വിവാഹം: പറഞ്ഞുപതിഞ്ഞ കാര്യങ്ങള്‍ വിശ്വസിക്കേണ്ട, യാഥാര്‍ത്ഥ്യം മറ്റൊന്നാണ്

പല പ്രതീക്ഷകളുമായാണ് നവദമ്പതികള്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. വിവാഹം കഴിഞ്ഞാല്‍ ജീവിതം അടിമുടി മാറുമെന്നും, പിന്നീടങ്ങോട്ട് ജീവിതം സിനിമാക്കഥ പോലെ വര്‍ണ്ണപ്പകിട്ടായിരിക്കുമെന്നും പ്രതീക്ഷിച്ച് വിവാഹജീവിതത്തിലേക്ക് കടക്കുന്നയാളുകള്‍ ഇക്കാലത്തുമുണ്ട്. പറഞ്ഞുപതിഞ്ഞ വിശ്വാസങ്ങളും സങ്കല്‍പ്പങ്ങളുമാണ് അതിന് കാരണം.

marriage

വിവാഹം- അബദ്ധധാരണകള്‍

വിവാഹവുമായി ബന്ധപ്പെട്ട് പല കെട്ടുകഥകളും അബദ്ധധാരണകളും കാലങ്ങളായി സമൂഹത്തില്‍ പ്രചരിക്കുന്നുണ്ട്. ജീവിതത്തിന് അര്‍ത്ഥമുണ്ടാകണമെങ്കില്‍ ഒരു പ്രായമെത്തിയാല്‍ വിവാഹം കഴിക്കണം എന്നത് പോലും പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു സാമൂഹിക നിബന്ധനയാണ്. ഇത്തരം കെട്ടുകഥകളും അബദ്ധധാരണകളും വേരുപിടിച്ച സമൂഹത്തില്‍ വളരുന്നവര്‍ വിവാഹജീവിതതത്തിലേക്ക് കടക്കുമ്പോള്‍ അനാവശ്യപ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുകയും ഇവ സഫലീകരിക്കാന്‍ കഴിയാതെ വരുമ്പോള്‍ പങ്കാളിയുമായി ചേര്‍ച്ചയില്ലാതെ വരികയും വിവാഹം അഡ്ജസ്റ്റ്‌മെന്റിലോ വേര്‍പിരിയലിലോ കലാശിക്കുകയും ചെയ്യും.

എന്താണ് ഇതിന് ഒരു പോംവഴി. വിവാഹവുമായി ബന്ധപ്പെട്ട അബദ്ധധാരണകളും കെട്ടുകഥകളും ശരിയായ രീതിയില്‍ മനസ്സിലാക്കുകയും മുന്‍വിധികളില്ലാതെ വിവാഹത്തെ സമീപിക്കുകയും ചെയ്യുകയാണ് ഈ പ്രശ്‌നത്തില്‍ നിന്നും കരകയറാനുള്ള മാര്‍ഗ്ഗം. അതിനാദ്യം അത്തരം കെട്ടുകഥകളും അബദ്ധധാരണകളും എന്തൊക്കെയാണെന്ന് അറിയാം. അവയെന്താണെന്ന് നോക്കാം.

ജീവിതത്തിന് അര്‍ത്ഥമുണ്ടാകണമെങ്കില്‍ വിവാഹം കഴിക്കണം

വിവാഹവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ തെറ്റിദ്ധാരണ ഇതാണ്. എന്നാല്‍ ഈ അബദ്ധധാരണയില്‍ നിന്നും വിഭിന്നമായി ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകണമെങ്കില്‍ വിവാഹം കഴിക്കണമെന്നില്ല എന്നതാണ് യഥാര്‍ത്ഥ്യം. ജീവിതത്തിലെ സന്തോഷമോ അര്‍ത്ഥമോ വിവാഹവുമായി ബന്ധപ്പെട്ടുകൊള്ളണമെന്നില്ല. വിവാഹം കഴിക്കാതെയും വളരെ അര്‍ത്ഥപൂര്‍ണ്ണമായ, സന്തോഷപൂര്‍ണ്ണമായ ജീവിതം നയിച്ച അനേകം വ്യക്തികള്‍ നമുക്ക് ചുറ്റുമുണ്ട്. വിവാഹം കഴിച്ചെന്ന് കരുതി ജീവിതം അര്‍ത്ഥപൂര്‍ണ്ണം ആകാതിരിക്കുന്നുമില്ല. അതായത് ജീവിതത്തിന്റൈ സന്തോഷവും അര്‍ത്ഥവുമെല്ലാം തികച്ചും വ്യക്തിപരമായ കാര്യമാണ്. അതിനെ വിവാഹവുമായി കൂട്ടിക്കുഴക്കേണ്ടതില്ല.

വിവാഹം കഴിച്ചാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ പിന്തുണയും കൂട്ടും കിട്ടും

ജീവിതം മുഴുവന്‍ ഒരു തുണ, അല്ലെങ്കില്‍ കൂട്ട് ഇതിന് വേണ്ടിയാണ് വിവാഹം കഴിക്കുന്നതെന്ന തെറ്റിദ്ധാരണ സമൂഹം ആളുകളിലേക്ക് പകര്‍ന്നുനല്‍കുന്നുണ്ട്. ഇതും വളരെ തെറ്റിദ്ധാരണയുണ്ടാക്കുന്ന കാര്യമാണ്. വിവാഹം കഴിച്ചെന്ന് കരുതി പങ്കാളി എപ്പോഴും ജീവിതത്തില്‍ ഉണ്ടാകണമെന്നും എല്ലാ കാര്യങ്ങളിലും പിന്തുണയായി നിലകൊള്ളണമെന്നും ശഠിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യരുത്. വ്യക്തികള്‍ക്ക് അവരുടേതായ ആഗ്രഹങ്ങളും സങ്കല്‍പ്പങ്ങളും ഉണ്ടാകും. വിവാഹജീവിതം അതുമായി പൊരുത്തപ്പെടാതെ വരുമ്പോള്‍ ചിലയാളുകള്‍ വിവാഹജീവിതത്തില്‍ തുടരണമെന്ന് ആഗ്രഹിക്കില്ല. വൈകാരികമായി അകന്നുകഴിയുന്ന, സ്വന്തം ഇഷ്ടങ്ങള്‍ക്ക് താല്‍പ്പര്യം കല്‍പ്പിക്കുന്ന ആളുകള്‍ വിവാഹം കഴിച്ചെന്ന് കരുതി അവരുടെ താല്‍പ്പര്യങ്ങളും മുന്‍ഗണനകളും മാറ്റണമെന്നില്ല.

വിവാഹമെന്നാല്‍ സന്തോഷം

വിവാഹമെന്നാല്‍ സന്തോഷത്തിന് തുല്യമാണെന്നതാണ് സമൂഹത്തിലുള്ള മറ്റൊരു തെറ്റിദ്ധാരണ. വിവാഹജീവിതത്തില്‍ എപ്പോഴും സന്തോഷമുണ്ടാകുമെന്ന തെറ്റിദ്ധാരണ മൂലം ദാമ്പത്യത്തില്‍ ആശയക്കുഴപ്പത്തിലാകുകയും മാനസിക പിരിമുറുക്കവും നിരാശയും അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന ആളുകള്‍ അനവധിയാണ്. വിവാഹജീവിതത്തിലെ സന്തോഷം ഓട്ടോമാറ്റിക് അല്ല. അത് സ്വയം കടന്നുവരേണ്ടതാണ്. സ്‌നേഹം സന്തോഷത്തിലേക്ക് നയിക്കുമെങ്കിലും എല്ലാ വിവാഹങ്ങളിലും ഒരുപോലുള്ള സ്‌നേഹവും വൈകാരിക അടുപ്പവും പൂര്‍ണ്ണതയും ഉണ്ടാകില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

വിട്ടുവീഴ്ചയും മനസ്സിലാക്കലും

വിവാഹജീവിതത്തില്‍ വിട്ടുവീഴ്ച കൂടിയേ തീരു എന്ന തെറ്റിദ്ധാരണ ആളുകളുടെ ഉള്ളില്‍ പതിഞ്ഞുകിടക്കുന്നുണ്ട്. യഥാര്‍ത്ഥ്യത്തില്‍ ഇത് മറ്റൊരു രീതിയില്‍ തിരുത്തിവായിക്കേണ്ടതാണ്. വിവാഹത്തില്‍ വിട്ടുവീഴ്ചയല്ല, പരസ്പരം മനസ്സിലാക്കലും അന്യോന്യം പിന്തുണ നല്‍കലുമാണ് വേണ്ടത്. പങ്കാളികള്‍ പരസ്പരം ബഹുമാനിക്കുന്നതിനും പങ്കാളിയുടെ സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും മുന്‍ഗണന നല്‍കിയാല്‍ അവിടെ വിട്ടുവീഴ്ച, ത്യാഗം എന്നീ പദങ്ങള്‍ക്ക് പ്രസക്തിയുണ്ടാകില്ല.

ആരോഗ്യകരമായ വഴക്കുകള്‍

ആരോഗ്യകരമായ വഴക്ക് എന്നത് തെറ്റായ പദപ്രയോഗമാണ്. വഴക്ക് അല്ലെങ്കില്‍ പ്രശ്‌നം വിവാഹ ജീവിതത്തില്‍ ഒരിക്കലും ആരോഗ്യം കൊണ്ടുവരുന്നില്ല. ഈ പദപ്രയോഗത്തിന് പകരമായി, ഫലപ്രദമായ ആശയവിനിമയവും പരിഹാരം കണ്ടെത്തലും ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് ആവശ്യമാണ് എന്ന് പറയാം.

യോജിച്ച പങ്കാളി

വിവാഹ പരസ്യങ്ങളില്‍ കാണുന്നത് പോലെ, നിങ്ങള്‍ക്ക് ഇണങ്ങുന്ന ആള്‍, യോജിച്ച പങ്കാളി എന്നൊരു സങ്കല്‍പ്പം തെറ്റാണ്. കാഴ്ചയിലുള്ള പെര്‍ഫെക്ട് പാര്‍ട്ണര്‍ എന്നതിന് പകരം ആഴത്തിലുള്ള വൈകാരിക ബന്ധം, ഒത്തുപോകാന്‍ പറ്റുന്ന അവസ്ഥ എന്നിവയ്ക്കാണ് വിവാഹത്തിനായി ഒരാളെ തെരഞ്ഞെടുക്കുമ്പോള്‍ മുന്‍ഗണന നല്‍കേണ്ടത്.

വിവാഹം കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ഇല്ല, നമ്മള്‍ ആണ്

അതും തികച്ചും തെറ്റായ സങ്കല്‍പ്പമാണ്. വിവാഹം കഴിഞ്ഞെന്ന് കരുതി ഒരു മറയും തടസ്സവുമില്ലാതെ സുതാര്യമായിരിക്കണം ബന്ധമെന്ന് ശഠിക്കാന്‍ കഴിയില്ല. കാരണം വ്യക്തിപരമായ ഇഷ്ടങ്ങളും സൗഹൃദങ്ങളും വിവാഹബന്ധത്തിലേക്ക് വലിച്ചിഴയ്ക്കാതെ തന്റേതാക്കി നിലനിര്‍ത്തുകയാണ് ആരോഗ്യകരമായ വിവാഹജീവിതത്തിന് വേണ്ടത്. വിവാഹം കഴിഞ്ഞാലും പങ്കാളികള്‍ അവരുടെ വ്യക്തിത്വം അതുപോലെ തുടരുക.

കുട്ടികള്‍ നിര്‍ബന്ധം

വിവാഹം കഴിച്ചാല്‍ കുട്ടികള്‍ നിര്‍ബന്ധമായും വേണമെന്നതും തെറ്റായ ധാരണയാണ്. കുട്ടികള്‍ വേണമോ വേണ്ടയോ എന്നത് ദമ്പതിമാരുടെ ചോയിസാണ്. ചില അവസരങ്ങളില്‍ കുട്ടികള്‍ ഇല്ലാതിരിക്കുന്നതായിരിക്കും വിവാഹബന്ധങ്ങള്‍ക്ക് നല്ലത്. ഉദാഹരണത്തിന് പങ്കാളികള്‍ക്കിടയില്‍ അസ്വസ്ഥമായ ദാമ്പത്യമാണ് ഉള്ളതെങ്കില്‍ അത്തരം സാഹചര്യത്തില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ ജീവിതം കൂടി ദുസ്സഹമാകും. കുട്ടികളുടെ നന്മയെ കരുതി താല്‍പ്പര്യമില്ലാത്ത ദാമ്പത്യത്തില്‍ തുടരുന്നത് പങ്കാളികളുടെ ജീവിതം തകര്‍ക്കും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Monday, May 13, 2024, 12:44 [IST]
X
Desktop Bottom Promotion