'കുറയ്‌ക്കേണ്ടത് തൂക്കമല്ല, കൊഴുപ്പാണ്, സോഷ്യല്‍ മീഡിയ ഡയറ്റ് ട്രെന്‍ഡിലെ അപകടം' -വിഷ്ണു ഉല്ലാസ്

ഈ അടുത്തായി നമ്മളേവരും വായിച്ച ഒരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയ ഡയറ്റ് പിന്തുടര്‍ന്ന് വിദ്യാര്‍ത്ഥി മരണപ്പെട്ടു എന്നത്. എന്താണ് സോഷ്യല്‍ മീഡിയ ഡയറ്റ്, എന്തൊക്കെയാണ് ഇതിന്റെ അപകടം, എന്തുകൊണ്ടാണ് ഇത് മരണത്തിലേക്ക് എത്തുന്നത്, ആരോഗ്യം എപ്പോള്‍ എങ്ങനെ എവിടെ നഷ്ടപ്പെടുന്നു, ഇതെല്ലാം പലരിലും ഒരു ചോദ്യമായി വന്നു കൊണ്ടിരിക്കുകയാണ്. ഇന്നത്തെ കാലത്ത് പലരും ആഗ്രഹിക്കുന്നത് വണ്ണം കുറയ്ക്കുക, ഭാരം കുറയ്ക്കുക, ശരീരം സ്ലിം ആക്കുക എന്നതാണ്. എന്നാല്‍ അതിന് എളുപ്പവഴികള്‍ തേടുന്നവരും ഒട്ടും കുറവല്ല.

പലപ്പോഴും ഇത്തരം എളുപ്പവഴികള്‍ നമ്മളെ എത്തിക്കുന്നതാകട്ടെ ഒരിക്കലും തിരിച്ച് വരാന്‍ സാധിക്കാത്ത ഒരു അപകടത്തിലേക്കാണ്. ശരിയായ രീതിയില്‍ കൃത്യമായ ഡയറ്റില്‍, കൃത്യമായ വ്യായാമത്തോടെ വേണം ശരീരഭാരം കുറയ്ക്കുന്നതിനും കൂട്ടുന്നതിനും. ഒരു വ്യക്തി ആരോഗ്യത്തോടെ ഇരിക്കുന്നതിന് എന്തൊക്കെ കഴിക്കണം, എങ്ങനെ കഴിക്കണം, എപ്പോള്‍ കഴിക്കണം എന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല. ഇതിനെക്കുറിച്ചെല്ലാം ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ന്യൂട്രീഷനിസ്റ്റ്‌ വിഷ്ണു ഉല്ലാസ് മലയാളം ബോള്‍ഡ്‌സ്‌കൈയോട് സംസാരിക്കുന്നു.

Exclusive Interview with International Certified Nutritionist Vishnu Ullas

സോഷ്യല്‍ മീഡിയ ഡയറ്റെന്ന വില്ലന്‍
ഇന്നത്തെ കാലത്ത് പലരും തടി കുറയ്ക്കാനും കൂട്ടാനും എളുപ്പവഴി തേടിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് ഉള്ളത്. പല തരത്തിലുള്ള പൊടിക്കൈകളിലുടെ അമിതവണ്ണത്തെ കുറയ്ക്കാം, അങ്ങനെ കുറയ്ക്കാം വയറൊതുക്കാം തുടങ്ങി നിരവധി കാര്യങ്ങള്‍ ദിനവും നാം സോഷ്യല്‍ മീഡിയയില്‍ കാണുന്നുണ്ട്. എന്നാല്‍ അതിനെല്ലൊം അതിന്റേതായ രീതിയില്‍ പാര്‍ശ്വഫലങ്ങളും ഉണ്ടെന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. എങ്ങനെയെങ്കിലും വണ്ണം കുറഞ്ഞാല്‍ മതി എന്നാണ് പലരും ആഗ്രഹിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ തടി കുറയ്ക്കാന്‍ എന്നതിനേക്കാള്‍ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. പലപ്പോഴും ഭക്ഷണം കഴിക്കാതെയുള്ള ഡയറ്റെടുത്ത് മുന്നോട്ട് പോവുമ്പോള്‍ അവിടെ 'മസില്‍ ലോസ്' ആണ് സംഭവിക്കുന്നത്. ക്ഷമയോടെ വേണം എപ്പോഴും ശരീരഭാരം കൂട്ടുന്നതിനും കുറയ്ക്കുന്നതിനും.

തിരിച്ചറിയാനാവാത്ത പ്രശ്‌നങ്ങള്‍
പലപ്പോഴും നമുക്ക് തന്നെ തിരിച്ചറിയാനാവാത്ത പ്രശ്‌നങ്ങള്‍ ശരീരഭാരത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നു. അതില്‍ രണ്ട് തരത്തിലുള്ള ഈറ്റിംങ് ഡിസോര്‍ഡറാണ് സംഭവിക്കുന്നത്. ഒന്ന് അനോറെക്‌സിയ നെര്‍വോസ, രണ്ടാമത്തേത് ബുളീമിയ നെര്‍വോസ. ഇത് രണ്ടും അത്യന്തം അപകടകരമായ അവസ്ഥകള്‍ തന്നെയാണ്. ശരീരഭാരം നമ്മുടെ പ്രായത്തിനും തൂക്കത്തിനും അനുസരിച്ച് വേണ്ടതിലും കുറവാണെങ്കില്‍ പോലും താന്‍ അമിതവണ്ണമാണ് എന്ന തോന്നലാണ് അനോറെക്‌സിയ നെര്‍വോസ. മാത്രമല്ല ബിഎംഐ പോലും കൃത്യമല്ലാത്ത രീതിയില്‍ ആയിരിക്കും. ഇത് മാനസികാരോഗ്യത്തേയും ശാരീരികാരോഗ്യത്തേയും വരെ ബാധിക്കുന്നു. കൂടാതെ ഇവര്‍ക്ക് ഒരു അളവില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിന് സാധിക്കാതെ വരുന്നു. ചര്‍മ്മത്തേയും മുടിയുടെ ആരോഗ്യത്തേയും എല്ലാം ഈ അവസ്ഥ ബാധിക്കുന്നു.

ഡയറ്റെന്നത് വണ്ണം കുറയ്ക്കലോ?
ഡയറ്റ് എന്ന് പറയുമ്പോള്‍ പലരുടേയും ധാരണം തടി കുറയ്ക്കാം എന്നുള്ളത് മാത്രമാണെന്ന് വിഷ്ണു പറയുന്നു. എന്നാല്‍ എപ്പോഴും വണ്ണം കുറയ്ക്കുക എന്നത് മാത്രമല്ല വണ്ണം കൂട്ടുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും എല്ലാം സഹായിക്കുന്നതാണ് ഡയറ്റ്. പല തരത്തിലുള്ള ഡയറ്റുകള്‍ ഉണ്ട് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. പലരും പക്ഷേ വണ്ണം കുറയ്ക്കുക എന്നത് മാത്രമാണ് ഡയറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് തന്നെ ഡയറ്റെടുക്കുമ്പോള്‍ എപ്പോഴും സെര്‍ട്ടിഫൈഡ് ആയ അല്ലെങ്കില്‍ കൃത്യമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയെ സമീപിച്ചതിന് ശേഷം മാത്രം ഡയറ്റെടുക്കുക. അല്ലാത്ത പക്ഷം അത് ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു.

Exclusive Interview with International Certified Nutritionist Vishnu Ullas

ആരോഗ്യമുള്ള ഒരു വ്യക്തിയെങ്കില്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്?
ആരോഗ്യകരമായ ജീവിത ശൈലിയില്‍ മുന്നോട്ട് പോവുന്ന ഒരു വ്യക്തിയെങ്കില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഭക്ഷണം എപ്രകാരം ശ്രദ്ധിക്കണം എന്നത് ഒരു പ്രധാന കാര്യമാണ്. ഇതില്‍ ആദ്യം ശ്രദ്ധിക്കേണ്ടത് മധുരം ഒഴിവാക്കുക എന്നതാണ്. ഇതിലൂടെതന്നെ നമ്മുടെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോള്‍ അത് എപ്പോഴും വീട്ടിലുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. കഴിയാവുന്നതും അരി ഭക്ഷണം അതും ആരോഗ്യകരമായത് കഴിക്കുന്നതിന് ശ്രദ്ധിക്കണം. കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും അടങ്ങിയ സമീകൃതാഹാരമായിരിക്കണം ശീലിക്കേണ്ടത്. ഉച്ചക്ക് ചോറ് കഴിക്കാവുന്നതാണ്. ഒരിക്കലും നമ്മള്‍ ചോറ് ഒഴിവാക്കേണ്ടതില്ല. കാരണം ശരീരത്തിന് കാര്‍ബോഹൈഡ്രേറ്റ് അനിവാര്യമായത് തന്നെയാണ്. പരമാവധി എണ്ണ കുറയ്ക്കുന്നതിന് ശ്രദ്ധിക്കണം. കഴിക്കുമ്പോള്‍ എപ്പോഴും 30%ത്തോളം ഭാഗം പ്രോട്ടീന്‍ ആയിരിക്കണം, 40% കാര്‍ബോഹൈഡ്രേറ്റിന് വേണ്ടി മാറ്റി വെക്കണം. ബാക്കി പച്ചക്കറികളും മറ്റുമായി ഉള്‍പ്പെടുത്തേണ്ടതാണ്. വൈകുന്നേരങ്ങളില്‍ പരമാവധി ട്രാന്‍സ്ഫാറ്റുകള്‍ ഒഴിവാക്കുക. കൂടാതെ രാത്രിയില്‍ 8.30നുള്ളില്‍ അത്താഴം കഴിക്കാന്‍ ശ്രദ്ധിച്ചാല്‍ അത് ആരോഗ്യത്തെ കൂടുതല്‍ മികച്ചതാക്കുന്നു.

Take a Poll

തടി കുറയ്ക്കുന്നതിനും തടി കൂട്ടുന്നതിനും ഭക്ഷണം ഇപ്രകാരം
തടി കുറയ്ക്കുന്നതിന് വേണ്ടി ആദ്യം ശ്രദ്ധിക്കേണ്ടത് രാത്രി 8.30 മുന്‍പായി നമ്മുടെ ഭക്ഷണമെല്ലാം തന്നെ കഴിക്കേണ്ടതാണ്. എപ്പോഴും ശരീരത്തിന് പ്രോട്ടീന്‍ വേണം എന്നതും ഓര്‍മ്മിക്കണം. കൊഴുപ്പ് കുറയ്ക്കുക എന്നതായിരിക്കണം എപ്പോഴും നമ്മുടെ ലക്ഷ്യം. മാത്രമല്ല ഈ സമയം നമ്മുടെ ശരീരം വളരെയധികം സെന്‍സിറ്റീവ് ആയിരിക്കും. അതിന് ശേഷവും വിശക്കുന്നെങ്കില്‍ പച്ചക്കറികളും ചിക്കനും മുട്ടയുടെ വെള്ളയും മത്സ്യവും എല്ലാ കഴിക്കാവുന്നതാണ്. എങ്കിലും പരമാവധി ഭക്ഷണം രാത്രി 8.30 ശേഷം കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ വര്‍ക്കൗട്ടും ശീലമാക്കുക, ചുരുങ്ങിയത് അരമണിക്കൂര്‍ എങ്കിലും വ്യായാമത്തിനായി മാറ്റി വെക്കേണ്ടതാണ്.

തടി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി
തടി വര്‍ദ്ധിപ്പിക്കുന്നതിനായി ശ്രമിക്കുന്നവരാണെങ്കില്‍ ഭക്ഷണം കൃത്യമായി കഴിക്കേണ്ടതാണ്. ചുരുങ്ങിയത് 7 തവണയെങ്കിലും ഭക്ഷണത്തിനായി മാറ്റി വെക്കേണ്ടതാണ്. ആരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല. ഒറ്റയടിക്ക് വയറ് നിറച്ച് കഴിക്കുന്നവരായിരിക്കും പലരും. എന്നാല്‍ ഒരിക്കലും അത് ചെയ്യാന്‍ ശ്രമിക്കരുത്. മാത്രമല്ല ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ശ്രദ്ധിക്കണം. കാരണം ശരീരഭാരം കൂട്ടുക എന്നത് അല്‍പം സമയമെടുക്കുന്ന കാര്യമാണ്. രണ്ടര മണിക്കൂര്‍ ഇടവിട്ടാണ് ഓരോ ഭക്ഷണവും കഴിക്കേണ്ടത്. കഴിക്കുന്ന ഓരോ ഭക്ഷണത്തിലും കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ നല്ല കൊഴുപ്പും ചേര്‍ക്കുന്നതിന് ശ്രദ്ധിക്കണം.

വ്യായാമത്തിന് മുന്‍പും വ്യായാമത്തിന് ശേഷവും എപ്പോള്‍ ഭക്ഷണം?
വ്യായാമത്തിനായി പലരും ജിമ്മിലെത്തുന്നത് ഭക്ഷണം കഴിക്കാതെയാണ്. ഇതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നതാണ് ആദ്യത്തെ കാര്യം. ജിമ്മില്‍ പോവുന്ന ഒരു വ്യക്തി ജിമ്മില്‍ പോവുന്നതിന് 45 മിനിറ്റ് മുന്‍പെങ്കിലും ഭക്ഷണം കഴിക്കേണ്ടതാണ്. കാര്‍ബോഹൈഡ്രേറ്റും നല്ല കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിക്കണം. വ്യായാമത്തിന് ശേഷം 15-20 മിനിറ്റിനുള്ളില്‍ ഭക്ഷണം കഴിക്കണം. ഇതില്‍ ആദ്യം ശ്രദ്ധിക്കേണ്ടതാണ് പ്രോട്ടീന്‍. വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ പേശികള്‍ക്ക് പലപ്പോഴും ക്ഷതം സംഭവിക്കുന്നു. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് പ്രോട്ടീന്‍ കഴിക്കണം എന്ന് പറയുന്നത്. ഇത്രയും കാര്യങ്ങള്‍ എപ്പോഴും ആരോഗ്യകരമായ ഒരു ജീവിത ശൈലിയില്‍ പിന്തുടരേണ്ടതാണ് എന്നത് ഓരോരുത്തരും അറിഞ്ഞിരിക്കണം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion