ആരും പറഞ്ഞിട്ടല്ല, പക്ഷേ നല്ല ഭാര്യയാകാന്‍ സ്ത്രീകള്‍ സ്വയം തലയിലെടുത്തുവെക്കും ഈ ബാധ്യതകള്‍

Being a Good Wife: ദാമ്പത്യത്തില്‍ ഉത്തമ ഭാര്യയാകുക എന്നത് മിക്ക സ്ത്രീകളുടെയും സ്വപ്‌നമാണ്. വിവാഹം കഴിയുന്ന അന്നുമുതല്‍ അവര്‍ അതിന് വേണ്ടിയുള്ള ശ്രമങ്ങളും തുടങ്ങും. പക്ഷേ ക്രമേണ ഉത്തമ ഭാര്യ സങ്കല്‍പ്പം അവര്‍ക്ക് ഒരു ബാധ്യതയാകും. ഉത്തമ ഭാര്യയെന്ന ലേബലില്‍ കുടുങ്ങി അത് തുടര്‍ന്നുപോകാന്‍ അവര്‍ നിര്‍ബന്ധിതരാകും. ഇവിടെ സ്ത്രീകള്‍ക്ക് പറ്റുന്ന വലിയ അബദ്ധം എന്താണെന്നാല്‍ അവര്‍ സ്വയം തലയിലെടുത്ത് വെക്കുന്ന കാര്യങ്ങളാണ് പിന്നീടവര്‍ക്ക് ബാധ്യതയാകുന്നത് എന്നതാണ്. സാംസ്‌കാരികവും സാമൂഹികവുമായ ഭാര്യ, സ്ത്രീ സങ്കല്‍പ്പങ്ങളാണ് ഇവിടെ സ്ത്രീയെ ഉത്തമ ഭാര്യയെന്ന ട്രാപ്പിലേക്ക് വലിച്ചിടുന്നത്.

good wife image
Photo Credit: AI Generated

ഉത്തമ ഭാര്യ ലേബല്‍

ദാമ്പത്യം തുടങ്ങുമ്പോള്‍ തന്നെ സ്ത്രീകള്‍ ചില ഉത്തരവാദിത്തങ്ങള്‍ സ്വയം ഏറ്റെടുക്കും. പാചകം, വീട് വൃത്തിയാക്കല്‍, വീട്ടുകാര്യങ്ങള്‍ മുതല്‍ ഇടയ്ക്കിടയ്ക്ക് ഭര്‍ത്താവിനെ ഫോണ്‍ വിളിച്ച് ക്ഷേമം അന്വേഷിക്കുന്നത് വരെ നല്ലൊരു ഭാര്യയായി മാറാന്‍ സ്ത്രീകള്‍ പല പതിവുകളും ആരംഭിക്കും. പക്ഷേ ഈ പതിവുകള്‍ ക്രമേണ നിരാശയിലേക്കും മടുപ്പിലേക്കും ആശയക്കുഴപ്പത്തിലേക്കും നയിക്കും. ഭര്‍ത്താവടക്കം കുടുംബാംഗങ്ങള്‍ ഇക്കാര്യങ്ങളില്‍ സ്ത്രീകളെ മുതലെടുത്തുവെന്നും വരും. സംതൃപ്ത ദാമ്പത്യം പ്രതീക്ഷിച്ച് ഉത്തമഭാര്യ ലേബല്‍ എടുത്തണിയുന്ന സ്ത്രീ അവസാനം ചെന്നെത്തുക ദാമ്പത്യ പരാജയത്തിലായിരിക്കും. ഇവിടെ മാറേണ്ടത് വീട്ടുകാരോ സമൂഹമോ അല്ല. സ്ത്രീകള്‍ തന്നെയാണ്. തങ്ങളെ കൊണ്ട് കഴിയാത്തത് ചെയ്യാതിരിക്കുക. ദാമ്പത്യമെന്നത് ഒരു കപ്പിത്താന്‍ മാത്രമുള്ള കപ്പലല്ല. ആ കപ്പല്‍ മുങ്ങാതിരിക്കേണ്ടത് ഭര്‍ത്താവിന്റെയും ഭാര്യയുടെയും കടമയാണെന്ന് തിരിച്ചറിഞ്ഞ് ഉത്തമഭാര്യയെന്ന ലേബല്‍ വലിച്ചെറിയാന്‍ തയ്യാറാകുക.

ഉത്തമ ഭാര്യയായി മാറാന്‍ സ്ത്രീകള്‍ പലപ്പോഴും സ്വയം ഏറ്റെടുക്കുന്ന ചില ബാധ്യതകള്‍ നോക്കാം.

നിരവധി വിഭവങ്ങള്‍, അനവധി ഓപ്ഷനുകള്‍

മിക്ക വീടുകളിലും ഇതൊരു പുതിയ കാര്യമായിരിക്കില്ല. ഭര്‍ത്താവിനെയും വീട്ടുകാരെയും സന്തോഷിപ്പിക്കാന്‍ വേണ്ടി ആവശ്യത്തിലധികം ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍ സ്ത്രീകള്‍ തയ്യാറാകും. അതിനുള്ള അധ്വാനവും വേണ്ട സമയവും വളരെ അധികമായിരിക്കും. പക്ഷേ മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ സ്ത്രീകള്‍ ആ ത്യാഗത്തിന് തയ്യാറാകും. മാത്രമല്ല വീട്ടിലെ ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാനും സ്ത്രീകള്‍ മുതിരും. പക്ഷേ ഈ ശീലം പിന്നീട് അവര്‍ക്ക് തന്നെ വിനയാകും. ഒരു ദിവസം കറികള്‍ കുറഞ്ഞാലും രുചി മാറിയാലും മറ്റുള്ളവരുടെ പഴി കേള്‍ക്കേണ്ടതായി വരും. ചിലപ്പോള്‍ വളരെയധികം കഷ്ടപ്പെട്ട് തയ്യാറാക്കിയ ഭക്ഷണത്തിന് കുറ്റം പറയുന്നത് കേള്‍ക്കേണ്ടതായും വരും.

ചെയ്യേണ്ടത്: ശരിക്കും വിശപ്പ് മാറാനും ആരോഗ്യത്തിന് നല്ലതുമായ, വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഭക്ഷണങ്ങള്‍ തയ്യാറാക്കേണ്ടതേയുള്ളു. അതിലും കുടുംബാംഗങ്ങളെയെല്ലാം ഭാഗമാക്കുക.

എല്ലാം തികഞ്ഞ ഭാര്യ

ഭാര്യയെന്നാല്‍ ഒരു വീട്ടിലെ എല്ലാ കാര്യങ്ങളും പെര്‍ഫെക്ട് ആക്കുന്ന ഒരാള്‍ ആയിരിക്കണമെന്നാണ് സ്ത്രീകള്‍ കരുതുന്നത്. വീട്ടിലെ വസ്തുക്കളുടെ സ്ഥാനം മാറിയാലോ, കിടക്കവിരി മാറിക്കിടന്നാലോ തുണി മടക്കിവെക്കാതിരിന്നാലോ മുറ്റത്ത് ഇലകള്‍ വീണാലോ അത് ഭാര്യയുടെ കുറവാണെന്ന് അവര്‍ സ്വയം ധരിക്കുന്നു. അതുകൊണ്ട് എത്ര വയ്യാതായാലും വീട്ടിലെ എല്ലാ കാര്യങ്ങള്‍ക്ക് പിന്നാലെയും ഓടുന്ന ഓള്‍റൗണ്ടര്‍ ആകാന്‍ അവര്‍ ശ്രമിക്കുന്നു. ഇത് ശീലിക്കുന്ന വീട്ടിലുള്ളവരും അത് അവരുടെ ഉത്തരവാദിത്തമായി കരുതി ഒരു സഹായവും നല്‍കാതിരിക്കുകയും ചെയ്യും.

ചെയ്യേണ്ടത്: ഓരോരുത്തര്‍ക്കും വീട്ടിലെ ജോലികള്‍ ഭാഗിച്ച് നല്‍കുക. ഒരു ജോലിയും ഒരാളുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന അറിവ് കുട്ടികള്‍ക്കടക്കം പകരുക. ആരോഗ്യവും മനസ്സിന്റെ സന്തോഷവും സമാധാനവുമാണ് വലുതെന്നും വിശ്രമം ശരീരത്തിന് ആവശ്യമാണെന്നും സ്ത്രീകള്‍ മനസ്സിലാക്കുക.

വേണ്ടതെല്ലാം ഉടന്‍ സാധിച്ച് കൊടുക്കുക

തങ്ങളുടെ ആരോഗ്യവും താല്‍പ്പര്യവും പോലും കണക്കിലെടുക്കാതെ ഭര്‍ത്താവിന്റെ ആഗ്രഹങ്ങള്‍ ബെഡ്‌റൂമിലടക്കം ഉടനടി സാധിച്ച് കൊടുക്കുന്നതും സ്ത്രീകള്‍ ചെയ്യുന്ന ഒരു അബദ്ധമാണ്. ബെഡ്‌റൂമില്‍ മാത്രമല്ല, ഒരു ചായ വേണമെന്ന് ഭര്‍ത്താവോ വീട്ടുകാരോ ആവശ്യപ്പെട്ടാല്‍ പോലും മറ്റ് ജോലികളില്‍ തിരക്കിലാണെങ്കില്‍ പോലും സ്ത്രീകള്‍ അത് സാധിച്ച് കൊടുക്കും. ഈ ശീലവും അവര്‍ക്ക് തന്നെ പിന്നീട് വിനയാകും.

ചെയ്യേണ്ടത്: സ്വന്തം താല്‍പ്പര്യങ്ങള്‍ മറക്കാതിരിക്കുക. എന്തുകാര്യത്തിലും ആരോഗ്യസ്ഥിതിയും മൂഡും സന്തോഷവും പരിഗണിക്കുക. സമ്മതമാണെങ്കില്‍ മാത്രം എന്തുകാര്യത്തിലും യെസ് പറയുക. ആരോടാണെങ്കിലും നോ പറയാന്‍ പഠിക്കുക.

ക്ഷേമം അന്വേഷിക്കുക

ഭര്‍ത്താവ് ജോലിക്ക് പോയാല്‍ ഇടയ്ക്ക് വിളിച്ച് ക്ഷേമം അന്വേഷിക്കുന്നതും ഭാര്യമാര്‍ തുടങ്ങിവെക്കുന്ന ഒരു അനാവശ്യമായ ശീലമാണ്. പലപ്പോഴും ഭര്‍ത്താക്കന്മാര്‍ ഭാര്യയുടെ ഈ ശീലത്തില്‍ അനിഷ്ടം പ്രകടിപ്പിക്കാറുണ്ട്. ഈ ശീലം പോകെപ്പോകെ സ്ത്രീകളുടെ വൈകാരികാവസ്ഥയെയും മാനസികാരോഗ്യത്തെയും ബാധിക്കും. ഭര്‍ത്താവ് ഫോണ്‍ എടുക്കാതിരിക്കുകയോ മറുപടി നല്‍കാതിരിക്കുകയോ ചെയ്താല്‍ സങ്കടവും സംശയവുമെല്ലാം തോന്നിത്തുടങ്ങും. ഇത് പിന്നീട് അമിതചിന്തയിലേക്കും വെറുപ്പിലേക്കും അകല്‍ച്ചയിലേക്കും നയിക്കും.

ചെയ്യേണ്ടത്: ഭര്‍ത്താവിനെയോ കുടുംബാംഗങ്ങളെയോ വിളിച്ച് ക്ഷേമം അന്വേഷിക്കുന്നത് തെറ്റല്ല. പക്ഷേ അത് ഒരു ആചാരം പോലെ ചെയ്യേണ്ടതില്ല. വേണ്ടപ്പോള്‍ മാത്രം ചെയ്യുക. തങ്ങളുടെ വില നഷ്ടപ്പെടാതിരിക്കാനും സ്വന്തം സന്തോഷവും സമാധാനവും ഉറപ്പിക്കാനും അതാണ് നല്ലത്.

വീട്ടിലെ എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്യുക

പ്ലാനിംഗ് അഥവാ കാര്യങ്ങള്‍ അസൂത്രണം ചെയ്യല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്ന് വീട്ടില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം, എപ്പോള്‍ സാധനം വാങ്ങാന്‍ പോകണം, എന്തെല്ലാം വാങ്ങണം, സിനിമ കാണാന്‍ പോകല്‍, യാത്ര പോകല്‍ തുടങ്ങിയ മിക്ക കാര്യങ്ങളിലും പ്ലാനിംഗ് ചുമതല ഭാര്യമാര്‍ ഏറ്റെടുക്കുക. ഇത് പലപ്പോഴും സമ്മര്‍ദ്ദമുണ്ടാക്കുന്നതും മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും വിമര്‍ശനവും കേള്‍ക്കേണ്ടിവരുന്ന സാഹചര്യങ്ങളും ഉണ്ടാക്കുന്ന കാര്യമാണ്.

ചെയ്യേണ്ടത് ഒരു വീട്ടിലെ ഏതുകാര്യവും ഭാര്യയും ഭര്‍ത്താവും കുട്ടികളും ഒരുമിച്ചിരുന്ന് പ്ലാന്‍ ചെയ്യുക. എല്ലാവരുടെയും സൗകര്യങ്ങളും താല്‍പ്പര്യങ്ങളും കണക്കിലെടുക്കുക. എല്ലാവരെയും ഇതില്‍ ഭാഗമാക്കുന്നതിലൂടെ ഒരാളെ മാത്രം കുറ്റപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കാം.

X
Desktop Bottom Promotion