'ലിജിക്കൊച്ച് എനിക്ക് തന്ന സ്‌നേഹം, അതിലും വലുതൊന്നുമില്ല, ബാക്കിയെല്ലാം ബോണസാണ്'

Valentines Day 2025: എന്താണ് പ്രണയം, ഇന്നത്തെ കാലത്ത് ആത്മാര്‍ത്ഥമായ ഒരു പ്രണയത്തെക്കുറിച്ച് പറയാന്‍ പറഞ്ഞാല്‍ ആര്‍ക്കൊക്കെ കൃത്യമായി പറയാന്‍ പറ്റും? എന്നാല്‍ ഒട്ടും ആലോചിക്കാതെ പറയാന്‍ പറ്റുന്ന രണ്ട് പേരുണ്ട്, സുജിതും ലിജിയും. മരണം വരെ പരസ്പരം സ്‌നേഹിച്ച് ജീവിക്കാന്‍ വിധിക്കപ്പെട്ട രണ്ട് പേര്‍. ഏത് തളര്‍ച്ചയിലും പ്രശ്‌നത്തിലും താങ്ങും തണലുമായി സുജിത്തുള്ളപ്പോള്‍ ലിജിക്കൊച്ച് ദാ പറയുന്ന പോലെ ഉഷാറാവും. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇവരെ രണ്ട് പേരേയും നമ്മളില്‍ പലര്‍ക്കും പരിചയം. അത്ഭുതത്തോടേയും തെല്ല് അസൂയയോടേയും തന്നെയാണ് പലരും അവരുടെ ജീവിതത്തെ നോക്കിക്കണ്ടതും.

ലിജി ഇപ്പോള്‍ ഒരു തിരിച്ച് വരവിലാണ്. സുജിതിന്റെ സ്‌നേഹത്തിനും കരുതലിനും മുന്നില്‍ ഒന്നിനും തന്നെ തോല്‍പ്പിക്കാന്‍ കഴിയില്ല എന്ന ബോധ്യം ഉള്‍ക്കൊണ്ടുള്ള തിരിച്ച വരവില്‍. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ചപ്പോള്‍ വിധി അവര്‍ക്കായി കാത്തു വെച്ചത് മറ്റ് ചിലതായിരുന്നു. അറിയാം സുജിതിന്റേയും ലിജിയുടേയും ഒരിക്കലും അവസാനിക്കാത്ത പ്രണയസുരഭില ജീവിതം.

Liji Sujith Shares the Journey of Unconditional Love

ഒന്‍പത് വര്‍ഷത്തെ പ്രണയം
ഒന്‍പത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ലിജിയും സുജിതും വിവാഹിതരായത്. എറണാകുളത്ത് ജോലി ചെയ്തിരുന്ന ഘട്ടത്തില്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാവുകയും പിന്നീട് പ്രണയിതാക്കളായി മാറുകയുമായിരുന്നു. പ്രണയം സാക്ഷാത്കരിക്കപ്പെട്ട വിവാഹ ദിവസങ്ങള്‍, ഒരു വര്‍ഷത്തെ ദാമ്പത്യം അതിനിടയില്‍ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് ഒരു വില്ലന്‍ അവരുടെ ജീവിതത്തിലേക്ക് കടന്ന് വന്നു.

യാത്രക്കിടയില്‍ വന്ന വില്ലന്‍
സുന്ദരമായ ഒരു ദാമ്പത്യജീവിതത്തിലേക്കുള്ള യാത്രയിലേക്കുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും. എന്നാല്‍ ഒരു ചെറിയ പനിയുടേയും തലവേദനയുടേയും രൂപത്തില്‍ ജീവിതം മാറ്റി മറിയ്ക്കുന്ന ഒരു ഘട്ടത്തിലേക്ക് കാര്യങ്ങളെത്തി. 2020-ലാണ് ലിജിയുടേയും സുജിത്തിന്റേയും ജീവിതം തിരിച്ചെഴുതിയത്. തലവേദനയും ഛര്‍ദ്ദിയും സാധാരണ പോലെയെന്ന് കരുതി ആശുപത്രിയില്‍ പോയി മരുന്നെടുത്തു. പക്ഷേ പിറ്റേ ദിവസവും നിര്‍ത്താതെയുള്ള ഛര്‍ദ്ദിയും അസ്വസ്ഥതയും കാരണം വീണ്ടും ഹോസ്പിറ്റലിലേക്ക് തന്നെ പോവേണ്ടി വന്നു. പ്രഥമദൃഷ്ടിയാല്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ അത്ര വലിയ പ്രതിസന്ധിയെക്കുറിച്ചും ആരും ചിന്തിച്ചില്ല.

Liji Sujith Shares the Journey of Unconditional Love

ആശുപത്രി വാസത്തിന് തുടക്കം
ചെറിയ ഒരു പനിയിലൂടെയായിരുന്നു തുടക്കം, പിന്നീടങ്ങോട്ട് മാസങ്ങളോളം വെന്റിലേറ്ററിലും ഐസിയിലുമായി ജീവിതം മുന്നോട്ട് കൊണ്ട് പോവേണ്ടി വന്നു ലിജിയ്ക്കും സുജിത്തിനും. ഏതൊരു കുടുംബത്തിലേയും പോലെ സാമ്പത്തിക ബുദ്ധിമുട്ടുകളും മാനസിക പ്രതിസന്ധികളും എല്ലാം ജീവിതത്തില്‍ അങ്ങേയറ്റം അനുഭവിച്ച സമയത്തിലൂടെയായിരുന്നു സുജിത്തും ലിജിയും കുടുംബവും കടന്നു പോയിക്കൊണ്ടിരുന്നത്. ലിജിയൊന്ന് കണ്ണ് തുറക്കാന്‍, ഒന്ന് മിണ്ടാന്‍ കാത്തിരുന്ന് സുജിത്തും കണ്ണ് ചിമ്മാതെ കാവലിരുന്നു. നഷ്ടപ്പെടുന്ന അവസ്ഥയില്‍ നിന്ന് ജീവിതത്തിലേക്ക് സുജിത് തിരിച്ച് വിളിച്ചു പ്രിയപ്പെട്ട ലിജിക്കൊച്ചിനെ.

വര്‍ഷങ്ങള്‍ പോയതറിയാതെ
കുടുംബവും സൗഹൃദവും എല്ലാം ലിജിയുടെ കൂടെ പ്രാര്‍ത്ഥനയും സഹായങ്ങളുമായി ഉണ്ടായിരുന്നു. ഒരു പോള കണ്ണടയ്ക്കാതെ സുജിത്തും തന്റെ പ്രാണനായി കൂട്ടിരുന്നു. തലച്ചോറിന്റെ വലത് വശത്തുണ്ടായ അണുബാധയാണ് ലിജിയെ ബാധിച്ചിരുന്നത്. എന്നാല്‍ അടുത്ത ഘട്ടത്തില്‍ അത് ഇടത് ഭാഗത്തേക്ക് മാറിയതിനാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയിരുന്നു. എട്ടരമാസത്തെ ആശുപത്രി വാസത്തിന് ശേഷം സുജിത്തിന്റേയും കുടുംബത്തിന്റേയും പൂര്‍ണ പിന്തുണയും സ്‌നേഹവും ഡോക്ടര്‍മാരുടെ ഇടപെടലും തന്നെയാണ് ലിജിയെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയത്.

കൈവിട്ട് പോയ ജീവിതം
അകമേ സങ്കടവും തീര്‍ത്താല്‍ തീരാത്ത ദു:ഖവും സുജിത്തിനെ അലട്ടിയിരുന്നെങ്കിലും ഒരിക്കലും ലിജിയുടെ മുന്നില്‍ ആ കണ്ണ് നിറഞ്ഞിട്ടില്ല. ഇപ്പോഴും ബോണസായി കിട്ടിയ ജീവിതമാണ് തനിക്കും ലിജിക്കൊച്ചിനും എന്ന് തന്നെയാണ് സുജിത് പറയുന്നത്. കൈവിട്ട് പോയ ജീവിതത്തില്‍ ഇത്രയെങ്കിലും തിരിച്ച് പിടിക്കാനായില്ലേ, ബാക്കിയുള്ളതെല്ലാം ബോണസാണ് എന്നാണ് സുജിതിന്റെ വാക്കുകള്‍. ആരുടേയും സഹായമില്ലാതെ ലിജി നടന്ന് കാണുക എന്നതാണ് സുജിതിന്റെ ഏറ്റവും വലിയ സ്വപ്‌നവും.

സോഷ്യല്‍ മീഡിയയില്‍
നമുക്കേവര്‍ക്കും ഇവരെ രണ്ട് പേരേയും പരിചയം യൂട്യൂബ് വീഡിയോകളിലൂടേയാണ്. വിവാഹത്തിന് ശേഷം ആരംഭിച്ച ചാനലാണെങ്കിലും പിന്നീട് ഇതില്‍ സജീവമായി ഇടപെടാന്‍ തുടങ്ങിയത് രോഗശയ്യയില്‍ നിന്നുള്ള ലിജിയുടെ തിരിച്ച് വരവിലൂടെയാണ്. ഇവരുടെ പല വീഡിയോകളും വൈറലാണ് ഇപ്പോള്‍. ഇവരുടെ ദാമ്പത്യത്തെയും സ്‌നേഹത്തേയും ഇരുകൈയ്യും നീട്ടിയാണ് ഓരോ പ്രേക്ഷകരും സ്വീകരിച്ചത്. ഇപ്പോള്‍ ലിജിയുടെ താല്‍പ്പര്യമാണ് ഏറ്റവും കൂടുതല്‍ വിഡിയോ എടുക്കാന്‍ സുജിതിനെ പ്രേരിപ്പിക്കുന്നതും.

Liji Sujith Shares the Journey of Unconditional Love

നീണ്ട നാളത്തെ ചികിത്സ
നീണ്ട നാളത്തെ ചികിത്സക്ക് ശേഷം ലിജി പതിയേ ജീവിതത്തിലേക്ക് പിച്ച വച്ചുകൊണ്ടിരിക്കുകയാണ്. വാക്കറിന്റെ സഹായത്തോടെ മൂന്ന് നാല് അടിയെല്ലാം നടക്കും. കൂടാതെ വാക്കുകള്‍ ഇടറുമെങ്കിലും സംസാരിക്കുന്നതിനും മിടുക്കിയാണ്. മൂക്കിലൂടെയിട്ട ട്യൂബില്‍ ഭക്ഷണം കഴിച്ചിരുന്ന ലിജി ഇപ്പോള്‍ സ്വന്തമായി ഭക്ഷണം വാരിക്കഴിയ്ക്കാന്‍ തുടങ്ങി. ഇഷ്ടപ്പെട്ട ഓരോ കുഞ്ഞ് കുഞ്ഞ് കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ഇനിയും ഏറെ ദൂരം ഇവര്‍ക്ക് രണ്ടു പേര്‍ക്കും മുന്നോട്ട് പോവാനുണ്ട്. സ്‌നേഹിക്കുന്നവരാല്‍ ചേര്‍ത്ത് പിടിക്കപ്പെട്ട് ജീവിതത്തില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് ലിജിയും സുജിത്തും.

വാലന്റൈന്‍സ് ഡേയില്‍ പറയാനുള്ളത്
പ്രണയിനിയോ പങ്കാളിയോ ആരുമായിക്കൊള്ളട്ടെ നിസ്സാരകാര്യത്തിന് പിണങ്ങിപ്പോവുന്ന അല്ലെങ്കില്‍ ഉപേക്ഷിച്ച് പോവുന്ന അല്ലെങ്കില്‍ അതിലും ക്രൂരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നവര്‍ക്കിടയില്‍ സ്‌നേഹത്തിന്റെ കൂടാരം തീര്‍ത്ത് ഓരോ പരമാണുവിലും പ്രണയം നിറച്ച് മുന്നേറുകയാണ് സുജിതും ലിജിയും. സുജിതിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ 'നമ്മുടെ ലൈഫില്‍ ഒരാള്‍ വളരെ അത്യാവശ്യമാണ് എന്ന് തോന്നിപ്പിക്കുന്ന ഒരു ഘട്ടമുണ്ട്, അല്ലെങ്കില്‍ ആ ആള്‍ നമ്മുടെ ഹൃദയത്തിന്റെ ഒരു ഭാഗമാണ് എന്ന് തോന്നിപ്പിക്കുന്ന ഒരു ഘട്ടമുണ്ട് അതാണ് പ്രണയം, ബാക്കിയെല്ലാം പ്രണയത്തിന്റെ് പുറത്തെ മോടികള്‍ മാത്രമാണ്. ഇദ്ദേഹമില്ലാതെ പറ്റില്ല എന്ന അവസ്ഥയുണ്ടാവും അതാണ് യഥാര്‍ത്ഥ പ്രണയം. നമ്മളൊരാളെ സ്‌നേഹിച്ച് പ്രണയിച്ചു വിവാഹം കഴിച്ചു, പിന്നീട് അവര്‍ക്കൊരു ആവശ്യമുണ്ടാവുമ്പോള്‍ നമ്മള്‍ അവരുടെ കൂടെയുണ്ടാവണം, അതാണ് ശരിക്കും പ്രണയം'.

Story first published: Friday, February 14, 2025, 3:07 [IST]
X
Desktop Bottom Promotion