ഒരു ഡയലോഗില്‍ അവര്‍ തകരും; പങ്കാളിയോട് സംസാരിക്കുമ്പോള്‍ ഈ വാക്കുകള്‍ കയറി വരാറുണ്ടോ?

പങ്കാളികള്‍ക്കിടയില്‍ ഏറ്റവും ആവശ്യമുള്ള സംഗതി ഫലപ്രദമായ ആശയവിനിമയമാണെന്ന് എപ്പോഴും പറഞ്ഞുകേള്‍ക്കുന്ന കാര്യമാണ്. പക്ഷേ അതെങ്ങനെ പ്രാവര്‍ത്തികമാക്കണമെന്നും എപ്പോള്‍ പ്രാവര്‍ത്തികമാക്കണമെന്നും പല ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും അറിയില്ല. ഉദാഹരണത്തിന് മധുരവര്‍ത്തമാനങ്ങള്‍ പറയുന്നതാണ് ഫലപ്രദമായ ആശയവിനിമയമെന്ന് കരുതുന്നവരുണ്ട്, അല്ലെങ്കില്‍ ദേഷ്യത്തില്‍ സംസാരിക്കാതിരിക്കലാണ് ഫലപ്രദമായ ആശയവിനിമയം എന്ന് വിചാരിക്കുന്നവരുണ്ട്. പക്ഷേ ഇതൊന്നുമല്ല ഫലപ്രദമായ ആശയവിനിമയം. പങ്കാളിയെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ട് അവരുടെ വികാരങ്ങളും വിചാരങ്ങളും മാനിച്ചുകൊണ്ട് പ്രശ്‌നങ്ങളടക്കം എല്ലാ കാര്യവും തുറന്ന് സംസാരിക്കുക, പരിഹാരം കണ്ടെത്തുക എന്നതെല്ലാമാണ് ഫലപ്രദമായ ആശയവിനിമയത്തിലൂടെ അര്‍ത്ഥമാക്കുന്നത്.

partner

ആരോഗ്യമുള്ള, സ്‌നേഹപൂര്‍ണ്ണമായ ദാമ്പത്യത്തിന്റെ ആണിക്കല്ല് ഫലപ്രദമായ ആശയവിനിമയം തന്നെയാണ്. സത്യസന്ധത ഒരു ബന്ധത്തില്‍ വളരെ ആവശ്യമുള്ള സംഗതിയാണ്. അതേസമയം ബന്ധത്തെ മുറിവേല്‍പ്പിക്കുന്ന, അനാവശ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ചില കാര്യങ്ങള്‍, സാഹചര്യങ്ങള്‍ എന്നിവ ദമ്പതിമാര്‍ ഒഴിവാക്കുകയും വേണം. അത്തരത്തില്‍ പങ്കാളിയുമായുള്ള ആശയവിനിമയത്തിനിടെ, അത് ദേഷ്യപ്പെടുമ്പോഴോ വഴക്കുണ്ടാക്കുമ്പോഴോ ആണെങ്കില്‍ രപോലും ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത ചില ഡയലോഗുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

"നിങ്ങളെ വിവാഹത്തില്‍ കഴിച്ചതില്‍ പശ്ചാത്തപിക്കുന്നു"

പങ്കാളിയെ അപ്പോഴൊന്ന് വിഷമിപ്പിക്കാന്‍ വേണ്ടി അറിയാതെ പറഞ്ഞുപോകുന്ന ഡയലോഗ് ആയിരിക്കും ഇത്. എന്നാല്‍ വിവാഹം കഴിച്ചതില്‍ പശ്ചാത്തപിക്കുന്ന എന്ന ഡയലോഗിനോളം പങ്കാളിയെ കുത്തിനോവിപ്പിക്കുന്ന മറ്റൊരു ഡയലോഗില്ല. ബന്ധത്തിലെ വിശ്വാസ്യതയുടെയും സ്‌നേഹത്തിന്റെയും അടിത്തറയിലാണ് ആ വാക്കുകള്‍ വിള്ളല്‍ വീഴ്ത്തുന്നത്. പ്രശ്‌നമുണ്ടാകുമ്പോള്‍ ഇത്തരം വാക്കുകളെ കൂട്ടുപിടിച്ച് സാഹചര്യം കൂടുതല്‍ വഷളാക്കാതെ ഒരുമിച്ചിരുന്ന് വെല്ലുവിളികളും പ്രശ്‌നങ്ങളും പറഞ്ഞുതീര്‍ത്ത് ബന്ധം ശക്തമാക്കാന്‍ ശ്രമിക്കുക.

"നിങ്ങള്‍ നിങ്ങളുടെ അച്ഛനമ്മമാരെ പോലെ തന്നെയാണ്"

ദേഷ്യം വരുമ്പോള്‍ ദമ്പതികള്‍ പറഞ്ഞുപോകുന്ന, പങ്കാളിയുടെ ഉള്ളിലെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന മറ്റൊരു ഡയലോഗാണ് അവരുടെ അച്ഛനമ്മമാരെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള സംസാരം. പങ്കാളിയെ അവരുടെ മാതാപിതാക്കളുമായി താരതമ്യപ്പെടുത്തുന്നത് അരക്ഷിതാവസ്ഥയിലേക്കും നെഗറ്റീവ് ചിന്തകളിലേക്കും പങ്കാളിയെ എത്തിക്കും. അതിനുപകരം പങ്കാളിയുടെ സ്വഭാവങ്ങളിലോ മറ്റെന്തെങ്കിലും കാര്യങ്ങളിലോ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍ അത് അവരെ പറഞ്ഞുമനസ്സിലാക്കുക.

"എനിക്ക് നിന്നെ സ്‌നേഹിക്കാന്‍ കഴിയില്ല"

ഈ ഒരു ഡയലോഗ് പങ്കാളിയെ തകര്‍ത്ത് തരിപ്പണമാക്കും. ബന്ധത്തിന്റെ കെട്ടുറപ്പിനെയും വിശ്വാസ്യതയെയും തകര്‍ക്കുന്ന ഡയലോഗ് ആണിത്. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് പങ്കാളിയെ സ്‌നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അതിന് ആഗ്രഹമുണ്ടെങ്കില്‍ ഒരു കൗണ്‍സിലിംഗില്‍ പങ്കെടുത്ത് നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. പങ്കാളിടെ കൂടി അതില്‍ ഭാഗമാക്കി പ്രശ്‌നങ്ങള്‍ അവരെയും ബോധ്യപ്പെടുത്തുക.

"മറ്റൊരാളെ വിവാഹം കഴിക്കേണ്ടതായിരുന്നു"

പങ്കാളിയുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്ന ഡയലോഗ് ആണിത്. മനപ്പൂര്‍വ്വമല്ലെങ്കില്‍ കൂടിയും മറ്റൊരാളെ കഴിക്കാനുള്ള താല്‍പ്പര്യം വാക്കുകളിലൂടെ പ്രകടിപ്പിക്കുമ്പോള്‍ ബന്ധത്തിലുള്ള, പങ്കാളിയുമായുള്ള അതൃപ്തിയാണ് അത് വ്യക്തമാക്കുന്നത്. അത് അവരെ അങ്ങേയറ്റം വേദനിപ്പിക്കും. അത്തരം ചിന്തകളിലേക്കും വാക്കുകളിലേക്കും പോകാതെ, ബന്ധം എങ്ങനെ മെച്ചപ്പെടുത്താമെന്നും എങ്ങനെ ഒരുമിച്ച് വളരാമെന്നും ഒന്നിച്ചിരുന്ന് ആലോചിക്കുക.

"നിങ്ങളൊരു മോശം രക്ഷിതാവാണ്"

പങ്കാളിയിലെ മാതാവിനെ അല്ലെങ്കിലെ പിതാവിനെ മോശപ്പെടുത്തി സംസാരിക്കുന്നത്, വിമര്‍ശിക്കുന്നത് അവരെ നിരാശയിലേക്കും അത് പിന്നീട് ദാമ്പത്യപ്രശ്‌നങ്ങളിലേക്കും നയിക്കും. പാരന്റിംഗിലെ അഭിപ്രായഭിന്നതകള്‍ പങ്കാളികള്‍ക്കിടയില്‍ സ്വാഭാവികമാണ്. പക്ഷേ വളരെ ബഹുമാനത്തോടെ തുറന്ന് പങ്കാളിയുമായി അത് ചര്‍ച്ച ചെയ്ത് പരിഹരിക്കണം.

"പ്രശ്‌നങ്ങളുടെയെല്ലാം കാരണം നിങ്ങളാണ്"

എല്ലാ പ്രശ്‌നങ്ങളും പങ്കാളിയുടെ തലയിലേക്ക് വെച്ചുകൊടുക്കുന്നത് ഒരിക്കലും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതിലേക്ക് കാര്യങ്ങളെ നയിക്കില്ല. മാത്രമല്ല ആശയവിനിമയത്തിലൂടെയുള്ള പ്രശ്‌നപരിഹാരത്തിനുള്ള വഴിയും അവിടെ അടയും. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ആ പ്രശ്‌നത്തെ അഭിമുഖീകരിക്കുക, പരസ്പരം കേള്‍ക്കാനുള്ള മനസ്സ് കാണിക്കുക, ഒന്നിച്ച് പരിഹാരം കണ്ടെത്തുക.

"എല്ലാ കാര്യങ്ങളും നിങ്ങളോട് പറയാന്‍ കഴിയില്ല"

തന്റേതായ രഹസ്യങ്ങള്‍ ഉണ്ട്, അത് പങ്കുവെക്കാന്‍ കഴിയില്ല എന്ന ഡയലോഗ് പങ്കാളിയെ അസ്വസ്ഥരാക്കുകയും വഞ്ചിക്കപ്പെട്ടതായി പങ്കാളിക്ക് തോന്നുകയും ചെയ്യുന്നു. ഇതിലൂടെ വിശ്വാസ്യത തകരും. പങ്കാളിയുമായി വളരെ തുറന്ന ആശയവിനിമയമാണ് വേണ്ടത്. രഹസ്യങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ സത്യസന്ധമായി അവയെ സമീപിക്കുക. ഒന്നിച്ചിരുന്ന് പരിഹരിക്കുക.

Story first published: Wednesday, May 15, 2024, 21:26 [IST]
X
Desktop Bottom Promotion