Propose Day: അവര്‍ ആഗ്രഹിക്കുന്നത് ഏത് രീതിയിലുള്ള പ്രണയ പ്രകടനമാണ്, രാശി നോക്കി മനസ്സിലാക്കാം

Propose Day 2025: ഒരാളോട് പ്രണയം തോന്നുകയെന്നത് പറഞ്ഞറിയാക്കാന്‍ പറ്റാത്ത ഒരു വികാരമാണ്. അത് എവിടെയാണ് തോന്നുന്നതെന്നോ എങ്ങനെയാണ് തോന്നുന്നതെന്നോ ആരോടാണ് തോന്നുകയെന്നോ പറയുക പ്രയാസമാണ്. മറ്റെല്ലാ വികാരങ്ങളില്‍ നിന്നും പ്രണയം വ്യത്യസ്തമാകുന്നതും ഈ പ്രവചനാതീത സ്വഭാവം കൊണ്ടാണ്. പ്രണയം മനസ്സില്‍ തോന്നുന്നത് പോലെ, അത് പ്രണയം തോന്നിയ ആളെ അറിയിക്കുന്നതും വളരെ സങ്കീര്‍ണ്ണമായ ഒരു കാര്യമാണ്. വെറും മൂന്ന് വാക്കില്‍ തീര്‍ക്കാവുന്നതാണെങ്കിലും ജീവിതത്തിലെ മറ്റേത് പരീക്ഷകള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ സമ്മര്‍ദ്ദവും പരാജയഭീതിയും ഉദ്വേഗവും നിറഞ്ഞ മുഹൂര്‍ത്തമാണത്.

propose day
Photo Credit: AI Generated

പ്രണയ വാരത്തിലെ രണ്ടാംദിനമായ പ്രപ്പോസ് ഡേ ആണ് ഇന്ന്. മനസ്സിലെ പ്രണയം പ്രണയിക്കുന്ന ആളോട് പങ്കുവെച്ച് അവരുടെ ഇഷ്ടം തേടുന്ന ദിവസം. ഓരോ ആളുകളും പ്രണയം പ്രകടിപ്പിക്കുന്നതും ഇഷ്ടം പ്രകടിപ്പിക്കുകയും ചെയ്യുന്ന രീതി വ്യത്യസ്തമാണ്. ചിലയാളുകള്‍ വാക്കുകളിലൂടെയും ചിലര്‍ ഭാവങ്ങളിലൂടെയും ചില എഴുത്തുകളിലൂടെയുമെല്ലാം പ്രണയം പ്രകടിപ്പിക്കും. പക്ഷേ പ്രണയിക്കുന്ന ആള്‍ നമ്മുടെ ്പ്രണയാഭ്യര്‍ത്ഥനയില്‍ ആകൃഷ്ടരാകണമെങ്കില്‍ അവര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ പ്രണയാഭ്യര്‍ത്ഥന നടത്തണം. വേദ ജ്യോതിഷം പറയുന്നതനുസരിച്ച് ഓരോ ആളുകളും അവര്‍ ജനിച്ച രാശികള്‍ക്കനുസരിച്ച് ആഗ്രഹിക്കുന്ന പ്രണയാഭ്യര്‍ത്ഥന എങ്ങനെയാണെന്ന് നോക്കാം.ങ്കുവെക്കുന്ന രീതി എങ്ങനെയാണെന്ന് നോക്കാം.

മേടം

മേടം രാശിയില്‍ പിറന്ന ആളെയാണ് നിങ്ങള്‍ പ്രണയിക്കുന്നതെങ്കില്‍ മനസ്സിലുള്ള വികാരം വളരെ മനോഹരമായി പ്രകടിപ്പിക്കുന്ന ഒരു പ്രണയാഭ്യര്‍ത്ഥനയാണ് അവര്‍ ആഗ്രഹിക്കുക. വളരെ വിശദമായി വാക്കുകളിലൂടെയും ഭാവങ്ങളിലൂടെയും തങ്ങളോടുള്ള ഇഷ്ടവും തങ്ങളെ ഇഷ്ടപ്പെടാനുള്ള കാരണവും കേള്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. കേവലം മൂന്ന് വാക്കുകളിലൂടെ പ്രണയം അറിയിക്കുന്നതിന് പകരം ആ ദിവസം എന്നും ഓര്‍മ്മിപ്പിക്കപ്പെടുന്ന രീതിയിലുള്ള പ്രണയാഭ്യര്‍ത്ഥനയാണ് അവര്‍ കൊതിക്കുന്നത്.

ഇടവം

വളരെ ലളിതമായ പ്രണയാഭ്യര്‍ത്ഥനയാണ് ഇടവം രാശിക്കാര്‍ ആഗ്രഹിക്കുന്നത്. അതേസമയം വാക്കുകളിലൂടെയുള്ള പ്രണയ പ്രകടനം അവര്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. വളരെ ക്ഷമയോട് കൂടി വേണം ഇവരോട് പ്രണയാഭ്യര്‍ത്ഥന നടത്താന്‍. കാരണം അവരുടെ ശ്രദ്ധയും ഇഷ്ടവും നേടാന്‍ പരിശ്രമം ആവശ്യമാണ്. പക്ഷേ നിങ്ങളുടെ പ്രണയവും സത്യസന്ധവും മൂല്യമേറിയതുമാണെന്ന് തിരിച്ചറിഞ്ഞാല്‍ അത് സ്വീകരിക്കാന്‍ ഇടവം രാശിക്കാര്‍ക്ക് വളരെധികം സന്തോഷമായിരിക്കും.

മിഥുനം

തമാശയും അതേസമയം വിവേകത്തോടെയുള്ളതുമായ പ്രണയാഭ്യര്‍ത്ഥനയാണ് മിഥുനം രാശിക്കാര്‍ ആഗ്രഹിക്കുന്നത്. പ്രണയത്തിന്റെ ഭാഷയും ചിന്തകളും വാക്കുകളുമെല്ലാം അവര്‍ സസൂക്ഷ്മം ശ്രദ്ധിക്കും. അതുകൊണ്ട് പറയുന്ന ഓരോ വാക്കുകളും വളരെയധികം ശ്രദ്ധിക്കണം. എഴുത്തിലൂടെയുള്ള പ്രണയാഭ്യര്‍ത്ഥനകള്‍ ഇവരുടെ മനസ്സ് കീഴടക്കും. വളരെ ഗൗരവവും സമ്മര്‍ദ്ദവും നിറഞ്ഞ മുഹൂര്‍ത്തത്തിന് പകരം സന്തോഷം നല്‍കുന്ന നര്‍മ്മം തുളുമ്പുന്ന പ്രണയ നിമിഷങ്ങളാണ് ഇവര്‍ ആഗ്രഹിക്കുന്നത്.

കര്‍ക്കിടകം

വികാരങ്ങളുടെയും സെന്റിമെന്റുകളുടെയും ആളുകളാണ് കര്‍ക്കിടകം രാശിക്കാര്‍. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണ് ഇവര്‍ക്കിഷ്ടം. ഇവരോട് പ്രണയാഭ്യര്‍ത്ഥന നടത്താന്‍ വലിയ ഗൃഹപാഠമോ തയ്യാറെടുപ്പോ വേണ്ട. കാരണം മറ്റുള്ളവരുടെ മനസ്സറിയാന്‍ ഇവര്‍ക്ക് കഴിയും. കൂടാതെ ലളിതമായ പ്രണയപ്രകടനമാണ് ഇവര്‍ ആഗ്രഹിക്കുന്നതും. ഗൃഹാതുരത മനസ്സില്‍ കൊണ്ടുനടക്കുന്നവരായത് കൊണ്ട് എന്നും ഓര്‍മ്മിക്കപ്പെടുന്ന രീതിയിലുള്ള ഒരു പ്രണയാഭ്യര്‍ത്ഥന അവരുടെ മനസ്സില്‍ എന്നും നിലനില്‍ക്കും.

ചിങ്ങം

മറ്റുള്ളവരുടെ ശ്രദ്ധയും പ്രശംസയും അംഗീകാരവും ആഗ്രഹിക്കുന്ന ചിങ്ങം രാശിക്കാര്‍ ആ രീതിയിലുള്ള പ്രണയാഭ്യര്‍ത്ഥനയാണ് ആഗ്രഹിക്കുന്നത്. കുറേയാളുകളെ അറിയിച്ച് വളരെ സ്‌പെഷ്യല്‍ ആയി തോന്നിപ്പിക്കുന്ന തരത്തിലുള്ള പ്രണയാഭ്യര്‍ത്ഥനകള്‍ ചിങ്ങം രാശിക്കാരുടെ മനസ്സ് കീഴടക്കും.

കന്നി

കന്നി രാശിയില്‍ ജനിച്ചയാളെയാണ് നിങ്ങള്‍ പ്രണയിക്കുന്നതെങ്കില്‍ എന്തിലും ഏതിലും പൂര്‍ണത തേടുന്നവരാണ് അവരെന്ന് നിങ്ങള്‍ മനസ്സിലാക്കണം. പഴയ പ്രണയരീതികളാണ് അവര്‍ക്കിഷ്ടം. സത്യസന്ധമായ, അനശ്വര പ്രണയത്തിന്റെ രാശിയാണ് കന്നി. വളരെ റൊമാന്റിക് ആയുള്ള പ്രണയാഭ്യര്‍ത്ഥനയാണ് ഇവര്‍ കൊതിക്കുന്നത്. പൂക്കള്‍ നല്‍കിയോ, പ്രണയലേഖനം നല്‍കിയോ പ്രണയം അറിയിക്കുന്നതും അവര്‍ക്കിഷ്ടമാണ്.

തുലാം

തുലാം രാശിയില്‍ ജനിച്ചവര്‍ വളരെ റൊമാന്റിക് ആയിട്ടുള്ളവരാണ്. റൊമാന്റിക് സിനിമകളില്‍ കാണുന്നത് പോലെയുള്ള പ്രണയാഭ്യര്‍ത്ഥനയാണ് അവര്‍ കൊതിക്കുന്നതും. തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള പ്രണയാഭ്യര്‍ത്ഥന മാത്രമേ അവരുടെ മനസ്സ് കീഴടക്കൂ.

വൃശ്ചികം

വൃശ്ചികം രാശിയില്‍ ജനിച്ച ആളെയാണ് നിങ്ങള്‍ പ്രണയിക്കുന്നതെങ്കില്‍ അവരോട് പ്രണയാഭ്യര്‍ത്ഥന നടത്താന്‍ കുറച്ച് കരുതല്‍ വേണം. കാരണം അവര്‍ വളരെ തീവ്ര വികാരങ്ങള്‍ ഉള്ളവരാണ്. അവരുടെ സെന്റിമെന്റ്‌സിനെ വേദനിപ്പിക്കുന്ന രീതിയിലുള്ള ഒന്നും അവര്‍ ക്ഷമിക്കില്ല. വളരെ ആത്മാര്‍ത്ഥവും സത്യസന്ധവുമായ പ്രണയമാണെന്ന് അവര്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ വേണം പ്രണയാഭ്യര്‍ത്ഥന.

ധനു

പ്രേരണകള്‍ അനുസരിച്ച് നീങ്ങുന്ന വലിയ ചിന്തകളോ പദ്ധതികളോ ഇല്ലാതെ ഒഴിക്കിനനുസരിച്ച് നീങ്ങുന്നവരാണ് ധനു രാശിക്കാര്‍. അവരുടെ താല്‍പ്പര്യങ്ങളെ വിശാലമാക്കുന്നതെന്തും അവരെ ആകര്‍ഷിക്കും. ധനു രാശിയില്‍ പിറന്ന ഒരാളെയാണ് പ്രണയിക്കുന്നതെങ്കില്‍ അവര്‍ക്കായി ഒരു യാത്ര പ്ലാന്‍ ചെയ്ത് അതിനിടയില്‍ പ്രണയാഭ്യര്‍ത്ഥന നടത്തുകയാണ് ഉചിതം. അല്ലെങ്കില്‍ പ്രണയാഭ്യര്‍ത്ഥനയ്ക്കായി അതി മനോഹരമായ ഒരു സ്ഥലം തിരഞ്ഞെടുക്കുക. അപ്രതീക്ഷിതമായ പ്രണയാഭ്യര്‍ത്ഥന അവരുടെ മനസ്സ് കീഴടക്കും.

മകരം

മകരം രാശിയില്‍ ജനിച്ച ഒരാളെയാണ് നിങ്ങള്‍ പ്രണയിക്കുന്നതെങ്കില്‍ അവരുടെ മനസ്സ് കീഴടക്കുക പ്രയാസമാണെന്ന് മനസ്സിലാക്കുക. വ്യക്തമായ പദ്ധതിയോടെ അവരുടെ താല്‍പ്പര്യങ്ങളും സ്വഭാവങ്ങളും മനസ്സിലാക്കിക്കൊണ്ട് പ്രണയാഭ്യര്‍ത്ഥന നടത്തുക. വളരെ ആത്മവിശ്വാസത്തോടെ ഉറച്ച വാക്കുകളില്‍ പ്രണയാഭ്യര്‍ത്ഥന നടത്തുക.

കുംഭം

വ്യത്യസ്തമായ ചിന്തകള്‍ ഉള്ളവരാണ് കുംഭം രാശിക്കാര്‍. പ്രണയത്തിലും മറ്റുള്ളവരുടേതില്‍ നിന്നും വ്യത്യസ്തമായ പ്രണയാഭ്യര്‍ത്ഥനകള്‍ അവര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് പുതിയ, ഭാവനാത്മകമായ പ്രണയാഭ്യര്‍ത്ഥന അവര്‍ക്കായി പ്ലാന്‍ ചെയ്യുക.

മീനം

മീനം രാശിയില്‍ ജനിച്ച ഒരാളെ പ്രണയിക്കുന്നവര്‍ അവര്‍ വളരെ സെന്റിമെന്റലും വൈകാരികവും സ്വപ്‌നജീവികളും ആണെന്നുള്ള കാര്യം മനസ്സിലാക്കി വേണം പ്രണയാഭ്യര്‍ത്ഥന നടത്താന്‍. അവരുടേതായ സ്വപ്‌നത്തില്‍ ജീവിക്കുന്ന അവരുടെ മനസ്സ് കീഴടക്കാന്‍ സ്വപ്‌നതുല്യമായ ഒരു അന്തരീക്ഷം ഒരുക്കി അവരെ അതിശയിപ്പിക്കുന്ന തരത്തില്‍ പ്രണയാഭ്യര്‍ത്ഥന നടത്തുക.

Story first published: Saturday, February 8, 2025, 13:30 [IST]
X
Desktop Bottom Promotion