പങ്കാളിയെ നഷ്ടപ്പെടുമെന്ന ചിന്ത, എപ്പോഴും കൂടെ വേണമെന്ന ആഗ്രഹം; അതിരുകടന്ന പ്രണയം അറിയുക

പ്രണയിക്കുന്നതും പ്രണയിക്കപ്പെടുന്നതും ലോകത്തിലെ ഏറ്റവും മനോഹരമായ വികാരങ്ങളാണ്. പ്രണയത്തിന് പകരം വെക്കാന്‍ ഈ ലോകത്ത് മറ്റൊന്നുമില്ലെന്ന് തന്നെ പറയാം. എപ്പോഴും പ്രണയത്താല്‍ ഹൃദയം തുടിക്കുന്നത് മനസ്സിന് മാത്രമല്ല, ആരോഗ്യത്തിനും പലതരത്തില്‍ ഗുണം ചെയ്യും. പ്രണയം മൂലം ജീവിതം കൂടുതല്‍ സന്തോഷകരമാകുകയും എല്ലാ കാര്യങ്ങളിലും ഉന്മേഷം തോന്നുകയും ചെയ്യും.

couple

പക്ഷേ ഏതൊരു കാര്യത്തിലും ഉള്ളത് പോലെ അമിതമായാല്‍ പ്രണയവും വിനയാകും. പ്രണയം തലയ്ക്ക് പിടിക്കുക എന്നൊക്കെ ഈ അവസ്ഥയെ വിശേഷിപ്പിക്കാം. പങ്കാളിയോടുള്ള ഇഷ്ടം അതിരുകടക്കുന്ന അവസ്ഥയാണിത്. പ്രണയമാണെങ്കിലും അത് അതിരുകടന്നാല്‍ പലതരത്തില്‍ അത് ബന്ധത്തെ ബാധിക്കുകയും പങ്കാളികള്‍ രണ്ടുപേര്‍ക്കും ജീവിതം ദുസ്സഹമായി മാറുകയും ചെയ്യും.

അതിരുകടന്ന സ്‌നേഹം

പ്രണയവും സന്തുലിതാവസ്ഥയില്‍ കൊണ്ടുപോകേണ്ട ഒരു വികാരമാണ്. അങ്ങനെയല്ലെങ്കില്‍ അത് കൊണ്ട് സന്തോഷമുണ്ടാകുന്നതിന് പകരം മനക്ലേശവും പലതരത്തിലുള്ള മാനസിക, ശാരീരിക പ്രശ്‌നങ്ങളുമായിരിക്കും അനുഭവിക്കേണ്ടിവരിക. എന്നാല്‍ ഒരു യഥാര്‍ത്ഥ പ്രണയബന്ധത്തില്‍ എപ്പോഴാണ് പ്രണയം അതിരുവിടുന്നതെന്നോ തന്റെയോ പങ്കാളിയുടെയോ പ്രണയം അതിരുകടന്ന അവസ്ഥയിലാണോ എന്നോ തിരിച്ചറിയാന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍ അതിരുകടന്ന പ്രണയം പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കും. ഈ ലക്ഷണങ്ങള്‍ തനിക്കോ പങ്കാളിക്കോ ഉണ്ടോ എന്ന് കണ്ടെത്തിയാല്‍ അതിരുകടന്ന സ്‌നേഹത്തെ തിരിച്ചറിയാം.

അതിരുകടന്ന പ്രണയത്തിന്റെ ലക്ഷണങ്ങള്‍

നിരന്തരമായി പങ്കാളിയുടെ പ്രവൃത്തികള്‍ വീക്ഷിച്ചുകൊണ്ടിരിക്കുക

പങ്കാളി എന്തുചെയ്യുകയാണെന്ന് അറിയാനുള്ള ജിജ്ഞാസ അതിരുകടന്ന പ്രണയത്തിന്റെ ഒരു ലക്ഷണമാണ്. അവര്‍ ഒരു ദിവസം മുഴുവന്‍ എന്തൊക്കെ ചെയ്തുവെന്ന് ഇക്കൂട്ടര്‍ അന്വേഷിച്ചുകൊണ്ടിരിക്കും. ഉദാഹരണത്തിന് എവിടെയൊക്കെ പോകുന്നു, ആരൊയൊക്കെ കാണുന്നു, ആരോടൊക്കെ സംസാരിക്കുന്നു, എ്ന്ത് സംസാരിക്കുന്നു എന്നതെല്ലാം അറിയാന്‍ താല്‍പ്പര്യപ്പെടുകയും അതിനുള്ള ശ്രമം നടത്തുകയും ചെയ്യുന്നത് പ്രണയത്തിന്റെ പോക്ക് ശരിയല്ലെന്നതിന്റെ ലക്ഷണമാണ്. അത് പങ്കാളിയുമായുള്ള ബന്ധത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഏറെക്കാലം ബന്ധം മുന്നോട്ടുപോകണമെങ്കില്‍ ബന്ധത്തില്‍ പങ്കാളിക്ക് അവരുടേതായ സ്വാതന്ത്ര്യവും അനുവദിച്ചുകൊടുക്കുക. അവരെ അവരുടെ വഴിക്ക് വിടുക.

എപ്പോഴും പങ്കാളിയുടെ ശ്രദ്ധ നേടാനുള്ള ശ്രമം

പങ്കാളി എപ്പോഴും തങ്ങളെ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്നതും അതിരുകടന്ന പ്രണയത്തിന്റെ ലക്ഷണമാണ്. എപ്പോഴും തങ്ങളെ വിളിക്കണം, മെസേജ് അയക്കണം, പുറത്തുപോയാലും പരിപാടികള്‍ക്ക് പോയാലുമെല്ലാം തങ്ങള്‍ക്കൊപ്പം തന്നെ ഉണ്ടാകണം എന്നൊക്കെയുള്ള ആഗ്രഹങ്ങള്‍ ഒരിക്കലും നന്നല്ല. ഇത് പ്രണയബന്ധത്തെ ദുരന്തപര്യവസായിയാക്കിയേക്കും. പങ്കാളിക്ക് അവരുടേതായ താല്‍പ്പര്യങ്ങളും അവര്‍ ഒറ്റക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളും ഉണ്ടെന്ന് മനസ്സിലാക്കുക. പങ്കാളി എന്താണ് വിളിക്കാത്തത്, അവര്‍ തങ്ങളെ ഓര്‍ക്കുന്നില്ലേ, അവര്‍ എന്താണ് വേഗം വീട്ടില്‍ വരാത്തത്, എവിടെ പോയിരിക്കും തുടങ്ങിയ രീതിയില്‍ ചിന്തിച്ചുതുടങ്ങിയാല്‍ ചിന്തിക്കാന്‍ മാത്രമേ സയമമുണ്ടാകൂ. ദിവസങ്ങള്‍ ഫലപ്രദനായി വിനിയോഗിക്കാന്‍ കഴിയാതെയാകും. പകരം പങ്കാളിയെ അവരുടെ വഴിക്ക് വിടുക. സന്തോഷിക്കാന്‍ നിങ്ങള്‍ നിങ്ങളുടേതായ വഴി കണ്ടെത്തുക. തങ്ങളെ സന്തോഷിപ്പിക്കേണ്ടത് പങ്കാളിയുടെ ഉത്തരവാദിത്തമാണെന്ന് കരുതരുത്.

പ്രണയബന്ധം മാത്രം മതി മറ്റ് ബന്ധങ്ങളൊന്നും വേണ്ടെന്ന അവസ്ഥ

പങ്കാളിയോടുള്ള പ്രണയം മൂലം ജീവിതത്തിലെ മറ്റ് ബന്ധങ്ങളെ മറക്കുക, അല്ലെങ്കില്‍ അവരുമായുള്ള അടുപ്പം നിലനിര്‍ത്തുന്നതിനുള്ള കാര്യങ്ങളൊന്നും ചെയ്യാതിരിക്കുക എന്നതും പ്രണയം തലയ്ക്ക് പിടിച്ചതിന്റെ ലക്ഷണമാണ്. ഇവര്‍ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും അകന്നുപോയ്‌ക്കൊണ്ടിരിക്കും. അവരുമായുള്ള ബന്ധത്തിന് വില നല്‍കാതെ വരും. ഭാവിയില്‍ ഇതുമൂലം ഒറ്റപ്പെടല്‍ നഷ്ടബോധവും അനുഭവിക്കേണ്ടതായി വരും.

പങ്കാളിയുടെ മേലുള്ള അമിത ആശ്രയത്വം

എന്തുചെയ്യണമെങ്കിലും പങ്കാളി ഒപ്പം വേണമെന്ന അവസ്ഥ അല്ലെങ്കില്‍ അവരിലുള്ള അമിത ആശ്രയത്തവും സ്‌നേഹം അതിരുവിട്ടതാണെന്നതിന്റെ സൂചനയാണ്. ചിലയാളുകള്‍ക്ക് പങ്കാളിയില്ലാതെ സ്വന്തമായി തീരുമാനമെടുക്കാന്‍ പോലും സാധിക്കാതെ വരും. സ്വന്തം ജീവിതത്തിന്റെ താക്കോല്‍ മറ്റൊരാളുടെ കയ്യില്‍ കൊടുത്ത അവസ്ഥായയാണിത്.

ങ്കാളി തന്റെ മാത്രം സ്വത്താണെന്ന ചിന്ത

പങ്കാളി മറ്റുള്ളവരുമായി ഇടപെടുമ്പോഴും സംസാരിക്കുമ്പോളും വല്ലാതെ ആശങ്കപ്പെടുകയോ അസൂയ തോന്നുകയോ അരക്ഷിതാവസ്ഥയിലാകുകയോ ചെയ്യുന്നുവെങ്കില്‍ പ്രണയം അതിരുവിട്ടുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണത്. ഇത്തരം സ്വഭാവങ്ങള്‍ പങ്കാളിയിലും അസ്വസ്ഥതയുണ്ടാക്കും. അമിതനിയന്ത്രണത്തിലാകുന്നുവെന്നും മറ്റൊരാളുടെ ചരട് വലിക്കൊത്ത് ജീവിക്കേണ്ടിവരുന്നുവെന്ന ചിന്ത അവര്‍ക്കുണ്ടാകും.

ദിവസം മുഴുവന്‍ പങ്കാളിയെ കുറിച്ച് ചിന്തിക്കുക

ദിവസം മുഴുവന്‍ പങ്കാളിയെ കുറിച്ചുള്ള ദിവാസ്വപ്‌നങ്ങള്‍ കാണുക, മനസ്സില്‍ എപ്പോഴും പങ്കാളിയെ കുറിച്ചുള്ള ചിന്തകളുണ്ടാകുക എന്നിവയും പങ്കാളിയോടുള്ള സ്‌നേഹം അതിരുകടക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്. പ്രണയം വളരെ നല്ല വികാരമാണെങ്കിലും ജീവിതം പ്രണയത്തിന് ചുറ്റും അല്ലെങ്കില്‍ ബന്ധത്തിന് ചുറ്റുമായി തളച്ചിടാതിരിക്കുക.

പങ്കാളിയെ നഷ്ടപ്പെടുമെന്ന അകാരണ ഭയം

പങ്കാളിയെ നഷ്ടപ്പെടുമോ അവര്‍ തങ്ങളെ വിട്ട് പോകുമോ തുടങ്ങിയ ചിന്തകളെല്ലാം അനാരോഗ്യകരമായ പ്രണയത്തെയാണ് സൂചിപ്പിക്കുന്നത്. സ്വയം സ്‌നേഹിക്കുക, ആത്മാഭിമാനം വളര്‍ത്തിയെടുക്കുക എന്നിവയൊക്കെയാണ് ഇതിനെ എതിരിടാനുള്ള വഴികള്‍. ഇത്തരം ചിന്തകള്‍ പങ്കാളിയുമായും പങ്കുവെക്കുക. തെറ്റിദ്ധാരണകള്‍ മാറ്റാന്‍ അവര്‍ സഹായിക്കും.

പങ്കാളിയുടെ തെറ്റുകളെ നിസ്സാരവത്കരിക്കുക

പങ്കാളി ചെയ്യുന്നതെല്ലാം ശരിയാണ് എന്ന ചിന്തയില്‍ അവരെ അന്ധമായി വിശ്വസിക്കുന്നതും അല്ലെങ്കില്‍ അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാതെ ഇരിക്കുകയും വിഷയമാരക്കാതിരിക്കുകയും ചെയ്യുന്നത് പ്രണയം അതിരുവിട്ടതിന്റെ ലക്ഷണമാണ്. അങ്ങനെയെല്ലാം ചെയ്താല്‍ ഒരുപക്ഷേ പങ്കാളിക്ക് തന്നോടുള്ള സ്‌നേഹം ഇല്ലാതാകും അവര്‍ തങ്ങളെ വിട്ടുപോകും എന്നെല്ലാം ഇവര്‍ ഭയപ്പെടുന്നു. ഇത് നിങ്ങളുടെ മാനസികാരോഗ്യം കൂടി നശിപ്പിക്കുമെന്നതിനാല്‍ എത്രയും പെട്ടെന്ന് അത്തരം സ്വഭാവങ്ങള്‍ മാറ്റുക.

X
Desktop Bottom Promotion