തമാശയ്ക്ക്‌ ചെയ്യും, പക്ഷേ അതോടെ സമാധാനം തകരും; ദാമ്പത്യത്തില്‍ നിങ്ങള്‍ക്ക് പറ്റിയിട്ടുണ്ടോ ഈ അബദ്ധങ്ങള്‍

Common Marriage Mistakes:ദാമ്പത്യം ഏറ്റവും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. അതിനായി അവര്‍ പരിശ്രമിക്കുകയും ചെയ്യും. പക്ഷേ അബദ്ധങ്ങള്‍ പറ്റാത്തവരില്ലല്ലോ. തമാശയായി കരുതുന്ന കാര്യം പോലും ചിലപ്പോള്‍ ദാമ്പത്യത്തിന്റെ സമാധാനവും സന്തോഷവും തകര്‍ക്കും. വരും വരായ്കകളെ കുറിച്ച് ചിന്തിക്കാതെ പറയുകയും ചെയ്യുകയും ചെയ്യുന്ന കാര്യങ്ങള്‍ പങ്കാളിയില്‍ വലിയ ആഘാതമുണ്ടാക്കും. പ്രത്യക്ഷമായി അത് ബന്ധത്തെ ബാധിച്ചതായി തോന്നില്ലെങ്കിലും ക്രമേണ അത് പങ്കാളികളെ തെറ്റിദ്ധാരണയിലേക്കും വഴക്കിലേക്കും എത്തിക്കും. വളരെ വലിയ പ്രശ്‌നങ്ങളുടെ തുടക്കം നിസ്സാരമായ ചില കാര്യങ്ങളായിരിക്കും. അത് തിരുത്താന്‍ ശ്രമിക്കുമ്പോഴും അതിന് സാധിക്കാത്ത അവസ്ഥയിലേക്ക് ബന്ധം എത്തിയിരിക്കും. തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് ഏത് ബന്ധവും വളരുക എന്ന് പറയാറുണ്ടെങ്കിലും ചില തെറ്റുകള്‍ വരുത്താതിരിക്കാന്‍ ശ്രമിച്ചാല്‍ അത് ദാമ്പത്യത്തെ പരിക്കുകളില്‍ നിന്ന് സംരക്ഷിക്കും.

relationship
Photo Credit: AI Generated

അബദ്ധങ്ങള്‍ തെറ്റല്ല

അബദ്ധങ്ങള്‍ തെറ്റല്ല. ആര്‍ക്കും അബദ്ധങ്ങള്‍ സംഭവിക്കാം. പറയാന്‍ പോകുന്ന ഓരോ വാക്കും ചെയ്യുന്ന കാര്യങ്ങളും ഇഴകീറി പരിശോധിച്ച് നമുക്ക് ജീവിക്കാന്‍ സാധിക്കില്ല. പ്രത്യേകിച്ച് ദാമ്പത്യത്തില്‍ ഇതെനിക്ക് അത്രയും വേണ്ടപ്പെട്ട ആളാണല്ലോ എന്ന് ചിന്തിച്ച് ഒട്ടും മറയില്ലാതെയാണ് ആളുകള്‍ പെരുമാറുക. എന്നാല്‍ അതില്‍ ചിലത് ബന്ധത്തെ നിശബ്ദമായി തകര്‍ക്കും. ഒരിക്കല്‍ പറ്റിയ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കലാണ് ബന്ധത്തെ ദോഷകരമായി ബാധിക്കാതിരിക്കാന്‍ നമുക്ക് ചെയ്യാവുന്ന കാര്യം.

അത്തരത്തില്‍ മിക്ക പങ്കാളികള്‍ക്കും പറ്റുന്ന, ഒഴിവാക്കാന്‍ സാധിക്കുന്ന ഏറ്റവും വലിയ ചില അബദ്ധങ്ങള്‍ നോക്കാം

വാക്കുകള്‍

വഴക്കുകള്‍ക്കിടയില്‍ ക്ഷോഭത്തിന്റെ പുറത്ത് പങ്കാളികള്‍ പറയുന്ന വാക്കുകള്‍ പങ്കാളിയെ ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ കെല്‍പ്പുള്ളതായിരിക്കും. വളരെ നിസ്സാരമായ കാര്യങ്ങളെ ചൊല്ലിയുള്ള വഴക്കില്‍ ഒരിക്കലും ഉപയോഗിക്കേണ്ടതില്ലാത്ത വാക്കുകള്‍ ആളുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ട്. പറഞ്ഞ വാക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലല്ലോ. അതുകൊണ്ട് വഴക്കിടുമ്പോള്‍ വാക്കുകള്‍ വളരെ സൂക്ഷിച്ച് പ്രയോഗിക്കുക. ദേഷ്യത്തെ പരമാവധി നിയന്ത്രിക്കാന്‍ ഡീപ് ബ്രീത്ത് പോലെയുള്ള കാര്യങ്ങള്‍ ചെയ്യുക.

കളിയാക്കലുകള്‍

ആളുകളെ മുറിവേല്‍പ്പിക്കുന്ന, അനാവശ്യമായ ഒരു സ്വഭാവമാണ് കളിയാക്കല്‍. അതിലൂടെ പങ്കാളിയെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ ചിരിയ്ക്കുള്ള വകയാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഒന്നോ രണ്ടോ തവണ അങ്ങനെ ചെയ്യുന്നത് പങ്കാളി ഒരുപക്ഷേ കാര്യമാക്കിയെന്നിരിക്കില്ല. എന്നാലത് അവരെ മുറിവേല്‍പ്പിക്കുമെന്നത് തീര്‍ച്ചയാണ്. സ്ഥിരമായി അത്തരത്തില്‍ കളിയാക്കലിന് പാത്രമാകുന്നത് പങ്കാളികളെ അസ്വസ്ഥരാക്കും. പങ്കാളിയോട് മാത്രമായി പറഞ്ഞതും അവര്‍ക്കിടയില്‍ സംഭവിച്ചതുമായ കാര്യങ്ങള്‍ തമാശയായി മറ്റുള്ളവര്‍ക്കിടയില്‍ അവതരിപ്പിക്കുമ്പോള്‍ അവര്‍ക്ക് നിങ്ങളോടുള്ള വിശ്വാസം തകരുകയും ഉള്ളില്‍ വെറുപ്പ് വളരുകയും ചെയ്യും.

പ്രിയപ്പെട്ടവരെ കളിയാക്കുക

തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ കളിയാക്കുകയോ അവരെപ്പറ്റി നമോശമായി സംസാരിക്കുകയോ ചെയ്യുന്നത് ആര്‍ക്കും ഇഷ്ടപ്പെടില്ല. അങ്ങനെ ചെയ്താല്‍ അത് ദാമ്പത്യത്തില്‍ നിങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളില്‍ ഒന്നായിരിക്കും. അനാവശ്യമായി വീട്ടുകാരെയോ സുഹൃത്തുക്കളെയോ വേണ്ടപ്പെട്ട മറ്റുള്ളവരെയോ ദാമ്പത്യത്തിലെ വഴക്കുകളിലേക്കോ തമാശയിലേക്കോ വലിച്ചിടാതിരിക്കുക. അവരെപ്പറ്റി തമാശ പറയുന്നത് പങ്കാളിക്ക് ഇഷ്ടപ്പെടില്ല. അത്തരം കാര്യങ്ങളില്‍ എപ്പോഴും അതിര് സൂക്ഷിക്കുക.

എപ്പോഴും നിര്‍ദ്ദേശങ്ങള്‍ നല്‍കുക

അത് ചെയ്യൂ, ഇത് ചെയ്യൂ അത് ചെയ്യണ്ട എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളും ആജ്ഞകളും ദാമ്പത്യത്തെ ആധിപത്യ സ്വഭാവത്തിലേക്ക് നയിക്കും. പങ്കാളി ആണെങ്കില്‍ പോലും അവരുടെ വ്യക്തിത്വത്തെ അംഗീകരിക്കുക. അവരുടെ ശീലങ്ങളെയും മുന്‍ഗണനകളെയും താല്‍പ്പര്യങ്ങളെയും വളര്‍ന്നുവന്ന രീതിയെയും മാനിക്കുക. എല്ലാ തവണയും തിരുത്താന്‍ പോയാല്‍ അത് നിങ്ങളുടെ രീതി അവരില്‍ അടിച്ചേല്‍പ്പിക്കലാകും. ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളും ആജ്ഞകളും ദാമ്പത്യത്തില്‍ ഭാര്യയെ പേടി, ഭര്‍ത്താവിനെ പേടി എന്ന അവസ്ഥയിലേക്ക് എത്തിക്കും.

പഴയ വഴക്കുകള്‍ വീണ്ടും കുത്തിപ്പൊക്കുക

പിണങ്ങുകയും പിന്നീട് ഇണങ്ങുകയും ചെയ്യുന്നത് സ്വാഭാവികമാണ്. പക്ഷേ കഴിഞ്ഞ വഴക്കുകള്‍ വീണ്ടും ഓര്‍ത്തെടുക്കുകയും വീണ്ടും വിസതരിക്കുകയും ചെയ്യുന്നത് ബന്ധത്തെ വഷളാക്കും. പണ്ടത്തെ കാര്യങ്ങള്‍ വീണ്ടുമെടുത്ത് തന്റെ ഭാഗ്യം ന്യായീകരിക്കാനും ശരി സമര്‍ത്ഥിക്കാനും പോയാല്‍ ബന്ധത്തിലെ സ്‌നേഹം ഇല്ലാതാകും. ഒരു വഴക്കിനിടയില്‍ പഴയ വഴക്കുകള്‍ കുത്തിപ്പൊക്കുമ്പോള്‍ പുതിയ പ്രശ്‌നവും പരിഹരിക്കപ്പെടാതെ പോകും. പ്രശ്‌നങ്ങള്‍ വഷളാകും. ഒരിക്കല്‍ കഴിഞ്ഞ കാര്യങ്ങള്‍ അവിടെ വിടുക. അങ്ങനെയൊരു പ്രതിജ്ഞ പങ്കാളികള്‍ രണ്ടുപേരും എടുക്കുക.

സോഷ്യല്‍ മീഡിയ എന്ന വില്ലന്‍

സോഷ്യല്‍ മീഡിയ ഉപയോഗത്തിലൂടെ പലതരം അബദ്ധങ്ങളും പ്രശ്‌നങ്ങളും ദാമ്പത്യത്തില്‍ ഉണ്ടാകാറുണ്ട്. സോഷ്യല്‍മീഡിയയില്‍ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ പങ്കിടുന്നത് മുതല്‍ സോഷ്യല്‍ മീഡിയയിലെ സുഹൃത്തിനോട് കൂടുതല്‍ അടുക്കുന്നത് വരെ ദാമ്പത്യത്തെ ദോഷകരമായി ബാധിക്കും.

മേല്‍പ്പറഞ്ഞ അബദ്ധങ്ങളില്‍ പലതും ദമ്പതിമാര്‍ക്ക് സംഭവിക്കാറുണ്ട്. ഒരിക്കല്‍ അതിന്റെ പ്രത്യാഘാതം അനുഭവിച്ചിട്ടും തിരുത്താന്‍ തയ്യാറാകാതിരുന്നാല്‍ അത് ബന്ധം തകര്‍ക്കും. ദാമ്പത്യത്തില്‍ എന്തുകാര്യം ചെയ്യുമ്പോഴും പങ്കാളിയുടെ വികാരങ്ങളെയും ആഗ്രഹങ്ങളെയും താല്‍പ്പര്യങ്ങളെയും മാനിക്കുക. എന്തുചെയ്യുമ്പോഴും പറയുമ്പോഴും അത് പങ്കാളിയെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചതിന് ശേഷം മാത്രം മുന്നോട്ടുപോകുക. ആ ശീലം ദാമ്പത്യത്തെ കൂടുതല്‍ സന്തോഷപൂര്‍ണ്ണവും സമാധാനപൂര്‍ണ്ണവും ആക്കും.

X
Desktop Bottom Promotion