പ്രായം കാര്യമാക്കേണ്ട, മധ്യവയസ്സിലും ദാമ്പത്യ ജീവിതം സന്തോഷകരമാക്കാന്‍ വഴിയുണ്ട്

യുവത്വമെന്നാല്‍ ജീവിതത്തിലെ നിറപ്പകിട്ടാര്‍ന്ന കാലമാണെന്നും അവിടെ നിന്നും മധ്യവയസ്സിലേയ്ക്ക് കാലെടുത്തുവെച്ചാല്‍ ജീവിതം വിരസമാകുമെന്നൊക്കെയുള്ള ചില തെറ്റിദ്ധാരണകള്‍ പലര്‍ക്കുമുണ്ട്. മധ്യവയസ്സിലെ ദാമ്പത്യ ജീവിതത്തെ സംബന്ധിച്ചും ഇത്തരത്തിലുള്ള പൊതു ധാരണകള്‍ ഉണ്ട്. ശരിയാണ് മധ്യവയസ്സിലെ ദാമ്പത്യത്തില്‍ നിരവധി വെല്ലുവിളികള്‍ ഉണ്ടാകാം. എത്ര ശക്തമായ ബന്ധങ്ങള്‍ പോലും ഉലയുന്ന തരത്തിലുള്ള പല പരീക്ഷണങ്ങളും നേരിടേണ്ടി വന്നേക്കാം. അതേസമയം വ്യക്തിപരമായ വളര്‍ച്ചയ്ക്കുള്ള നിരവധി അവസരങ്ങളും വിവേകവും ഈ കാലഘട്ടത്തില്‍ ആളുകള്‍ക്കുണ്ടാകും.

charming middle age couple

മധ്യവയസ്സിലെ ദാമ്പത്യം നേരിടുന്ന സങ്കീര്‍ണ്ണമായ വെല്ലുവിളികളെ കുറിച്ചും അവയെ സധൈര്യം നേരിട്ട് ഫലപ്രദമായ ആശയവിനിമയത്തിലൂടെയും അടുപ്പം വീണ്ടെടുത്തും സന്തുഷ്ടദാമ്പത്യത്തിന്റെ തിരിനാളം അളയാതെ ജ്വലിപ്പിക്കാനുള്ള വഴികളും നമുക്ക് ചര്‍ച്ച ചെയ്യാം.

മധ്യവയസ്സില്‍ ദമ്പതികള്‍ നേരിടുന്ന വെല്ലുവിളികള്‍

മധ്യവയസ്സില്‍ എല്ലാ ദമ്പതികളും വെല്ലുവിളികള്‍ നേരിടണമെന്നില്ല. എന്നാല്‍ വലിയൊരു ശതമാനം ആളുകള്‍ ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. അവ എന്തൊക്കയാണെന്ന് നോക്കാം.

ആശയവിനിമയം കുറയല്‍

ഫലപ്രദമായ ആശയവിനിമയമാണ് ആരോഗ്യകരമായ ബന്ധത്തിന് ആധാരം. എന്നാല്‍ മധ്യവയസ്സിലേയ്ക്ക് കടക്കുന്നതോടെ പല ദമ്പതികളും പരസപരമുള്ള ആശയവിനിമയത്തില്‍ പിന്നോട്ടുപോകുന്നു. ചിലപ്പോള്‍ ജോലിത്തിരക്കുകളോ, വ്യക്തിപരമായ കാര്യങ്ങളോ, വ്യത്യസ്ത താല്‍പ്പര്യങ്ങളോ ഒക്കെ ആയിരിക്കും ഇതിനുള്ള കാരണം. എന്നാല്‍ ആശയവിനിമയമാണ് ദാമ്പത്യജീവിതത്തിന്റെ സംതൃപ്തി നിര്‍ണ്ണയിക്കുന്നതെന്ന് ഇവരെല്ലാം മറന്നുപോകുന്നു.

അടുപ്പം ഇല്ലാതാകുന്നു

കാലക്രമേണ പല പങ്കാളികള്‍ക്കുമിടയിലുള്ള അടുപ്പം ഇല്ലാതാകുന്നുവെന്നത് സങ്കടകരമായ സത്യമാണ്. പ്രായം കൂടുന്തോറും പങ്കാളികളോടുള്ള അടുപ്പം കുറയാമെന്നും പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. അത് ലൈംഗികപരമായ അടുപ്പവും ആകാം. ഒരു അന്താരാഷ്ട്ര പഠനം 50നും 59നും ഇടയില്‍ പ്രായമുള്ള 46 ശതമാനം വ്യക്തികള്‍ക്കും ലൈംഗികതാല്‍പ്പര്യം നഷ്ടപ്പെടുന്നുവെന്നാണ് കണ്ടെത്തിയത്.

അടുപ്പവും സ്‌നേഹവും എങ്ങനെ വീണ്ടെടുക്കാം

മധ്യവയസ്സില്‍ പങ്കാളികള്‍ക്കിടയിലെ നഷ്ടപ്പെട്ട അടുപ്പം വീണ്ടെടുക്കാന്‍ കഴിയുമെന്ന് മാത്രമല്ല, അത് വളരെ ആവശ്യമുള്ള സംഗതി കൂടിയാണ്. അതിനുള്ള ചില വഴികളാണ് താഴെ.

സമയം കണ്ടെത്തുക

ഒന്നിച്ചുള്ള സമയങ്ങള്‍ വിലപ്പെട്ടതാക്കുക എന്നതാണ് നഷ്ടപ്പെട്ടുപോയ അടുപ്പം വീണ്ടെടുക്കാനുള്ള ഏറ്റവും മികച്ച വഴി. എത്ര തിരക്കിട്ട ജീവിതമാണെങ്കിലും പങ്കാളിക്കൊപ്പം പുറത്തുപോകാനും യാത്രകള്‍ പോകാനും സമയം കണ്ടെത്തുക. വീട്ടിലാണെങ്കില്‍ പോലും പരസ്പരം തുറന്ന് സംസാരിച്ചും അനുഭവങ്ങള്‍ പങ്കുവെച്ചും ആ നിമിഷങ്ങളെ മൂല്യവത്താക്കുക. ഇത് പഴയ സ്‌നേഹവും അടുപ്പവും വീണ്ടെടുക്കാന്‍ സഹായിക്കും.

തുറന്ന് സംസാരിക്കുക

ആശയവിനിമയ പ്രശ്‌നങ്ങള്‍ മാറ്റാന്‍, മറ്റുള്ളവരെ കേള്‍ക്കാന്‍ മനസ്സ് കാണിക്കുകയാണ് ആദ്യം വേണ്ടത്. അതോടൊപ്പം ചിന്തകളും വികാരങ്ങളും തിരിച്ചും പ്രകടിപ്പിക്കാന്‍ കഴിയണം. പങ്കാളിയുടെ ആശങ്കകള്‍, ആഗ്രഹങ്ങള്‍, ദമ്പതികളെന്ന നിലയിലുള്ള ഒന്നിച്ചുള്ള ലക്ഷ്യങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം സംസാരിക്കാന്‍ സമയം കണ്ടെത്തണം. ഇത് ദമ്പതിമാര്‍ക്കിടയിലെ അകലം ഇല്ലാതാക്കുമെന്ന് മാത്രമല്ല, ബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കുകയും ചെയ്യും.

താല്‍പ്പര്യങ്ങളെ വീണ്ടെടുക്കുക

രണ്ടുപേര്‍ക്കും ഇഷ്ടമുള്ള കാര്യങ്ങളും താല്‍പ്പര്യങ്ങളും പൊടി തട്ടിയെടുക്കുക. ബന്ധുക്കളെ സന്ദര്‍ശിക്കുക, ഒരുമിച്ച് പാചകം ചെയ്യുക, നടക്കാന്‍ പോകുക തുടങ്ങിയ ശീലങ്ങളിലൂടെ ബന്ധത്തില്‍ സന്തോഷം തിരികെയെത്തും.

ആവശ്യമെങ്കില്‍ വിദഗ്‌ധോപദേശം തേടുക

ദാമ്പത്യ ജീവിതത്തില്‍ നഷ്ടപ്പെട്ട സന്തോഷം വീണ്ടെടുക്കാന്‍ സ്വയം കഴിയുന്നില്ലെങ്കില്‍ വിദഗ്ധരുടെ സഹായം തേടുക. കൗണ്‍സിലിംഗിലൂടെ നിങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ആവശ്യമായ പിന്തുണയും പരിതസ്ഥിതിയും ഒരുക്കി നിങ്ങളുടെ സന്തോഷ ദാമ്പത്യം വീണ്ടെടുത്ത് തരാന്‍ അവര്‍ക്ക് സാധിക്കും.

Story first published: Tuesday, March 19, 2024, 22:47 [IST]
X
Desktop Bottom Promotion