ഗ്രേ ഡിവോഴ്‌സ്: അമ്പത് വയസ്സ് പിന്നിട്ട ദമ്പതികള്‍ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

Grey Divorce: കാലോചിതമായ മാറ്റങ്ങള്‍ എല്ലാ മേഖലകളിലും വരുന്നത് നല്ല കാര്യമാണ്. ബന്ധങ്ങളും കാലോചിതമായ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്. ആധുനിക ബന്ധങ്ങള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വലിയ മാറ്റങ്ങള്‍ക്ക് സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ദശാബ്ദങ്ങള്‍ പിന്നിട്ട ദാമ്പത്യങ്ങള്‍ക്ക്. ദീര്‍ഘകാലം ഭാര്യാഭര്‍ത്താക്കന്മാരായി ജീവിച്ച് അമ്പത് വയസ്സിന് ശേഷം ബന്ധം വേര്‍പിരിയുന്ന ദമ്പതിമാരുടെ എണ്ണം കൂടിവരികയാണ്. ഗ്രേ ഡിവോഴ്‌സ് എന്നാണ് ഈ പ്രവണത അറിയപ്പെടുന്നത്. േ്രഗ ഡിവോഴ്‌സിനെ കുറിച്ചുള്ള ചില പ്രധാന വസ്തുതകള്‍ മനസ്സിലാക്കാം.

grey-divorce
Photo Credit: AI Generated

എന്താണ് ഗ്രേ ഡിവോഴ്‌സ്?

ബന്ധം ആരംഭിച്ച് നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കുള്ളില്‍ വേര്‍പിരിയുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി ദശാബ്ദങ്ങള്‍ നീണ്ട ബന്ധത്തിനാണ് ഗ്രേ ഡിവോഴ്‌സിലൂടെ പരിസമാപ്തിയാകുന്നത്. ജീവിതത്തിലെ വളരെ സങ്കീര്‍ണ്ണമായ ഒരു മാറ്റമാണിത്. മാനസികവും വൈകാരികവുമായ ക്ഷേമം കണക്കിലെടുത്താണ്് പലരും ഗ്രേ ഡിവോഴ്‌സ് തിരഞ്ഞെടുക്കുന്നത്. വാര്‍ദ്ധക്യകാല ദാമ്പത്യത്തെ കുറിച്ചുള്ള സമൂഹത്തിന്റെ പഴയ ധാരണകളെയെല്ലാം പൊളിച്ചടുക്കുന്നതാണ് ഗ്രേ ഡിവോഴ്‌സ് എന്ന യാഥാര്‍ത്ഥ്യം.

വാര്‍ധക്യത്തോട് അടുക്കുമ്പോഴേക്കും ഒന്നുകില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ആഴത്തില്‍ പരസ്പരം മനസ്സിലാക്കി വളരെ സമാധാനപൂര്‍ണ്ണമായോ അല്ലെങ്കില്‍ ഇനി വയസ്സുകാലത്ത് എങ്ങനെയെങ്കിലും പൊരുത്തപ്പെട്ട് സമയം തള്ളിനീക്കാമെന്ന ചിന്തയോടെയോ ദമ്പതിമാര്‍ ദശാബ്ദങ്ങള്‍ നീണ്ട ബന്ധത്തില്‍ തുടരുന്നതായിരുന്നു ഇതുവരെ കണ്ടിരുന്ന രീതി. എന്നാല്‍ ഇപ്പോള്‍ വൈകിയാണെങ്കില്‍ സ്വന്തം മാനസിക, വൈകാരിക ക്ഷേമമാണ് മുഖ്യമെന്ന് മനസ്സിലാക്കി ദമ്പതിമാര്‍ അമ്പതുകളിലും അറുപതികളിലും വേര്‍പിരിയുന്നു. പക്വതയുള്ള രണ്ട് വ്യക്തികള്‍ വളരെ ആലോചനകള്‍ക്ക് ശേഷം എടുക്കുന്ന തീരുമാനം ആണെങ്കിലും പങ്കാളികള്‍ രണ്ടുപേരെയും ഈ തീരുമാനം ശാരീരികമായും വൈകാരികമായും ബാധിക്കുന്നുണ്ട്.

ഗ്രേ ഡിവോഴ്‌സ് ദമ്പതിമാരുടെ മാനസിക, ശാരീരിക ആരോഗ്യത്തെ എ്ങ്ങനെ ബാധിക്കുമെന്ന് നോക്കാം.

മാനസികാരോഗ്യം

ഗ്രേ ഡിവോഴ്‌സിന് ശേഷം മിക്കവരിലും കണ്ടുവരുന്ന സംഗതിയാണ് ഐഡിന്റിറ്റി ഡിസ്‌റപ്ഷന്‍ സിന്‍ഡ്രം. ദശാബ്ദങ്ങളോളം ഭാര്യാഭര്‍ത്താക്കന്മാര്‍ കഴിഞ്ഞതിന് ശേഷം പെട്ടെന്ന് ആ ദാമ്പത്യത്തില്‍ നിന്നും പുറത്തുകടക്കുമ്പോള്‍ ഒറ്റ യായി വീണ്ടും മാറുന്നതിന് പലരും ബുദ്ധിമുട്ട് നേരിടും. ഇത് വിഷാദം, ഉത്കണ്ഠ, നഷ്ടബോധം എന്നിവയിലേക്ക് നയിച്ചേക്കാം. ഈ കാലയളവില്‍ മാനസികാരോഗ്യം നിലനിര്‍ത്താന്‍ കാര്യമായ പിന്തുണ ആവശ്യമായിവരും.

മാനസിക വെല്ലുവിളികള്‍

ഗ്രേ ഡിവോഴ്‌സ് മാനസികമായി പല വെല്ലുവിളികളും നല്‍കും. അതില്‍ ഒന്നാണ് ലൈഫ് നരേറ്റീവ് ഡിസ്‌റപ്ഷന്‍. അവരുടെ ഭൂതകാലവും ഭാവിയും സംബന്ധിച്ച ചിന്തകളില്‍ കാര്യമായ ഉടച്ചുവാര്‍ക്കലുകള്‍ വേണ്ടതായി വരും. ദശാബ്ദങ്ങളോളം ഒന്നിച്ചുള്ള ഓര്‍മ്മകളും അനുഭവങ്ങളും വെല്ലുവിളിയായി മാറും. ഇത് ഉടച്ചുവാര്‍ത്ത് ചിന്തിക്കുന്നത് അത്ര എളുപ്പമായിരിക്കില്ല. പ്രത്യേകിച്ച് ജീവിതത്തില്‍ സ്ഥിരതയും ബാലന്‍സും വേണ്ടുന്ന ഒരു സമയത്താണ് ഈ മാറ്റം സംഭവിക്കുന്നത്. സാമ്പത്തികമായ ഉത്കണ്ഠ മുതല്‍ വിരമിക്കലിന് ശേഷമുള്ള ജീവിതം വരെ ദീര്‍ഘകാല പദ്ധതികളും ജീവിതവും പെട്ടെന്ന് ശൂന്യമായി തോന്നിയേക്കാം. ഒന്നുതൊട്ട് വീണ്ടും ചിന്തിച്ചുതുടങ്ങേണ്ട സ്ഥിതി ഉണ്ടായേക്കാം.

വൈകാരിക ആഘാതം

യുവാക്കള്‍ക്കിടയിലെ ഡിവോഴ്‌സില്‍ നിന്നും വിഭിന്നമായി ഗ്രേ ഡിവോഴ്‌സ് നടത്തുന്നവരില്‍ അതിന്റെ വെകാരിക ആഘാതം വര്‍ഷങ്ങളോളം നിലനില്‍ക്കും. ഒരുപക്ഷേ ഡിവോഴ്‌സിന് തൊട്ടുപിന്നാലെ വൈകാരിക ബുദ്ധിമുട്ടുകള്‍ തോന്നില്ലെങ്കിലും മാസങ്ങള്‍ക്ക് ശേഷം വര്‍ഷങ്ങളോളം ഈ ഡിവോഴ്‌സിന്റെ വൈകാരിക സ്വാധീനം അവരില്‍ അനുഭവപ്പെടും. വൈകിയുള്ള ഈ വൈകാരിക പ്രത്യാഘാതം കുട്ടികളുടെ വിവാഹമോ പേരക്കുട്ടിക്കളുടെ ജനനമോ പോലെ ജീവിതത്തിലെ ചില പ്രധാന മുഹൂര്‍ത്തങ്ങളിലാണ് കൂടുതലായി അനുഭവപ്പെടുക. പങ്കാളിയുടെ അത്തരം സാഹചര്യങ്ങളില്‍ വൈകാരികമായി വല്ലാതെ അലട്ടും.

സാമൂഹിക, കുടുംബ സാഹചര്യങ്ങള്‍

ഗ്രേ ഡിവോഴ്‌സ് സാമൂഹിക, കുടുംബ ജീവിതങ്ങളെയും ബാധിക്കും. വര്‍ഷങ്ങള്‍ നീണ്ട സൗഹൃദങ്ങളില്‍ ഉലച്ചിലുകള്‍ ഉണ്ടായേക്കും. കുടുംബവും ഗ്രേ ഡിവോഴ്‌സിന്റെ പ്രത്യാഘാതം നേരിടും. പ്രായപൂര്‍ത്തിയായ മക്കള്‍ ഡിവോഴ്‌സിലൂടെ കടന്നുപോകുന്ന മാതാപിതാക്കളെ മാനസികമായും വൈകാരികമായും പിന്തുണയ്‌ക്കേണ്ടതായി വരും.

അപ്രതീക്ഷിത വളര്‍ച്ച

ഈ വെല്ലുവിളികള്‍ക്കിടയിലും പോസിറ്റീവായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാകും. ഡിവോഴ്‌സിനെ പിന്നാലെ ജീവിതത്തില്‍ വളര്‍ച്ചയുണ്ടാകും. താല്‍പ്പര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചിലവഴിക്കുകയും അതിലൂടെ നേട്ടങ്ങള്‍ ഉണ്ടാകുകയും ചെയ്യും. പഴയ ചില ബന്ധങ്ങളും സൗഹൃദങ്ങളും വീണ്ടെടുക്കും. ഇതുവരെ ഇല്ലാതിരുന്ന ചില ലക്ഷ്യങ്ങള്‍ ജീവിതത്തിന് കൈവരും. വ്യക്തിത്വം ശക്തമാകും. സ്വയം തിരിച്ചറിയാനും കഴിവുകള്‍ വീണ്ടെടുക്കാനും സാധിക്കും.

ഗ്രേ ഡിവോഴ്‌സിനെ തുടര്‍ന്ന് പല വെല്ലുവിളികളും ജീവിതത്തില്‍ ഉണ്ടാകാമെങ്കിലും ഗ്രേ ഡിവോഴ്‌സ് മോശമാണെന്ന് പറയാനാകില്ല. വര്‍ഷങ്ങള്‍ പിന്നിട്ട ദാമ്പത്യമാണെങ്കിലും അതില്‍ പൊരുത്തക്കേടുകള്‍ പിടിമുറിക്കിയാല്‍ അവനവന്റെ സ്വസ്ഥതയ്ക്കും സന്തോഷത്തിനും വില കല്‍പ്പിക്കാന്‍ ധൈര്യം വരുന്നത് വ്യക്തിഗത വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും അനിവാര്യമാണ്. മേല്‍പ്പറഞ്ഞ വെല്ലുവിളികള്‍ ഉള്‍ക്കൊണ്ട് ഗ്രേ ഡിവോഴ്‌സുമായി മുന്നോട്ടുപോയാല്‍ അത് രണ്ട് വ്യക്തികള്‍ക്കും ഗുണകരമാകും.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated

Story first published: Monday, March 24, 2025, 16:44 [IST]
X
Desktop Bottom Promotion