നിസ്സാരമെന്ന് കരുതേണ്ട, ഈ ശീലങ്ങളുണ്ടെങ്കില്‍ പ്രണയിക്കുന്നവര്‍ അകന്നുപോകും

ദുഃശ്ശീലങ്ങള്‍ മാറ്റിപ്പിടിക്കാന്‍ കാരണം തിരയുകയാണോ, എത്ര ശ്രമിച്ചിട്ടും അവ മാറ്റാന്‍ കഴിയുന്നില്ലേ. എങ്കിലറിഞ്ഞോളൂ, ഈ ശീലങ്ങള്‍ പതിയെപ്പതിയെ നിങ്ങളുടെ സ്‌നേഹബന്ധത്തെ തകര്‍ക്കും. ഈ ശീലങ്ങളണ്ടെങ്കില്‍ അത് നിങ്ങളെ പ്രണയിക്കുന്നവരെ നിങ്ങളില്‍ നിന്ന് അകറ്റിയേക്കാം. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ ശീലങ്ങള്‍ മാറ്റാന്‍ ശ്രമിക്കൂ.

breakup

പുകവലി

പുകവലി ഒരു ദുശ്ശീലമാണെന്ന് ആരും പറയേണ്ടതില്ല. അത് വളരെ കൃത്യമായി മനസ്സിലാക്കിയിട്ടാണ് പുകവലിക്കുന്നവര്‍ അതിന് മുതിരുന്നതും. പക്ഷേ പുകവലി കാരണം നിങ്ങളുടെ പ്രണയബന്ധം തകരാം. നിരവധി പേര്‍ക്ക് പുകവലി മൂലമുള്ള പുകയുടെ ഗന്ധം അസഹനീയമാണ്. നിരന്തരമായി പുകവലിക്കുന്നവര്‍ അടുത്തുവരുമ്പോള്‍ പോലും പുകയുടെ ഗന്ധമുണ്ടാകും. അതുകൊണ്ട് ആരോഗ്യം സംരക്ഷിക്കുന്നതിനും പ്രണയബന്ധം നഷ്ടപ്പെടാതിരിക്കാന്‍ പുകവലി ഉപേക്ഷിക്കുക തന്നെയാണ് ഉചിതം.

മദ്യപാനം

പുകവലി പോലെ തന്നെ മിക്ക കാമുകീകാമുകന്മാര്‍ക്കിടയിലും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലും പങ്കാളികള്‍ക്കിടയിലും വില്ലനാകുന്ന മറ്റൊരു ശീലമാണ് മദ്യപാനം. പുകവലിയില്‍ നിന്ന് വ്യത്യസ്തമായി അല്‍പ്പമൊക്കെ മദ്യപിക്കുന്നത് നിങ്ങളുടെ കാമുകനോ കാമുകിയോ സഹിച്ചെന്ന് വരും. എന്നാല്‍ മദ്യപാനത്തിന് അടിമയാണെങ്കില്‍ അവര്‍ നിങ്ങളെ വിട്ടുപോകാന്‍ അത് ഒരു കാരണമായേക്കാം.

മറ്റുള്ളവരെ കുറ്റം പറയുക

തെറ്റായാലും ശരിയായാലും ചെയ്യുന്ന കാര്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നത് ഒരു വ്യക്തിയുടെ മേന്മയാണ്. നിങ്ങളുടെ പ്രവൃത്തിയുടെ ഉത്തരവാദിത്തം നിങ്ങളേറ്റെടുക്കാതെ അതിന് മറ്റുള്ളവരെ കുറ്റം പറയുകയെന്നത് വളരെ മോശം സ്വഭാവമാണ്. ഒരു പ്രണയബന്ധം നല്ല രീതിയില്‍ മുന്നോട്ടു പോകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ ശീലത്തില്‍ കരുതലോടെ പ്രവര്‍ത്തിക്കുക.

സ്വയം കുറ്റപ്പെടുത്തുക

സ്വയം കുറ്റപ്പെടുത്തുകയെന്നത് സ്വാഭിമാനം ഇല്ലാതാക്കുന്ന സ്വഭാവമാണ്. നമ്മുടെ പല കാര്യങ്ങളിലും നമ്മള്‍ തൃപ്തരായിരിക്കണമെന്നില്ല. എന്നാല്‍ അതിനെ മുന്‍നിര്‍ത്തി സ്വയം കുറ്റപ്പെടുത്താന്‍ തുടങ്ങിയാല്‍ അത് ആത്മവിശ്വാസത്തെ പാടെ തകര്‍ക്കും. അത് ബന്ധങ്ങളെ തകര്‍ക്കുകയും ചെയ്യും.

സ്ഥിരമായി പരാതി പറയുക

ചെറിയ കാര്യങ്ങള്‍ക്ക് പോലും പരാതി പറയുകയെന്നത് ചിലരുടെ ശീലമാണ്. പ്രത്യേകിച്ച് ഒരു സ്‌നേഹബന്ധത്തില്‍ എന്തിലും ഏതിലും പരാതിപ്പെടുക മറുവശത്തുള്ളയാളെ അലോസരപ്പെടുത്തും. എപ്പോഴും അവരുടെ നല്ല കാര്യങ്ങള്‍ മാത്രം കണ്ടെത്തിപ്പറയുക അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും സ്ഥിരമായി നെഗറ്റീവ് കാര്യങ്ങള്‍ മാത്രം പറയാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഫോണ്‍ ഉപയോഗം

സ്വകാര്യ നിമിഷങ്ങളില്‍ പോലും ഫോണിലേയ്ക്ക് നോക്കാനുള്ള പ്രവണത പ്രണയബന്ധങ്ങളെ തകര്‍ക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. മനുഷ്യനേക്കാള്‍ ശ്രദ്ധ ഫോണിന് നല്‍കുന്നൊരാളെ ആര്‍ക്കും സ്‌നേഹിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഏതുസമയവും ഫോണില്‍ ഒട്ടിപ്പിടിച്ചിരിക്കാതെ ഒപ്പമുള്ളവര്‍ക്ക് കൂടി പ്രാധാന്യം നല്‍കി നിമിഷങ്ങള്‍ അസ്വദിക്കാന്‍ ശ്രമിക്കുക.

പണം ചെലവഴിക്കല്‍

പണം ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയെന്നത് ഒരു കഴിവാണ്. പ്രണയബന്ധത്തില്‍ ഇക്കാര്യത്തില്‍ പലപ്പോഴും നമുക്ക് താളം തെറ്റിയെന്ന് വരാം. ഒപ്പമുള്ളവര്‍ അനാവശ്യമായി പണം ചെലവഴിക്കുന്നത് നമുക്ക് കൂടി ബാധ്യതയായി മാറും. അതുകൊണ്ട് പണം കൈകാര്യം ചെയ്യുന്നതില്‍ അതീവ ജാഗ്രതയുള്ളവരായിരിക്കുക.

മറവി

പ്രണയബന്ധങ്ങളിലും സ്‌നേഹബന്ധങ്ങളിലും പലപ്പോഴും മറവി ഒരു വില്ലനാണ്. ജന്മദിനം, വാര്‍ഷികം പോലുള്ള പ്രധാനപ്പെട്ട ദിവസങ്ങള്‍ മറന്ന് പ്രിയപ്പെട്ടവരെ സങ്കടപ്പെടുത്തുന്നത് ആ ബന്ധങ്ങളെ ബാധിക്കും. അതുകൊണ്ട് എപ്പോഴും കാര്യങ്ങള്‍ മറന്നുപോകുന്നവരാണെന്നുണ്ടെങ്കില്‍ പ്രധാനപ്പെട്ടവ എഴുതിസൂക്ഷിക്കുക.

വിദ്വേഷം ഉള്ളില്‍ക്കൊണ്ടുനടക്കുക

എന്തെങ്കിലും ഒരു കാര്യത്തില്‍ അസ്വസ്ഥരാണെങ്കില്‍ അത് തുറന്നുസംസാരിക്കുകയെന്നത് ബന്ധങ്ങള്‍ തകരാതെ മുന്നോട്ടുപോകുന്നതിന് വളരെ ആവശ്യമാണ്. അത് ഉള്ളില്‍ കൊണ്ടുനടന്നാല്‍ വിദ്വേഷത്തിലേയ്ക്ക് നയിക്കുകയും അത് ബന്ധത്തെ തന്നെ ഇല്ലാതാക്കുകയും ചെയ്യും.


അമിത ആശ്രിതത്വം

നിങ്ങളെ സ്‌നേഹിക്കുന്നവര്‍ നിങ്ങളുടെ കാര്യങ്ങള്‍ക്ക് എപ്പോഴും ഒപ്പമുണ്ടാകും. പക്ഷേ, എപ്പോഴും എല്ലാ കാര്യങ്ങളിലും അവരില്ലാതെ പറ്റില്ല എന്ന സ്ഥിതി എതിര്‍വശത്തുള്ളവരെ മുഷിപ്പിച്ചേക്കാം. എന്നും കൂടെ വേണമെന്ന് ശഠിക്കാതെ ഒറ്റയ്ക്കാകുന്ന സമയങ്ങളും ആസ്വദിക്കാന്‍ പഠിക്കുക.

എപ്പോഴും ഉറക്കം, അല്ലെങ്കില്‍ ഉറങ്ങാതിരിക്കുക

ഉറക്കത്തിലെ യോജിപ്പില്ലായ്മ ബന്ധങ്ങള്‍ക്ക് തടസ്സമാണ്. ചിലര്‍ വൈകിയുറങ്ങുന്നവര്‍ ആയിരിക്കും. അവര്‍ നേരത്തേ എഴുന്നേല്‍ക്കണമെന്നില്ല. മറ്റുചിലര്‍ പകല്‍ ഉറങ്ങി ശീലമുള്ളവരായിരിക്കും. നിങ്ങള്‍ പ്രണയിക്കുന്നയാള്‍ ഏതുവിഭാഗത്തിലാണെന്ന് കണ്ടെത്തി അതിനോട് ഒത്തുപോകുന്ന ഉറക്കശീലം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക.

Story first published: Thursday, March 7, 2024, 17:38 [IST]
X
Desktop Bottom Promotion