For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വാദിഷ്ടമായ ബനാന നട്ട് ലോഫ് തയ്യാറാക്കാം

ഈ ക്രിസ്തുമസ് കാലത്ത് ഒരു ബനാന നട്ട് ലോഫ് ഒന്ന് പരീക്ഷിച്ച് നോക്കിയാലോ?

By Lekhaka
|

തണുപ്പുകാലം വന്ന് നിങ്ങളുടെ വാതില്‍ക്കല്‍ മുട്ടുമ്പോള്‍ എങ്ങനെയാണ് നിങ്ങളതിനെ വരവേല്‍ക്കാന്‍ ഉദ്ദേശിക്കുന്നത്? വരൂ.. പല തരത്തിലുള്ള കേക്കുകളും പേസ്ട്രികളും പുഡിങ്ങുകളും ബ്രഡ്ഡുകളുമൊക്കെയായി ഒരുപാട് സന്തോഷത്തോടെയും അതിനേക്കാളേറെ മധുരത്തോടെയും നമുക്കീ തണുപ്പുകാലത്തെ എതിരേല്‍ക്കാം.

രുചികരമായ ഫ്രൂട്ട് കേക്കുകള്‍, മിക്സഡ്‌ ഫ്രൂട്ട് ബ്രഡ്ഡുകള്‍, സോള്‍ട്ടഡ് പുഡിങ്ങുകള്‍ എന്നിവയെല്ലാം വീട്ടില്‍ തന്നെ ഉണ്ടാക്കി പരീക്ഷിച്ച് നോക്കു. ഉറപ്പായും അത് നിങ്ങള്‍ക്ക് ഈ തണുപ്പുകാലത്ത് മനോഹരമായ അനുഭവം സമ്മാനിക്കും. നമ്മുടെ നഗരങ്ങളിലെ ഒരുപാട് ബേക്കറികളില്‍ ഇതുപോലുള്ള സ്വാദിഷ്ടമായ മധുരപലഹാരങ്ങള്‍ ലഭ്യമാണെങ്കിലും അത് വീട്ടില്‍ തന്നെ തയ്യാര്‍ ചെയ്ത് നിങ്ങളുടെ കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൊടുക്കുമ്പോള്‍ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെയല്ലേ?

ഈ ക്രിസ്തുമസ് കാലത്ത് ഒരു ബനാന നട്ട് ലോഫ് ഒന്ന് പരീക്ഷിച്ച് നോക്കിയാലോ? നല്ല മൃദുവും മധുരമുള്ളതുമായ ഈ പലഹാരം തീര്‍ച്ചയായും നിങ്ങളുടെ ഈ ക്രിസ്തുമസ് സന്തോഷകരവും തെളിച്ചമുള്ളതുമാക്കി തീര്‍ക്കും. ഇത് പാചകം ചെയ്യുമ്പോള്‍ നിങ്ങളുടെ കുട്ടികളെ കൂടി പങ്കെടുപ്പിക്കുകയാണെങ്കില്‍ അവര്‍ ആവേശഭരിതരായി പങ്കുചേരുമെന്ന് ഉറപ്പ്. താഴെ കൊടുത്തിരിക്കുന്നത് പ്രകാരമുള്ള രീതിയില്‍ വേണം ഇത് തയ്യാറാക്കാന്‍.

banana nut loaf recipe

ഒരു ലോഫിനുള്ളത്

തയ്യാറാക്കാന്‍ എടുക്കുന്ന സമയം : 20 മിനിറ്റ്

പാചകം ചെയ്യാന്‍ എടുക്കുന്ന സമയം : 20 മിനിറ്റ്

വേണ്ട ചേരുവകള്‍

ഏത്തപ്പഴം - 3
മൈദ : 1½ കപ്പ്‌
വെണ്ണ : ½ കപ്പ്‌
പഞ്ചസാര പൊടിച്ചത് : ½ കപ്പ്‌
ചോക്കലേറ്റ്-ഹേസല്‍നട്ട് മിശ്രിതം : ½ കപ്പ്‌
മുട്ട : 2
ഹേസല്‍നട്ട് : ½ കപ്പ്‌ (പരുപരുപ്പായി അരിഞ്ഞത്)
ഉപ്പ് : ആവശ്യത്തിന്
വാനില എസ്സന്‍സ് : 2-3 തുള്ളി
ബേക്കിംഗ് പൌഡര്‍ : 1½ കപ്പ്‌
പാല്‍ : ¼ കപ്പ്‌

banana nut loaf recipe

തയ്യാറാക്കേണ്ട വിധം :

ഒരു വലിയ പാത്രത്തില്‍ വെണ്ണയും പഞ്ചസാരയും ചേര്‍ത്ത് എഗ്ഗ് ബീറ്ററോ ഇലക്ട്രിക് ഹാന്‍ഡ് മിക്സറോ ഉപയോഗിച്ച് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതത്തിലേക്ക് മുട്ട ചേര്‍ത്ത് വീണ്ടും യോജിപ്പിക്കക. ഒപ്പം വാനില എസ്സന്‍സ് കൂടി ചേര്‍ത്തതിന് ശേഷം വീണ്ടും യോജിപ്പിക്കുക. ഏത്തപ്പഴം തൊലി കളഞ്ഞതിന് ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ച് ഒരു പാത്രത്തില്‍ ഇട്ട് ഒരു ഫോര്‍ക്ക് ഉപയോഗിച്ച് നന്നായി ഉടയ്ക്കുക. അതിന് ശേഷം ഉടച്ച ഏത്തപ്പഴം വെണ്ണയും മുട്ടയും അടങ്ങിയ മിശ്രിതത്തിലേക്ക് ചേര്‍ക്കുക.

banana nut loaf recipe

ചോക്കലേറ്റ്-ഹേസല്‍നട്ട് മിശ്രിതം കൂടി അതിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് ബേക്കിംഗ് പൌഡര്‍, മൈദാ, ആവശ്യത്തിന് ഉപ്പ് എന്നിവ ഒരുമിച്ച് ഒരു അരിപ്പയിലിട്ട് അരിച്ചെടുത്തത് കൂടി ചേര്‍ത്തതിന് ശേഷം കുറച്ച് പാല്‍ ഒഴിച്ച് വീണ്ടും യോജിപ്പിക്കുക. കൂടെ, അരിഞ്ഞു വച്ചിരിക്കുന്ന ഹേസല്‍നട്ട് ചേര്‍ക്കുക. ബ്രഡ് ബേക്ക് ചെയ്യാനുള്ള പാത്രം എടുത്ത് അതില്‍ വെണ്ണ പുരട്ടിയത്തിന് ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന മാവ് അതിലേക്ക് ഒഴിക്കുക. അതിന്‍റെ മുകളിലായി അരിഞ്ഞു വച്ചിരിക്കുന്ന ബാക്കിയുള്ള ഹേസല്‍നട്ട് വിതറിയതിന് ശേഷം പാത്രം അടയ്ക്കുക.

banana nut loaf recipe

ഇത് 180 ഡിഗ്രീ സെല്‍ഷ്യസില്‍ നേരത്തെ ചൂടാക്കി വച്ചിരിക്കുന്ന ഓവനില്‍ ഏകദേശം 30 മിനിറ്റ് വയ്ക്കുക. ബേക്ക് ചെയ്ത് കഴിഞ്ഞതിന് ശേഷം പാത്രം പുറത്തെടുത്ത് കുറച്ച് നേരം ചൂടാറാന്‍ മാറ്റിവയ്ക്കുക. ആറിയതിനു ശേഷം പാകമായ ബ്രഡ് പാത്രത്തില്‍ നിന്ന് അടര്‍ത്തിയെടുക്കുക. തയ്യാറായ ബ്രഡ് അഥവാ ലോഫ് ഓരോ കഷണങ്ങളായി മുറിച്ച് വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റുക.

banana nut loaf recipe

English summary

banana nut loaf recipe

As Christmas is nearing, we show you how to prepare banana nut loaf which is a very simple and easy bread recipe.
Story first published: Monday, December 5, 2016, 17:18 [IST]
X
Desktop Bottom Promotion