അകാരണമായി വണ്ണം വെയ്ക്കുന്നുണ്ടോ? ആഹാരം കുറച്ച് കഴിച്ചിട്ടും വണ്ണം കുറയുന്നില്ലെ? ഈ മാനസിക പ്രശ്‌നമാകാം കാരണം

Stress and weight gain: പലര്‍ക്കും വണ്ണത്തെ ചൊല്ലി പരാതിയാണ്. എന്തുകൊണ്ടാണെന്നറിയില്ല, തടി കൂടുന്നു! ഭക്ഷണം കുറച്ചിട്ടും തടി കുറയുന്നില്ല... ഞാന്‍ അമിതമായി ഭക്ഷണം കഴിക്കാത്ത വ്യക്തിയാണ് എന്നിട്ടും വണ്ണം വെച്ചൂ! എന്നിങ്ങനെ പരാതികള്‍ അനവധിയാണ്. വണ്ണം കൂടുന്നതിനനുസരിച്ച് വീട്ടുകാരില്‍ നിന്നും കമന്റുകള്‍ വീഴാന്‍ തുടങ്ങും. ഇത് ഇവരെ കൂടുതല്‍ വ്യാകുലപ്പെടുത്താന്‍ ആരംഭിക്കും. നിരവധി ടിപ്‌സ് പ്രയോഗിക്കും. വണ്ണം കുറയ്ക്കാന്‍ മരുന്ന് കഴിക്കും. തൈറോയ്ഡ് പരിശോധിക്കും. ഒന്നിലും പ്രശ്‌നങ്ങള്‍ കണ്ടെത്തില്ല. എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ വണ്ണത്തിനു പിന്നില്‍ വില്ലനായി പ്രവര്‍ത്തിക്കുന്നത് ഈ ഒരൊറ്റ മാനസിക പ്രശ്‌നമായിരിക്കും.

Stress and Weight Gain The Surprising Connection You Need to Know Details in Malayalam
Photo Credit: AI

സ്‌ട്രെസ്സ്

ഒരു വ്യക്തിയെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ശേഷിയുള്ള ഒരു മാനസികാവസ്ഥയാണ് സ്‌ട്രെസ്സ്. പുറമേ ആരോഗ്യമുണ്ടായിരുന്നാലും, സ്‌ട്രെസ്സ് ഉണ്ടെങ്കില്‍ അത് സാവധാനത്തില്‍ നിങ്ങളുടെ മാനസികാരോഗ്യം നശിപ്പിക്കുന്നു. നിങ്ങളെ സാവധാനത്തില്‍ രോഗങ്ങള്‍ക്ക് അടിമയാക്കുന്നു. സ്‌ട്രെസ്സിന്റെ ഭാഗമായി ചിലരില്‍ വണ്ണം കുറയുന്നു. എന്നാല്‍ മറ്റു ചിലരില്‍ അകാരണമായി വണ്ണം കൂടുകയും ചെയ്യുന്നു.

പഠനങ്ങള്‍ പറയുന്നത്

2017-ല്‍ അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ നടത്തിയ സ്‌ട്രെസ്സ് ഇന്‍ അമേരിക എന്ന സര്‍വേ പ്രകാരം, നാലില്‍ മൂന്ന് പേരില്‍ സ്‌ട്രെസ്സിന്റെ ഏതെങ്കിലും തരത്തിലുള്ള ഒരു ലക്ഷണം കാണാന്‍ സാധിക്കുന്നതായി പറയുന്നുണ്ട്. ഈ ലക്ഷണങ്ങള്‍ ഒരു വ്യക്തിയില്‍ ഉണ്ടെങ്കില്‍, അത് അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്നതായും പറയുന്നു. കാരണം, സ്‌ട്രെസ്സ് വര്‍ദ്ധിക്കുമ്പോള്‍ ശരീരത്തില്‍ സ്‌ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ വര്‍ദ്ധിക്കുന്നു. കോര്‍ട്ടിസോള്‍ ശരീരത്തില്‍ വര്‍ദ്ധിക്കുമ്പോള്‍ ഇതിനെ നിയന്ത്രിക്കുന്നതിനായി ചിലര്‍ അമിതമായി ആഹാരം കഴിക്കുന്നു. അല്ലെങ്കില്‍ ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങളെ ആശ്രയിക്കുന്നു. ഈ ഘടകങ്ങളെല്ലാം അമിതവണ്ണത്തിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കുന്നു.

ഇവ കൂടാതെ, 2015-ല്‍ നാഷ്ണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പ്രസിദ്ധികരിച്ച ഒരു പഠനം പ്രകാരം, സ്‌ട്രെസ്സ് അനുഭവിക്കുന്ന വ്യക്തികളില്‍ മെറ്റബോളിസം കുറയുന്നതായും കണ്ടെത്തിയിരുന്നു. ശരീരത്തില്‍ മെറ്റബോളിസം ശരിയായ വിധത്തില്‍ നിലനിന്നാല്‍ മാത്രമാണ്, കൊഴുപ്പ് ഉരുക്കി കളയാന്‍ സാധിക്കൂ. എന്നാല്‍, സ്‌ട്രെസ്സ് അനുഭവിക്കുമ്പോള്‍ മെറ്റബോളിസം കുറയുന്നു. ഇത് അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്നു.

ഒരു വ്യക്തിയ്ക്ക് സ്‌ട്രെസ്സ് ഉണ്ടെന്ന് എങ്ങനെ തിരിച്ചറിയാം

ഒരു വ്യക്തിയില്‍ സ്‌ട്രെസ്സ് ഉണ്ടെങ്കില്‍, ആ വ്യക്തിയില്‍ പ്രകടമാകുന്ന ചില ലക്ഷണങ്ങള്‍ ഇവയാണ്;

  • വളരെ പെട്ടെന്ന് ദേഷ്യം വരുന്ന അവസ്ഥ
  • അസ്വസ്ഥത കാണിക്കല്‍, ക്ഷമയില്ലായ്മ
  • അമിതമായിട്ടുള്ള ഉത്കണ്ഠ
  • എല്ലായ്‌പ്പോഴും തലയില്‍ ഓരോ ചിന്തകള്‍ കടന്ന് കൂടുന്നത്
  • ഒന്നും ആസ്വദിക്കാന്‍ സാധിക്കാത്ത അവസ്ഥ
  • ജീവിതത്തിനോട് മടുപ്പ്
  • തമാശ ആസ്വദിക്കാന്‍ സാധിക്കാത്ത അവസ്ഥ
  • വിഷമം
  • ഒറ്റപ്പെടല്‍
  • പേശികള്‍ക്ക് വേദന
  • തലവേദന
  • ദഹന പ്രശ്‌നങ്ങള്‍
  • ക്ഷീണം
  • ശസിക്കാന്‍ ബുദ്ധിമുട്ട്
  • അമിതമായി വണ്ണം വെയ്ക്കുന്നതും കുറയുന്നതും
  • ചര്‍മ്മ പ്രശ്‌നങ്ങള്‍
  • അമിതമായി വിയര്‍ക്കുക
  • ആര്‍ത്തവത്തില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍
  • നിലവിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത്

സ്‌ട്രെസ്സും അമിതവണ്ണവും ഒന്നിച്ച് വന്നാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍

സ്‌ട്രെസ്സ് അനുഭവിക്കുന്നവര്‍ വണ്ണം വെച്ചാല്‍, അത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്നതാണ്. പ്രത്യേകിച്ച് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന് സ്‌ട്രെസ്സ് കാരണമാകുന്നു. പ്രമേഹം വരാനുള്ള സാധ്യത ഇവരില്‍ കൂടുതലായിരിക്കും. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കുന്നതായിരിക്കും. പക്ഷാഘാതം വരാനുള്ള സാധ്യത കൂടുതലാണ്. പ്രത്യുല്‍പാദനക്ഷമത കുറയുന്നതാണ്. ശ്വാസകോശത്തിന്റെ ആരോഗ്യം നശിക്കും. സന്ധിവേദന വര്‍ദ്ധിക്കുന്നതാണ്.

സ്‌ട്രെസ്സ് നിയന്ത്രിക്കാന്‍ ചെയ്യേണ്ടത്

  • മെഡിറ്റേഷന്‍ ശീലിക്കാവുന്നതാണ്.
  • വ്യായാമം ചെയ്യുന്നത് വണ്ണവും സ്‌ട്രെസ്സും കുറയ്ക്കും.
  • ആരോഗ്യകരമായ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക.
  • ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.
  • സുഹൃത്തുക്കളുമായി സംസാരിക്കുക.
  • മാതാപിതാക്കളോട് സംസാരിക്കുക.
  • ആരോഗ്യ വിദഗദ്ധരുടെ സഹായം തേടുന്നതും നല്ലതാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Wednesday, March 5, 2025, 22:48 [IST]
X
Desktop Bottom Promotion