നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ

വളരെ കയ്‌പ്പേറിയ ജീവിത അനുഭവങ്ങള്‍ ഉണ്ടായിട്ടും അവയൊന്നും തങ്ങളെ ബാധിച്ചിട്ടില്ലെന്ന മട്ടില്‍ ചില ആളുകള്‍ എപ്പോഴും ജീവിതം തിരിച്ചുപിടിക്കുന്നത് കണ്ടിട്ടില്ലേ, ഇതെങ്ങനെയാണെന്ന് ചിന്തിച്ച് അത്ഭുതപ്പെട്ടിട്ടുണ്ടോ? ചിന്തകളാണ് അവരുടെ ആയുധം. ജീവിതത്തില്‍ മുന്നേറാന്‍ വളരെ ശക്തമായ ആയുധമാണ് നമ്മുടെ ചിന്തകള്‍. വികാരങ്ങള്‍ക്ക് രൂപം നല്‍കുന്നതും നമ്മുടെ പ്രവൃത്തികളെ നയിക്കുന്നതും നമുക്ക് ചുറ്റുമുള്ള ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നതും നമ്മുടെ ചിന്തകളാണ്.

negative thoughts

പക്ഷേ ചിന്തകള്‍ നെഗറ്റിവിറ്റിയില്‍ കുടുങ്ങിപ്പോകുകയും അത് നമ്മള്‍ തിരിച്ചറിയാതിരിക്കുകയും ചെയ്താല്‍ ജീവിതം നശിക്കാന്‍ മറ്റൊന്നും വേണ്ട. പക്ഷേ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ വഴികളുണ്ട്. നെഗറ്റിവിറ്റിയെ തിരിച്ചറിയാനും അതില്‍ മുങ്ങിപ്പോകാതെ നമ്മളെ വീണ്ടെടുത്ത് പോസിറ്റിവിറ്റിയിലേക്ക് ജീവിതത്തെ കൈപിടിച്ചുയര്‍ത്താന്‍ ചില വഴികളുണ്ട്. കൊഗ്നിറ്റീവ് റീഫ്രെയിമിംഗ് എന്നാണ് അതറിയപ്പെടുന്നത്.

എന്താണ് കൊഗ്നിറ്റീവ് റീഫ്രെയിമിംഗ് അഥവാ ചിന്തകളെ വെല്ലുവിളിക്കല്‍

ചിന്തകളെ വെല്ലുവിളിക്കുക എന്നതാണ് കൊഗ്നീറ്റീവ് റീഫ്രെയിമിംഗിനെ പിന്നിലെ പ്രധാന ആശയം. ചിന്തകളിലൂടെ നമ്മോട് തന്നെ നെഗറ്റീവ് ആയി സംസാരിക്കുന്നതിന്റെ ഏറ്റവും വലിയ കെണി എന്താണെന്ന് വെച്ചാല്‍, നമ്മള്‍ ചിന്തിക്കുന്നതാണ് സത്യമെന്ന് അറിയാതെ തന്നെ നമ്മള്‍ വിശ്വസിച്ചുപോകും എന്നതാണ്. ഇതുമൂലം ചിന്തകളില്‍ എത്ര മോശം അവസ്ഥയിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നതെന്ന് കൂടി തിരിച്ചറിയാന്‍ കഴിയാതെ വരും. യഥാര്‍ത്ഥത്തില്‍ നമ്മുടെ ചിന്തകള്‍ എന്നത് കഴിഞ്ഞ കാല അനുഭവങ്ങളുടെയും ഓര്‍മ്മകളുടെയും മുന്‍ധാരണകളുടെയും സ്വാധീനവലയത്തില്‍ പെട്ട് അവയുടെയെല്ലാം ആകെത്തുകയായി ഉണ്ടാകുന്ന ഒന്നാണ്.

ചിന്തകള്‍ക്ക് പ്രാധാന്യം നല്‍കുന്നതില്‍ നിന്നും നമ്മളെ പുറത്ത് കൊണ്ടുവരാനുള്ള കഴിവാണ് കൊഗ്നിറ്റീവ് റീഫ്രെയിമിംഗ്. നെഗറ്റിവിറ്റിയെ പല രൂപത്തിലുള്ള പ്രവൃത്തികളാക്കി മാറ്റി നമ്മുടെ മനസ്സിന് കടിഞ്ഞാണ്‍ ഇടുകയാണ് ഇവിടെ ചെയ്യുന്നത്. ഇത് അത്ര വലിയ സംഗതി ഒന്നും അല്ല. നിരീക്ഷണം, തിരിച്ചറിയല്‍, മറ്റൊരു രൂപം നല്‍കല്‍ എന്നീ പ്രവൃത്തികള്‍ അല്ലെങ്കില്‍ ഘട്ടങ്ങളാണ് കൊഗ്നിറ്റീവ് റീഫ്രെയിമിംഗില്‍ വരുന്നത്.

നെഗറ്റീവ് ചിന്തകളെ എങ്ങനെ തിരിച്ചറിയാം?

നിങ്ങളെ പിന്നോട്ട് വലിക്കുന്ന നെഗറ്റീവ് ചിന്തകളെ തിരിച്ചറിയുക എന്നതാണ് കൊഗ്നിറ്റീവ് റീഫ്രെയിമിംഗിലെ ആദ്യ പടി. ചില നെഗറ്റീവ് ചിന്താരീതികള്‍ എന്തെല്ലാമാണെന്നും അവയെങ്ങനെ തിരിച്ചറിയാമെന്നും നോക്കാം.

ധ്രുവീകൃത ചിന്തകള്‍: എല്ലാവരുടെയും അല്ലെങ്കിലും ആരുടെയുമല്ലാത്ത കാഴ്ചപ്പാടിലൂടെ കാര്യങ്ങള്‍ നോക്കിക്കാണുക അല്ലെങ്കില്‍ തീവ്രമായ കാഴ്ചപ്പാടിലൂടെ കാര്യങ്ങള്‍ നോക്കിക്കാണുക എന്നിവയെല്ലാമാണ് ധ്രുവീകൃത ചിന്തകളുടെ പ്രത്യേകതകള്‍. ഉദാഹരണത്തിന്, ഈ ജോലി എനിക്ക് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ അതിനനര്‍ത്ഥം ഞാന്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നാണ് എന്ന തരത്തിലുള്ള ചിന്തകള്‍

അമിതമായി സാമാന്യവല്‍ക്കരിക്കല്‍: ഒറ്റയൊരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊതുവായ നിഗമനങ്ങളില്‍ എത്തിച്ചേരുന്നതും നെഗറ്റീവ് ചിന്തകളുടെ ലക്ഷണമാണ്. ഉദാഹരണത്തിന് കപ്പ് താഴെ വീഴ്ത്തി പൊട്ടിച്ചു, അതുകൊണ്ട് ഞാന്‍ എപ്പോഴും വൃത്തികേടാക്കുന്ന ആളാണ് എന്ന രീതിയിലുള്ള ചിന്ത.

മെന്റല്‍ ഫില്‍റ്ററിംഗ്: പോസ്റ്റീവ് ആയുള്ളവയെ അവഗണിച്ച് നെഗറ്റീവ് ആയ കാര്യങ്ങള്‍ക്ക് മാത്രം ഊന്നല്‍ നല്‍കുന്ന രീതി. ഉദാഹരണത്തിന് അവര്‍ എന്റെ തെറ്റുകള്‍ മാത്രമേ പറഞ്ഞിട്ടുള്ളു, എന്റെ കഠിനാധ്വാനം കാണാതെ പോയി എന്ന ചിന്ത.

മനസ്സ് വായിക്കല്‍: മറ്റുള്ളവര്‍ ചിന്തിക്കുന്നത് ഇതാണെന്നോ അല്ലെങ്കില്‍ അത് തനിക്കറിയാം എന്നും മറ്റുമുള്ള ചിന്ത. ഇത് നെഗറ്റിവിറ്റിയിലേക്ക് നയിക്കും. ഉദാഹരണത്തിന് തനിക്ക് ഇതിന് കഴിവില്ല എന്നായിരിക്കും അയാള്‍ ചിന്തിക്കുന്നതെന്ന് കരുതുന്ന സ്വഭാവം.

പര്‍വ്വതീകരിക്കല്‍: ചെറിയ കാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ച് ഏറ്റവും മോശം ഫലം അതിനുണ്ടാകുമെന്ന് ചിന്തിക്കുന്നത്. ഉദാഹരണത്തിന് ഇന്നെനിക്ക് ഈ ജോലി തീര്‍ക്കാന്‍ കഴിഞ്ഞില്ല, അതുകൊണ്ട് എന്റെ ജോലി തന്നെ പോകുമെന്ന ചിന്ത.

കുറ്റപ്പെടുത്തല്‍: നമ്മുടെ തെറ്റുകള്‍ അനാവശ്യമായി മറ്റുള്ളവരുടെ തലയിലേക്ക് ഇടുന്നത് അങ്ങേയറ്റം നെഗറ്റിവിറ്റിയുടെ ഉദാഹരണമാണ്.

നെഗറ്റീവ് ചിന്തകളെ താത്കാലികമായി എങ്ങനെ പോസിറ്റീവ് ആക്കാം?

നെഗറ്റീവ് ചിന്തകളെ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍, അവയെ മാറ്റിയെഴുതാനുള്ള വഴികള്‍ എന്തെല്ലാമാണെന്ന് നോക്കാം.

തെളിവുകള്‍ കണ്ടെത്തുക: നെഗറ്റീവ് ചിന്തകളുടെ വിശ്വസിനീയത അല്ലെങ്കില്‍ കൃത്യത സ്വയം ചോദ്യം ചെയ്യുക. എന്റെയീ ചിന്തയെ പിന്താങ്ങുന്ന എന്തെങ്കിലും തെളിവുകള്‍ ഉണ്ടോ, അതോ ഞാന്‍ ധൃതിയില്‍ ഒരു നിഗമനത്തിലെത്തിയതാണോ എന്നുള്ള ചോദ്യങ്ങള്‍ സ്വയം ചോദിക്കുക.

ബദലുകള്‍ പരിഗണിക്കുക: കാര്യങ്ങള്‍ നിങ്ങള്‍ ചിന്തിച്ച രീതിയില്‍ അല്ലാതെ മറ്റൊരു വീക്ഷണക്കോണിലൂടെ വിലയിരുത്തുക. ഉദാഹരണത്തിന് പക്ഷപാതപരമല്ലാതെ അല്ലെങ്കില്‍ പോസിറ്റീവ് ആയി ഇതിനെ വിലയിരുത്താനാകുമോ എന്ന് ചിന്തിക്കുക.

പോസിറ്റീവ് വശങ്ങളില്‍ ചിന്ത കേന്ദ്രീകരിക്കുക: ഓരോ സാഹചര്യങ്ങളുടെയും പോസ്റ്റീവ് വശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഉദാഹരണത്തിന് ഈ സംഭവത്തില്‍ എന്തെല്ലാം നല്ല കാര്യങ്ങള്‍ നടന്നു, അല്ലെങ്കില്‍ ഈ അനുഭവത്തില്‍ നിന്ന് എന്തെല്ലാം പാഠങ്ങള്‍ പഠിക്കാന്‍ പറ്റി എന്ന തരത്തിലുള്ള ചിന്തകള്‍.

തമാശയുടെ മേമ്പൊടി ചേര്‍ത്ത് പുനരാവിഷകരിക്കുക: ചിന്തകളെ നര്‍മ്മത്തില്‍ ചാലിച്ച് പുനരാവിഷ്‌കരിക്കാന്‍ ശ്രമിച്ചാല്‍ നെഗറ്റിവിറ്റിയെ ഒരു പരിധി വരെ അകറ്റിനിര്‍ത്താം.

നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക: നമ്മുടെ നിയന്ത്രണത്തില്‍ ഉള്ളതും (നമ്മുടെ തന്നെ ചിന്തകളും പ്രവൃത്തികളും) ഇല്ലാത്തതുമായ(മറ്റുള്ളവരുടെ സ്വഭാവം, അവരുടെ പ്രവൃത്തികള്‍) കാര്യങ്ങള്‍ തിരിച്ചറിയുക. എന്നിട്ട് നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങള്‍ക്ക് മാത്രം ഊന്നല്‍ നല്‍കി മുന്നോട്ടുപോകുക.

നെഗറ്റീവ് ചിന്തകളെ എന്നന്നേക്കുമായി എങ്ങനെ പോസിറ്റീവ് ആക്കാം?

നെഗറ്റീവ് ചിന്തകളെ എന്നന്നേക്കുമായി പോസ്റ്റീവ് ആക്കുക എന്നത് അത്ര പെട്ടെന്ന് നടക്കുന്ന കാര്യമല്ല. പോസിറ്റീവ് ചിന്തകള്‍ ഇല്ലാത്തതിനും കാര്യങ്ങളെ അനാവശ്യമായി വിലയിരുത്തുന്നതിനും സ്വയം കുറ്റപ്പെടുത്തുന്ന നിലയിലേക്ക് നമ്മള്‍ എത്താനിടയുണ്ട്. അത്തരം സാഹചര്യങ്ങളില്‍ സ്വയം അലിവ് തോന്നാനും ക്ഷമിക്കാനും തയ്യാറാകണം. ഇത്തരം ചെറിയ കാര്യങ്ങള്‍ വലിയ മാറ്റങ്ങളിലേക്ക് നയിക്കും. പിന്നീട് ചെയ്യാവുന്ന കാര്യങ്ങള്‍ ഇവയാണ്.

  • എഴുതുക: നെഗറ്റീവ് ചിന്തകള്‍ എഴുതിവെക്കുക. എന്നിട്ട് പോസിറ്റീവ് കാഴ്ചപ്പാടിലൂടെ അവയെ വെല്ലുവിളിക്കുക.
  • ചിന്തകളെ നിരീക്ഷിക്കുക: ദിവസം മുഴുവന്‍ ചിന്തകളെ നിരീക്ഷിക്കുക. അവയില്‍ നെഗറ്റീവ് ചിന്തകള്‍ ഏതെല്ലാമാണെന്നും എപ്പോഴാണ് ഉണ്ടാകുന്നതെന്നും കൃത്യമായി കണ്ടുപിടിക്കുക.
  • പോസിറ്റീവ് ആയി സ്വയം സംസാരിക്കുക: നമ്മോട് തന്നെ നനെഗറ്റീവ് ആയി സംസാരിക്കുന്നതിന് പകരം പോസിറ്റീവ് വര്‍ത്തമാനങ്ങള്‍ സ്വയം പറയുക.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Friday, April 19, 2024, 13:00 [IST]
X
Desktop Bottom Promotion