സ്‌നേഹത്തിനായി ആരുടെയും പിന്നാലെ നടക്കേണ്ട; ഈ വഴികള്‍ പരീക്ഷിക്കൂ, അവര്‍ നിങ്ങളെ തേടിവരും

ദാമ്പത്യമായാലും പ്രണയമായാലും പങ്കാളിയുടെ അല്ലെങ്കില്‍ സ്‌നേഹിക്കുന്നയാളുടെ ഇഷ്ടവും കരുതലും പിടിച്ചുപറ്റാന്‍ പതിനെട്ടടവും പയറ്റി പിന്നാലെ നടക്കുന്ന ചിലയാളുകള്‍ ഉണ്ട്. അവരുടെ സ്‌നേഹം ലഭിക്കുന്നതിനായി എന്ത് ത്യാഗവും സഹിക്കാന്‍ അവര്‍ തയ്യാറായിരിക്കും. എന്നാല്‍ ഒരു ബന്ധത്തില്‍ അത് ഒരു നല്ല പ്രവണത അല്ല. സ്വന്തം വില ഇല്ലാതാക്കുന്ന ഒരു കാര്യമാണത്. മാത്രമല്ല, അങ്ങനെ ചെയ്തതുകൊണ്ട് നേര്‍വിപരീതഫലങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

couples

പിന്നാലെ നടക്കാതെ സ്‌നേഹം പിടിച്ചുപറ്റാം

സ്വാഭാവികമായി വലിയ കഷ്ടപ്പാടുകളൊന്നും കൂടാതെ എങ്ങനെയാണ് ഒരാളുടെ ഇഷ്ടം പിടിച്ചുപറ്റുക. അതിന് ചില വഴികളുണ്ട്. അങ്ങനെ നേടിയെടുക്കുന്ന സ്‌നേഹം ആഴത്തിലുള്ളതായിരിക്കുകയും കൂടുതല്‍ കാലം നിലനില്‍ക്കുകയും ചെയ്യും. പ്രണയം തുടങ്ങാനാണെങ്കിലും ദാമ്പത്യബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കാനാണങ്കിലും സ്‌നേഹം പിടിച്ചുവാങ്ങുകയല്ല, സ്വാഭാവികമായി നേടിയെടുക്കാനുള്ള വഴികള്‍ കണ്ടെത്തുകയാണ് വേണ്ടത്. അതിനുള്ള ചില നുറുങ്ങുവിദ്യകള്‍ ഇതാ.

ആത്മവിശ്വാസം

സ്വന്തം കഴിവുകളിലും വ്യക്തിത്വത്തിലും ആത്മവിശ്വാസമുള്ളവരായിരിക്കുക. വാക്കിലും നോക്കിലും നടപ്പിലും ചെയ്യുന്ന കാര്യങ്ങളിലും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവര്‍ എശളുപ്പത്തില്‍ മറ്റുള്ളവരുടെ മതിപ്പ് നേടും. ഇഷ്ടപ്പെടണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആത്മവിശ്വാസത്തോടെയുള്ള നമ്മുടെ പെരുമാറ്റം കൂടുതല്‍ സുരക്ഷിതത്വബോധവും വിശ്വാസവും നല്‍കുകയും അവര്‍ നമ്മളിലേക്ക് ആകൃഷ്ടരാകുകയും ചെയ്യും.

അഭിനിവേശം

മറ്റുള്ളവരെ കാണിക്കാനോ അവരുടെ ശ്രദ്ധ നേടാനോ ഒരു കാര്യവും ചെയ്യാതിരിക്കുക. പകരം നമ്മള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുക. സ്വന്തം ഇഷ്ടങ്ങള്‍ക്ക് പിന്നാലെ നടക്കുന്ന ആളുകളെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കെല്‍പ്പുള്ളവരായിട്ടാണ് സമൂഹം കണക്കാക്കുന്നത്. അതിനാല്‍ തന്നെ അങ്ങനെയുള്ളവരോട് ആളുകള്‍ക്ക് ബഹുമാനം തോന്നുകയും അവരിലേക്ക് ആകൃഷ്ടരാകുകയും ചെയ്യും.

അതിര്‍വരമ്പുകള്‍

വ്യക്തിപരമായ എല്ലാ കാര്യങ്ങളിലും കൃത്യമായ അതിര്‍വരമ്പുകള്‍ ഉണ്ടായിരിക്കുക. ഇത് സ്വാഭിമാനവും ബഹുമാനവും ഉറപ്പാക്കുന്നതിന് ആവശ്യമാണ്. പരിധിയില്‍ കവിഞ്ഞ് സ്വന്തം കാര്യങ്ങളില്‍ മറ്റുള്ളവരെ ഇടപെടുത്താതിരിക്കുക. അങ്ങനെയുള്ളവരോട് മറ്റുള്ളവര്‍ക്കും ബഹുമാനമായിരിക്കും.

ആധികാരികത

അവനവനോട് സത്യസന്ധതയും നീതിയും പുലര്‍ത്തുക. ജീവിതത്തില്‍ സത്യസന്ധതയും ആധികാരികതയും കാത്തുസൂക്ഷിക്കുന്നവര്‍ മറ്റുള്ളവരോട് ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ നടത്തുന്നവരായിരിക്കും. അവര്‍ അര്‍ത്ഥവത്തായ, ആഴത്തിലുള്ള ബന്ധങ്ങളില്‍ തല്‍പ്പരരായിരിക്കും. അവരുമായുള്ള ബന്ധങ്ങളെ മറ്റുള്ളവര്‍ കൂടുതല്‍ വിലമതിക്കും.

പോസിറ്റീവ് എനര്‍ജി

പോസിറ്റീവ് എനര്‍ജി കാത്തുസൂക്ഷിക്കുന്നവരോട് ഇടപെടാന്‍ ആളുകള്‍ക്ക് കൂടുതല്‍ താല്‍പ്പര്യമുണ്ടാകും. പോസിറ്റീവ് എനര്‍ജി ആളുകളെ ആകര്‍ഷിക്കും.

ദയ

നമ്മള്‍ ഇഷ്ടപ്പെടുന്നവരോട് മാത്രമല്ല, എല്ലാവരോടും ദയാവായ്‌പോടെയും സഹാനുഭൂതിയോടെയും കരുതലോടെയും പെരുമാറുന്നത് മറ്റുള്ളവരുടെ സ്‌നേഹവും ബഹുമാനവും പിടിച്ചുപറ്റുന്ന സ്വഭാവമാണ്. അങ്ങനെയുള്ളവരോട് ഭയമോ, അകല്‍ച്ചയോ ഇല്ലാതെ സംസാരിക്കാനും ഇടപെടാനും മറ്റുള്ളവര്‍ക്ക് സാധിക്കും.

സെല്‍ഫ് കെയര്‍

മറ്റുള്ളവര്‍ക്കൊപ്പം സ്വന്തം ക്ഷേമത്തിനും മുന്‍ഗണന നല്‍കുക. നമ്മുടെ ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തിന് പ്രാധാന്യം നല്‍കുക. സ്വന്തം കാര്യങ്ങളിലുള്ള കരുതലും ആരോഗ്യപരമായ ശീലങ്ങളും ജീവിതശൈലിയും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റും.

നര്‍മ്മബോധം

ഗൗരവ സ്വഭാവത്തേക്കാള്‍ ആളുകളെ ആകര്‍ഷിക്കുക നര്‍മ്മമാണ്. നര്‍മ്മബോധമുള്ളവരുമായി ഇടപെടാന്‍ ആയിരിക്കും ആളുകള്‍ക്ക് കൂടുതല്‍ താല്‍പ്പര്യം. എന്നും ഗൗരവത്തോടെ, കാര്‍ക്കശ്യത്തോടെ ഇരിക്കുന്നവരോട് ആളുകള്‍ക്ക് അകല്‍ച്ച തോന്നും. ്അതേസമയം തമാശക്കാര്‍ എളുപ്പം ആളുകളുടെ ഹൃദയത്തില്‍ ഇടം നേടും.

മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനുള്ള മനസ്സ്

മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ മനസ്സുണ്ടായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട വ്യക്തിഗുണമാണ്. മറ്റുള്ളവരുടെ കാര്യങ്ങളിലും അവരുടെ പ്രശ്‌നങ്ങളിലും ആത്മാര്‍ത്ഥമായ ഇടപെടല്‍ ഇതിലൂടെ സാധ്യമാകും. ഈ ഗുണമുള്ളവരോട് ആളുകള്‍ക്ക് ബഹുമാനവും സ്‌നേഹവും കൂടുതലായിരിക്കും.

വിജയം നേടുമെന്ന വിശ്വാസം

ചെയ്യുന്ന കാര്യങ്ങളില്‍ വിജയിക്കുമെന്ന വിശ്വാസമുള്ളവര്‍ സ്വന്തം ലക്ഷ്യങ്ങള്‍ നേടുമെന്ന് ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും ഉള്ളവരായിരിക്കും. അവര്‍ എളുപ്പം മറ്റുള്ളവരുടെ സ്‌നേഹം നേടും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Wednesday, June 26, 2024, 12:03 [IST]
X
Desktop Bottom Promotion