പുനര്‍വിവാഹിതരെ നോക്കി നെറ്റിചുളിക്കേണ്ട, പക്ഷേ ആലോചിക്കണം ഇക്കാര്യങ്ങള്‍

Remarriage Tips: 'വിവാഹത്തിന്റെ കാര്യത്തില്‍ രാമന്റെയല്ല, ഒരുപക്ഷേ അദ്ദേഹത്തിന്റെ പിതാവ് ദശരഥന്റേതായിരിക്കും എന്റെ വഴി', ഒരിക്കല്‍ രണ്ടാം വിവാഹത്തെ കുറിച്ച് ജോണ്‍ ബ്രിട്ടാസ് ചില ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അഭിനയചക്രവര്‍ത്തി കമല്‍ഹാസന്‍ നല്‍കിയ മറുപടിയാണിത്. ബ്രഹ്‌മണ കുടുംബത്തില്‍ ജനിച്ചിട്ടും എന്തുകൊണ്ടാണ് രാമന്റെ വഴി തിരഞ്ഞെടുക്കാതെ രണ്ടാമതും വിവാഹിതനായത് എന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. വിവാഹവും കുടുംബത്തിന്റെ പദവിയും തമ്മില്‍ എന്താണ് ബന്ധമെന്നായിരുന്നു കമല്‍ഹാസന്റെ മറുചോദ്യം. കൂടുതല്‍ ചോദിച്ചപ്പോഴാണ് തന്റെ വഴി ദശരഥന്റേതായിരിക്കുമെന്ന് കമല്‍ഹാസന്‍ തമാശയായി പറഞ്ഞത്. കമല്‍ഹാസന്‍, ചിമ്പു, തൃഷ, ഐശ്വര്യലക്ഷ്മി, ജയം രവി, ജോജു ജോര്‍ജ്ജ് എന്നിവരുള്‍പ്പെട്ട മണിരത്‌നം സിനിമ തഗ് ലൈഫിന്റെ പ്രമോഷനിടെ വിവാഹം സംബന്ധിച്ച ഒരു ചോദ്യത്തിന് ഈ പഴയ അഭിമുഖം കമല്‍ഹാസന്‍ വീണ്ടും ഓര്‍ത്തെടുത്തു. രണ്ടാംവിവാഹവും പുനര്‍വിവാഹവും സംബന്ധിച്ച ആളുകളുടെ ചിന്തകള്‍ ഈ സാഹചര്യത്തില്‍ വീണ്ടും പ്രസക്തമാകുകയാണ്.

remarriage
Photo Credit: AI Generated

ചിലരുടേത് ശരിയാകും, ചിലരുടേത് ശരിയാകില്ല വിവാഹം, അത് ആദ്യത്തേതായാലും രണ്ടാമത്തേത് ആയാലും ഈ വൈറല്‍ വാചകം കിറുകൃത്യമാണ്. വിവാഹം എല്ലാവരിലും വിജയകരമാകണമെന്നില്ല. പുനര്‍വിവാഹം കഴിക്കുന്ന ആളുകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെങ്കിലും ഇന്നും അവരെ മറ്റൊരു കണ്ണിലൂടെയാണ് ആളുകള്‍ നോക്കിക്കാണുന്നത്.

പുനര്‍വിവാഹം

വിവാഹമോചനമോ പങ്കാളിയുടെ മരണമോ കൊണ്ട് മുന്‍വിവാഹം അവനാസിക്കുമ്പോഴാണ് ആളുകള്‍ പുനര്‍വിവാഹിതരാകുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ എല്ലാവരും അത് ചെയ്യാറുമില്ല. പക്ഷേ ആദ്യവിവാഹത്തില്‍ നിന്നും വലിയ വ്യത്യാസങ്ങളും വെല്ലുവിളികളും പുനര്‍വിവാഹത്തിനുണ്ട് എന്നത് സത്യമാണ്.

ആദ്യവിവാഹത്തില്‍ നിന്നും വ്യത്യസ്തമായി മുന്‍പങ്കാളിയും അവരിലെ മക്കളും ചിലപ്പോള്‍ പുനര്‍വിവാഹസമയത്ത് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഭാഗമായിരിക്കാം.

വെല്ലുവിളികള്‍

പുനര്‍വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നവര്‍ അത് നല്‍കാന്‍ പോകുന്ന ചില വെല്ലുവിളികളെ കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ആദ്യവിവാഹത്തെ അപേക്ഷിച്ച് പുനര്‍വിവാഹങ്ങള്‍ വിജയകരമായിക്കൊള്ളണമെന്നില്ലെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഇത് ഒരു നിരീക്ഷണം മാത്രമാണ്. പക്ഷേ ആദ്യ വിവാഹത്തെ അപേക്ഷിച്ച് പുനര്‍വിവാഹങ്ങള്‍ നേരിടുന്ന മറ്റ് ചില വെല്ലുവിളികള്‍ ഉണ്ട്. അവ ഇതെല്ലാമാണ്.

മുന്‍പങ്കാളിയോടുള്ള നീരസമോ വിദ്വേഷമോ മനസ്സിലുണ്ടാകാം
പങ്കാളിയിലുള്ള ആശ്രിതത്വം വര്‍ധിക്കും
വിവാഹമോചനമോ പങ്കാളിയുടെ മരണമോ സാമൂഹികജീവിതത്തെ ബാധിക്കും
സാമ്പത്തിക ബാധ്യതകള്‍
കുട്ടികള്‍

പുനര്‍വിവാഹം ചെയ്യുമ്പോള്‍ മിക്കയാളുകള്‍ക്കും പറ്റുന്ന അബദ്ധം, എല്ലാം തനിയെ ശരിയായിക്കൊള്ളും എന്ന ചിന്തയാണെന്ന് റിലേഷന്‍ഷിപ്പ് തെറാപ്പിസ്റ്റുകള്‍ പറയുന്നു. പക്ഷേ അതിനായി പരിശ്രമിക്കാതെ ആദ്യവിവാഹവും പിന്നീടുള്ള വിവാഹവും ശരിയാകില്ല. മാത്രമല്ല, പുനര്‍വിവാഹങ്ങള്‍ക്ക് അതല്ലാതെയും പല വെല്ലുവിളികളും ഉണ്ട്. കുട്ടികള്‍ ഉള്ളവരാണെങ്കില്‍ രക്ഷകര്‍തൃത്വത്തിലെ വ്യത്യാസം, ദിനചര്യകള്‍, സാമ്പത്തിക ബാധ്യത, നിയമകാര്യങ്ങള്‍, പുനര്‍വിവാഹം അടുപ്പക്കാരിലുണ്ടാക്കിയ മാറ്റം എന്നിവയെല്ലാം അവരെ സ്വാധീനിച്ചേക്കും.

പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുക

പുനര്‍വിവാഹം വിജയമാകണമെങ്കില്‍ ആദ്യ വിവാഹത്തിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും അവയെ അഭിമുഖീകരിക്കുകയും വേണം. മിക്കയാളുകളും പങ്കാളിയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് വിവാഹത്തില്‍ നിന്നും പുറത്തുകടക്കുക. പക്ഷേ അടുത്ത വിവാഹത്തിന് ശ്രമിക്കുമ്പോഴെങ്കിലും ആദ്യവിവാഹത്തില്‍ തനിക്ക് പറ്റിയ പാളിച്ച എന്താണെന്ന് കണ്ടത്തേണ്ടതുണ്ട്. അത് ഭാവി ബന്ധങ്ങള്‍ വിജയമാകാന്‍ സഹായിക്കും.

ആദ്യ വിവാഹത്തെ പ്രതികൂലമായി ബാധിച്ച സ്വഭാവമോ കാര്യങ്ങളോ മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ അടുത്ത വിവാഹവും ചിലപ്പോള്‍ ശരിയായിക്കൊള്ളണമെന്നില്ല.

തയ്യാറായിട്ട് മാത്രം വിവാഹം ചെയ്യുക

ആദ്യ വിവാഹം നല്‍കിയ പരാജയം പലപ്പോഴും ആളുകളെ ഭാവി ബന്ധങ്ങളെ കുറിച്ച് ഉതകണ്ഠാകുലരാക്കും. ദേഷ്യവും നൈരാശ്യവും വഞ്ചിക്കപ്പെട്ടുവെന്ന തോന്നലും കാരണം ചിലര്‍ ധൃതിയില്‍ അടുത്ത വിവാഹത്തിന് തയ്യാറാകും. ഇത് പക്ഷേ അടുത്ത ബന്ധത്തെ ദോഷകരമായി ബാധിക്കും.

വിവാഹപരാജയവും അതിന് ശേഷമുള്ള വിവാഹമോചനവും ബന്ധത്തെ കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാക്കും. ആദ്യ വിവാഹം നല്‍കിയ അസംതൃപ്തി പിന്നീട് ഉണ്ടായിക്കൊള്ളണമെന്നില്ല. ആദ്യപങ്കാളിയോട് നീരസവും ദേഷ്യവും ഒക്കെ ഉണ്ടാകാമെങ്കിലും അവരോട് ഉള്ളില്‍ അടുപ്പവും മിക്കയാളുകളിലും ഉണ്ടാകാറുണ്ട്. ഇതുകൊണ്ട് അടുത്ത ബന്ധത്തില്‍ പൂര്‍ണ്ണമായ ആത്മാര്‍ത്ഥത പ്രകടിപ്പിക്കാന്‍ സാധിച്ചെന്ന് വരില്ല. ഇത് പുതിയ പങ്കാളിയില്‍ അസൂയയും ആദ്യ പങ്കാളിയോടുള്ള ദേഷ്യവും ഉണ്ടാക്കിയേക്കും. അതിനാല്‍ പൂര്‍ണ്ണമായും തയ്യാറെടുപ്പ് നടത്തിയിട്ടേ പുനര്‍വിവാഹത്തിന് മുതിരാവൂ.

പുനര്‍വിവാഹം വിജയമാകാനുള്ള വഴികള്‍

പുനര്‍വിവാഹങ്ങള്‍ വിജയകരമാക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യാനാകും.

ദാമ്പത്യത്തിന് മുന്‍ഗണന നല്‍കുക
മുന്‍ബന്ധങ്ങളിലെ ദേഷ്യവും നിരാശയും മാറ്റിവെക്കുക
ആശയവിനിമയത്തിന് മുന്‍തൂക്കം നല്‍കുക
സത്യസന്ധതയും സുതാര്യതയും നിലനിര്‍ത്തുക
വഷളാകുന്നതിന് മുമ്പ് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുക
പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വഴികള്‍ പഠിക്കുക
പുതിയ പങ്കാളിയുടെ മുന്‍ബന്ധത്തിലെ കുട്ടികളെ സ്‌നേഹത്തോട് ചേര്‍ത്തുപിടിക്കുക

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated

X
Desktop Bottom Promotion