Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
രാത്രിയിലെ ഈ ദുശ്ശീലം നിങ്ങള്‍ക്കുമുണ്ടോ, എങ്കിലത് ദാമ്പത്യബന്ധത്തെ സാരമായി ബാധിക്കും
തിരക്കുപിടിച്ച ജീവിതപ്പാച്ചിലിനിടയില്‍ മിക്കവര്‍ക്കും ദാമ്പത്യജീവിതത്തിലെ പല നല്ല ശീലങ്ങളും കൈമോശം വന്നുകൊണ്ടിരിക്കുകയാണ്. പകരം ബന്ധങ്ങള്‍ക്ക് ദോഷം ചെയ്യുന്ന, പതിയെ ബന്ധത്തിന്റെ കെട്ടുറപ്പ് തകര്‍ക്കുന്ന പുതിയ പല ദുശ്ശീലങ്ങളും ആളുകളിലേക്ക് കടന്നുവരികയും ചെയ്തു. ദാമ്പത്യത്തിന്റെ വില്ലനായ ഒരു രാത്രികാല ശീലത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. അതെന്താണ് അങ്ങനെയൊരു രാത്രികാലശീലമെന്ന് ആലോചിച്ച് തല പുകയ്ക്കണ്ട. രാത്രി ഉറങ്ങാനായി കിടക്കയില്‍ കിടന്ന ശേഷം മിക്ക ആളുകളും ചെയ്യുന്നതാണ് ഈ ശീലം. അതുതന്നെ, ഫോണെടുത്ത് സോഷ്യല്‍മീഡിയയിലൂടെയുള്ള സ്ക്രോളിംഗ്.

സമാന്തര സ്ക്രോളിംഗ്
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള സോഷ്യല്‍ മീഡിയ നോട്ടം പാരലല്‍ സ്ക്രോളിംഗ് എന്നാണ് അറിയപ്പെടുന്നത്. പങ്കാളിക്ക് അരികില്‍ കിടന്നുകൊണ്ട് ഫോണിലൂടെ നിശബ്ദമായി സ്ക്രോള്‍ ചെയ്യുന്ന ശീലം കുടുംബബന്ധങ്ങളെ തകര്‍ക്കുമെന്നാണ് വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. യഥാര്‍ത്ഥത്തില്‍ പങ്കാളിയുമായി പങ്കുവെക്കേണ്ട വിലപ്പെട്ട നിമിഷങ്ങളാണ് ഇവിടെ നഷ്ടമാകുന്നത്. പങ്കാളിയോടുള്ള അടുപ്പവും സ്നേഹവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഈ മികച്ച അവസരം പാഴാക്കി കളയുന്നത് മണ്ടത്തരമാണ്.
എന്നും പങ്കാളിയോട് വര്‍ത്തമാനം പറയുകയും വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്യേണ്ടതുണ്ടോ, അതിനുമാത്രം എന്തുകാര്യങ്ങളാണ് പറയുക, അതൊക്കെ നവദമ്പതിമാര്ക്കുള്ളതല്ലേ എന്നൊക്കെ ചിന്തിക്കുന്നവരോട് നിങ്ങളുടെ ചിന്തകള്‍ തെറ്റാണെന്ന് മാത്രമാണ് പറയാനുള്ളത്. കാരണം ദൃഢമായ ദാമ്പത്യബന്ധത്തിന് നിരന്തരമായ പരിശ്രമങ്ങള്‍ ആവശ്യമാണ്. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ ദാമ്പത്യത്തെ കൂടുതല്‍ ആരോഗ്യമുള്ളതാക്കണമെങ്കില് എന്നും നിങ്ങള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുകയും വേണം.
അങ്ങനെ നോക്കുകയാണെങ്കില്‍ പങ്കാളികള്‍ ഇരുവരും ദൈനംദിന തിരക്കുകളില്‍ നിന്നും സ്വതന്ത്രരാകുന്ന രാത്രികാലങ്ങള്‍ അന്യോന്യം സംസാരിക്കാനും വിശേഷങ്ങളും ഭാവി കാര്യങ്ങളും പ്രധാന തീരുമാനങ്ങളും പരിഭവങ്ങളുമെല്ലാം പങ്കുവെക്കേണ്ടതുമായ സമയമാണ്. പക്ഷേ അതിനുപകരം ഇന്നത്തെ കാലത്ത് മിക്ക ഭാര്യാഭര്ത്താക്കന്മാരും ആ സമയത്ത് ഫോണ്‍ നോക്കുകയാണ് പതിവ്. ഫോണ്‍ നോക്കി ഉറക്കം കണ്ണുകളെ മൂടുമ്പോള്‍ ഫോണ്‍ മാറ്റിവെച്ച് കിടന്നുറങ്ങുന്നു. അവിടെ പങ്കാളിയുമായുള്ള ആത്മബന്ധം വളര്‍ത്താനുള്ള സമയം കൈമോശം വരുന്നു.
ഫോണ്‍ നോട്ടം ദമ്പതിമാരുടെ സ്ഥിരം പരാതി
ഇന്ന് ദാമ്പത്യപ്രശ്നങ്ങളുമായി സൈക്കോളജിസ്റ്റുകളെ കാണാനെത്തുന്ന മിക്കവരുടെയും പ്രധാന പരാതി പങ്കാളി കൂടുതല്‍ സമയവും ഫോണില്‍ ചിലവിടുന്നു എന്നതാണ്, പ്രത്യേകിച്ച് രാത്രികളില്‍. പങ്കാളിയോട് സംസാരിക്കാന്‍ കാര്യങ്ങളൊന്നുമില്ലെങ്കില്‍ നിശബ്ദമായി അവര്ക്കൊപ്പമിരുന്നാലും അത് ദാമ്പത്യത്തെ കൂടുതല്‍ ആരോഗ്യമുള്ളതാക്കും. പകരം ആ സമയം കൂടി ഫോണ്‍ നോക്കാമെന്ന് കരുതിയാല്സ്ത്രീ ആയാലും പുരുഷന് ആയാലും പങ്കാളി അതില്‍ അസ്വസ്ഥരാകും.
അടുത്ത് കിടക്കുന്നുണ്ടെങ്കിലും രണ്ടുലോകത്താണ്
രാത്രികാലത്തെ ഫോണ്‍ ഉപയോഗം ഒരേ കിടക്കയിലാണെങ്കിലും പങ്കാളികളെ രണ്ട് ധ്രുവങ്ങളില്‍ ആക്കുന്നു. ഫോണില്‍ നോക്കുന്ന വ്യക്തി ചിലപ്പോള്‍ മറ്റൊരാള്‍ പറയുന്നത് എന്താണെന്ന് കേള്‍ക്കുക പോലുമുണ്ടാകില്ല. ദാമ്പത്യത്തില്‍ തങ്ങള്‍ക്ക് അര്‍ഹിക്കുന്ന ശ്രദ്ധ ലഭിക്കാതെ വരുന്നത് ദമ്പതിമാര്‍ക്കിടയിലെ അകലം വര്‍ദ്ധിപ്പിക്കുന്നു. തിരക്കുപിടിച്ച ഒരു ദിവസത്തിന്റെ വിരസത മറക്കാന്‍ ഉറങ്ങുന്നതിന് മുമ്പ് അല്‍പ്പനേരം ഫോണ്‍ നോക്കുന്നതില്‍ തെറ്റുണ്ടോ എന്ന് ചിലപ്പോള്‍ ആളുകള്‍ ചോദിച്ചേക്കാം. അതില്‍ തെറ്റൊന്നും ഇല്ലെങ്കിലും ദാമ്പത്യത്തിന് ആ ശീലം വിനാശകരമാണെന്നതില് ഒരു സംശയവും ഇല്ല.
സോഷ്യല്‍ മീഡിയയും ഡിജിറ്റല്‍ മാധ്യമങ്ങളും ജീവിതത്തില്‍ നിന്നും ഒഴിച്ചുനിര്ത്തുകയെന്നത് ഇന്നത്തെ കാലത്ത് സാധ്യമുള്ള ഒരു കാര്യമല്ല. പലരും വാര്‍ത്തകള്‍ അറിയുന്നതും ബാഹ്യലോകവുമായി ഇടപെടുന്നതും ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയാണ്. സോഷ്യല്‍ മീഡിയയുടെ ദോഷങ്ങളാണ് പലപ്പോഴും ചര്‍ച്ച ചെയ്യപ്പൊടാറുള്ളതെങ്കിലും വലിയൊരു വിഭാഗം ആളുകള്‍ക്ക് ഒരു വരുമാന സ്രോതസ്സായി മാറി എന്നതടക്കം നിരവധി ഗുണങ്ങളും സോഷ്യല്‍ മീഡിയയ്ക്ക് ഉണ്ട്.
പക്ഷേ സോഷ്യല്‍മീഡിയയുടെ ആരവങ്ങളിലും മായികലോകത്തും മുങ്ങിപ്പോകാതിരിക്കാനും അതൊരു ആസക്തി ആകാതിരിക്കാനും ആളുകള്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ദാമ്പത്യം ആരോഗ്യത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍. സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ പങ്കാളിയുടെ താല്‍പ്പര്യങ്ങളെ കൂടി മാനിക്കുക. പങ്കാളികള്‍ ഇരുവരും കിടക്കുന്നതിന് മുമ്പ് നിശ്ചിത സമയം ഫോണ്‍ നോക്കാന്‍ താല്പ്പര്യപ്പെടുന്നവരാണെങ്കില് കുഴപ്പമില്ല. പരസ്പര ധാരണയോടെ അത് മുന്നോട്ടുകൊണ്ടുപോകാം. നേരെ മറിച്ച്, ഒരു വശത്ത് ഒരാള്‍ ഫോണിലൂടെ മറ്റൊരു ലോകത്ത് യാത്ര നടത്തുകയും മറുവശത്തുള്ളയാള്‍ പങ്കാളിയോട് സംസാരിക്കാനും വിശേഷങ്ങള്‍ പങ്കുവെക്കാനും കഴിയാതെ സങ്കടപ്പെടുകയും ചെയ്യുകയാണെങ്കില്‍ അതൊരു ദുശ്ശീലം തന്നെയാണെന്ന് പറയേണ്ടിവരും.
ഫോണ്‍ നോട്ടത്തിനും സോഷ്യല്‍ മീഡിയ ഉപയോഗത്തിനും കൃത്യമായ സമയം നിശ്ചയിക്കുക, ഭക്ഷണസമയത്തും കുടുംബവുമായി ഒത്തുചേരുന്ന മറ്റുസമയങ്ങളിലും ഫോണ്‍ മാറ്റിവെക്കുക, ആഴ്ചയില്‍ ഒരു ദിവസം കഴിയുമെങ്കില്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക, ഫോണ്‍ ഉപയോഗത്തില്‍ പങ്കാളിയുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുക്കുക എന്നിവയെല്ലാം ഫോണിന്റെയും സോഷ്യല്‍ മീഡിയയുടെയും ഉപയോഗം നിയന്ത്രിക്കാനുള്ള വഴികളാണ്.



Click it and Unblock the Notifications