ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ പതിവാണോ, വഴക്കുകള്‍ ഉണ്ടാകുന്നത് ഇക്കാരണങ്ങളാല്‍

ഇന്നത്തെ കാലത്ത് ദാമ്പത്യ ബന്ധത്തിന്റെ ആയുസ്സ് പ്രവചനാതീതമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് പരസ്പരം ഒത്തുപോകാന്‍ കഴിയാതെ, പലതരത്തിലുള്ള ദാമ്പത്യ പ്രശ്‌നങ്ങളാല്‍ വേര്‍പിരിയുന്ന ദമ്പതിമാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പരസ്പരം കുറ്റപ്പെടുത്തിയും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെയും അന്യോന്യം മനസ്സിലാക്കാതെയും ദാമ്പത്യത്തെ യുദ്ധക്കളമാക്കുന്നവരുടെ എണ്ണം ചെറുതല്ല. പങ്കാളികള്‍ രണ്ടുപേര്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ഒരിടമാക്കി ദാമ്പത്യത്തെ മാറ്റുകയും പരസ്പരം ആത്മാര്‍ത്ഥതയുള്ളവരായിരിക്കുകയും വെല്ലുവിളികളെ ഒന്നിച്ച് നേരിടുകയും ചെയ്‌തെങ്കിലേ ബന്ധങ്ങള്‍ മുന്നോട്ട് പോകുകയുള്ളൂ.

couple

ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പൊതുവായ ചില കാരണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

ആശയവിനിമയം ഇല്ലാതിരിക്കല്‍

ആശയവിനിമയമാണ് വിജയകരമായ ദാമ്പത്യത്തിന്റെ ഏറ്റവും വലിയ ഗുണം. ദാമ്പത്യത്തില്‍ വിശ്വാസം, അടുപ്പം, പരസ്പര ധാരണ എന്നിവയെല്ലാം ഉണ്ടാകണമെങ്കില്‍ പങ്കാളികള്‍ പരസ്പരം മനസ്സ് തുറന്ന് സംസാരിക്കണം. അന്യോന്യം മനസ്സ് തുറക്കാന്‍ പങ്കാളികള്‍ മടിച്ചാല്‍, അല്ലെങ്കില്‍ അതിനുള്ള സാഹചര്യം ഉണ്ടാകാതിരുന്നാല്‍ അവിടെ പ്രശ്‌നങ്ങള്‍ മുളച്ചുപൊന്താന്‍ തുടങ്ങും. ഓരോ ദാമ്പത്യത്തിലെയും ആശയവിനിമയ രീതികള്‍ വ്യത്യസ്തമായിരിക്കും. എന്നാല്‍ ആശയവിനിമയമേ ഇല്ലാതിരുന്നാല്‍ തീര്‍ച്ചയായും അത് പങ്കാളികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

സാമ്പത്തികം

ദാമ്പത്യപ്രശ്‌നങ്ങളുടെ രണ്ടാമത്തെ വലിയ കാരണം സാമ്പത്തികമാണ്. പല ദാമ്പത്യങ്ങളിലും പങ്കാളികളെ വേര്‍പിരിയലിലേക്ക് എത്തിച്ചതിന് പിന്നിലെ പ്രധാന കാരണം കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങളായിരുന്നു. ഇരുവരുടെയും വരുമാനത്തിലെ അന്തരം മുതല്‍ പണം ചിലവഴിക്കുന്ന സ്വഭാവം, സാമ്പത്തിക ഉത്തരവാദിത്തങ്ങള്‍ ഒരാളുടെ മാത്രം ബാധ്യതയാകല്‍, ദാരിദ്ര്യം എന്നിവയെല്ലാം ദാമ്പത്യത്തെ സാരമായി ബാധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ പങ്കാളികള്‍ ഇരുവരും ഒരുപോലെ ഉത്തരവാദിത്തങ്ങള്‍ എടുക്കാന്‍ തയ്യാറാകണം.

അടുപ്പം

പങ്കാളികള്‍ക്കിടയിലെ അടുപ്പക്കുറവും ദാമ്പത്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന മറ്റൊരു പ്രധാനപ്പെട്ട സംഗതിയാണ്. പങ്കാളികള്‍ക്കിടയിലെ വ്യത്യസ്ത താല്‍രപ്പര്യങ്ങളും അഭിപ്രായങ്ങളുമാണ് പ്രധാനമായും അടുപ്പക്കുറവിന് കാരണമാകുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ തങ്ങളുടെ താല്‍പ്പര്യങ്ങളെ കുറിച്ചും മുന്‍ഗണനകളെ കുറിച്ചും ബന്ധത്തില്‍ നിന്നുള്ള പ്രതീക്ഷകളെ കുറിച്ചുമെല്ലാം പങ്കാളിയുമായി മനസ്സ് തുറന്ന് സംസാരിക്കുന്നത് ഒരു പരിധി വരെ അകല്‍ച്ച കുറയാനും അടുപ്പം കൂടാനും സഹായിക്കും.

വിശ്വാസം, അസൂയ

ബന്ധത്തില്‍ അരക്ഷിതാവസ്ഥ അനുഭവപ്പെടുക, അസൂയ തോന്നുക, വിശ്വാസമില്ലായ്മ അനുഭവപ്പെടുക എന്നിവയെല്ലാം ദാമ്പത്യപ്രശ്‌നങ്ങളിലേക്ക് നയിക്കും. ഇത്തരത്തിലുള്ള എന്തെങ്കിലും പ്രശ്‌നങ്ങള്‍ ബന്ധത്തില്‍ അനുഭവപ്പെട്ടാല്‍ അത് പങ്കാളിയുമായി തുറന്ന് സംസാരിക്കുക. പ്രശ്‌നത്തിന്റെ മൂലകാരണം ഒന്നിച്ച് കണ്ടെത്തുക, ഒന്നിച്ച് അതിന് പരിഹാരം കാണുക.

ലക്ഷ്യങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാന്‍ കഴിയാതിരിക്കല്‍

നേടിയെടുക്കാന്‍ കഴിയാത്ത ജീവിത ലക്ഷ്യങ്ങളും ആഗ്രഹങ്ങളുമാണ് ദാമ്പത്യത്തെ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന മറ്റൊരു പ്രധാന കാരണം. അവനവന്റെ ലക്ഷ്യങ്ങള്‍ക്കും മുന്‍ഗണനകള്‍ക്കും പിന്നാലെയുള്ള ഓട്ടത്തില്‍ പങ്കാളികള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാകാനുള്ള സാധ്യതയുണ്ട്. അന്യോന്യം സ്വപ്‌നങ്ങളെയും ലക്ഷ്യങ്ങളെയും ബഹുമാനിച്ചുകൊണ്ട് രണ്ടുപേര്‍ക്കും വളരാനുള്ള ഒരിടം ദാമ്പത്യത്തില്‍ വളര്‍ത്തിയെടുക്കാന്‍ പങ്കാളികള്‍ ശ്രമിക്കണം.

പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങള്‍

ഒരു പ്രശ്‌നമുണ്ടായാല്‍ അതിന്റെ മൂലകാരണം കണ്ടെത്തി പരിഹരിച്ച് മുന്നോട്ട് പോകുക എന്നത് ദാമ്പത്യവിജയത്തിന് വളരെ ആവശ്യമുള്ള ഒരു സംഗതിയാണ്. ഒരു പ്രശ്‌നം പരിഹരിക്കാതെ പോയാല്‍ ഭാവിയില്‍ പലതരത്തില്‍ അത് ബന്ധത്തെ ബാധിക്കും. ഒരു പ്രശ്‌നവും കൂടാതെ തുറന്നുസംസാരിക്കാനുള്ള ഒരിടം ദാമ്പത്യത്തില്‍ ഉണ്ടെങ്കില്‍ പങ്കാളികള്‍ക്ക് തങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ, അല്ലെങ്കില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും അതുണ്ടാക്കുന്ന ഭാരം ഉള്ളില്‍ ചുമക്കാതെ അത് അവസാനിപ്പിക്കാനും സാധിക്കും. ചര്‍ച്ച ചെയ്യുന്നതിനൊപ്പം പങ്കാളി പറയുന്ന കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കാനും അവരുടെ ഭാഗത്ത് നിന്ന് ചിന്തിക്കാനും പിന്തുണ നല്‍കാനും സാധിക്കണം.


ഒന്നിച്ചുള്ള സമയങ്ങള്‍ കുറവ്

പങ്കാളിക്ക് വേണ്ടി സമയം മാറ്റിവെക്കാത്തത്, അല്ലെങ്കില്‍ ദാമ്പത്യത്തില്‍ ക്വാളിറ്റി ടൈം ഇല്ലാത്തത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇവിടെ പങ്കാളിക്ക് അവഗണിക്കപ്പെടുന്നതായും വൈകാരിമായി അകല്‍ച്ചയുള്ളതായും തോന്നും. പങ്കാളിമായുള്ള വൈകാരിക അടുപ്പം നിലനിര്‍ത്തുന്നതിനും വര്‍ധിപ്പിക്കുന്നതിനും എല്ലാ ദിവസവും കുറച്ചുനേരം അവര്‍ക്ക് വേണ്ടി മാത്രമായി മാറ്റിവെക്കുക.

വൈകാരിക അവഗണന

തങ്ങളുടെ വികാരങ്ങള്‍ക്ക് പങ്കാളി വേണ്ട ശ്രദ്ധ നല്‍കുന്നില്ല, അല്ലെങ്കില്‍ അവഗണിക്കുന്ന എന്ന തോന്നല്‍ ദാമ്പത്യത്തെ സാരമായി ബാധിക്കും. ഇത് ഒരാളില്‍ അല്ലെങ്കില്‍ രണ്ടുപേരിലും നിരാശയും ഒറ്റപ്പെടലും ഉണ്ടാക്കും. പങ്കാളികള്‍ അന്യോന്യം വൈകാരിക ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിനും വൈകാരിക അടുപ്പം വര്‍ധിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കുക.

വിവാഹേതര ബന്ധം

ദാമ്പത്യത്തില്‍ വിശ്വാസവഞ്ചന ഒരു പങ്കാളിയും സഹിക്കുകയില്ല. പങ്കാളിക്ക് മറ്റൊരു ബന്ധം ഉണ്ടെന്നറിഞ്ഞാല്‍ അത് ക്ഷമിച്ച് മുന്നോട്ടുപോകണോ അല്ലെങ്കില്‍ ബന്ധം വേണ്ടെന്ന് വെക്കണമോ എന്നത് തികച്ചും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അവിടെ മറ്റൊരു പ്രശ്‌ന പരിഹാരമില്ല. മറ്റൊരു ബന്ധം വൈകാരികമായ വിശ്വാസവഞ്ചനയാണ്. മറ്റൊരു ബന്ധം ഉണ്ടായതിന് ശേഷവും ദാമ്പത്യം മുന്നോട്ടുകൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവിടെ സത്യസന്ധത വളരെ പ്രധാനപ്പെട്ട സംഗതിയാണ്. എവിടെയാണ് പാളിച്ച സംഭവിച്ചതെന്നും എങ്ങനെ അത് പരിഹരിക്കാമെന്നും പങ്കാളിയുമായി തുറന്ന് സംസാരിക്കുക.

വീട്ടിലെ ഉത്തരവാദിത്തങ്ങള്‍

വീട്ടിലെ ജോലികളും മറ്റ് ഉത്തരവാദിത്തങ്ങളും ഒരാളുടെ തലയില്‍ മാത്രമാണെങ്കില്‍ അതും ദാമ്പത്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇവിടെയും ആശയവിനിമയത്തിലൂടെയും തുറന്ന സംസാരത്തിലൂടെയും ജോലികള്‍ പങ്കിടാനും പങ്കാളിയുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും സാധിക്കും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Sunday, June 9, 2024, 14:27 [IST]
X
Desktop Bottom Promotion