വിവാഹമായോ ...? അമ്മായിയമ്മയെ സോപ്പിടേണ്ടേ...?

By Super

വിവാഹം എന്നാല്‍ രണ്ട് വ്യക്തികളെക്കാള്‍ രണ്ട് കുടുംബങ്ങളുടെ കൂട്ടിച്ചേരലാണ്. ആണും പെണ്ണും അല്ലലില്ലാതെ കഴിയാന്‍ നടുവില്‍ രണ്ട് കുടുംബങ്ങളുള്ളത് എത്രയോ ഗുണം ചെയ്യും. അതുകൊണ്ട്തന്നെ വിവാഹദിനം അടുത്തുവരും തോറും വധുവും വരനും ഒരുപോലെ ടെന്‍ഷനടിക്കുന്ന പല കാര്യങ്ങളിലൊന്ന് അവന്റെ അല്ലെങ്കില്‍ അവളുടെ കുടുംബത്തോട് എങ്ങനെ പെരുമാറണം എന്നതാണ്.

അമ്മായിയമ്മയെയും നാത്തൂന്‍മാരെയും എങ്ങനെ കുപ്പിയിലാക്കാമെന്ന് ആലോചിച്ച് ഉറക്കം നഷ്ടപ്പെടുത്തേണ്ട. ആ കുടുംബത്തിലെ അംഗമായി മാറി സ്നേഹത്തോടെയും കരുതലോടെയും ഇവരോട് പെരുമാറിയാല്‍ മതി. ഇതാ അതിനു ചില കുറുക്കുവഴികള്‍, പക്ഷേ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം .ഒന്നും ഓവറാക്കി ചളമാക്കരുത്.

Mother In Law

1.സ്നേഹവും ബഹുമാനവും കാണിക്കുന്ന മരുമക്കളെ പ്രായമായവരും മറ്റുള്ളവരും ഒരു പോലെ അംഗീകരിക്കും.അഭിസംബോധനകള്‍ ബഹുമാനത്തോടെ വേണം. എന്നാല്‍ കൂടുതലായി കാണിച്ചാല്‍ സോപ്പിടാനാണെന്നേ എല്ലാവര്‍ക്കും തോന്നൂ.അതുകൊണ്ട് ഒരു പരിധിക്കപ്പുറം കടക്കാതെ സൂക്ഷിക്കുക.

2.ആദ്യമായി ഭാര്യവീടു സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ കാഷ്വല്‍ ലുക്കില്‍ പോകുന്നതാകും നല്ലത്. ഒരുപാട് ഒരുങ്ങിച്ചെന്നാല്‍ മരുമകന്‍ ജാഡയാണെന്ന് പെണ്‍വീട്ടുകാര്‍ കരുതിയാലോ.

പെണ്‍കുട്ടികളുടെ കാര്യമാണെങ്കില്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ ആദ്യദിവസങ്ങളിലൊക്കെ അമിതമായി ശരീരം കാണിക്കാത്ത വേഷം ധരിക്കുന്നതാകും നല്ലത്.ഒന്നുകില്‍ ചുരിദാര്‍ അല്ലെങ്കില്‍ സ്കേര്‍ട്ടും ടോപ്പും തെരെഞ്ഞെടുക്കാം. മുട്ടിനു താഴെ വരെ ഇറക്കമുള്ള സ്കേര്‍ട്ട് മതി.ജീന്‍സാണെങ്കില്‍ അധികം ഇറുകിപ്പിടിച്ചത് വേണ്ട. ടീഷര്‍ട്ടിന്‍റെ കഴുത്ത് വല്ലാതെ ഇറങ്ങിയതല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം.

3.വീട്ടിലെ മറ്റുള്ളവര്‍ ആരോടൊക്കെ എങ്ങനെ ഇടപെടുന്നു എന്ന് നിരീക്ഷിച്ച് അതുപോലെ തന്നെ ഇടപെടാന്‍ ശ്രമിക്കാം. പക്ഷേ അനുകരണം വേണ്ട.അമ്മായിയമ്മ വേലക്കാരിയെ വഴക്കു പറയുന്നത് കണ്ട് നിങ്ങളും വഴക്കു പറഞ്ഞാല്‍ സ്ഥിതി വഷളാകും. ഒരു പക്ഷേ സ്വന്തം കുടുംബത്തെപ്പോലെ ഒന്നും ഒളിച്ചുവയ്ക്കാത്ത ഒരു കുടുംബത്തെത്തന്നെയാകും വിവാഹത്തിലൂടെ നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടാകുക. അങ്ങനെയല്ലെങ്കിലും ടെന്‍ഷന്‍ വേണ്ട. ഒരിക്കലും മോശമായി പെരുമാറാതിരിക്കുക. ഔപചാരികതകള്‍ നിങ്ങളെ ഏറെ സഹായിക്കും.

4.വീടിനുള്ളിലാകുമ്പോള്‍ ബാത്ത്റൂമിലേക്കോ മറ്റുള്ളവരുടെ റൂമിലേക്കോ കയറും മുമ്പ് വാതിലില്‍ മുട്ടാന്‍ മറക്കരുത്. വീട്ടിലെ പ്രായമുള്ളവര്‍ക്ക് ഒരു കൈസഹായവും ആകാം.

5.കുടുംബത്തിനുളളിലെ ചടങ്ങുകള്‍ക്കെല്ലാം പങ്കെടുക്കാന്‍ ശ്രദ്ധിക്കണം. ചെന്നില്ലെങ്കില്‍ കുടുബസ്നേഹമില്ലെന്ന പഴി കേള്‍ക്കാനിട വന്നേക്കാം.മാത്രമല്ല ഇടയ്ക്കിടെയുള്ള കൂടിച്ചേരലുകള്‍ കുടുംബ ബന്ധങ്ങളെ കെട്ടുറപ്പുള്ളതാക്കും. ആണ്‍കുട്ടികള്‍ക്ക് ഭാര്യയുടെ അച്ഛനുമായും പെണ്‍കുട്ടികള്‍ക്ക് ഭര്‍ത്താവിന്‍റെ അമ്മയുമായിട്ടും സൌഹൃദമുണ്ടാക്കാം. ഇതിനായി അവര്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങള്‍ അവരോട് സംസാരിക്കാം. അച്ഛനോട് ഇത്തിരി രാഷ്ട്രീയം സംസാരിക്കാം അമ്മയോടാണെങ്കില്‍ ദിനവും കാണുന്ന ടി വി പരിപാടിയെക്കുറിച്ചോ പാചകത്തെക്കുറിച്ചോ ചര്‍ച്ച ചെയ്യാം.

6.കുംടുംബവുമായി കൂടുതലടുക്കാനുള്ള എളുപ്പവഴി അവരോട് സംസാരിക്കുക എന്നതാണ്. അമ്മായിയമ്മമാരോട് ഭര്‍ത്താവിന്റെ കുട്ടിക്കാലത്തെക്കുറിച്ചു ചോദിക്കാം. അതാകുമ്പോള്‍ അവര്‍ക്ക് പല തമാശകളും പറയാനുണ്ടാകും. ചുമരില്‍ തൂങ്ങുന്ന പഴയ ഫോട്ടോകളില്‍ നിന്ന് തന്നെ തുടങ്ങിക്കോളൂ.

7.ഭര്‍ത്താവിന്‍റെ അമ്മയോ അച്ഛനോ ഏതെങ്കിലും വിവാഹത്തിനു പോകാനിറങ്ങുമ്പോള്‍ ഒരുങ്ങിയത് നന്നായിരിക്കുന്നു എന്ന് പറയാം.അമ്മയുടെ സാരി ഞൊറികള്‍ വലിച്ച് ശരിയാക്കിക്കൊടുക്കാം. ഒരുപാട് വികാരപ്രകടനങ്ങള്‍ വേണ്ട.അത് അവരെ ചിലപ്പോള്‍ മുഷിപ്പിച്ചേക്കാം. നിങ്ങള്‍ക്ക് നന്നായി പാചകമറിയാമെങ്കില്‍ അവരുടെ ഇഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞ് ഉണ്ടാക്കി കൊടുക്കാം. പുതിയ പലഹാരങ്ങള്‍ പരിചയപ്പെടുത്തുകയുമാകാം. പക്ഷേ ആത്മവിശ്വാസമില്ലാത്തതില്‍ പരീക്ഷണം വേണ്ട. അമ്മ നല്ലൊരു പാചകക്കാരിയാണെങ്കില്‍ നിങ്ങളെ പഠിപ്പിച്ചു തരാനാവശ്യപ്പെടാം.അമ്മയുടെ വിഭവങ്ങള്‍ക്ക് ചൂടോടെ നൂറില്‍ നൂറ് മാര്‍ക്ക് കൊടുക്കാനും മറക്കരുതേ.രണ്ടു പേര്‍ രണ്ട് തരത്തില്‍ പെട്ട വിശ്വാസികളാണെങ്കില്‍ മതപരമായ കാര്യങ്ങള്‍ സംസാരിക്കാതിരിക്കുന്നതാകും ഉചിതം.

8.ഭര്‍ത്താവിന്‍റെ വീട്ടില്‍ സന്ദര്‍ശനത്തിനു പോയാല്‍ സ്വന്തം മുറിയില്‍ത്തന്നെ ചടഞ്ഞുകൂടിയിരിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലത്.

9.എല്ലാത്തിനിടയിലും നിങ്ങള്‍ വേറിട്ടൊരു വ്യക്തിത്വമാണെന്ന് ബോധ്യപ്പെടുത്തേണ്ടതും പ്രധാനമാണ്. എങ്കിലേ നിങ്ങളെന്ന വ്യക്തിക്ക് ആ കുടംബത്തില്‍ സ്ഥാനമുണ്ടാകൂ. സ്നേഹവും സഹായ മനസ്കതയും കാണിച്ചുകൊണ്ടിരിക്കുക. കുടുംബത്തിന്‍റെ ഇഷ്ടങ്ങള്‍ മനസിലാക്കുക.എന്നാല്‍ അവന്‍റെ അല്ലെങ്കില്‍ അവളുടെ വീടും വീട്ടുകാരും നിങ്ങളുടേതു കൂടിയായിത്തീരും.

X
Desktop Bottom Promotion