗ്.

ഇതിനായി ആദ്യം കണ്ട് ടേബിള്‍ സ്പൂണ്‍ ചിയ സീഡ് ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് കട്ടിയുള്ള തേങ്ങാപ്പാലും കുറച്ച് തേനും ഒഴിച്ചുകൊടുക്കുക. ഇത് രാത്രി ഫ്രിഡ്ജില്‍ വെക്കണം. പിറ്റേന്ന് രാവിലെ ഒന്നോ രണ്ടോ മാങ്ങ ചെറിയ കഷ്ണങ്ങളാക്കുക. ഇനി ഒരു ഗ്ലാസ്സിലേക്ക് ആദ്യം ചിയ സീഡ് തേങ്ങാപ്പാല്‍ മിശ്രിതം ഒഴിക്കുക. അതിന് മുകളിലായി കുറച്ച് മാമ്പഴ കഷ്ണങ്ങള്‍ ഇടുക. പിന്നീട് വീണ്ടും ചിയ സീഡ്‌സ് ഒഴിച്ചുകൊടുക്കുക. പിന്നീട് വീണ്ടും മാമ്പഴം ഇടുക. ഏറ്റവും മുകളില്‍ കുറച്ച് അണ്ടിപ്പരിപ്പും മത്തങ്ങക്കുരുവും മുന്തിരിയുമെല്ലാം ഇട്ട് അലങ്കരിക്കാം. ഈ പുഡ്ഡിംഗ് രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. മാത്രമല്ല, ഇത് കഴിച്ചാല്‍ ഉച്ച വരെ വിശക്കുകയില്ലെന്ന് ആരോമല്‍ പറയുന്നു. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ വേനലില്‍ എല്ലാ ദിവസവും കഴിക്കാന്‍ പറ്റുന്ന ബ്രേക്ക്ഫാസ്റ്റ് ആണ് ഇതെന്നതില്‍ സംശയമില്ല.

ബദാം പിസിന്‍

ശരീരത്തെ തണുപ്പാക്കി വെക്കാന്‍ ഏറ്റവും നല്ല പാനീയമാണ് ബദാം പിസിന്‍ ഡ്രിങ്ക്. ഇതിന് നമുക്ക് ആല്‍മണ്ട് ഗം, അല്ലെങ്കില്‍ ബദാം പിസിന്‍ എന്ന ഒരു സാധനം ആവശ്യമാണ്. കാണാന്‍ പനങ്കല്‍ക്കണ്ടം പോലെയിരിക്കുന്ന ഒന്നാണിത്. ഇതിന് നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനം ശരീരത്തെ സ്വാഭാവികമായി തണുപ്പിക്കുന്ന ഒന്നാണിത് എന്നതാണ്. അതുകൂടാതെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ദഹനാരോഗ്യം മെച്ചപ്പെടുത്താനും എല്ലുകള്‍ക്കും സന്ധികള്‍ക്കും ബലമേകാനും ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം സംരക്ഷിക്കാനും ബദാം പിസിന്‍ അഥവാ ആല്‍മണ്ട് ഗം സഹായിക്കും.

ആദ്യം ബദാം പിസിന്‍ ഒരു പാത്രത്തില്‍ ഇട്ട് അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് രാത്രിയില്‍ ഫ്രിഡ്ജില്‍ വെക്കുക. ഇത് രാവിലെ ആകുമ്പോഴേക്ക് ജെല്ലി ആയിരിക്കും. പിറ്റേന്ന് രാവിലെ ഷമാം കഷ്ണങ്ങളാക്കി (നിങ്ങളുടെ പ്രിയപ്പെട്ട ഏത് പഴവും ആകാം) കുറച്ച് പാലും മധുരത്തിനായി തേനോ പഞ്ചസാരയോ മില്‍ക്ക് മെയ്‌ഡോ കൂടി ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. അതിലേക്ക് ജെല്ലി ആയ ബദാം പിസിന്‍ ചേര്‍ക്കുക. ഈ പാനീയം കുടിച്ചാല്‍ ശരീരം നന്നായി തണുക്കും പൊതുവെ ശരീരത്തിന് ചൂടുള്ളവര്‍ക്ക് സ്ഥിരമായി കുടിക്കാവുന്ന ഒരു പാനീയമാണിത്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion