Promise Day: തകര്‍ച്ചയിലേക്ക് പോകുന്ന ബന്ധങ്ങളില്‍ ഈ ഉറപ്പാണ് നിങ്ങളുടെ പങ്കാളി ആഗ്രഹിക്കുന്നത്

എനിക്ക് നിങ്ങളെ ഇഷ്ടമാണ്..
പരിഭ്രമിക്കാന്‍ ഒന്നുമില്ല..
വഴിയില്‍ തടഞ്ഞുനിര്‍ത്തില്ല..
പ്രേമലേഖനം എഴുതില്ല..
ഒന്നും ചെയ്യില്ല..
ഒരു ബന്ധവും സങ്കല്‍പ്പിക്കാതെ..
വെറുതെ...
വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്...
-എംടി

Promise Day:എത്രയോ നിശബ്ദ പ്രണയങ്ങളില്‍ ഇങ്ങനെ ചില വാക്കുകൊടുക്കലുകള്‍ അറിയാതെ നടക്കുന്നില്ലേ. പ്രണയവാരത്തില്‍ പ്രോമിസ് ഡേ ആണ് ഇന്ന്. ചില ഉറപ്പുകളാണ് ജീവിതത്തില്‍ നമ്മളെ മുന്നോട്ടുനടത്തുന്നത്. മറ്റുള്ളവര്‍ക്ക് നല്‍കുന്ന ഉറപ്പുകള്‍, സ്വയമെടുക്കുന്ന പ്രതിജ്ഞകള്‍. ആ പ്രതിജ്ഞകള്‍ പാലിച്ച് മുന്നോട്ട് പോയാല്‍ ജീവിതം മനോഹരമാകും. മറിച്ച് പ്രതിജ്ഞകള്‍ മറന്നാല്‍ നമുക്ക് ബന്ധങ്ങളും സന്തോഷങ്ങളും നഷ്ടമാകും.

relationship
Photo Credit: AI Generated

എല്ലാ ബന്ധങ്ങളും ഏതെങ്കിലും ഒരു ഘട്ടത്തില്‍ ചില വെല്ലുവിളികളിലൂടെ കടന്നുപോകും. മുന്നോട്ട് പോകാത്ത വിധം പ്രതിസന്ധിയില്‍ എത്തപ്പെടും. അകന്ന മനസ്സുകളെയും തകര്‍ന്ന ബന്ധത്തെയും വീണ്ടെടുക്കുക എളുപ്പമുള്ള കാര്യമല്ല. അതിന് ഒന്നിച്ച് മുന്നേറണെന്ന പ്രതിബദ്ധതയും അതില്‍ ആത്മാര്‍ത്ഥതയും ഉണ്ടാകണം. ബന്ധത്തിലെ വൈകാരിക അകല്‍ച്ചയും അഭിപ്രായ വ്യത്യാസങ്ങളും പരിഹരിച്ച് വിശ്വാസവും അടുപ്പവും വീണ്ടെടുക്കാന്‍ ചില ഉറപ്പുകള്‍ക്ക് കഴിയും. വെറുതെ വാക്കുകളിലൂടെ പറഞ്ഞുകൊണ്ട് ആയില്ല, ഹൃദയത്തില്‍ നിന്നും വരുന്ന ആ ഉറപ്പുകള്‍ പാലിക്കാനുള്ള പ്രതിബദ്ധതയും ഉണ്ടായിരിക്കണം. അത് നിങ്ങളുടെ ബന്ധത്തെ അനശ്വരമാക്കുകയും ദൃഢപ്പെടുത്തുകയും ചെയ്യും. ബന്ധങ്ങളുടെ ബാലന്‍സ് നിലനിര്‍ത്തുന്നതിനും വിശ്വാസം വീണ്ടെടുക്കുന്നതിനും സഹായിക്കുന്ന ചില പ്രതിജ്ഞകള്‍ നോക്കാം.

മനസ്സിലാക്കുമെന്ന ഉറപ്പ്

ബന്ധത്തില്‍ പങ്കാളികള്‍ ഏറ്റവുമധികം ആഗ്രഹിക്കുന്നത് തങ്ങളെ മനസ്സിലാക്കുകയും തങ്ങളെ കേള്‍ക്കുകയും ചെയ്യുന്ന ഒരു പങ്കാളിയെയാണ്. തകര്‍ന്ന ഒരു ബന്ധം വീണ്ടെടുക്കാന്‍ ആദ്യം നല്‍കേണ്ടതും ആ ഉറപ്പാണ്. പങ്കാളിയെ കേള്‍ക്കുക. ആരോഗ്യകരമായ ബന്ധം അങ്ങോട്ടും ഇങ്ങോട്ടും കാര്യങ്ങള്‍ പറയുകയും അതുപോലെ പ്രാധാ്യത്തോടെ കേള്‍ക്കുകയും അത് മനസ്സിലാക്കുകയും ചെയ്യും. ആശയവിനിമയമാണ് ഒരു ബന്ധത്തില്‍ പരമപ്രധാനമെന്ന് ആളുകള്‍ പറയാറുണ്ട്. പരസ്പരം കേള്‍ക്കാനും അവര്‍ പറയുന്നത് മനസ്സിലാക്കാനും ശ്രമിച്ചാല്‍ ഏത് പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും.

സത്യസന്ധരായിരിക്കുമെന്ന വാക്ക്

പലപ്പോഴും തെറ്റിദ്ധാരണകളും ഒളിച്ചുവെക്കലുകളുമാണ് ഒരു ബന്ധത്തെ നശിപ്പിക്കുന്നത്. അത്തരം അവസ്ഥകളില്‍ ബന്ധത്തിന്റെ വിശുദ്ധി വീണ്ടെടുക്കണം എന്നുണ്ടെങ്കില്‍ പരസ്പരം സുതാര്യമായ, സത്യസന്ധമായ ഇടപെടലുകള്‍ സാധ്യമാക്കുക. ഒരു കാര്യത്തിലും ഒളിമറകള്‍ ഇല്ലാതിരിക്കുക. പങ്കാളിക്ക് ആവശ്യമുള്ള അവസരങ്ങളിലെല്ലാം ഒപ്പമുണ്ടാകുമെന്ന് ഉറപ്പാക്കുക.

വിലമതിക്കുമെന്ന ഉറപ്പ്

വഴക്കുകളും അഭിപ്രായ വ്യത്യാസങ്ങളും ബന്ധങ്ങളില്‍ സ്വാഭാവികമാണ്. പക്ഷേ എത്ര വലിയ വഴക്കിലും ക്ഷമയുടെ പിടിവിടാതെ ശ്രദ്ധിക്കുക. പങ്കാളിയോട് അനാദരവോടെയോ, അവരെ വിലകുറച്ച് കാണുന്ന രീതിയിലോ സംസാരിക്കാതിരിക്കുക, പെരുമാറാതിരിക്കുക. ആ ഉറപ്പ് ഒരു ബന്ധത്തില്‍ ഇരുവര്‍ക്കും തുല്യമായ ഒരിടം ഉറപ്പാക്കും. ആരുടെയും മേല്‍ക്കോയ്മയില്ലാതെ ബന്ധത്തിന്റെ തുലാസ്സ് സമമായിരിക്കും. ദാമ്പത്യത്തില്‍ ക്ഷമാശീലം എല്ലാവരും പരിശീലിക്കേണ്ട ഒന്നാണ്. ക്ഷമ കൈമോശം വരുന്നതാണ് മിക്ക ബന്ധങ്ങളെയും വിള്ളലുകളിലേക്ക് നയിക്കുന്നത്.

സ്‌നേഹം പ്രകടിപ്പിക്കുമെന്ന ഉറപ്പ്

തകര്‍ന്നുപോയ ഒരു ബന്ധം വീണ്ടെടുക്കുന്നത് പോലെ തന്നെ പ്രയാസകരമാണ് പലര്‍ക്കും പങ്കാളിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കല്‍. പക്ഷേ അത് വളരെ പ്രധാനവുമാണ്. പരസ്പരം സ്‌നേഹം പ്രകടിപ്പിക്കുക തന്നെ ചെയ്യുക. പരസ്പരം കൃതജ്ഞത പ്രകടിപ്പിക്കുകയും ബന്ധത്തില്‍ ഓരോരുത്തരും എടുക്കുന്ന പ്രയത്‌നം മനസ്സിലാക്കുകയും ചെയ്യുക.

തെറ്റുകള്‍ ഏറ്റുപറയുമെന്ന ഉറപ്പ്

തെറ്റുകള്‍ പറ്റുമ്പോള്‍ അത് സമ്മതിക്കുകയും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്നത് ഒരു ബന്ധത്തില്‍ ഇരുപങ്കാളികളും സ്വയം പാലിക്കേണ്ട ഉറപ്പാണ്. പ്രത്യേകിച്ച് പങ്കാളിയെ വേദനിപ്പിക്കുമ്പോള്‍ അത് തങ്ങളുടെ പ്രവൃത്തി മൂലമുള്ള കാര്യമാണെന്ന് തിരിച്ചറിഞ്ഞ് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക. അത് പങ്കാളിക്ക് ഏറെ ആശ്വാസവും ഉറപ്പും നല്‍കുന്ന കാര്യമാണ്.

ബന്ധത്തിന് മുന്‍ഗണന നല്‍കുമെന്ന ഉറപ്പ്

പലതരം ഉത്തരവാദിത്തങ്ങളും തിരക്കുകളും ജീവിതത്തില്‍ ഉണ്ടാകുമെങ്കിലും ബന്ധത്തിനും പങ്കാളിക്കും മുന്‍ഗണന നല്‍കുമെന്ന ഉറപ്പ് സ്വയം നല്‍കണം. മറ്റ് തിരക്കുകളെ പോലെ പ്രധാനപ്പെട്ടതാണ് പങ്കാളിയും.

മുതലെടുക്കില്ലെന്ന ഉറപ്പ്

പങ്കാളിക്ക് തങ്ങളോടുള്ള സ്‌നേഹവും കരുതലും ഒരിക്കലും മുതലെടുക്കാതിരിക്കാന്‍ പങ്കാളികള്‍ ശ്രമിക്കണം. അവരുടെ സ്‌നേഹത്തിനും അവര്‍ നമുക്കായി ചെയ്തുതരുന്ന ഓരോ കാര്യങ്ങള്‍ക്കും എപ്പോഴും കടപ്പെട്ടിരിക്കുക. അത് അവരുടെ ഉത്തരവാദിത്തമായി ഒരിക്കലും കരുതാതിരിക്കുക.

X
Desktop Bottom Promotion