മൂന്ന് മാസം കൊണ്ട് 62 കിലോയില്‍ നിന്നും 54 കിലോ; കളിയാക്കിയവരെ പോലും അമ്പരിപ്പിച്ച അഞ്ജനയുടെ കഥ

Weight loss: വണ്ണം അമിതമായിട്ടുള്ളവര്‍ പലപ്പോഴും പലതരത്തിലുള്ള പരിഹാസങ്ങള്‍ക്ക് പാത്രമാകാറുണ്ട്. നീയെന്താ ഇങ്ങനെ? പീറത്തടിച്ചിയായല്ലോ? ഈ വസ്ത്രം നിനക്ക് ചേരില്ല! എന്നിങ്ങനെ കന്റുകളും അഭിപ്രായങ്ങളും അനവധിയായിരിക്കും. എല്ലാം കേട്ട് മനസ്സില്‍ വേദനയും പേറി ഇവര്‍ നടക്കേണ്ടതായും വരും. എന്നെങ്കിലും ഒരിക്കല്‍ ഇതിനെല്ലാം ചുട്ട മറുപടി കൊടുക്കണം എന്നാഗ്രഹിക്കാത്തവരും കുറവാണ്. അത്തരത്തില്‍ തന്നെ കളിയാക്കിയവരെകൊണ്ട് തന്നെ, ചെറുപ്പമായല്ലോ എന്ന് പറയിപ്പിച്ച വ്യക്തിയാണ് അഞ്ജന!

Anjana s Weight Loss Journey Overcoming Body Shaming and Losing 8 kg in 3 Months
Photo Credit: AI

കോളജ് പഠനകാലത്ത് നേരിട്ട ദുരനുഭവങ്ങളാണ് അഞ്ജനയെ മാറ്റത്തിലേയ്ക്ക് നയിച്ചത്. അന്ന് നിറത്തിന്റെയും വണ്ണത്തിന്റെയും പേരില്‍ അനവധി കളിയാക്കലുകള്‍ അഞ്ജന നേരിട്ടിരുന്നു. ഇതിനെല്ലാം അഞ്ജന മറുപടികൊടുത്തത് എപ്രകാരമെന്നും, വണ്ണം കുറയ്ക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് അഞ്ജന സ്വീകരിച്ചത് എന്നും നോക്കാം.

വണ്ണം വെച്ചതിനുപിന്നില്‍

എങ്ങനെയാണ് വണ്ണം വെച്ചത് എന്ന് ചോദിച്ചാല്‍ അതിന് കൃത്യമായ ഉത്തരം ഇല്ല. സത്യത്തില്‍ എനിക്കും അറിയില്ല. ഞാന്‍ ഡിഗ്രിയ്ക്ക് പഠിക്കുന്ന കാലത്ത് 50 കിലോ മാത്രമാണ് ഉണ്ടായിരുന്നത്. എത്ര കഴിച്ചാലും വണ്ണം വെയ്ക്കാത്ത പ്രകൃതമായിരുന്നു എന്റേത്. അത് കഴിഞ്ഞ് ഞാന്‍ പിജിയ്ക്ക് ചേര്‍ന്നു. അന്നും വണ്ണം കുറവാണ്. പിജി കഴിഞ്ഞതും ജോലിയ്ക്ക് പ്രവേശിച്ചു. അപ്പോള്‍ വെയില്‍ നല്ലതുപോലെ കൊള്ളുമായിരുന്നു. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്ന ശീലവും കുറവാണ്. വെയില്‍ കൊണ്ട് നിറമാകെ പോയി. ഒരു വര്‍ഷം പണി എടുത്തതിന് ശേഷം ജോലി രാജി വെച്ച് വീട്ടില്‍ ഇരുന്നു. വണ്ണം കുറവായതിനാലാണ് ആരോഗ്യം ഇല്ലാത്തത് എന്ന ചിന്ത അന്ന് എന്നില്‍ ശക്തമായിരുന്നു. ഇന്നത്തെ പോലെ ആരോഗ്യ വിഷയങ്ങളെക്കുറിച്ച് അറിവും കുറവായിരുന്നു. അതിനാല്‍, വണ്ണം വെച്ചാല്‍ ആരോഗ്യം കിട്ടും എന്ന ചിന്തമൂലം നന്നായി ആഹാരം കഴിക്കാന്‍ ആരംഭിച്ചു. ആഹാരം വെറും ഒരു മാസം കൊണ്ട് 50 കിലോയില്‍ നിന്നും 60 കിലോ വരെയായി. പെട്ടെന്ന് തടി വെച്ചു. എങ്ങനെ ഇത് സംഭവിച്ചു എന്ന് എനിക്കും അറിയില്ല. പക്ഷേ, ആ വണ്ണം ആരോഗ്യകരമല്ലായിരുന്നു. കണ്ടാല്‍ പീറത്തടി പോലെ തോന്നൂ. വ്യായാമം ഇല്ലാത്ത ശരീരമായതിനാല്‍ തന്നെ, കൊഴുപ്പ് കൂടി. ഇങ്ങനെ വണ്ണം വര്‍ദ്ധിച്ചിരിക്കുന്ന സമയത്താണ് രണ്ടാമത് ഒരു പിജി എടുക്കാന്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ പോകുന്നത്. അവിടെന്നാണ് എല്ലാം മാറി ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.

കളിയാക്കലുകള്‍

യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ചെന്നതില്‍ പിന്നെ, എന്റെ ഫ്രണ്ട്‌സ് തന്നെ എന്നെ കളിയാക്കിയിട്ടുണ്ട്. നിന്നെ കണ്ടാല്‍ പ്രായം കൂടുതല്‍ തോന്നും, തടിച്ചി, നിറം കുറവ് എന്നിങ്ങനെ കളിയാക്കലുകള്‍ അനവധിയായിരുന്നു. അവരുടെ അഭിപ്രായത്തില്‍ അവര്‍ തമാശയ്ക്ക് പറയുന്നതാണ് എന്നാ്. എന്നാല്‍, അത് എന്റെ മനസ്സില്‍ അരിയാതെ പതിയാന്‍ ആരംഭിച്ചു. അന്നത്തെ കാലത്ത് എന്റെ ബോയ്ഫ്രണ്ടും ഇതേ രീതിയില്‍ കളിയാക്കാന്‍ തുടങ്ങിയ നിന്നെ കണ്ടാല്‍ തള്ള പോലെയാണ്. ഞാന്‍ ഗ്ലാമറാണ് എന്നിങ്ങനെ കളിയാക്കിയതോടെ ആകെ തകര്‍ന്നു. എല്ലാരെയും ഞെട്ടിക്കണം എന്നത് പിന്നെ എന്റെ വാശിയായി.

മാറ്റത്തിന് തുടക്കം

യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ പഠനം കഴിഞ്ഞ് വീട്ടില്‍ ഇരിക്കുകയാണ്. അന്ന് കൊറോണ സമയമാണ്. ജിം എല്ലാം ലോക്ക് ഡൗണ്‍ കഴിഞ്ഞ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ടേ ഉള്ളൂ. ഈ സമയത്ത് ഞാനും എന്റെ കൂട്ടുകാരിയും കൂടി ജിമ്മില്‍ ചേര്‍ന്നു. ആദ്യം സ്ത്രീകള്‍ മാത്രമുള്ള ഒരു ഫിറ്റ്‌നസ്സ് സെന്ററിലാണ് പോയത്. എന്നാല്‍, അവിടെ ടിവിയില്‍ ബിപാഷ ബസുവിന്റെയും മറ്റും വര്‍ക്കൗട്ട് പ്ലേ ചെയ്ത് ചെയ്യിപ്പിക്കല്‍ മാത്രമായിരുന്നു. സ്വാഭാവികമായും അതൊരു നഷ്ടം തന്നെയാണ്. നമുക്ക് വീട്ടില്‍ ഇരുന്ന് ചെയ്യാവുന്ന കാര്യം ഇവര്‍ പൈസ വാങ്ങി ഉടായിപ്പ് കാണിക്കായിരുന്നു. കൂടാതെ, ആ ട്രെയ്‌നര്‍ക്ക് ജിം നടത്താനുള്ള ലൈസന്‍സ് ഇല്ലെന്നും യോഗ മാത്രമാണ് പഠിച്ചിരിക്കുന്നത് എന്നും മനസ്സിലായപ്പോള്‍ പതിയെ ഞങ്ങള്‍ അവിടെ നിന്നും പോന്നു. പിന്നെ മറ്റൊരെണ്ണം കണ്ടെത്തി. അവിടെ എല്ലാം നല്ലതായിരുന്നു. ഞങ്ങള്‍ രണ്ട് പെണ്‍കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിനാല്‍, ശരിയായ രീതിയില്‍ ട്രെയ്‌നിംഗ് തന്നു. എനിക്ക്, പേശികള്‍ക്ക് ബലം കുറവായിരുന്നു. അതെല്ലാം മാറി.

ഡയറ്റിംഗ്

ജിമ്മില്‍ പോകുന്ന സമയത്ത് രാവിലെ ഓട്‌സ് സ്മൂത്തിയാണ് കഴിക്കുക. ഓട്‌സും, തലേദിവസം കുതിര്‍ത്ത ഈന്തപ്പഴും, ഒരു ചെറുപഴവും, സ്‌കിംമ്മ്ഡ് മില്‍ക്കും ചേര്‍ത്ത് അരച്ച് സ്മൂത്തിയാക്കി കഴിക്കും. ആരോഗ്യകരമായിരുന്നു. ഉച്ചയ്ക്ക് ഗോതമ്പ് ദോശയും, കറികള്‍ ഏതെങ്കിലും കൂട്ടി കഴിക്കും. രാത്രിയില്‍ പ്രധാനമായും പപ്പായ ആണ് കഴിച്ചിരുന്നത്. പപ്പായ ലഭിക്കാത്ത ദിവസം ഒരു നേന്ത്രപ്പഴം കഴിക്കും. ഇടവേളകളില്‍ ബദാം പോലെയുള്ള നട്‌സ് മൂന്നെണ്ണം വെച്ച് കഴിക്കുമായിരുന്നു.

മാറ്റങ്ങള്‍

ചര്‍മ്മത്തില്‍ നല്ലരീതിയില്‍ മാറ്റം വന്നു. തിളക്കം വര്‍ദ്ധിച്ചു. എന്നെ ഖണ്ടാല്‍ പ്രായം തോന്നില്ലെന്ന് പലരും പറയാന്‍ തുടങ്ങിയ ഇതെല്ലാം എന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ആരംഭിച്ചു. വണ്ണം 54 കിലോ വരെ എത്തി. മാനസികാരോഗ്യം മെച്ചപ്പെട്ടു. ഉറക്കം കൃത്യമാകാന്‍ ആരംഭിച്ചു. സ്‌ട്രെസ്സ് കുറഞ്ഞു. മൊത്തത്തില്‍ നല്ലൊരു മാറ്റം ഞാന്‍ അനുഭവിച്ചു.

(വ്യക്തിയുടെ സ്വകാര്യത മാനിച്ച്, നൽകിയിരിക്കുന്ന ചിത്രവും, പേരും പ്രതീകാത്മകം മാത്രമാണ്.)

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion