For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരട്ടക്കുട്ടികളുടെ മാതാപിതാക്കള്‍ വഴിപിരിയും?

By Super
|

Twins
ഇരട്ടക്കുട്ടികളുള്ള ദമ്പതിമാരുടെ വിവാഹബന്ധം തകരാന്‍ സാധ്യത കൂടുതലാണെന്ന് പഠനറിപ്പോര്‍ട്ട്. ഇരട്ടക്കുട്ടികളോ, ഒറ്റ പ്രസവത്തില്‍ മൂന്നുകുട്ടികളോ ഉള്ള ദമ്പതികള്‍ക്കിടയില്‍ മറ്റുള്ളവരെ അപേക്ഷിച്ച് വിവാഹ ബന്ധം തകരാനുള്ള സാധ്യത 28ശതമാനം കൂടുതലാണെന്നാണ് പഠനത്തില്‍ വ്യക്തമായിരിക്കുന്നത്.

ദി എഫക്ട്‌സ് ഓഫ് ട്വിന്‍സ് ആന്റ് മള്‍ട്ടിപ്പിള്‍ ബര്‍ത്ത് ഫാമിലീസ് ആന്റ് ദേര്‍ ലിവിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് എന്ന പേരില്‍ ബര്‍മിങ്ഹാം യൂണിവേഴ്‌സിറ്റിയിലെ സാമൂഹിക ഗവേഷണ സംഘമാണ് പഠനം നടത്തിയത്. 18500 കുടുംബങ്ങളിലെ അവസ്ഥ അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം.

ഇരട്ടകളുള്ള കുടുംബങ്ങളില്‍ സാമ്പത്തിക പ്രശ്‌നങ്ങളും സമ്മര്‍ദ്ദവും കൂടുതലായിരിക്കുമെന്നും ഇതാണ് വിവാഹബന്ധങ്ങള്‍ തകരാന്‍ ഒരു പ്രധാനകാരണമാകുന്നതെന്നുമാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു പ്രവസത്തില്‍ത്തന്നെ രണ്ടോ അതില്‍ കൂടുതലോ കുട്ടികള്‍ ജനിക്കുന്നതോടെ കുടുംബങ്ങളുടെ സാമ്പത്തിക നില താളം തെറ്റുന്നു.

സാധാരണ പ്രസവം കഴിഞ്ഞുണ്ടാകുന്നതിനെ അപേക്ഷിച്ച് കുട്ടികള്‍ കൂടുതലുള്ള പ്രസവം നടക്കുമ്പോള്‍ 40ശതമാനം അധികസാമ്പത്തിക ബാധ്യതയാണ് മാതാപിതാക്കള്‍ക്ക് നേരിടേണ്ടിവരുന്നത്. മാത്രമല്ല ഇരട്ടക്കുട്ടികളുടെ അമ്മമാര്‍ക്ക് പ്രസവം കഴിഞ്ഞ് ഒന്‍പത് മാസം കഴിഞ്ഞാലും ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ല.

സാധാരണ പ്രസവമാകുമ്പോള്‍ മൂന്നോ നാലോ മാസം കഴിഞ്ഞ് അമ്മമാര്‍ ജോലിയ്ക്ക് പോയിത്തുടങ്ങുന്നു. എന്നാല്‍ ഒന്നില്‍ കൂടുതല്‍ കുട്ടികളുണ്ടാകുമ്പോഴുള്ള ജോലിക്കൂടുതലും ഉത്തരവാദിത്തവും ഇതിനുള്ള അവസരം നിഷേധിക്കുന്നു.

ദരിദ്ര കുടുംബങ്ങളിലെ ഒറ്റക്കുഞ്ഞ് മാത്രമുള്ള മാതാപിതാക്കള്‍ ഒരാഴ്ച 192 പൗണ്ടോളം ചെലവഴിയ്ക്കുമ്പോള്‍ ഇരട്ടക്കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് 181 പൗണ്ട് മാത്രമാണ് ചെലവിടാന്‍ കഴിയുന്നത്. പലര്‍ക്കും രണ്ടാമത്തെ പ്രവസത്തിലാണ് ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. ആദ്യ പ്രസവത്തില്‍ ഒരു കുഞ്ഞുണ്ടായിക്കഴിഞ്ഞാല്‍ രണ്ടു കുട്ടികള്‍ എന്ന ലക്ഷ്യം വച്ചാണ് രണ്ടാമതും ഗര്‍ഭം ധരിക്കുന്നത്.

എന്നാല്‍ രണ്ടാമത്തെ പ്രസവത്തിലായിരിക്കും നിനച്ചിരിക്കാതെ ഇരട്ടകള്‍ പിറക്കുന്നത്. അതോടെ സ്വാഭാവികമായി സാമ്പത്തിക നില മോശമാകും. ഇപ്പോള്‍ നൂതനസാങ്കേതിക വിദ്യകളും മറ്റും വന്നതോടെ ഒറ്റപ്രസവത്തില്‍ ഒന്നില്‍ക്കൂടുതല്‍ കുട്ടികളുണ്ടാകുന്ന അവസ്ഥ സാധാരണമായിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്.

ഇത്തരത്തില്‍ അപ്രതീക്ഷിതമായി കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ആവശ്യമാണെന്നും അങ്ങനെ മാത്രമേ ദമ്പതികളുടെ വിവാബബന്ധത്തെ സംരക്ഷിക്കാന്‍ കഴിയുകയുള്ളുവെന്നുമുള്ള കാര്യത്തിലേയ്ക്കാണ് ഈ പഠനറിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.

Story first published: Friday, May 18, 2012, 17:49 [IST]
X
Desktop Bottom Promotion