പങ്കാളി ജീവന് തുല്യം, എന്നിട്ടും മറ്റൊരു ബന്ധത്തില്‍ താല്‍പ്പര്യം തോന്നാനുള്ള നാല് കാരണങ്ങള്‍

Infidelity: ദാമ്പത്യത്തില്‍ തൃപ്തരല്ലാത്തവരാണ് അവിഹിത ബന്ധത്തിന് മുതിരുന്നതെന്ന തെറ്റിദ്ധാരണ പൊതുവെ ആളുകള്‍ക്കുണ്ട്. ദാമ്പത്യത്തില്‍ പുതുമ മങ്ങുമ്പോഴോ, ആശയവിനിമയം നടക്കാതിരിക്കുമ്പോഴോ നിരാശയും മടുപ്പും വര്‍ധിക്കുമ്പോഴോ ആണ് ആളുകള്‍ മറ്റൊരു ബന്ധത്തിലേക്ക് ആകൃഷ്ടരാകുന്നതെന്ന ചിന്ത കാലങ്ങളായി ഉള്ളതാണ്. എന്നാല്‍ അത് പൂര്‍ണ്ണമായും സത്യമല്ല. പല അവിഹിത ബന്ധങ്ങളും സംഭവിക്കുന്നത് ദാമ്പത്യത്തിലെ തൃപ്തിക്കുറവ് കൊണ്ടല്ല, പകരം വളരെ സങ്കീര്‍ണ്ണമായ വൈകാരിക കാരണങ്ങള്‍ കൊണ്ടാണെന്ന് വിദഗ്ധര്‍ പറയുന്നു.

infidelity
Photo Credit: AI Generated

പങ്കാളിയെ ജീവനുതുല്യം സ്‌നേഹിക്കുന്നവരും ചിലപ്പോള്‍ മറ്റൊരു ബന്ധത്തിലേക്ക് ആകൃഷ്ടരാകാറുണ്ട്. അവര്‍ അവരുടെ ദാമ്പത്യത്തെ ഏറെ വിലമതിക്കുന്നുണ്ടാകാം. എന്നിട്ടും മറ്റൊരു ബന്ധത്തിലേക്ക് വഴുതിപ്പോകും. ഈ വൈരുദ്ധ്യാത്മത ചതിക്കുന്ന ആളെയും ചതിക്കപ്പെടുന്ന ആളെയും ആശയക്കുഴപ്പത്തിലാക്കും.

എന്തുകൊണ്ടാണ് ആരോഗ്യകരമായ, സംതൃപ്തരായ ദാമ്പത്യം നയിക്കുന്നവര്‍ മറ്റൊരു ബന്ധത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. സന്തോഷകരമായ ദാമ്പത്യം ഉണ്ടായിരിക്കുമ്പോഴും ചിലയാളുകള്‍ പങ്കാളിയെ ചതിക്കുന്നതിന്റെ മനശ്ശാസ്ത്രപരമായ നാല് കാരണങ്ങള്‍ പരിശോധിക്കാം.

പുതുമയോടുള്ള ആകര്‍ഷണം

പ്രണയത്തെ പലപ്പോഴും ഹൃദയത്തോട് ബന്ധപ്പെടുത്തിയാണ് നമ്മള്‍ പറയുന്നതെങ്കിലും പ്രണയം സംഭവിക്കുന്നത് തലച്ചോറിലാണ്. തലച്ചോറിലെ ഡോപ്പമൈന്‍ സംവിധാനമാണ് പ്രണയവികാരത്തിനും ആകര്‍ഷണത്തിനും പിന്നില്‍. പ്രചോദനം, ആനന്ദം, ദൃഢീകരണം എന്നിവയ്‌ക്കെല്ലാം പിന്നിലും ഡോപ്പമൈന്‍ തന്നെയാണ്. ഒരു ബന്ധത്തിന്റെ തുടക്കത്തില്‍ ഈ സംവിധാനം വളരെ സജീവമായിരിക്കും. ആകര്‍ഷണത്താല്‍ മതിമറന്നുപോകുന്നത് പോലെ തലച്ചോറില്‍ ഡോപ്പമൈന്‍ പ്രവാഹം നടക്കും. ഓരോ നോട്ടവും സ്പര്‍ശവും രാത്രിയിലെ സംസാരവുമെല്ലാം വൈദ്യുതപ്രവാഹം പോലെ ശരീരത്തെ കോരിത്തരിപ്പിക്കും. പ്രണയിക്കുന്നവരല്ലാതെ വേറൊരാളും ലോകത്തില്‍ ഇല്ലാത്തത് പോലെ അവരിലേക്ക് ആകര്‍ഷിക്കപ്പെടും.

എന്നാല്‍, ക്രമേണ തുടക്കത്തിലെ ഈ അതി വൈകാരികസ്ഥിതി മാറും. ഡോപ്പോമൈന്റെ പ്രചോദനത്തില്‍ തീവ്രമായിരുന്ന പ്രണയം കുറച്ചുകൂടി സ്ഥിരതയുള്ള അവസ്ഥയിലേക്ക് എത്തും. ഓക്‌സിടോസിന്‍, വാസോപ്രസിന്‍ എന്നീ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കൊണ്ട് പ്രണയിക്കുന്നവര്‍ക്കിടയില്‍ ആഴത്തിലുള്ള വിശ്വാസവും അടുപ്പവും രൂപപ്പെടും. ഈ മാറ്റം വളരെ സ്വാഭാവികവും ഏറെക്കാലം നീണ്ടുനില്‍ക്കുന്ന ബന്ധങ്ങള്‍ക്ക് അത്യാവശ്യവുമാണ്. എന്നാല്‍ ചിലയാളുകള്‍ക്ക് പ്രണയത്തിന്റെ തുടക്കത്തിലുള്ള ആവേശം കെട്ടുപോയതായി ഈ ഘട്ടത്തില്‍ തോന്നും.

അങ്ങനെ ബന്ധത്തില്‍ എപ്പോഴും ആവേശവും ഉത്തേജനവും വേണമെന്നുള്ളവര്‍ ചിലപ്പോള്‍ ഈ ഘട്ടത്തില്‍ മറ്റൊരു ബന്ധത്തിലേക്ക് ആകര്‍ഷിക്കപ്പെടും. ആദ്യ ബന്ധം വേണ്ടെന്ന് വെക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. മറ്റൊരു ബന്ധം ഉണ്ടായാലും ആദ്യ പങ്കാളിയെ അവര്‍ ആഴത്തില്‍ സ്‌നേഹിക്കുന്നുണ്ടാകും. പക്ഷേ എപ്പോഴും തങ്ങളെ ഉത്സാഹിതരാക്കുന്ന, ആവേശമുള്ള അനുഭവങ്ങള്‍ നല്‍കുന്ന ഒരു പ്രണയത്തിനായി അവര്‍ അതേസമയം കൊതിക്കുകയും ചെയ്യും.

ഇങ്ങനെയൊരു സാഹചര്യത്തില്‍ മറ്റൊരു ബന്ധം ആഗ്രഹിക്കുന്നവര്‍, പുറത്തുനിന്ന് ഒരു ബന്ധം തേടുന്നതിന് പകരം പങ്കാളിയുമായുള്ള ബന്ധത്തില്‍ തന്നെ ഡോപ്പമൈന്‍ കാരണമുള്ള ആവേശം കൊണ്ടുവരാന്‍ ശ്രമിക്കുക. പരസ്പരം സര്‍പ്രൈസുകള്‍ നല്‍കുക, യാത്രകള്‍ പോകുക, പുതിയ വിനോദങ്ങള്‍ കണ്ടെത്തുക അല്ലെങ്കില്‍ ബന്ധത്തില്‍ പുതിയ ചില പതിവുകള്‍ കൊണ്ടുവരിക എന്നിങ്ങനെ പല രീതികളില്‍ ബന്ധത്തില്‍ പുതുമ കൊണ്ടുവരാനും ഡോപ്പമൈന്‍ സംവിധാനത്തെ വീണ്ടും സജീവമാക്കാനും സാധിക്കും. കാലം കഴിയുന്തോറും പ്രണയത്തിലെ ആവേശം കെടുമെന്ന് കരുതാനാകില്ല. പ്രണയത്തിലെ ആവേശവും ജീവനും നിലനിര്‍ത്താനുള്ള പരിശ്രമം ഉണ്ടെങ്കില്‍ അപ്പോഴും പ്രണയം ആവേശവും ഉത്സാഹവും നല്‍കും.

തന്നെ നഷ്ടമാകുമെന്ന ഭയം

പങ്കാളിയോട് അകല്‍ച്ച തോന്നുന്നത് കൊണ്ടല്ലാതെ, കൂടുതല്‍ അടുപ്പം തോന്നുന്നത് കൊണ്ടും ചിലപ്പോള്‍ ആളുകള്‍ മറ്റൊരു ബന്ധത്തിന് മുതിരാറുണ്ട്. കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നാമെങ്കിലും avoidant attachmetn എന്ന അവസ്ഥയുള്ളവര്‍ക്ക് ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാകുന്നത് സഹിക്കാനാകില്ല. തന്നെതന്നെ നഷ്ടപ്പെടുമെന്നോ പങ്കാളിയില്‍ അമിതാശ്രയത്വം വളരുമെന്നോ അവര്‍ ഭയക്കുന്നു. അങ്ങനെ തങ്ങളെത്തന്നെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗമെന്നോണം അവര്‍ മറ്റൊരു ബന്ധത്തിലേക്ക് ആകര്‍ഷിക്കപ്പെടും.

ഉപാധികളോടെയുള്ള സ്‌നേഹമോ, അസ്ഥിരമായ സ്‌നേഹമോ അതല്ലെങ്കില്‍ സ്‌നേഹത്തിലൂടെ വേദനകള്‍ ഏറ്റുവാങ്ങേണ്ടിവന്നവരോ ആണ് അമിതമായി സ്‌നേഹിക്കപ്പെടുന്ന അവസ്ഥയെ ഭയക്കുന്നത്. അങ്ങനെയുള്ളവര്‍ക്ക് സത്യസന്ധമായ, വൈകാരികമായി അഴത്തിലുള്ള ബന്ധങ്ങള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കും.

അങ്ങെനയുള്ളവര്‍ പങ്കാളിയില്‍ നിന്നും അകലുന്നതിനായി മറ്റൊരു ബന്ധത്തെ വഴിയായി കാണുന്നു. അങ്ങനെ അവര്‍ തങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കും. പുതിയരാളോട് തോന്നുന്ന വികാരങ്ങള്‍ കൊണ്ടായിരിക്കില്ല അവര്‍ മറ്റൊരു ബന്ധത്തിന് തയ്യാറാകുന്നത്, പകരം നിലവിലെ പങ്കാളിയോടുള്ള ബന്ധം അവര്‍ക്ക് കഴിയുന്നതിനേക്കാള്‍ ആഴത്തിലാകുന്നത് കൊണ്ടാണ്. അധികം തീവ്രമല്ലാത്ത ഒരു ബന്ധത്തിലാണ് അവര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം തോന്നുക.

സ്വത്വം നഷ്ടപ്പെടുന്ന അവസ്ഥ

ദീര്‍ഘകാലദാമ്പത്യത്തിലൂടെ രണ്ട് ജീവിതങ്ങള്‍ ഒന്നായി മാറുകയാണ്. അവിടെ രണ്ടുപേരുടെയും ശീലങ്ങളും വ്യക്തിതാല്‍പ്പര്യങ്ങളും മുന്‍ഗണനകളും സ്വഭാവം തന്നെയും മാറുന്ന സ്ഥിതിയുണ്ടാകും. ഇത് ദാമ്പത്യത്തെ കൂടുതല്‍ ദൃഢമാക്കുമെങ്കിലും വ്യക്തിപരമായി ചില വെല്ലുവിളികള്‍ ഉണ്ടാകും. പങ്കാളികള്‍ക്ക് തങ്ങളുടെ സ്വത്്വവും വ്യക്തിത്വവും നഷ്ടപ്പെടുന്നതായി തോന്നാം. സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവര്‍ക്കും സ്വന്തം കാര്യങ്ങളില്‍ അഭിമാനിക്കുന്നവര്‍ക്കും ഇത് പ്രശ്‌നമായി മാറും.

കാലം കഴിയുന്തോറും ആ പഴയ തന്നെ നഷ്ടപ്പെട്ടുവെന്ന തോന്നല്‍ അവരില്‍ ശക്തമാകും. ഒറ്റയ്ക്കായിരുന്നപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യവും സന്തോഷവും സംതൃപ്തിയും അനുഭവിച്ചിരുന്നതായി അവര്‍ക്ക് തോന്നും. ഒരു പങ്കാളി എന്നല്ലാതെ, വ്യക്തി എന്ന നിലയില്‍ തങ്ങളെ കാണാന്‍ കഴിയാത്ത ഒരു അവസ്ഥ അവരെ ഭയപ്പെടുത്തും. ഇത് ബന്ധത്തില്‍ കെട്ടിക്കിടക്കുന്ന തോന്നല്‍ അവരിലുണ്ടാക്കും.

ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കിയോ അല്ലെങ്കില്‍ പുതിയ, വെല്ലുവിളി നിറഞ്ഞ ബന്ധങ്ങള്‍ ആരംഭിച്ചോ ആളുകള്‍ സ്വന്തം വളര്‍ച്ചയ്ക്ക് ശ്രമിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. നിലവിലെ ബന്ധത്തില്‍ വളര്‍ച്ചയ്ക്കുള്ള ഇടമില്ലാതെ വരുമ്പോള്‍ അവര്‍ മറ്റൊരു ബന്ധത്തിലേക്ക് ആകൃഷ്ടരായേക്കും. ഇവിടെ പങ്കാളിയോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല ചതി സംഭവിക്കുന്നത്, പകരം തന്റെ തന്നെ മൂല്യം വീണ്ടെടുക്കാനുള്ള ശ്രമം എന്നോണമാണ്.

എന്നാല്‍ മറ്റൊരു ബന്ധത്തിലൂടെ സ്വന്തം മൂല്യവും ബന്ധത്തിലെ ആവേശവും വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിന് പകരം, നിലവിലെ ബന്ധത്തില്‍ സ്വന്തം താല്‍പ്പര്യങ്ങളും ഇഷ്ടങ്ങളും പിന്തുടരുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കാവുന്നതാണ്. സംതൃപ്ത ദാമ്പത്യത്തിന് സ്വന്തം ഇഷ്ടങ്ങളും ശീലങ്ങളും താല്‍പ്പര്യങ്ങളും ബലികൊടുക്കണമെന്നില്ല. രണ്ടുപേരുടെയും ഇത്തരം ഇഷ്ടങ്ങളെല്ലാം മുന്നോട്ട് കൊണ്ടുപോയി ബന്ധത്തില്‍ രണ്ടുപേര്‍ക്കും വളരാനുള്ള സ്ഥിതിയുണ്ടാക്കാം.

നല്ല ബന്ധം അര്‍ഹിക്കുന്നില്ല എന്ന ചിന്താഗതി

ഏറ്റവും ഒടുവിലായി, ചിലയാളുകള്‍ തങ്ങളുടെ പങ്കാളിയെ ചതിക്കുന്നത് അവര്‍ക്ക് ബന്ധത്തില്‍ സന്തോഷം ഇല്ലാത്തത് കൊണ്ടല്ല, മറിച്ച് ആ സന്തോഷം തങ്ങള്‍ അര്‍ഹിക്കുന്നില്ല എന്ന ചിന്ത കൊണ്ടാണ്. സംഘര്‍ഷഭരിതമായ, വൈകാരികമായി അസ്ഥിരമായ ഒരു സാഹചര്യത്തില്‍ വളര്‍ന്ന ഒരാള്‍ക്ക് ആരോഗ്യകരമായ, സുരക്ഷിതത്വം നല്‍കുന്ന ബന്ധം തനിക്ക് ഇണങ്ങാത്തതായി തോന്നും. സ്ഥിരതയുള്ള ബന്ധത്തില്‍ തുടരുന്നതിന് പകരം അവര്‍ ഉപബോധതലത്തില്‍ അത് അവസാനിപ്പിക്കാനുള്ള, തകര്‍ക്കാനുള്ള വഴി തിരയും.

കുട്ടിക്കാലത്ത് അവഗണനയോ, കടുത്ത നിയന്ത്രണമോ, അല്ലെങ്കില്‍ അടിമത്തമോ നേരിട്ടവര്‍ക്ക് ദാമ്പത്യത്തില്‍ എങ്ങനെ ഇടപെടണമെന്ന് അറിയാതെപോകുമെന്ന് ഗവേണഷങ്ങള്‍ സൂചിപ്പിക്കുന്നു. ഇതുകൊണ്ട് മുതിരുമ്പോള്‍ ഒരു ബന്ധത്തില്‍ എങ്ങനെ അടുപ്പം നിലനിര്‍ത്തണമെന്ന് അവര്‍ക്ക് അറിയാതെ പോകും. പ്രണയം താത്കാലികമാണെന്നും പ്രണയത്തില്‍ ചതിയുണ്ടാകുമെന്നും സ്ഥിരതയുണ്ടാകില്ലെന്നും അവര്‍ സ്വന്തമായി ചിന്തിച്ചുകൂട്ടും.

അങ്ങനെയുള്ളവര്‍ ദാമ്പത്യത്തില്‍ എന്തെങ്കിലും തെറ്റായി സംഭവിക്കാന്‍ കാത്തിരിക്കും. അങ്ങനെ സംഭവിച്ചാല്‍ അവര്‍ അതിനുള്ള പ്രതിരോധമെന്നോണം അവര്‍ മറ്റൊരു ബന്ധത്തിലേക്ക് നീങ്ങും.

X
Desktop Bottom Promotion